വര്‍ഗീയവത്ക്കരിക്കപ്പെടുന്ന ചരിത്രം; ഔറംഗസേബിന്റെ ഭൂതവും ഹിന്ദുത്വ ദേശീയതയും

ചരിത്രവ്യക്തികളെ കണ്ടെത്തി, മനുഷ്യരെ ഭിന്നിപ്പിച്ച്, ഭയപ്പെടുത്തി അധികാരം നേടുന്നതിന് ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നടക്കുന്ന ഔറംഗസേബ് വിവാദം

കുഞ്ഞുണ്ണി സജീവ്
7 min read|17 Mar 2025, 10:17 am
dot image

''ഒന്നുകില്‍ സിംഹാസനം അല്ലെങ്കില്‍ കുഴിമാടം''.
-പഴയൊരു പേര്‍ഷ്യന്‍ ചൊല്ല്.

1707ലെ ശൈത്യത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ മൃതശരീരം മഹാരാഷ്ട്രയിലെ ഖുല്‍ദാബാദില്‍ ഖബറടക്കി. ഹുമായൂണിന്റെ ചെങ്കലില്‍ തീര്‍ത്ത ഡല്‍ഹിയിലെ ഖബറിനോടും, ഷാജഹാന്റെ താജ്മഹലിലെ ഖബറിനോടും താരതമ്യം ചെയ്താല്‍ ഒട്ടും ശ്രദ്ധ ക്ഷണിക്കാത്ത ഖബറാണ് ഔറംഗസേബിന്റെത്. മരണശേഷം ഓര്‍മിക്കപ്പെടുവാന്‍ ആവശ്യപ്പെടാത്ത, ജനങ്ങളുടെ ഓര്‍മയില്‍ നിന്നും ഇല്ലാതാകുവാന്‍ ആഗ്രഹിച്ച ഒരു ഭരണാധികാരിയുടെ ഖബര്‍. എണ്‍പത്തിയെട്ടാം വയസ്സില്‍ മരണം സുനിശ്ചിതമായ നേരത്ത് അദ്ദേഹം ജീവിതമിങ്ങനെ വിലയിരുത്തി. ''ഞാന്‍ അപരിചിതനായി വന്ന്, അപരിചിതനായി മടങ്ങുന്നു, ഞാനാരാണെന്ന് എനിക്ക് നിശ്ചയമില്ല, ഞാന്‍ ചെയ്തു കൂട്ടിയ കാര്യങ്ങളെല്ലാം എന്തിന് വേണ്ടിയായിരുന്നുവെന്ന ധാരണയുമെനിക്കില്ല''. അനേകം യുദ്ധങ്ങളിലും, അധികാര മത്സരങ്ങളിലും പങ്കെടുത്ത ഏതൊരു യോദ്ധാവിനും ജീവിതാന്ത്യത്തില്‍ തോന്നുന്ന ക്ഷീണവും നിരാശയും വൃദ്ധനായ ഔറംഗസേബിലും കാണാം. ''ഭരിക്കുന്നതിന് വേണ്ട കഴിവോ, ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട ശക്തിയോ എനിക്കില്ല. എന്റെ വിലയേറിയ ജീവിതം ഇതാ വൃഥാവിലായിരിക്കുന്നു, ദൈവം എന്റെ മുന്‍പിലുണ്ട്, പക്ഷെ എന്റെ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് അവന്റെ തേജസ് തിരിച്ചറിയാന്‍ സാധിക്കുന്നില്ല'', ഔറംഗസേബ് മരണക്കിടക്കയില്‍ തന്റെ മൂന്നാമത്തെ മകനായ അസം ഷായോടായി പറഞ്ഞു.

