
ആദ്യമായല്ല ജാഫര്‍ എക്‌സ്പ്രസ് ബലൂച് വിഘടനവാദികളുടെ ലക്ഷ്യമാകുന്നത്. 2018ലെ ശരത്കാലത്ത് ഇരട്ടസ്‌ഫോടനങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരു കഥ കൂടി ജാഫര്‍ എക്‌സ്പ്രസിന് പറയാനുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കളുടെ സഹായത്താല്‍ പൊട്ടിത്തെറി ഉണ്ടാക്കാനായിരുന്നു വിമതരുടെ നീക്കം. ഭാഗ്യവശാന്‍ ട്രെയിനിന് 200 അടി അകലെവച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2023ല്‍ രണ്ടുമാസത്തിനിടെ ഒരേ സ്ഥലത്തുവച്ച് ട്രെയിന്‍ ആക്രമിക്കപ്പെട്ടത് രണ്ടുതവണയാണ്.
ക്വറ്റയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബൊലാന്‍ ജില്ലയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ജനുവരി 19ന് ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിന് പാളം തെറ്റുന്നത്. അന്ന് 13 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം ഒരുമാസം പിന്നിട്ടുകാണും.ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ മറ്റൊരു സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരുഡസനോളം പേര്‍ക്ക് പരിക്കേറ്റ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അന്ന് 40 പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും ഒടുവിലായിതാ തീവണ്ടി ആക്രമിച്ച് നൂറോളം പേരെ ബിഎല്‍എ ബന്ദികളാക്കിയിരിക്കുന്നു.
എന്തുകൊണ്ട് ജാഫര്‍ എക്പ്രസ് ബിഎല്‍എ ഉള്‍പ്പെടെയുള്ള വിഘടനവാദികള്‍ ലക്ഷ്യമിടുന്നു എന്നുചോദിച്ചാല്‍ അതിന് വളരെ കൃത്യമായ ഒരുത്തരമുണ്ട്. ക്വറ്റയില്‍ നിന്ന് പഞ്ചാബിലേക്കും തിരിച്ചും പാകിസ്താനി സേനകളുടെ ഉദ്യോഗസ്ഥര്‍ യാത്ര ചെയ്യുന്നത് ജാഫര്‍ എക്‌സ്പ്രസിലാണ്. അതുകൊണ്ടുതന്നെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെയും തഹ്‌രീക് ഇ താലിബാന്‍ പാകിസ്താന്റെയും 'ഹോട്ട് ടാര്‍ഗെറ്റ്' ആണ് ജാഫര്‍ എക്‌സ്പ്രസ്. ഗറില്ലാ മുറകളാണ് ബിഎല്‍എ പിന്തുടര്‍ന്നിരുന്നതെങ്കിലും 2018 മുതല്‍ അതല്ല സ്ഥിതി. സംഘടിത ചാവേര്‍ ആക്രമണങ്ങളും ആസൂത്രിത പ്രവര്‍ത്തനങ്ങളും ബിഎല്‍എ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ചൈനീസ് എന്‍ജിനീയര്ഡമാരുമായി പോയിരുന്ന ബസ് ബിഎല്‍എ ആക്രമിച്ചത് 2018 ഓഗസ്റ്റിലാണ്. തങ്ങളുടെ യുദ്ധമുറകളില്‍ മാറ്റംവരുത്തിയെന്ന് കൃത്യമായി പ്രഖ്യാപിക്കുന്നതായിരുന്നു ആ ആക്രമണം. ആക്രമണത്തില്‍ ചൈനീസ് പൗരന്മാരും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഗ്വാദര്‍, കറാച്ചി, ടര്‍ബത്ത്, ബോലാന്‍ എന്നിവിടങ്ങളില്‍ ബിഎല്‍എ ഒരു ഡസനിലധികം ചാവേര്‍ ആക്രമണങ്ങള്‍ ബിഎല്‍എ നടത്തി.
