പാകിസ്താനിൽ ട്രെയിൻ റാഞ്ചിയ സംഭവം; ബന്ദികളെ രക്ഷപ്പെടുത്തി, 33 തീവ്രവാദികളും 21 ബന്ദികളും കൊല്ലപ്പെട്ടു

300 ലധികം യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു

dot image

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് സൈന്യം. വിഘടനവാദികള്‍ക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും സൈന്യം പറഞ്ഞു. 33 തീവ്രവാദികളും 21 ബന്ദികളും കൊല്ലപ്പെട്ടുവെന്നും എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്ന് പാക് ലെഫ്. ജനറല്‍ ഷെരീഫ് വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നില്‍. ട്രെയിനിലുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പാകിസ്താൻ റെയിൽവേ അറിയിച്ചിരുന്നു. 30 സൈനികരെ വധിച്ചാണ് ട്രെയിനിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. സുരക്ഷാ ചുമതലയിലുള്ളവർ അടക്കം യാത്രക്കാരിൽ 214 പേരെ ബിഎൽഎ ബന്ദികളാക്കുകയും ചെയ്തിരുന്നു.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിൽ ഏകദേശം 3000 -ത്തോളം വിഘടനവാദികൾ ഉണ്ടെന്നാണ് പാകിസ്ഥാൻ അധികാരികളും വിശകലന വിദഗ്ധരും കണക്കാക്കുന്നത്. ഈ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് പാകിസ്ഥാൻ സുരക്ഷാ സേനയെയാണെങ്കിലും, ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി (സി‌പി‌ഇ‌സി) ബന്ധപ്പെട്ട കോടിക്കണക്കിന് ഡോളർ പദ്ധതികളിൽ പ്രവർത്തിക്കുന്ന സിവിലിയന്മാരെയും ചൈനീസ് പൗരന്മാരെയും ഇവർ ആക്രമിച്ചിട്ടുണ്ട്. നേരത്തെയും ബിഎൽഎ ഈ പ്രദേശത്ത് ആക്രമണം നടത്തിയിട്ടുണ്ട്. നവംബറിൽ ക്വറ്റയിലെ ഒരു റെയിൽവെ സ്റ്റേഷനിൽ ചാവേറാക്രമണം നടത്തുകയും 28 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പാകിസ്ഥാനിലെ ഏറ്റവും വലുതും ജനസംഖ്യ കുറഞ്ഞതുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. എണ്ണയും ധാതുക്കളും കൊണ്ട് ഈ പ്രദേശം സമ്പന്നമാണ്. അതേ സമയം രാജ്യത്തെ വംശീയ ബലൂച് ന്യൂനപക്ഷത്തിന്റെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. കേന്ദ്ര സർക്കാരിന്റെ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത് ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബലൂച് ലിബറേഷൻ ആർമി പ്രവർത്തിക്കുന്നത്.

Content Highlights: Pakistan army says train hijack operation over

dot image
To advertise here,contact us
dot image