ബലൂചിസ്ഥാനികള്‍ക്ക് എന്തിനാണ് പാക്കിസ്താനോട് പക? ആരാണ് ബിഎല്‍എ?

പ്രതികാരം തുടങ്ങിയത് എന്നുമുതല്‍?

സ്നേഹ ബെന്നി
3 min read|14 Mar 2025, 01:21 pm
dot image

182 പേരെ ബന്ദികളാക്കി ജാഫര്‍ എക്സ്പ്രസ് ട്രെയിന്‍ തട്ടിയെടുത്ത് പാകിസ്താനെ പ്രതിരോധത്തിലാക്കിയത് രാജ്യത്തിന് അകത്ത് തന്നെയുള്ള ഒരു സംഘടനയായ ബലൂചിസ്ഥാനാണ്. പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്സ്പ്രസാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍ മി തട്ടിയെടുത്തത്. ബലൂച് രാഷ്ട്രീയ തടവുകാരെയും സംസ്ഥാന സേന തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന സാധാരണക്കാരെയും മോചിപ്പിക്കണമെന്നതായിരുന്നു അക്രമികളുടെ ആവശ്യം. 48 മണിക്കൂറിനുള്ളില്‍ തങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കില്‍ മുഴുവന്‍ ട്രെയിന്‍ പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉപരോധം 30 മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനിന്നില്ല, പാക്കിസ്താന്‍ സൈന്യം 33 വിമതരെ കൊല്ലുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. കുറഞ്ഞത് 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഈ സംഭവത്തോടെ വീണ്ടും ചര്‍ച്ചയാകുകയാണ് ബലൂചിസ്ഥാന്‍ എന്ന സ്ഥലവും ബലൂചിസ്ഥാനികള്‍ എന്ന പേരും. എന്താണ് ഇവര്‍ക്ക് പാക്കിസ്താനോടിത്ര വിരോധം?

പാക്കിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സംഘടനയാണ് ബിഎല്‍എ. എന്നാല്‍ ഒരു സംഘടനാ എന്നതിനപ്പുറത്തേക്ക് ഒരു സായുധ സേന തന്നെയാണ് ബിഎല്‍എ. പാകിസ്താനില്‍ നിന്ന് മാറി സ്വതന്ത്രരാഷ്ട്രമാകണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യപാക് വിഭജനത്തിനു ശേഷം കുറച്ചുനാള്‍ സ്വതന്ത്രരാജ്യമായി നിലനിന്നശേഷമാണ് ബലൂചിസ്ഥാന്‍ പാക്കിസ്താന്റെ ഭാഗമാകുന്നത്. വിസ്തൃതിയില്‍ പാക്കിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അപൂര്‍വം ധാതുക്കളുടെയും എണ്ണയുടെയും ശേഖരമാണ് ബലൂചിസ്ഥാനിലുള്ളത്. എന്നാല്‍ ഇതിന്റെയൊന്നും ഗുണം അവിടെയുള്ള ആളുകള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് അവിടെയുള്ളവരെ ആക്രമണത്തിലേക്ക് നയിക്കുന്നത്. പാക്കിസ്താന്റെ മറ്റ് പ്രവിശ്യകളില്‍ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന പ്രവിശ്യയായാണ് ബലൂചിസ്ഥാന്‍ അറിയപ്പെടുന്നത്.

2000ത്തോടെയാണ് ബിഎല്‍എ രുപീകരിക്കുന്നത്. എന്നാല്‍ 1973-1977 കാലഘട്ടത്തില്‍ ഗോത്രനേതാക്കള്‍ പാക്കിസ്താന്റെ ഭരണത്തിനെതിരെ നടത്തിയ സമരങ്ങളില്‍ നിന്നാണ് ഈ സംഘടനയുടെ തുടക്കം എന്നും കരുതിവരുന്നു. 1947 ല്‍ രൂപീകരിച്ച പാക്കിസ്താനില്‍ 1948 ലാണ് ബലൂചിസ്ഥാന്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. പാക്കിസ്താന്റെ ഒപ്പം ചേരാതെ സ്വാതന്ത്ര്യമായി നിന്ന അവരെ സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുകയായിരുന്നു മുഹമ്മദലി ജിന്ന. എന്നാല്‍ പിന്നീട് പാക്കിസ്താന്‍ എന്നും അവരെ അകറ്റി നിര്‍ത്തുകയാണ് ഉണ്ടായത്.

