ഇല്ല ഇല്ല മരിക്കുന്നില്ല…; അനശ്വര നേതാക്കളുടെ ഓർമ്മകളെ ചേർത്തുപിടിച്ച് കൊല്ലം

സമ്മേളന നഗരിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടി നിലപാട് വിശദീകരിച്ച കോടിയേരി ശൈലി എല്ലാക്കാലത്തും സിപിഐഎമ്മിന് മുതൽക്കൂട്ടാണ്

dot image

ഇല്ല ഇല്ല മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം കൊല്ലത്ത് ഉയരുമ്പോൾ രക്തസാക്ഷി സഖാക്കൾക്കൊപ്പം സമ്മേളന നഗരിയിൽ ഓർമ്മകളുടെ കടലിരമ്പം തീർക്കുക കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി, എം സി ജോസഫൈൻ, ആനത്തലവട്ടം ആനന്ദൻ എന്നിവരുടെ സ്മരണകളാവും. മൂന്ന് വർഷം മുമ്പ് കൊച്ചിയിൽ നടന്ന സിപിഐഎം സമ്മേളനത്തിൽ നിറഞ്ഞ് നിന്ന വിപ്ലവ നായകർ ഇക്കുറി കൊല്ലത്തിന് ഒരേ സമയം വേദനയും ആവേശവുമാണ്.

23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം. തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന എറണാകുളത്ത് 2022 മാർച്ചിൽ ചെങ്കൊടി ഉയർന്നു. ചരിത്രം രചിച്ച് ഇടതുപക്ഷം കേരളത്തിൽ തുടർഭരണം നേടിയതിന് ശേഷം നടന്ന ആദ്യത്തെ സംസ്ഥാന സമ്മേളനമായിരുന്നു എറണാകുളത്തേത്. ചെമ്പതാക വാനിലേക്ക് ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചത് തൊഴിലാളിവർഗ പോരാട്ടത്തിന്റെ ചരിത്രം പേരിനോടൊപ്പം അടയാളപ്പെടുത്തിയ ആനത്തലവട്ടം ആനന്ദൻ.

പ്രത്യയശാസ്ത്ര കടുംപിടുത്തമില്ലാതെ പ്രയോഗിക രാഷ്ട്രീയത്തിൻ്റെ ഇന്ത്യൻ വഴികൾ കൂടി പാർട്ടി സ്വീകരിക്കണമെന്ന് നിലപാടെടുത്ത സീതാറാം യെച്ചൂരിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഹിന്ദുത്വ ഭരണകൂടത്തിനെതിരെ മതേതര ശക്തികളുടെ കൂട്ടായ്മ വേണമെന്നും ഇടതുപക്ഷത്തിന് അതിൽ നിർണ്ണായക റോളുണ്ടെന്നും തെളിമയോടെ വ്യക്തമാക്കുന്നതായിരുന്നു യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗം. പ്രത്യയശാസ്ത്ര വ്യതിയാനമെന്ന വിവരണങ്ങളെ അടക്കം പ്രതിരോധിച്ച് എറണാകുളം സമ്മേളനത്തിൽ കോടിയേരി നിറഞ്ഞ് നിന്നു.

സമ്മേളന നഗരിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടി നിലപാട് വിശദീകരിച്ച കോടിയേരി ശൈലി എല്ലാക്കാലത്തും സിപിഐഎമ്മിന് മുതൽക്കൂട്ടാണ്. ഭരണത്തുടർച്ചയുടെ ചരിത്രകാലഘട്ടത്തിൽ സിപിഐഎമ്മിനെ വീണ്ടും നയിക്കാൻ എറണാകുളം സമ്മേളനം കോടിയേരിയെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. കണ്ണൂരിൽ 23-ാം പാർട്ടി കോൺഗ്രസിനിടെയായിരുന്നു അടിമുടി കമ്മ്യൂണിസ്റ്റായിരുന്ന എം സി ജോസഫൈൻ ഓർമ്മയാകുന്നത്. 1987-ൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട എം സി ജോസഫൈൻ കഴിഞ്ഞ എറണാകുളം സമ്മേളനത്തിലും സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൃത്യം മൂന്ന് വർഷത്തിനിപ്പുറം വീണ്ടുമൊരു സമ്മേളനത്തിന് ചെമ്പതാക ഉയരുകയാണ്. കഴിഞ്ഞ സമ്മേളനത്തിൽ പതാക ഉയർത്തിയ ആനത്തലവട്ടവും ഉദ്ഘാടകനായിരുന്ന പാർട്ടി ജനറൽ സെക്രട്ടറി യെച്ചൂരിയും സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്ത കോടിയേരിയും കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ജോസഫൈനും ഓർമ്മയായി.

നേതൃനിരയിൽ ഈ നാല് സഖാക്കളുടെയും അസാന്നിധ്യം പ്രകടമായ ഒരു സമ്മേളന കാലയളവ് കൂടിയാണ് കഴിഞ്ഞുപോയത്. തൊഴിലാളി വർഗ്ഗത്തിൻ്റെ ആശയ പ്രയോഗത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ നേതാക്കളുടെ വിയോഗം സിപിഐഎമ്മിന് എക്കാലത്തെയും നഷ്ടമാണ്. പ്രിയ സഖാക്കളുടെ മരണം സൃഷ്ടിച്ച വേദന സമ്മേളനത്തിന്റെ ഓരോ ചുവടിലും പ്രകടമാണ്.

വഴിയോരങ്ങളിൽ കൊടി തോരണങ്ങളിൽ മുദ്രാവാക്യങ്ങളിൽ ചുവപ്പു നിറയുമ്പോൾ പ്രിയ സഖാക്കളുടെ ഓർമ്മകൾ വേദനയിൽ ആവേശം പകരുകയാണ്. പ്രതിനിധി സമ്മേളന വേദിക്ക് കോടിയേരിയുടെ പേരും പൊതുസമ്മേളന വേദിക്ക് സീതാറാം യെച്ചൂരിയുടെ പേരും നൽകി കൊല്ലം സമ്മേളനം അനശ്വരരായ നേതാക്കളുടെ ഓർമ്മകളെ ചേർത്തു പിടിക്കുകയാണ്.

Content Highlights: CPIM State conference in Kollam with the memories of late leaders

dot image
To advertise here,contact us
dot image