മമ്മൂട്ടിക്കായുള്ള ലാലിന്റെ വഴിപാട്; വര്‍ഗീയവിഷം ചീറ്റുന്നവരേ പള്ളിക്കും അമ്പലത്തിനും ഒരേ കവാടമുള്ള കേരളമാണിത്

റംസാനിലാണ് ശബരിമലയില്‍, നടന്‍ മോഹന്‍ലാല്‍ തന്റെ ഇച്ചാക്കയ്ക്ക്, മലയാളത്തിന്റെ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് കഴിച്ചത്. മതസൗഹാര്‍ദത്തിന്റെയും ഇരുനടന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും ഊഷ്മളത അനുഭവിച്ചറിഞ്ഞ സാധാരണ മലയാളി സോഷ്യല്‍ മീഡിയയില്‍ അതാഘോഷിക്കുകയും ചെയ്തു

dot image

തുപോലൊരു റംസാനിലാണ് 515 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1510 ജനുവരി മൂന്നിന് കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ മിശ്കാല്‍ പള്ളി പോര്‍ച്ചുഗീസുകാര്‍ ആക്രമിക്കുന്നത്. വാസ്‌കോഡഗാമയുടെ പിന്‍ഗാമി അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള പറങ്കിപ്പട കല്ലായിപ്പുഴ വഴി നഗരത്തിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഏഴുനിലകളുള്ള, ദക്ഷിണേന്ത്യന്‍ ഇസ്ലാമിക വാസ്തുവിദ്യയുടെ മകുടോദാഹരണമായിരുന്ന കോഴിക്കോട്ടെ അന്നത്തെ ഏറ്റവും ഉയരം കൂടിയ മിശ്കാല്‍ പള്ളി അവര്‍ അഗ്നിക്കിരയാക്കി. സാമൂതിരിയുടെ നായര്‍ പടയാളികളും മുസ്ലീങ്ങളും പറങ്കിപ്പടയ്‌ക്കെതിരെ അണിനിരന്നു. പോര്‍ച്ചുഗീസുകാരുടെ ചാലിയംകോട്ട അവര്‍ തകര്‍ത്തു. പിന്നീട് ചാലിയംകോട്ടയിലെ മരത്തടികളുപയോഗിച്ചാണ് പറങ്കിപ്പട തകര്‍ത്ത മിശ്കാല്‍ പള്ളി പുനര്‍നിര്‍മിക്കുന്നത്. ഇന്നും പറങ്കിപ്പടയുടെ ആക്രമണത്തിന്റെ മായാത്ത പാടുകള്‍ പള്ളിയുടെ മുകള്‍ നിലയില്‍ കാണാം. ഏഴുനിലകള്‍ക്ക് പകരം നാലുനിലകള്‍ മാത്രം, പക്ഷെ ആരാധനാലയം എന്നതിനപ്പുറം കോഴിക്കോടിന്റെ മതേതര പാരമ്പര്യം ഉദ്‌ഘോഷിച്ചുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ് കുറ്റിച്ചിറയില്‍ ഇന്നും മിശ്കാല്‍ പള്ളി.

