
സാറ്റലൈറ്റ് ഇന്റര്‍നെറ്റുമായി ഇന്ത്യയിലേക്കുള്ള ഇലോണ്‍ മസ്‌കിന്റെ വരവിനെ എതിര്‍ത്ത രണ്ട് കമ്പനികള്‍, ജിയോയും എയര്‍ട്ടെല്ലും. അപ്രതീക്ഷിതമായിട്ടാണ് ഇരു കമ്പനികളും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തത്.
കുറച്ചു ദിവസം മുമ്പുവരെ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്ക് ഉള്ള വരവിനെ എതിര്‍ത്തിരുന്ന ജിയോയും എയര്‍ടെലും സ്റ്റാര്‍ലിങ്കുമായി ചേര്‍ന്ന സേവനം നല്‍കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മസ്‌കിന്റെ ഇന്ത്യയിലേക്കുള്ള വരവില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് എയര്‍ടെലും ജിയോയും മസ്‌കുമായി കൈകോര്‍ത്തത്. എങ്ങനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക. എയര്‍ടെലും ജിയോയും സ്റ്റാര്‍ലിങ്കും ഒന്നിച്ചതോടെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ചെലവേറിയതാകുമോ? വിശദമായി പരിശോധിക്കാം.
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാര്‍ലിങ്ക്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ബഹിരാകാശത്തുള്ള ഒരു ഉപഗ്രഹത്തിലേക്ക് ഒരു ഇന്റര്‍നെറ്റ് സിഗ്‌നല്‍ അയയ്ക്കുന്നു, അത് പിന്നീട് ഉപയോക്താക്കളിലേക്ക് തിരികെ വരികയും ചെയ്യും.
നിലവില്‍ മൊബൈല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബറുകളും വഴി ലഭ്യമായികൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാറ്റലൈറ്റ് വഴി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന് പറയുന്നത്. നിലവില്‍ ഐഎസ്ആര്‍ഒയില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.
ഇനി എങ്ങനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നതെന്ന് നോക്കാം. ഇന്റര്‍നെറ്റ് സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിനായി ഉപഭോക്താക്കളുടെ മോഡവുമായി ഒരു ചെറിയ ഡിഷ് സ്ഥാപിച്ചിട്ടുണ്ടാകും. ഈ ഡിഷിലൂടെ എത്തുന്ന സിഗ്നലുകള്‍ മോഡത്തിലൂടെ കമ്പ്യൂട്ടറിലേക്ക് എത്തും. നിലവില്‍ ഉള്ള ഇന്റര്‍നെറ്റുകളെക്കാള്‍ അതിവേഗത്തിലായിരിക്കും ഈ സേവനം ലഭ്യമാവുക.
ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി എയര്‍ടെലും ജിയോയും ആമസോണുമെല്ലാം സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന് തയ്യാറായി കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയിലേക്ക് എത്താന്‍ തയ്യാറായത്. 2021 മുതല്‍ തന്നെ ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിവിധ എതിര്‍പ്പുകളെ തുടര്‍ന്ന് ഇതിന് സാധിച്ചിരുന്നില്ല. നിലവില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ 6,419 ഉപഗ്രഹങ്ങളും 100 രാജ്യങ്ങളിലായി നാല് ദശലക്ഷം വരിക്കാരുമുണ്ട്.
2022 ഒക്ടോബറിലാണ് സ്റ്റാര്‍ലിങ്ക് ഗ്ലോബല്‍ പേഴ്സണസല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് ലൈസന്‍സിന് അപേക്ഷിച്ചത്. ബ്രോഡ്ബാന്‍ഡിനുള്ള സാറ്റലൈറ്റ് സ്പെക്ട്രം ലേലത്തിലൂടെ നല്‍കാതെ ഭരണപരമായി അനുവദിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധവുമായി ജിയോയും എയര്‍ടെലും രംഗത്ത് എത്തിയത്. രാജ്യത്ത് നിലവിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ എണ്‍പത് ശതമാനവും റിലയന്‍സിന്റെ ജിയോയും സുനില്‍ മീത്തലിന്റെ ഭാരതി എയര്‍ടെലുമാണ് കൈവശം വെച്ചിരിക്കുന്നത്.
മസ്‌ക് എത്തുന്നതോടെ തങ്ങളുടെ വിപണിയില്‍ ഇടിവുണ്ടാകുമോയെന്നും കമ്പനികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പോലൊരു കമ്പനി ഇന്ത്യയിലേക്ക് എത്തുകയും ലേലമില്ലാതെ തന്നെ സ്പെക്ട്രം സ്വന്തമാക്കുകയും ചെയ്യുന്നത് തങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്നാണ് കമ്പനികള്‍ വിലയിരുത്തിയത്. ഇന്ത്യയുടെ ടെലികോം റെഗുലേറ്റര്‍ ഇതുവരെ സ്പെക്ട്രം വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കി മസ്‌ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ വലിയ തിരിച്ചടിയായിരുന്നു ജിയോയ്ക്കും എയര്‍ടെല്ലിനും ഉണ്ടാവുക.
കോടി കണക്കിന് രൂപയാണ് ഇതിനോടകം എയര്‍ടെല്ലും ജിയോയും സാറ്റലൈറ്റ് വിപണിക്കായി ചിലവഴിച്ചിരിക്കുന്നത്. പുതിയ ഒരു സര്‍വീസ് പ്രൊവൈഡര്‍ മത്സരത്തിന് ഇറങ്ങുന്നതുകൊണ്ട് മാത്രമല്ല ജിയോയും എയര്‍ടെലും മസ്‌കിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ എതിര്‍ത്തത്. നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നല്‍കുന്നതിനായി മൊബൈല്‍ ടവറുകളും മറ്റു ഇന്‍ഫ്രാസ്ട്രെച്ചറുകളും കമ്പനികള്‍ നിര്‍മിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാവുന്നതോടെ ഇത്തരം ടവറുകളും അനുബന്ധ കാര്യങ്ങളും ആവശ്യമില്ലാതെ വരും. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇന്ത്യയിലെ നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഉണ്ടാവുക.
