സൈദ്ധാന്തിക പിൻമുറക്കാർ; വിജു കൃഷ്ണനും ആർ അരുൺ കുമാറിനും യെച്ചൂരിയും കാരാട്ടുമായി സാദൃശ്യങ്ങള്‍ ഏറെ

പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിയ്ക്കും ശേഷം സിപിഐഎമ്മിൻ്റെ ജനകീയ ജനാധിപത്യ വിപ്ലവ ലൈനിന് സൈദ്ധാന്തിക നേതൃത്വം നൽകാൻ ശേഷിയുള്ള നേതാക്കൾ എന്ന നിലയിലാണ് ഇരുവരും പൊളിറ്റ്ബ്യൂറോയിലേയ്ക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്.

dot image

പുതിയ തലമുറയിലെ സിപിഐഎമ്മിൻ്റെ സൈദ്ധാന്തിക മുഖങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജു കൃഷ്ണനും ആർ അരുണുമാണ് പൊളിറ്റ്ബ്യൂറോയിലെ ഏറ്റവും ശ്രദ്ധേയരായ പുതുമുഖങ്ങൾ. ഭാവിയിൽ സിപിഐഎമ്മിനെ നയിക്കാൻ ശേഷിയുള്ള നേതാക്കൾ എന്ന നിലയിലാണ് ഇരുവരും പരിഗണിക്കപ്പെടുന്നത്. പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിയ്ക്കും ശേഷം സിപിഐഎമ്മിൻ്റെ ജനകീയ ജനാധിപത്യ വിപ്ലവ ലൈനിന് സൈദ്ധാന്തിക നേതൃത്വം നൽകാൻ ശേഷിയുള്ള നേതാക്കൾ എന്ന നിലയിലാണ് ഇരുവരും പൊളിറ്റ്ബ്യൂറോയിലേയ്ക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. മാർക്സിസം ലെനിനിസം അടിസ്ഥാനപ്പെടുത്തിയുള്ള ബഹുജന ഐക്യമുന്നണി രൂപപ്പെടുത്തുന്നതിനും തൊഴിലാളി-കർഷക- വനിതാ-യുവജന-വിദ്യാർത്ഥി ഐക്യമുന്നണി കെട്ടിപ്പെടുക്കാനുള്ള വർഗ്ഗപരമായ സമീപനം സ്വീകരിക്കുന്നതിനും സിപിഐഎമ്മിനെ പുതിയ കാലത്ത് സൈദ്ധാന്തികമായി നയിക്കുക എന്ന ചുമതല കൂടിയാണ് പുതിയ ഉത്തരവാദിത്വം ഇരുവർക്കും ഏൽപ്പിച്ച് നൽകുന്നതിലൂടെ സിപിഐ എം ലക്ഷ്യമിടുന്നത്. മാർക്സിസം - ലെനിനിസം അടിസ്ഥാനപ്പെടുത്തിയുള്ള പൊളിറ്റിക്കൽ ഇക്കോണമിയിലും സൈദ്ധാന്തിക അടിത്തറയുള്ളവരാണ് ഈ നേതാക്കൾ. അതിനാൽ തന്നെയാണ് പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും ശേഷം സിപിഐഎമ്മിൻ്റെ സൈദ്ധാന്തിക മുഖം എന്ന നിലയിൽ ഇരുവരും പരിഗണിക്കപ്പെടുന്നത്.