അതേ റംസാനിലാണ് ശബരിമലയില്‍, നടന്‍ മോഹന്‍ലാല്‍ തന്റെ ഇച്ചാക്കയ്ക്ക്, മലയാളത്തിന്റെ മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് കഴിച്ചത്. മതസൗഹാര്‍ദത്തിന്റെയും ഇരുനടന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും ഊഷ്മളത അനുഭവിച്ചറിഞ്ഞ സാധാരണ മലയാളി സോഷ്യല്‍ മീഡിയയില്‍ അതാഘോഷിക്കുകയും ചെയ്തു. മമ്മൂക്കയ്ക്ക് വേണ്ടി ലാലേട്ടന്‍ നടത്തിയ ഉഷപൂജ മാത്രമല്ല മലയാളി മതസൗഹാര്‍ദത്തിന്റെ പേരില്‍ ആഘോഷിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് തലസ്ഥാന നഗരിയില്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ഭക്തരെ നോമ്പ് കഞ്ഞി നല്‍കി തിരുവനന്തപുരത്തെ മണക്കാട് വലിയ പള്ളി സ്വീകരിച്ചത്. അതും ആദ്യതവണയായിരുന്നില്ല. വര്‍ഷങ്ങളായി തുടരുന്ന ആതിഥ്യ മര്യാദയാണത്. കുടിവെള്ളവും നോമ്പുകഞ്ഞിയും വിതരണം ചെയ്തും അടിയന്തരസേവനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താവളമായും മണക്കാട് പള്ളി എന്നും പൊങ്കാലയുടെ ഭാഗമായിരുന്നു. അങ്ങു വടക്കേയറ്റത്ത് ഇതേ റമദാനില്‍ പള്ളിവാളുമേന്തി പള്ളിമുറ്റത്തെത്തിയ വെളിച്ചപ്പാടിനെ റംസാന്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞിറങ്ങിയ മുസ്ലീം വിശ്വാസികള്‍ ആദരവോടെ സ്വീകരിക്കുന്നതും നാം കണ്ടു. ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണിക്കാന്‍ വെളിച്ചപ്പാടും പരിവാരങ്ങളും പള്ളിയില്‍ പോവുകയും പള്ളിയിലെ ഉറൂസിന് ക്ഷണിക്കാന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തില്‍ എത്തുന്നതും അവിടെ സാധാരണമാണ്.

അമ്പലത്തിനും പള്ളിക്കും ഒറ്റക്കവാടവും കാണിക്കവഞ്ചിയുമാണ് കൊല്ലത്തെ ശിവപുരം മഹാദേശ ക്ഷേത്രത്തിനും മുഹിയുദ്ദീന്‍ മുസ്ലീം ജമാഅത്ത് പള്ളിക്കും. ക്ഷേത്രം ഭാരവാഹികള്‍ പങ്കെടുക്കുന്ന നബിദിന റാലിയും ജമാഅത്ത് ഭാരവാഹികള്‍ ആഘോഷത്തോടെ പങ്കുചേരുന്ന ഉത്സവം നടത്തിപ്പും അവിടുത്തെ പതിവുകാഴ്ചകളിലൊന്നുമാത്രമാണ്. പള്ളിക്കും ക്ഷേത്രത്തിനും ഒറ്റ പ്രവേശനകവാടമുള്ള വെഞ്ഞാറമൂട്ടിലെ ചാമുണ്ഡേശ്വരി ക്ഷേത്രവും പാറയില്‍ മസ്ജിദും, കോഴിക്കോട് പേരാമ്പ്രയില്‍ സ്ഥലപരിമിതി മൂലം മസ്ജിദ് നിര്‍മാണം നിന്നുപോയപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ഭൂമി നല്‍കിയ ഭാര്‍ഗവിയമ്മയെ പോലെ മതത്തിനും വിശ്വാസത്തിനും രക്തബന്ധത്തിനും മുകളിലായി സാഹോദര്യം കാത്തുസൂക്ഷിക്കുന്ന അനവധിപേരും ഉള്ള നാടാണ് കേരളം.