ബിഎല്‍എയുടെ നയംമാറ്റത്തില്‍ പാക് സര്‍ക്കാര്‍ അമ്പരന്ന മട്ടാണ്. ബിഎല്‍എ പ്രതിരോധം മുന്‍നിര്‍ത്തി പ്രത്യേക സുരക്ഷാ വിഭാഗത്തിന് തന്നെ സൈന്യം രൂപംനല്‍കിയിരുന്നു. പാകിസ്താനെതിരെ ബിഎല്‍എ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പുറമേ ടിടിപിയും ആക്രമണം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ പന്ത്രണ്ട് സുരക്ഷാഉദ്യോഗസ്ഥരാണ് ബന്നുവിലെ സൈനികത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പാകിസ്താനില്‍ നിന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയാണ് സായുധ സംഘടനയായ ബിഎല്‍എയുടെ പോരാട്ടം. 20 വര്‍ഷത്തോളം പഴക്കമുണ്ട് അവരുടെ പോരാട്ടത്തിന്. പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. വലിയ ധാതുസമ്പത്തുളള, പര്‍വതങ്ങളുള്ള പ്രവിശ്യയില്‍ ഏകദേശം 15 ദശലക്ഷം ജനങ്ങള്‍ പാര്‍ക്കുന്നത്. ഏറ്റവും വലിയ പ്രവിശ്യയാണെങ്കില്‍ ജനസംഖ്യയില്‍ പിന്നിലാണ് ബലൂചിസ്ഥാന്‍. കേന്ദ്രം ബലൂചിസ്ഥാനോട് വിവേചനം കാണിക്കുന്നുവെന്നാണ് വിഘടനവാദികള്‍ അവകാശപ്പെടുന്നത്. പാക് സര്‍ക്കാരിനും സൈന്യത്തിനും പാക്-ചൈന പങ്കാളിത്തങ്ങള്‍ക്കുമെതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കുകയാണ് ഇവര്‍. സര്‍ക്കാര്‍ അക്രമം അടിച്ചമര്‍ത്താന്‍ പലകുറി ശ്രമിച്ചെങ്കിലും സാധാരണക്കാരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരുടെ കൊലപാതങ്ങളെ തുടര്‍ന്ന് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. പാക് സര്‍ക്കാരിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ചിരിക്കുന്ന ഇവരുടെ ആത്യന്തിക ലക്ഷ്യം പാകിസ്താന്‍, ഇറാന്‍, അഫ്ഗാന്‍ എന്നിവയുടെ ചിലഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്വതന്ത്രരാഷ്ട്രമാണ്. തീവ്രവാദ സംഘടനയായാണ് ബിഎല്‍എയെ പാകിസ്താനും യുഎസും കാണുന്നത്.
നാനൂറോളം പേരുമായി ക്വറ്റയില്‍ നിന്നും പെഷവാറിലേയ്ക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ചൊവ്വാഴ്ചയാണ് ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമിച്ചത്. ടണലിനുള്ളില്‍ ട്രെയിന്‍ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം. 30 സൈനികരെ വധിച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തത്. സുരക്ഷാ ചുമതലയിലുള്ളവര്‍ അടക്കം യാത്രക്കാരില്‍ 214 പേരെ ബിഎല്‍എ ബന്ദികളാക്കുകയായിരുന്നു. എന്നാല്‍ ബിഎല്‍എയുടെ ഈ അവകാശവാദം ഔദ്യോഗികമായി ശരിവെയ്ക്കപ്പെട്ടിട്ടില്ല. ബിഎല്‍എ സായുധസംഘം 35 യാത്രക്കാരെ ബന്ദികളാക്കിയെന്നും 350ഓളം യാത്രക്കാര്‍ സുരക്ഷിതരാണെന്നും പ്രാദേശിക പൊലീസ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടെന്നും 104 തടവുകാരെ മോചിപ്പിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റമുട്ടലില്‍ 16 ബലൂച് ലിബറേഷന്‍ ആര്‍മി ഭീകരരെ വധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ജാഫര്‍ എക്‌സ്പ്രസിലെ നൂറിലധികം ബന്ദികളെ ഇനിയും മോചിപ്പിക്കാനുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള സൈന്യത്തിന്റെ ഓപ്പറേഷന്‍ തുടരുകയാണ്.
നേരത്തെ ട്രെയിനിലുണ്ടായിരുന്ന ബന്ദികളില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, ബലൂചിസ്താനികള്‍ എന്നിവരെ ബിഎല്‍എ സായുധസംഘം വിട്ടയച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 43 പുരുഷന്മാരെയും 26 സ്ത്രീകളെയും 11 കുട്ടികളെയും രക്ഷപ്പെടുത്തിയെന്നും പാകിസ്താന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സൈന്യം, രഹസ്യാന്വേഷണ സേന, ഭീകരവിരുദ്ധ സേന അടക്കമുള്ളവരെയാണ് ബിഎല്‍എ ബന്ദികളാക്കിയിരിക്കുന്നത്. ട്രെയിനില്‍ ഉണ്ടായിരുന്ന മുഴുവന്‍ സൈനികരുടെയും പട്ടിക ബിഎല്‍എ പുറത്ത് വിട്ടിട്ടുണ്ട്. വ്യോമാക്രമണം പാടില്ലെന്ന ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഭീഷണി അവ?ഗണിച്ചാണ് ബന്ദികളെ മോചിപ്പിക്കാനുള്ള പോരാട്ടം പാകിസ്താന്‍ സൈന്യം ആരംഭിച്ചത്.
Content Highlights: Jaffar Express a hot target for BLA & TTP for years now; Why are the Baloch bleeding Pak?