
'ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ല, ഞങ്ങളുടെ കൈകള്‍ കെട്ടിയിരിക്കുകയാണ്. പ്രതികരിച്ചാല്‍ ഞങ്ങളും ഒറ്റപ്പെടും, അന്നംമുട്ടും, ഞങ്ങള്‍ക്കും കുടുംബമുണ്ട്'. കേസന്വേഷിക്കുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. അധ്യാപകരുടെയും പൊലീസിന്റെയും കൈകെട്ടിയിരിക്കുകയാണ് സമൂഹമെന്നാണ് ഇദ്ദേഹം പറയുന്നു. 'തെറ്റ് ചെയ്തതിന് അധ്യാപകന്‍ ഇന്ന് ഒരു കുട്ടിയെ തല്ലിയാല്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്ന കാലമാണ്. ഏഴിലും എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ ബാഗിനകത്ത് മയക്കുമരുന്ന് വച്ചുകൊണ്ട് പോകുന്നത് ചോദ്യം ചെയ്താല്‍ സത്യാവസ്ഥപോലും മനസിലാക്കാതെ മാതാപിതാക്കള്‍ അധ്യാപകരെ കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് നിഷ്‌ക്രിയരാണ് അധ്യാപകര്‍.
അസാന്മാര്‍ഗിക പ്രവര്‍ത്തി ചെയ്യുന്ന കുട്ടികളെ ചോദ്യം ചെയ്താല്‍ പോലീസിന്റെ ജോലി പോകും. 'ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ സാറിനെന്താ പ്രശ്‌നം' എന്ന് കുട്ടികള്‍ തിരിച്ച് ചോദിച്ച് തുടങ്ങി. ഒരു കുട്ടിയെ കഞ്ചാവുമായി കണ്ടാലും അസാന്‍മാര്‍ഗികമായി കണ്ടാലും നിയമ നടപടി എടുക്കും. എങ്കിലും നമ്മള്‍ അവരെ ചോദ്യം ചെയുമ്പോള്‍ അത് സദാചാര പൊലീസിംഗ് ആകും. രാത്രി രണ്ടുമണിക്കും മൂന്നുമണിക്കും ലഹരിയിലമര്‍ന്ന് നടക്കുന്ന ചെറുപ്പക്കാരെ പട്രോളിങ്ങിന് ഇറങ്ങുമ്പോള്‍ കാണാം. എന്താണ് ഇവിടെ എന്നുചോദിച്ചാല്‍ തിരിച്ച് തട്ടിക്കയറും. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയിയില്‍ ഇടും. കസ്റ്റഡിയില്‍ കിട്ടുന്ന കൊടും ക്രിമിനലിനെപോലും രാജകീയമായ രീതിയിലാണ് ട്രീറ്റ് ചെയ്യുന്നത്. അതിന് കാരണം ഇയാള്‍ മജിസ്‌ട്രേറ്റിനോട് പരാതി പറഞ്ഞാല്‍ പൊലീസുകാരന്റെ ജോലി പോകും.'
വിനയായത് നിയമഭേദഗതി
മയക്കുമരുന്ന് ഇത്രയും വ്യാപകമായതിന് പിന്നില്‍ നിയമത്തില്‍ വന്ന ഇളവാണെന്ന് പറയാം. മുന്‍പ് ഒരു ഗ്രാം കഞ്ചാവ് കൈയില്‍ ഇരുന്നാല്‍ ജയിലില്‍ പോകുമായിരുന്നു. പിന്നീട് നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോഡ്രോപ്പിക് ആക്ട് പ്രകാരം ഒരു കിലോ കഞ്ചാവുണ്ടെങ്കിലേ റിമാന്‍ഡ് ചെയ്യാവൂ എന്ന നിയമഭേദഗതി വന്നു. അതാണ് നാട്ടില്‍ ലഹരിവസ്തുക്കളും മയക്കുമരുന്നും വ്യാപകമാകാനുള്ള പ്രധാന കാരണം.ഇപ്പോള്‍ ആളുകള്‍ക്ക് ഒരു കിലോഗ്രാമില്‍ നിന്ന് രണ്ട് ഗ്രാം കുറച്ച് കയ്യില്‍ വച്ചാല്‍ പോലും സുരക്ഷിതനാണെന്ന് അറിയാം. കേസില്‍ പിടിക്കപ്പെട്ടാല്‍ ദിവസങ്ങള്‍ മാത്രം നീളുന്ന ജയില്‍വാസത്തിനൊടുവില്‍ ജാമ്യം നേടി പുറത്തിറങ്ങും. പിടിക്കപ്പെട്ട് ജയിലില്‍ കിടന്നാലും പലര്‍ക്കും ഇതൊരു പ്രശ്‌നമല്ല, ഇത്രയല്ലേ സംഭവിക്കൂ എന്ന് പലര്‍ക്കും മനസ്സിലായി. മെഡിക്കല്‍ കഴിഞ്ഞ് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു സ്‌ക്രീനിങ് ടെസ്റ്റ് നടത്തണം. മജിസ്‌ട്രേറ്റ് പരാതി ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ പൊലീസുകാരന്‍ ഉപദ്രവിച്ചു എന്ന് പറഞ്ഞാന്‍ കഥ മാറും. പ്രതികള്‍ക്ക് മാത്രം മനുഷ്യാവകാശമുള്ള ഒന്നായി നിയമം മാറുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റപ്പെടുത്തുന്നു. മറ്റുപലരാജ്യങ്ങളിലും പൊലീസിനെ ഭയന്ന് നിയമം അനുസരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ നിയമത്തെ അനുസരിക്കാതിരിക്കുന്നു. ഒരു സമൂഹത്തില്‍ രണ്ടുശതമാനം മാത്രമാണ് കുറ്റവാളികള്‍, പക്ഷെ ആ രണ്ടുശതമാനത്തിന് സമൂഹ മനസാക്ഷിയെ മരവിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്നു എന്നത് കാണാതെ പോകരുത്.
