
ബദിയഡുക്ക: കോൺഗ്രസ് ബന്ധമുണ്ടെന്ന ആരോപണത്തിൽ എൻമകജെയിൽ പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി. മഹേഷ് ഭട്ടിനെയാണ് ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിക്ക് ഏറെ അടിത്തറയുള്ള സ്ഥലമാണ് എൻമകജെ.
കോൺഗ്രസുമായി ചേർന്ന് പാർട്ടിയെ ഒറ്റിക്കൊടുക്കുന്നുവെന്ന ആരോപണത്തെത്തുടർന്നായിരുന്നു മഹേഷ് ഭട്ടിനെതിരായ നടപടി. നേതൃത്വത്തിലെ ചിലരുടെ അഴിമതികൾക്കെതിരെ നിലപാടെടുത്തതാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നായിരുന്നു മഹേഷ് ഭട്ടിന്റെ പ്രതികരണം.
ഇരുപത് വർഷത്തോളം യുഡിഎഫ് ജയിച്ചിടത്ത് 228 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഹേഷ് ഭട്ട് ജയിച്ചത്. മഹേഷ് മറ്റ് പാർട്ടികളിലൊന്നും ചേരില്ലെന്നും സാമൂഹികപ്രവർത്തനം തുടരാനാണ് തീരുമാനമെന്നുമാണ് വിവരം. എന്നാൽ നാലുവർഷം മുൻപും ഇതേ ആരോപണം മഹേഷ് ഭട്ടിനെതിരെ ഉയർന്നിരുന്നു.
രാജി ആവശ്യപ്പെടണമെന്ന് അന്ന് പാർട്ടി എൻമകജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് നേതൃത്വം ആരോപണം തള്ളിക്കളഞ്ഞിരുന്നു. അതേസമയം, മഹേഷ് ഭട്ടിനെ ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
Content Highlights: BJP expels panchayat member on allegations of Congress connection