ഇതിന് പുറമെ ദക്ഷിണാഫ്രിക്ക, കെനിയ പോലുള്ള രാജ്യങ്ങളില്‍ വില കുറച്ചും ഒരു വര്‍ഷത്തോളം സൗജന്യ സേവനങ്ങള്‍ നല്‍കിയുമാണ് മസ്‌ക് ആഭ്യന്തര വിപണി പിടിച്ചത്. ഇത്തരത്തില്‍ ഇന്ത്യയിലും സേവന നിരക്ക് കുറച്ചാല്‍ മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും ഇതിന് നിര്‍ബന്ധിതരാവും. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിനൊപ്പം വന്‍ ബാധ്യതകളും ഇത് കമ്പനികള്‍ക്ക് ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ സ്റ്റാര്‍ലിങ്കിനെ പോലെ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കാന്‍ കൂടുതല്‍ പണം ബിസിനസിലേക്ക് നിക്ഷേപിക്കേണ്ടി വരുമെന്നും ഇന്ത്യന്‍ കമ്പനികള്‍ ഭയന്നിരുന്നു.
ഇതോടെയാണ് സ്റ്റാര്‍ലിങ്കുമായി ധാരണയിലെത്താന്‍ ജിയോയും എയര്‍ടെല്ലും തയ്യാറായത്. നിലവിലെ സ്ഥിതി വെച്ച് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റിന്റെ ഉയര്‍ന്ന ചെലവ് സ്വീകാര്യമാകുമോ എന്നു കണ്ടറിയണം. ജിയോയും എയര്‍ടെലുമായി ധാരണയില്‍ എത്തിയതോടെ സാറ്റ്‌ലെറ്റ് ഇന്റര്‍നെറ്റിന്റെ പ്ലാനുകളിലും മറ്റും വലിയ വിലമാറ്റത്തിനു സാധ്യതയില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മസ്‌കിന്റെ സേവനത്തിന് ചെലവ് കൂടുതലാണ്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ മത്സരാര്‍ത്ഥികളും, നിലവിലെ കൂട്ടാളികളുമായ എയര്‍ടെല്ലും, ജിയോയും നിലവില്‍ നല്‍കിവരുന്ന പ്ലാനുകള്‍ പരിഷ്‌കരിച്ചേക്കാമെന്നു വിദഗ്ധര്‍ പറയുന്നു. ഇത് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകാം.
നിലവില്‍ ഇന്ത്യയിലെ സാധാരണ പ്രതിമാസ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ചെലവ് 700 രൂപ മുതല്‍ 1,500 രൂപ വരെയാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്റ്റാര്‍ലിങ്കിന്റെ ഗിയറിന് 25,000 മുതല്‍ 35,000 രൂപ വരെ വില വരും. ഇതു പ്രാരംഭ നിക്ഷേപം അല്ലേ എന്നു കരുതി സമാധാനിക്കാന്‍ കഴിയില്ല. പ്രതിമാസ സബ്സ്‌ക്രിപ്ഷന് 5,000 മുതല്‍ 7,000 രൂപ വരെ ചെലവു വരുമെന്നാണു വിലയിരുത്തല്‍. ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടില്ലെങ്കിലും ഉടന്‍ തന്നെ കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിട്ടി കഴിഞ്ഞാല്‍ ഇന്ത്യയുടെ മുക്കിലും, മൂലയിലും ഇന്റര്‍നെറ്റ് എത്തുമെന്നതു യഥാര്‍ത്ഥ്യമാണ്. വിദൂര മേഖലകള്‍, സ്‌കൂളുകള്‍, ബിസിനസുകള്‍, ആരോഗ്യ സംരക്ഷണ ദാതാക്കള്‍ എന്നിവര്‍ക്ക് ഇതു നേട്ടമാണ്.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സ്റ്റാര്‍ലിങ്ക് മേധാവി മസ്‌കിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രീതി സമ്പാദിക്കാന്‍ മോദി ആവിഷ്‌കരിച്ച കരാറാണിതെന്നാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായ ജയ്റാം രമേശ് പറഞ്ഞത്. കരാറുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നന്നും ജയ്റാം രമേശ് വ്യക്തമാക്കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന അവസരങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓണും ഓഫും ചെയ്യാനുള്ള അധികാരം സ്റ്റാര്‍ലിങ്കിനാണോ അവരുടെ ഇന്ത്യന്‍ പങ്കാളികള്‍ക്കാണോയെന്നും ജയ്റാം രമേശ് ചോദിച്ചു. സ്വകാര്യ ഉപഗ്രഹങ്ങളെ സുപ്രധാന ഭ്രമണപഥ സ്ഥാനങ്ങളില്‍ കയറ്റാന്‍ അനുവദിക്കുന്നത് ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്നുമാണ് സിപിഐഎം ചൂണ്ടിക്കാട്ടിയത്.
എന്തായാലും സ്റ്റാര്‍ലിങ്കിന്റെ വരവോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കൂടുമെന്ന് ഉറപ്പാണ്, പക്ഷെ സ്റ്റാര്‍ലിങ്കും എയര്‍ടെലും ജിയോയും ഒന്നിച്ചതോടെ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറയുമോയെന്ന് കണ്ടറിയണം.
Content Highlights: after airtel jio hands with elon musk in india starlink satellite