'ലഹരി കച്ചവടവും ഉപയോഗവുമെല്ലാം വലിയ മാഫിയകളുടെ സംരക്ഷണയിലാണ്. പിടിക്കപ്പെടുന്നവരെ രക്ഷിക്കാന്‍ ഇവരുണ്ടാകും. കേസില്‍ നിന്ന് എങ്ങനെയും ഊരിപ്പോകാം എന്ന ആത്മവിശ്വാസമാണ് കുറ്റം ചെയ്യുന്നവരെ മുന്നോട്ടുനയിക്കുന്നത്. പണത്തിനോ, സ്വയം സന്തോഷിക്കുന്നതിന് വേണ്ടിയോ ലഹരി ഉപയോഗിക്കുന്നത് ആളുകളെ അത്രമേല്‍ കീഴ്‌പ്പെടുത്തി കളഞ്ഞു. സ്‌കൂളുകളും കോളജുകളിലും ഒക്കെ ലഹരി ശ്യംഖല പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ കണ്ടെത്തി മുളയിലെ നുളളികളയേണ്ടതുണ്ട്, കര്‍ശനമായനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യുവത്വം ഇല്ലാതായിപോകും.' പറയുന്നത് ഒരു അധ്യാപകനാണ്. മാതാപിതാക്കളെപോലെ തന്നെ അധ്യാപകരും തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളവരാണ്. ലഹരിവസ്തുക്കള്‍ സമൂഹത്തില്‍ വ്യാപകമാകുമ്പോള്‍ സമൂഹത്തിന് മുന്നിലേക്ക് നിങ്ങളുടെ കൂടെ ആശങ്ക പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരുകൂട്ടം അധ്യാപകരെ തേടിയിറങ്ങിയത്. കുട്ടികള്‍ കണ്‍മുന്നില്‍ നാശത്തിലേക്ക് നടന്നുനീങ്ങുന്നത് കണ്ടിട്ടും ഒന്നും ചെയ്യാനാകാതെ നില്‍ക്കേണ്ടി വരുന്നതിലെ ആശങ്കകളാണ് പലരും പങ്കുവച്ചത്.
കോളജുകളില്‍ മാത്രമല്ല സ്‌കൂളുകളിലും കുട്ടികള്‍ ലഹരിയുടെ പിടിയിലാണ്. ചെറിയ കുട്ടികളെ സാമ്പത്തികമായിട്ടുള്ള ആവശ്യങ്ങള്‍ക്കായി ലഹരി വില്‍ക്കുന്നവരുടെയും ക്രയവിക്രയം നടത്തുന്നവരുടെയും കെണിയില്‍ പെടുത്തും. കുട്ടികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ നല്‍കും. തുടര്‍ച്ചയായി ഇതുലഭിക്കാനായി കുട്ടികള്‍ തെറ്റ് ആവര്‍ത്തിക്കും. പല സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പരിസരങ്ങളില്‍ ലഹരിവിതരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നുണ്ട്. സൗഹൃദത്തെ മുതലെടുത്ത് വൈകാരിക ഇടപെടലുകള്‍ നടത്തി പല ആണ്‍കുട്ടികളും പെണ്‍കുട്ടികളെ ക്യാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ട്. ആണ്‍കുട്ടികളെ പിടികൂടാനും പരിശോധിക്കാനും പൊലീസിന് വലിയ പ്രയാസമില്ല. പെണ്‍കുട്ടികളെ അങ്ങനെയല്ല, ചോദ്യം ചെയ്താല്‍ അവര്‍ വീഡിയോ എടുക്കുകയും ബഹളം വയ്ക്കുകയും ചെയ്യും. ദേഹപരിശോധന നടത്തുന്നത് കുറവുമാണ്. കൂട്ടുകാര്‍ക്കൊപ്പം ഒന്നിച്ചിരുന്നു പഠിക്കാന്‍ എന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി ഓയോ റൂമെടുത്ത് ലഹരി ആസ്വദിക്കുന്നവരും കുറവല്ല. ലഹരി ഉപയോഗത്തെ അഭിമാനത്തോടെ കാണുന്ന കുട്ടികളും കൂടുതലാണ്.
