
അമേരിക്കയുടെ അമരക്കാരനായി ഡൊണ്‍ള്‍ഡ് ട്രംപ് അധികാരത്തില്‍ കയറിയപ്പോള്‍ സ്റ്റിയറിംഗ് തിരിക്കുന്നത് ലോക ശതകോടീശ്വരന്‍ മസ്‌ക് ആണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നിയമത്തോടെ ട്രംപിനും മസ്‌കിനും ഇടയില്‍ ഭിന്നതകള്‍ രൂപപ്പെട്ടു തുടങ്ങിയതിന്റെ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫ് വര്‍ധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്ല എത്തി. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ തീരുവ നയങ്ങള്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നതാണ് മസ്‌കിന്റെ വാദം.
നിലവില്‍ ഇലോണ്‍ മസ്‌കിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ടെസ്ലക്ക് ലോകമെമ്പാടും വന്‍ ഇടിവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ മസ്‌കിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ട്രംപ് ടെസ്ലയുടെ മോഡല്‍ എസ് കാര്‍ വാങ്ങിച്ച് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെയാണ് താരിഫ് വര്‍ദ്ധന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്.
യു.എസ്. ഭരണകൂടത്തിന് അയച്ച കത്തില്‍, ന്യായമായ വ്യാപാര പോളിസികള്‍ക്കു വേണ്ടി ടെസ്ല നിലകൊള്ളുന്നതായും എന്നാല്‍ നിലവിലുള്ള നയങ്ങള്‍ യു.എസ്. കമ്പനികളെ തകര്‍ക്കുന്നതായും ചൂണ്ടിക്കാണിക്കുന്നു. ന്യായമായ വ്യാപാരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തീരുവ വര്‍ധന പോലുള്ള തീരുമാനങ്ങള്‍ യുഎസ് കമ്പനികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു യുഎസ് ഭരണകൂടത്തിന് ടെസ്ല അയച്ച കത്തില്‍ പറയുന്നുണ്ട്. ട്രംപ് തുടങ്ങിവച്ച തീരുവ യുദ്ധത്തിനിടെ രാജ്യങ്ങള്‍ അമേരിക്കയ്ക്ക് തിരിച്ച് ഏര്‍പ്പെടുത്തുന്ന മറുതീരുവ താങ്ങാന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. താരിഫ് വര്‍ധന തങ്ങളുടെ കാര്‍ നിര്‍മാണത്തിന്റെ ചെലവ് വര്‍ധിപ്പിക്കുമെന്നും പിന്നീട് ഈ കാര്‍ ഓവര്‍സീസിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ അതിന് മറ്റ് ഇലക്ട്രിക് കാറുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയുണ്ടാകുമെന്നും കത്തിലൂടെ ടെസ്ല സൂചിപ്പിക്കുന്നു.
എങ്ങനെയെങ്കിലും മറുതീരുവയുടെ ദുരിതങ്ങളില്‍ നിന്ന് തങ്ങളെ കരകയറ്റണമെന്ന അഭ്യര്‍ത്ഥനയാണ് കത്തിലുള്ളത്. മാര്‍ച്ച് 11ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറിനെ അഭിസംബോധന ചെയ്താണ് കത്ത് അയച്ചത്. ടെസ്ലയുടെ ലെറ്റര്‍ ഹെഡിലാണ് കത്ത് നല്‍കിയിരിക്കുന്നതെങ്കിലും കത്ത് തയ്യാറാക്കിയ ആളുടെ പേരോ സ്ഥാനമോ ഒപ്പോ കത്തിലില്ല. കത്തിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ടെസ്ല തയ്യാറായിട്ടുമില്ല. പ്രകോപനപരമായ ഇത്തരം തീരുവ നയങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ട്രംപ് ഭരണകൂടത്തോടുള്ള വളരെ വിനീതമായ അഭ്യര്‍ത്ഥനയാണിതെന്ന് ടെസ്ലയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ടെസ്ലയുടെ വിപണിയില്‍ നേരിട്ട ആഘാതത്തെ തുടര്‍ന്ന്, ഇലോണ്‍ മസ്‌ക് തന്നെ താരിഫ് വര്‍ദ്ധനയ്‌ക്കെതിരെ പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാശഷ്ട്ര വ്യാപാര നയങ്ങളില്‍ വരുത്തിയ കര്‍ശന മാറ്റങ്ങള്‍ ടെസ്ലയെ നേരിട്ട്
ആഘാതത്തിലാക്കുകയും കമ്പനിയുടെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. പുതിയ നയങ്ങള്‍ നടപ്പാക്കുന്നതോടെ മസ്‌കിന്റെ ആസ്തിയില്‍ 120 ബില്യണ്‍ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ടെസ്ലയ്ക്ക് വലിയ തോതില്‍ വില്‍പന നടന്നിരുന്ന ജര്‍മനിയില്‍ മാത്രം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 70% ത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോര്‍ച്ചുഗലില്‍ ടെസ്ലയുടെ വില്‍പനയില്‍ 50% ഇടിവും ഫ്രാന്‍സില്‍ 45% ഇടിവുമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വീഡനില്‍ 42% ഉം നോര്‍വേയില്‍ 48% ഉം വില്‍പന കുറഞ്ഞിട്ടുണ്ട്.
എന്തായാലും ഏപ്രില്‍ മാസം മുതല്‍ കാര്‍ ഇറക്കുമതിയ്ക്ക് ഗണ്യമായ തീരുവ ചുമത്താനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ടെസ്ല അഭ്യര്‍ത്ഥനയുടെ ഭാഷയിലാണ് ട്രംപിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടം ഈ നില തന്നെ തുടരാനാണ് ഉദ്ദേശമെങ്കില്‍ ബഡാ ദോസ്തായിരുന്നവര്‍ രണ്ടു ദിക്കിലാകുമോ എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.
Content Highlights: Musk and Tesla criticize Trump's tariff law