പ്രകാശ് കാരാട്ടിൻ്റെയും സീതാറാം യെച്ചൂരിയുടെയും സംഘടനാ വഴികളുമായി ഏറെ സാദ്യശ്യമുണ്ട് വിജു കൃഷ്ണൻ്റെയും ആർ അരുണിൻ്റെയും സംഘടനാ പ്രവർത്തന ചരിത്രത്തിന്. ജെഎൻയുവിലെ എസ്എഫ്ഐ നേതാവ് എന്ന നിലയിലായിരുന്നു പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സിപിഐഎമ്മിൻ്റെ നേതാക്കളായി മാറിയത്. വിജു കൃഷ്ണനും ആർ അരുൺ കുമാറും എസ്എഫ്ഐ നേതാക്കൾ എന്ന നിലയിൽ തന്നെയാണ് ശ്രദ്ധേയരായത്. സിപിഐഎമ്മിൻ്റെ പരമോന്നത ഘടകങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിലും കാരാട്ടും യെച്ചൂരിയുമായി സാദൃശ്യമുണ്ട് വിജു കൃഷ്ണൻ്റെയും ആർ അരുണിൻ്റെയും പാർട്ടി കമ്മിറ്റികളിലേയ്ക്കുള്ള കടന്ന് വരവിന്. 1985 ഡിസംബർ 25 മുതൽ 29വരെ കൽക്കട്ടയിൽ നടന്ന 12-ാം പാർട്ടി കോൺഗ്രസിലായിരുന്നു പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ആദ്യമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞടുക്കപ്പെടുന്നത്. 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടന്ന 22-ാം പാർട്ടി കോൺഗ്രസിലാണ് വിജു കൃഷ്ണനും ആർ അരുൺ കുമാറും സിപിഐഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1992 ജനുവരി 3 മുതൽ 9 വരെ തമിഴ്നാട്ടിലെ മദ്രാസിൽ ചേർന്ന 14-ാം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സിപിഐഎമ്മിൻ്റെ പൊളിറ്റ് ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2025 ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട്ടിലെ മധുരയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിലാണ് വിജു കൃഷ്ണനും ആർ അരുൺ കുമാറും സിപിഐഎമ്മിൻ്റെ പൊളിറ്റ്ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിന് പിന്നാലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സെക്രട്ടറിയേറ്റിലേയ്ക്കും ഇരു നേതാക്കളും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2005 ഏപ്രിൽ 6 മുതൽ 11 വരെ ന്യൂഡൽഹിയിൽ നടന്ന 18-ാം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ട് സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2015 ഏപ്രിൽ 14 മുതൽ 19 വരെ വിശാഖപട്ടണത്ത് നടന്ന 21-ാം പാർട്ടി കോൺഗ്രസിലാണ് മൂന്നു ടേം കാലാവധി പൂർത്തിയാക്കിയ പ്രകാശ് കാരാട്ടിൻ്റെ പിൻഗാമിയായി സീതാറാം യെച്ചൂരി സിപിഐഎമ്മിൻ്റെ ജനറൽ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തത്. സിപിഐഎമ്മിൻ്റെ 25-ാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ പുതിയ ജനറൽ സെക്രട്ടറി എം എ ബേബിക്ക് 74 വയസ്സ് പൂർത്തിയാകും. പ്രായപരിധി മാനദണ്ഡത്തിൻ്റെ പരിധിയിൽ വരില്ലെങ്കിലും സ്ഥാനമൊഴിയാൻ ബേബി തീരുമാനിച്ചാൽ അടുത്ത പാർട്ടി കോൺഗ്രസിൽ വിജു കൃഷ്ണനോ ആർ അരുൺ കുമാറോ ആയിരിക്കും സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഏറ്റവും പരിഗണിക്കപ്പെടുന്ന നേതാക്കൾ എന്നതിൽ തർക്കമില്ല.

കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ വിജു ക്യഷ്ണൻ എസ്എഫ്ഐയിലുടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട്‌ ആയിരിന്നു. എസ്എഫ്ഐ അഖിലേന്ത്യാ ഭാരവാഹിയും ആയിരുന്നു വിജു കൃഷ്ണൻ. വിദ്യാഭ്യാസകാലഘട്ടത്തിന് ശേഷം അധ്യാപന ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി രാജിവെച്ച് സിപിഐഎമ്മിൻ്റെ മുഴുവൻ സമയ പ്രവർത്തകൻ ആകുകയായിരുന്നു. കാർഷിക സമ്പദ്ഘടനയിലെ മാറ്റത്തെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷണ ബിരുദമുള്ള വിജു കൃഷ്ണനെ കർഷക മുന്നണിയിലെ മുഴുവൻ സമയ പ്രവർത്തനത്തിനാണ് സിപിഐ എം നിയോഗിച്ചത്. 2018ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻ ലോങ് മാർച്ചെന്ന ചരിത്ര പ്രസിദ്ധമായ കർഷക സമരത്തിൻ്റെ പ്രധാന സംഘാടകരിൽ ഒരാളെന്ന നിലയിലാണ് വിജു കൃഷ്ണൻ ദേശീയ ശ്രദ്ധ നേടുന്നത്. പിന്നീട് മോദി സർക്കാരിൻ്റെ കുപ്രസിദ്ധമായ കർഷക ബില്ലിനെതിരെ നടന്ന സമരത്തിലും ശ്രദ്ധേയമായ നേതൃമികവിൻ്റെ പേരിൽ വിജു ക്യഷ്ണൻ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയാണ് വിജു കൃഷ്ണൻ.

എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ആർ അരുൺ കുമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ സെൻ്ററുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. സിപിഐ എം അഖിലേന്ത്യാ സെൻ്ററിനെ സംബന്ധിച്ച് പ്രധാനപ്പെട്ട സംവിധാനമായ അന്താരാഷ്ട്ര വിഭാഗത്തിൻ്റെ ഉപചുമതല നിർവ്വഹിക്കുന്ന നേതാവ് കൂടിയാണ് ആർ അരുൺ കുമാർ. അന്താരാഷ്ട്ര വിഷയങ്ങളിൽ സി പി ഐഎമ്മിൻ്റെ സൈദ്ധാന്തിക ലൈന് അനുസൃതമായി നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ നിർണ്ണായ പങ്കാളിത്തം ഉള്ള നേതാവ് കൂടിയാണ് ആർ അരുൺ കുമാർ. പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിക്കായിരുന്നു അന്താരാഷ്ട്ര വിഭാഗത്തിൻ്റെ പ്രധാന ചുമതല. നിലവിൽ സിഐടിയു അഖിലേന്ത്യാ പ്രസിഡൻ്റും സി പിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ ഹേമലതയുടെ മകനാണ് ആർ അരുൺ കുമാർ.

Content Highlights: Ideological Heirs: Viju Krishnan and R Arun Kumar Embody the Spirit of Yechury and Karat

dot image
To advertise here,contact us
dot image