ജീവിതം പരാജയവും, മരണം പരിഗണന അര്‍ഹിക്കാത്തതുമാണെന്ന ബോധ്യത്തിലാണ് ഔറംഗസേബിന്റെ ഖബര്‍ നിര്‍മ്മിക്കപ്പെട്ടത്. തന്റെ മുന്‍ഗാമികള്‍ മരണത്തെ മനസിലാക്കിയതില്‍ നിന്നും വിരുദ്ധമായ നിലപാട് സ്വീകരിച്ചത് കൊണ്ട് തന്നെ ഔറംഗസേബിന്റെ ഖബറിന് ആത്മീയമായ അര്‍ത്ഥം കൈവന്നു. അവിടം സന്ദര്‍ശിക്കുന്നവരില്‍ ഭൂരിപക്ഷം ആത്മീയ അന്വേഷികളാണ്, ന്യൂനപക്ഷം ചരിത്ര തല്‍പരരും.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖബറിനുമേല്‍ മാര്‍ബിള്‍ ഫലകങ്ങള്‍ വന്നുചേര്‍ന്നു, അതിര് നിര്‍ണയിക്കുന്ന കമ്പിവേലികള്‍ വന്നു, ഖബര്‍ തിരിച്ചറിയുവാനുള്ള എഴുത്തുകള്‍ വന്നു. ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയമപരമായി സംരക്ഷിക്കപെട്ട ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ് ഇന്നത്തെ ഔറംഗസേബിന്റെ ഖബര്‍. ഔറംഗസേബിന് താല്‍പര്യമില്ലെങ്കിലും, എല്ലാവരും ഔറംഗസേബില്‍ തല്‍പരരാണ്. മരണം സംഭവിച്ച് മുന്നൂറിലധികം വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സിനിമയിലും, രാഷ്ട്രീയത്തിലും ഔറംഗസേബിന്റെ ഭൂതത്തെ മനുഷ്യര്‍ തേടുന്നു, ഉച്ചാടനം ചെയ്യുന്നു. ഭൂതോച്ചാടനത്തിന്റെ ഭാഗമായി ദില്ലിയിലെ ഔറംഗസേബ് റോഡിന്റെ പേര് നീക്കി, ഔറംഗബാദെന്ന നഗരത്തിന് ഛത്രപതി സംബാജി നഗറെന്ന പുതിയ പേര് നല്‍കി. അടുത്തതെന്ത്? ഔറംഗസേബിന്റെ ഖബര്‍ പൊളിച്ച് നീക്കണം.

മുഗള്‍- മറാഠ സംഘര്‍ഷത്തെ ഹിന്ദു - മുസ്ലിം സംഘര്‍ഷമായി ചുരുക്കി പ്രചരിപ്പിക്കുന്ന രീതി മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂമികയ്ക്ക് പരിചിതമാണ്. ''മുന്നൂറ് കൊല്ലക്കാലമായി, ഔറംഗസേബിന്റെ ഭൂതം ഈ രാജ്യത്തെ വേട്ടയാടുകയായിരുന്നു. മുന്നൂറ് കൊല്ലത്തിന് ശേഷം ചരിത്രം വീണ്ടും ആവര്‍ത്തിച്ചു പക്ഷെ ആണ്‍കുട്ടികളായ നമ്മുടെ മറാഠ യുവാക്കള്‍ ഔറംഗസേബിനെ ഔറംഗബാദിന്റെ മണ്ണില്‍ തന്നെ കുഴിച്ചുമൂടി'', 1988ല്‍ ഒരു തിരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷം ശിവസേനാ നേതാവ് ബാല്‍ താക്കറെ മാര്‍മിക് എന്ന മാസികയില്‍ കുറിച്ചു. ഔറംഗസേബിന് പൊതുവെ ഒരു വില്ലന്‍ പരിവേഷമാണ് മഹാരാഷ്ട്രയില്‍. ബാലഗംഗാധര്‍ തിലക് മുതല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വരെ ശിവജിയെ മഹാരാഷ്ട്രയുടെ നായകനാക്കി മാറ്റുമ്പോള്‍ പ്രതി നായകസ്ഥാനത്ത് ഔറംഗസേബിനെയാണ് പ്രതിഷ്ഠിക്കുന്നത്.

