
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ചെങ്കൊടി ഉയരുമ്പോൾ കൊല്ലത്തിന് മറക്കാനാവാത്ത പേരാണ് വി എസ്. അനാരോഗ്യം കാരണം വി എസിന്റെ സാന്നിധ്യമില്ലാതെയാണ് ഇത്തവണത്തെയും സംസ്ഥാന സമ്മേളനം. പാർട്ടിയിലെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് വി എസ് തുടക്കം കുറിച്ച മണ്ണാണ് കൊല്ലത്തേത്.
1991-ൽ കോഴിക്കോട് സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദൻ ഇ കെ നായനാരോട് പരാജയപ്പെട്ടതോടെയാണ് രണ്ടര പതിറ്റാണ്ടോളം നീണ്ട സിപിഐഎം വിഭാഗീയതയുടെ കനലെരിയാൻ തുടങ്ങുന്നത്.
കോഴിക്കോട് സംഭവിച്ച അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വി എസ് വിഭാഗം 1995ൽ കൊല്ലം സമ്മേളനത്തിനെത്തിയത്. സംസ്ഥാന കമ്മിറ്റിയിലെ അംഗസംഖ്യ വർദ്ധിപ്പിച്ചതോടെയായിരുന്നു കോഴിക്കോട് വി എസിന് പാർട്ടിയിലെ പിടി അയഞ്ഞത്. പുറമെ എല്ലാം ഭദ്രമായിരുന്നെങ്കിലും പാർട്ടി പിടിക്കാനുള്ള ദൃഢനിശ്ചയത്തോടെയായിരുന്നു വി എസ് പക്ഷം അന്ന് കൊല്ലത്തേക്കെത്തിയത്.
പുതിയ അംഗങ്ങളെ നിശ്ചയിക്കാനുള്ള യോഗത്തിൽ ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള പാനലിന് അനുകൂലമായ നിലപാട് വി എസ് എടുത്തു. എന്നാൽ പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചപ്പോൾ വി എസ് വിഭാഗത്തിൽ നിന്ന് 17 പേർ മത്സരത്തിറങ്ങി. പക്ഷെ പാർട്ടി പിടിക്കാൻ വി എസിന് സാധിച്ചില്ല. എന്നാൽ വരാനിരിക്കുന്ന വിഭാഗീയത എന്ന കൊടുങ്കാറ്റിൻ്റെ സൂചന കൊല്ലം നൽകി.
വി എസ് പക്ഷം നിർത്തിയ പതിനേഴ് പേരിൽ വിജയിച്ചത് ഒരാൾ മാത്രമായിരുന്നു. പക്ഷെ പാർട്ടിയിൽ പ്രബലരായിരുന്ന സിഐടിയു പക്ഷത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലയ്ക്കുന്നതായിരുന്നു ആ വിജയം. നായനാർ-സിഐടിയു പക്ഷത്തെ പ്രമുഖനായിരുന്ന എൻ പത്മലോചനനാണ് പരാജയപ്പെട്ടത്. സിപിഐഎം രൂപീകരിക്കുന്നതിനായി തെനാലിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തതിൻ്റെ പെരുമയുള്ള പത്മലോചനനെ വി എസ് പക്ഷത്തെ പി രാജേന്ദ്രനാണ് പരാജയപ്പെടുത്തിയത്.
ഗുരുവായൂർ ഉപതിരഞ്ഞെടുപ്പിൽ സുലൈമാൻ സേട്ടിൻ്റെ പിന്തുണ സ്വീകരിച്ചതും മഅ്ദനി വിഷയത്തിലെ ദേശാഭിമാനി ലേഖനവും ആശയപരമായ വിഷയങ്ങളായി വി എസ് പക്ഷം സമ്മേളനത്തിൽ ഉയർത്തിക്കൊണ്ട് വന്നിരുന്നു. ഈ നിലയിൽ വി എസ് പക്ഷം സുസംഘടിതരായി മാറിയ സമ്മേളനം കൂടിയായിരുന്നു കൊല്ലത്തേത്. 1995-ൽ കൊല്ലത്ത് വിതച്ചത് മൂന്ന് വർഷത്തിനിപ്പുറം വി എസും കൂട്ടരും പാലക്കാട് കൊയ്തു. 1998-ലെ വെട്ടിനിരത്തൽ അതായിരുന്നു. ആ നിലയിൽ കൊല്ലം വി എസ് എന്ന നേതാവിന്റെ കരുത്തും ഊർജ്ജവും ആവേശവുമായിരുന്നു.
Content Highlights: VS is an unforgettable name for Kollam