അവിടെയാണ് ഭക്തനെ തത്വമസി എന്ന വാക്കാല്‍ സ്വാഗതം ചെയ്യുന്ന, ഈശ്വരന്‍ നീ തന്നെ എന്നോര്‍പ്പിക്കുന്ന ദേവാലയത്തില്‍ ഒരു നടന്‍ മറ്റൊരു നടനുവേണ്ടി നടത്തിയ വഴിപാട് റംസാന്‍ മാസമാണെന്ന് കൂടി ചൂണ്ടിക്കാണിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത്. മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണമെന്നും മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നും എഴുത്തുകാരനും പ്രഭാഷകനുമായ ഒ.അബ്ദുല്ല പറയുമ്പോള്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും അളവുകോല്‍ വച്ച് ചെറുതാക്കാന്‍ ശ്രമിക്കുന്നത് നന്മയുടെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തില്‍ ചെയ്ത ഒരു പ്രവൃത്തിയെയാണ്. മമ്മൂട്ടി ആവശ്യപ്പെട്ടാണ് വഴിപാട് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണെന്നും അല്ലാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ, അല്ലാഹുവിനോട് മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, അല്ലാഹുവിനോടേ സഹായം തേടാന്‍ പാടുള്ളൂവെന്നും ആവര്‍ത്തിക്കുമ്പോള്‍ പുറത്തേക്ക് ചീറ്റുന്നത്, രണ്ടു മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തേക്കാള്‍ വലുതാണ് നിന്റെയും എന്റെയും ദൈവം ഒന്നല്ല എന്നുള്ള വര്‍ഗീയ വിഷമാണ്.

ഇത്തരം മുന്‍ പിന്‍ വിചാരങ്ങളില്ലാത്ത വിടുവായത്തരങ്ങള്‍ കത്തിവയ്ക്കുന്നത് മതേതര കേരളമെന്ന പൊതുബോധ്യത്തിന്റെ കടയ്ക്കലാണ്. ചോദ്യം ചെയ്യുന്നത് സഹജീവി സ്‌നേഹത്തെയും സാഹോദര്യത്തെയും, അല്പമെങ്കിലും ബാക്കിയായ ഇത്തിരി നന്മയെയുമാണ്.

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നു പറഞ്ഞ നാരായണഗുരുവിന്റെ നാടാണ് കേരളം. മതഭ്രാന്തിന് ചങ്ങലയിട്ട നവോത്ഥാന നായകരുടെ നാടാണ് ഇത്. കേരളത്തില്‍ തീവ്ര മതാത്മകത വേരോടിത്തുടങ്ങിയിട്ടില്ലെന്ന് ഉറപ്പിച്ചുപറയാനാകില്ല. നീ പള്ളിക്കാരനോ അമ്പലക്കാരനോ എന്ന ബാല്യത്തിലെ ചോദ്യത്തിന്റെ നിഷ്‌കളങ്കത നഷ്ടപ്പെട്ടുകഴിഞ്ഞു. രാഷ്ട്രീയ ചായ്വും മതവിശ്വാസവും നോക്കി ബന്ധങ്ങളെ അളക്കാന്‍ കുറച്ചുപേരെങ്കിലും മുതിര്‍ന്നുതുടങ്ങിയിട്ടുമുണ്ട്. പക്ഷെ മുനിഞ്ഞുകത്തുന്ന ഹിന്ദുത്വയുടെ മറവില്‍ രാജ്യം വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പോലും ഒരു സെക്യുലര്‍ രാഷ്ട്രീയ അടിത്തറ കാത്തുസൂക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ട്, ഇത് കേരള സാാര്‍.. എന്ന് ഇന്നും ചങ്കുറപ്പോടെ പറയുന്ന കുറച്ചധികം പേരുണ്ടിവിടെ. പ്രളയത്തിലും ഉരുള്‍പൊട്ടലിലും മാത്രം നാം ഒന്നിച്ചാല്‍ പോര. വര്‍ഗീയ വിഷം ചീറ്റുന്നവരെയും ഒന്നിച്ചെതിര്‍ക്കണം. മതേതര ജനാധിപത്യ ബോധ്യത്തെ ഉയര്‍ത്തിപ്പിടിക്കണം.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വിശ്വാസങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും തല്ക്കാലം മാറ്റി നിര്‍ത്തി ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്ന ലാലിന്റെ വാക്കുകള്‍ മാത്രം ശ്രവിക്കാം. ആ സഹോദര്യം മാതൃകയാക്കാം.

Content Highlights: Mohanlal offers prayer for Mammootty, O.Abdullah criticises the act

dot image
To advertise here,contact us
dot image