മുഖ്യധാര കച്ചവട സിനിമകളിലെന്ന പോലെ മുഖ്യധാര രാഷ്ട്രീയത്തിലും നായക-പ്രതിനായക സങ്കല്‍പ്പനങ്ങളും, സംഘര്‍ഷങ്ങളും പ്രധാനമാണ്. ചരിത്രമാണ് അത്തരം സങ്കല്‍പ്പനങ്ങളുടെയും, സംഘര്‍ഷങ്ങളുടെയും ഭൂമികയാവുക. സംഘടിതമായി ചരിത്രത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാനിപുലേറ്റ് ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സിനിമ പോലെ തന്നെ ചരിത്രത്തേയും നായക - പ്രതിനായക സംഘര്‍ഷമായി മാറ്റും. മഹാരാഷ്ട്രയുടെ വീര നായകന്മാര്‍ ഛത്രപതി ശിവജിയും, അദ്ദേഹത്തിന്റെ മകന്‍ ഛത്രപതി സംബാജിയുമാണ്, പ്രതിനായകന്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബും. ലക്ഷ്മണ്‍ ഉടെകരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചലച്ചിത്രം 'ഛാവാ' പ്രദര്‍ശന വിജയം നേടിയപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത് കാലങ്ങളായി രാഷ്ട്രീയപാര്‍ട്ടികള്‍ ആവര്‍ത്തിച്ച നായക - പ്രതിനായക കഥകളുടെ ഓര്‍മകളാണ്.

ഔറംഗസേബിന്റെ ഡെക്കാന്‍ പ്രദേശം ലക്ഷ്യം വെച്ചുള്ള യുദ്ധങ്ങളും, ശിവജിയുടെ മകന്‍ സംബാജി കാഴ്ചവെക്കുന്ന ചെറുത്തുനില്‍പ്പുമാണ് സിനിമയിലെ പ്രതിപാദ്യ വിഷയം. കഥാവസാനം പരാജിതനായി പിടിയിലകപ്പെട്ട സംബാജി ഔറംഗസേബില്‍ നിന്നും നേരിടുന്ന കൊടിയ പീഡനങ്ങള്‍ സിനിമയില്‍ വിശദമായി ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. ശാരീരികപീഡകള്‍ അനുഭവിപ്പിച്ച് സംബാജിയുടെ മതം മാറ്റുവാനുള്ള ഔറംഗസേബിന്റെ ശ്രമം പരാജയപ്പെടുന്നിടത്ത് സിനിമ അവസാനിക്കുന്നു. വളരെ വൈകാരികമായാണ് 'ഛാവാ' പ്രേക്ഷകര്‍ കാണുന്നത്. മുഗള്‍ കാലഘട്ടം 'അധിനിവേശത്തിന്റെ കാലഘട്ടമായിരുന്നു' എന്ന ഹിന്ദുത്വ ചരിത്രാഖ്യാനം ശക്തമായി പൊതുമണ്ഡലത്തില്‍ നിലനില്‍ക്കെ അതേ വിഷയത്തെ സങ്കീര്‍ണതകളേതും കൂടാതെ അവതരിപ്പിക്കുന്നതിന്റെ ആത്യന്തിക ഫലം വര്‍ഗീയ ധ്രുവീകരണമാണ്,

ഛാവയിലൂടെ അത് സാധ്യമായിരിക്കുന്നു. ചരിത്രത്തെ സിനിമാ കഥയിലെ നായക - പ്രതിനായക സംഘര്‍ഷമാക്കി മാറ്റിയപ്പോള്‍ വൈകാരികമായ പ്രേക്ഷകര്‍ പ്രതിനായകന്റെ ഖബര്‍ പൊളിച്ച് മാറ്റണമെന്ന ആവശ്യങ്ങള്‍ ഉയര്‍ത്തി.

സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അബു ആസ്മി പ്രസ്തുത വിഷയത്തില്‍ രേഖപെടുത്തിയ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണ് ''സിനിമകള്‍ എന്നും ചരിത്രത്തിന്റെ മോശമായ വശമാണ് പ്രചരിപ്പിക്കുന്നത്, ഔറംഗസേബ് മികച്ച ഭരണാധികാരിയായിരുന്നു, അദ്ദേഹം ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നു, ഹിന്ദുധര്‍മം പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്ഥലവും, സഹായവും നല്‍കി.'' ഇന്ത്യയില്‍ ഒരു ഭരണാധികാരിക്കും ഒരു മതത്തെയോ, വിശ്വാസത്തെയോ മാത്രം പ്രധാനമായി കണ്ട് ഭരണം നടത്തുക സാധ്യമല്ല. ഇന്ത്യന്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ രാഷ്ട്രീയ അധികാരം നിലനിര്‍ത്തുക അസാധ്യം. പലവിധ ക്ഷേത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ ഔറംഗസേബ് തങ്ങള്‍ക്ക് സ്ഥലവും സഹായവും നല്‍കിയതായി ഉത്തര്‍ പ്രദേശിലെ സോമേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ ധര്‍മ്മദണ്ഡുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഉജ്ജയ്നിലെ മഹാ കാലേശ്വര്‍ ക്ഷേത്രം, ചിത്രകൂട്ടിലെ ബാലാജി ക്ഷേത്രം, ഗോഹാട്ടിയിലെ ഉമാനാന്ദ് ക്ഷേത്രം, സാരന്ജയിലെ ചില ജൈന ക്ഷേത്രങ്ങള്‍ എന്നിവ ഔറംഗസേബില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിച്ചതിനുള്ള തെളിവുകള്‍ ചരിത്രകാരന്മാര്‍ നിരത്തുന്നു. പക്ഷെ അബു ആസ്മിയുടെ ചരിത്രബോധ്യമുള്ള പ്രസ്താവന ഭരിക്കുന്ന സര്‍ക്കാരിനും, ബീ.ജെ.പി എന്ന പാര്‍ട്ടിക്കും ഒട്ടും സ്വീകാര്യമല്ല. മുഗള്‍-മറാഠ സംഘര്‍ഷം രാഷ്ട്രീയ അധികാരത്തിന് വേണ്ടിയുള്ളതായിരുന്നില്ല മറിച്ച് വര്‍ഗീയ സ്വഭാവമുള്ളവയായിരുന്നു എന്ന ബോധ്യം തന്നെയാണ് അവര്‍ ഇന്നും പ്രചരിപ്പിക്കുന്നത്. സവര്‍ക്കറുടെ ചരിത്രബോധ്യത്തെ പിന്‍പറ്റിയുള്ള ചരിത്രാഖ്യാനങ്ങള്‍ വൈകാരികതയുടെ രൂപത്തില്‍ സമൂഹത്തെ ആവേശിക്കുന്നത് മഹാരാഷ്ട്രയില്‍ കാണാം.

ഒരു കാലത്ത് ശിവസേന ഉപയോഗിച്ചിരുന്ന 'ചരിത്രത്തെ വര്‍ഗീയമായി അവതരിപ്പിക്കുന്ന രീതി' പതിയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സംഘടിതമായി ചരിത്രത്തെ മാനിപുലേറ്റ് ചെയ്യുന്നതിലേക്കും, പ്രചരിപ്പിക്കുന്നതിലേക്കും ഇന്ന് വളര്‍ന്നിട്ടുണ്ട് . എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് മത്സരിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ശിവ സേന തങ്ങളുടെ വര്‍ഗീയ ഭാഷയെ മയപ്പെടുത്തി. ഔറംഗസേബിന്റെ ഇപ്പോഴത്തെ പ്രധാന വിമര്‍ശകര്‍ ഭാരതീയ ജനത പാര്‍ട്ടിക്കാരാണ്. ഔറംഗബാദെന്ന പേര് സാംബാജി നഗറായി ഉദ്ധവ് താക്കറെ മാറ്റിയിരുന്നു. ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഒരു പടികൂടി കടന്ന് സാംബാജി നഗറിനെ, ഛത്രപതി സാംബാജി നഗറായി മാറ്റി. ഔറംഗസേബിനെ അനുസ്മരിക്കുന്നവരേയും ഇതിനിടയില്‍ കണ്ടെത്താം ഉദാഹരണത്തിന് മെയ് 2022ല്‍ അസദ്ദുദ്ദിന്‍ ഒവൈസി ഔറംഗസേബിന്റെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. വഞ്ചിത് ബഹുജന്‍ അഘാടി പ്രസിഡെന്റ്റ് പ്രകാശ് അംബേദ്കറും 2023ല്‍ ഔറംഗസേബിന്റെ ഖബര്‍ സന്ദര്‍ശിച്ചു. ''അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കുന്നതില്‍ എന്താണ് പ്രശ്‌നം?. അദ്ദേഹം അമ്പത് വര്‍ഷത്തോളം ഇന്ത്യ ഭരിച്ച മുഗള്‍ രാജാവാണ്. ആ ചരിത്രത്തെ നമുക്ക് മായ്ച്ചുകളയുവാന്‍ സാധ്യമല്ലല്ലോ''. അംബേദ്കര്‍ പറഞ്ഞു.