1948 ല്‍ പാക്കിസ്താനോട് ചേര്‍ത്തെങ്കിലും പ്രവിശ്യ പദവി നല്‍കുന്നത് 1970 ല്‍ മാത്രമാണ്. ഇതിന് പിന്നാലെയാണ് 1973-1977 കാലഘട്ടത്തില്‍ അവിടെ സ്വാതന്ത്രത്തിനായുള്ള പോരാട്ടം തുടങ്ങിയത്. ബലൂചികളുടെ സ്വാതന്ത്ര പോരാട്ടങ്ങളെ പാക്കിസ്ഥാന്‍ ശക്തമായാണ് നേരിട്ടത്. പോരാട്ടത്തിനിറങ്ങിയ നേതാക്കളെ ഉള്‍പ്പെടെ നിരവധിപ്പേരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പതിനായിരങ്ങളാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. ഇവിടെ നിന്നാണ് ബലോച് ലിബറേഷന്‍ ആര്‍മിയുടെ തുടക്കം.

പാകിസ്താനില്‍ നിന്ന് മാറി സ്വതന്ത്രരാഷ്ട്രമാകണമെന്ന് കാലങ്ങളായി ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. പാക്കിസ്താന്‍ ബലൂചിസ്ഥാന്‍ പ്രദേശത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയും അവരുടെ ജനസംഖ്യയെ അരികുവല്‍ക്കരിക്കുകയും ചെയ്യുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു. ഇവിടുത്തെ പണം കൊണ്ട് രാജ്യത്തിന്റെ പല പ്രദേശങ്ങളും സമ്പന്നമായപ്പോള്‍ ഇവിടുത്തെ മനുഷ്യര്‍ ദരിദ്രത്തിലാണ് ജീവിക്കുന്നത്.

സംഘടനയുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ചൈന-പാകിസ്ഥാന്‍ ബന്ധം. ബലോച് മേഖലയിലൂടെ ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) പദ്ധതികള്‍ക്ക് എതിരാണ് ബിഎല്‍എ. പ്രദേശത്തെ സമ്പത്ത് ഊറ്റിക്കൊണ്ടുപോകുന്നത് വര്‍ധിക്കും എന്ന ആശങ്ക തന്നെയാണ് ഇവരെ ഇതിന് എതിരാക്കുന്നത്. അതിനാല്‍ ഈ പദ്ധതിയുവുമായി ബന്ധപ്പെട്ട ചൈനീസ് പൗരന്മാര്‍ക്കും പദ്ധതികള്‍ക്കും എതിരെ ബിഎല്‍എ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. മാരി, ബുഗ്തി, മെംഗാള്‍ എന്ന ഗോത്രങ്ങളാണ് ബിഎല്‍എയ്ക്ക് നേതൃത്വം നല്‍കുന്നത് എങ്കിലും പുറത്ത് നിന്നും ഇവര്‍ക്ക് സഹായം ലഭിക്കുന്നതായി ആരോപണങ്ങള്‍ ഉണ്ട്.

ആഭ്യന്തര സംഘര്‍ഷങ്ങള്‍, ഭരണപരമായ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി, അതിര്‍ത്തി തര്‍ക്കം തുടങ്ങി വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പാക് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ബലൂചിസ്ഥാന്‍ വിഘടനവാദം.


Content Highlights: Revenge between Pakistan and Balochistan

dot image
To advertise here,contact us
dot image