ഔറംഗസേബിന്റെ പിന്‍ഗാമികള്‍ (ഔരംഗസിബ് കി ഔലാദ്) ഒരു മോശം പദമായി തന്നെ ഇന്ന് മഹാരാഷ്ട്രയില്‍ പ്രചാരത്തിലുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും, പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെല്ലാം പലാവര്‍ത്തി പ്രസംഗങ്ങളിലായി ഉപയോഗിച്ച വാക്കാണത്. എന്‍.സി.പി എം.എല്‍ എ ഹസ്സന്‍ മുശ്രിഫ് ' ഔറംഗസേബിന്റെ പാരമ്പര്യം ഹിന്ദുസ്ഥാനി മുസ്ലിങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്നും, സമുദായം ഒത്തൊരുമയിലും, പുരോഗതിയിലുമാണ് ശ്രദ്ധിക്കേണ്ടതെന്നും 2023ല്‍ അഭിപ്രായപ്പെട്ടിരുന്നു''. ഛാവ പ്രദര്‍ശനവിജയം നേടിയപ്പോള്‍ ബി.ജെ.പിയുടെ സത്താര പ്രദേശത്തെ എം.പി ഉദയന്‍രാജെ ഭോസ്ലെ (ഇദ്ദേഹം ശിവാജിയുടെ പിന്‍ഗാമി കൂടിയാണ്) ഔറംഗസേബിന്റെ ഖബര്‍ തകര്‍ത്തെറിയണം എന്ന ആഹ്വാനം നടത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഖബര്‍ തകര്‍ക്കുന്നതിനോട് അനുകൂല മനോഭാവമാണ്. നിയമപരമായി സംരക്ഷിക്കപ്പെട്ട ഇടമാണ് ഖബര്‍ നില്‍ക്കുന്ന സ്ഥലം എന്ന നിയമപ്രശ്‌നം മാത്രമാണ് തടസ്സം.

പൂര്‍ണമായും ഒരാധുനിക ജനാധിപത്യരാജ്യമായി പരിണമിക്കുവാന്‍ സാധ്യമാകാത്തതിന്റെ എല്ലാ പോരായ്മാകളും ഇന്ത്യ നേരിടുന്നുണ്ട്. അതിലൊന്നാണ് രാഷ്ട്രീയത്തിലെ വര്‍ഗീയ ചരിത്രത്തിന്റെ സാന്നിധ്യം. ചരിത്രപരമായ അസമത്വങ്ങളെ പൂര്‍ണമായും നിരാകരിച്ച് തല്‍സ്ഥാനത്ത് വര്‍ഗീയ സ്വഭാവമുള്ള ചരിത്രാഖ്യാനം ചേര്‍ത്ത് ജനങ്ങളെ കബളിപ്പിക്കുന്ന രീതി ഇന്നെല്ലാ പാര്‍ട്ടികളും പിന്‍തുടരുന്നുണ്ട്.. വര്‍ത്തമാനകാലത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ കഴിയാതെ വരുമ്പോഴോ, ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കേണ്ടി വരുമ്പോഴോ രാഷ്ട്രീയക്കാര്‍ ചരിത്രത്തില്‍ നിന്ന് ഒരു ഭൂതത്തെ നിര്‍മിച്ചെടുക്കും. ആ ഭൂതത്തെ കാട്ടി ജനങ്ങളെ ഭയപ്പെടുത്തും. ചരിത്രത്തിലെ ഔറംഗസേബുമായി ഒരു സാമ്യവുമില്ലാത്ത ഔറംഗസേബിന്റെ ഭൂതത്തെ മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാര്‍ കാലാകാലങ്ങളായി ഉപയോഗിക്കുന്നു. ഹിന്ദു-മുസ്ലിം വൈരത്തിന്റെ ചരിത്രം ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ സാധ്യമാകുന്ന ചരിത്രവ്യക്തികളെ കണ്ടെത്തി, അവരുടെ ഭൂതങ്ങളെ നിര്‍മിച്ച്, സാധാരണ മനുഷ്യരെ ഭിന്നിപ്പിച്ച്, ഭയപ്പെടുത്തി അധികാരം നേടുന്നതിന് ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നടക്കുന്ന ഔറംഗസേബ് വിവാദമെന്ന് ചുരുക്കം.

Content Highlights: Reasons behind the demand to demolish Aurangzeb’s tomb and the tensions rise in Maharashtra

dot image
To advertise here,contact us
dot image