ഉപയോഗം 12 വയസ്സുമുതല്‍
പന്ത്രണ്ടുവയസ്സുമുതല്‍ കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചുതുടങ്ങുന്നു എന്നാണ് കണക്ക്. സിഗരറ്റ് പോലെയുള്ള പുകയില ഉത്പന്നങ്ങളാണ് ആദ്യപടി. അധികം വൈകാതെ കഞ്ചാവും തുടര്‍ന്ന് സിന്തറ്റിക് ലഹരിവസ്തുക്കളിലേക്കും കടന്നേക്കാം. പ്ലസ്ടു പ്രായമാകുമ്പോള്‍ത്തന്നെ സിന്തറ്റിക് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നത്. കോളജ് വിദ്യാര്‍ഥികള്‍ എംഡിഎംഎ ക്രിസ്റ്റല്‍ മെത്ത് എന്നിവയും കഞ്ചാവുമാണ് കൂടുതലും ഉപയോഗിച്ചുവരുന്നത്. മദ്യത്തിനും പുകവലിക്കുമൊക്കെ അവിടെ സ്ഥാനം വളരെ കുറവാണ്. അപൂര്‍വ്വമായി കൊക്കെയിന്‍ ഹെറോയിന്‍ തുടങ്ങിയ ലഹരി വസ്തുക്കളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. പെണ്‍കുട്ടികളിലും ലഹരി ഉപയോഗം കൂടി വരികയാണ്. പ്രത്യേകിച്ച് മെട്രോനഗരങ്ങളില്‍ ആണ്‍കുട്ടികളോടൊപ്പംതന്നെ എല്ലാ ലഹരിവസ്തുക്കളും പെണ്‍കുട്ടികളും ഉപയോഗിക്കുന്നു. ലഹരി ഉപയോഗം കൊണ്ട് വന്ധ്യതയും ആര്‍ത്തവ ചക്രത്തിന്റെ വ്യതിയാനങ്ങളുമടക്കം പെണ്‍കുട്ടികള്‍ക്ക് സവിശേഷമായിട്ടുള്ള പ്രശ്‌നങ്ങള്‍ കൂടുതലുണ്ടാകാമനും സാധ്യത വളരെ കൂടുതലാണ്.
ലഹരി ഉപയോഗം തിരിച്ചറിയാം
കുട്ടിയുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. മുറിയടച്ച് ദീര്‍ഘനേരം ഇരിക്കുക, ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുക, അമിതമായ ദേഷ്യം, പൊട്ടിത്തെറിക്കുന്ന സ്വഭാവം, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുക, വിശപ്പില്ലായ്മ, ശരീരം മെലിയുന്നു, കണ്ണുകളിലെ ചുവപ്പ്, ശരീരത്തില്‍ മുറിപ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നു, കൈകാലുകളിലെ വിറയല്‍, പഠനത്തില്‍ പിന്നോക്കം പോകുന്നു. പഴയ സുഹൃത്തുക്കളുമായി ഇടപെടാതിരിക്കുക, പെട്ടെന്നുണ്ടാകുന്ന പുതിയ സൗഹൃദങ്ങള്‍, പ്രായത്തില്‍ മുതിര്‍ന്നവരാണെങ്കില്‍ അവരെക്കുറിച്ച് വെളിപ്പെടുത്താന്‍ വിസമ്മതിക്കുക. ഇതെല്ലാം കുട്ടികള്‍ ലഹരി ഉപയോഗത്തിലേക്ക് പോകുന്നു എന്നതിന്റെ സൂചനകള്‍ ആകാം.
ഒന്നാം വര്‍ഷ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന പതിനെട്ടുകാരന്‍. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് അവനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. കുട്ടി ആഗ്രഹിച്ച തരത്തിലുള്ള വൈകാരിക പിന്തുണയോ, സ്‌നേഹമോ അവന് ലഭിച്ചിരുന്നില്ല. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് അവന്‍ ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. പ്ലസ്ടുവിന് മാര്‍ക്ക് കുറവായിരുന്നതിനാല്‍ ഒരു സ്വാശ്രയ എഞ്ചിനീയറിങ് കോളജിലാണ് അവന് പ്രവേശനം ലഭിച്ചത്. അവിടെവച്ചാണ് രാസലഹരി അവന് പരിചിതമാകുന്നത്. ഒരു ദിവസം ക്ലാസില്‍ ഇരിക്കവേ തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്ന തോന്നലില്‍ കുട്ടി ക്ലാസില്‍ നിന്ന് ഇറങ്ങി ഓടി. കോളേജിന് പുറത്തുകടക്കാന്‍ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ അവന്‍ ആക്രമിച്ചു. കൈകാലുകള്‍ ബന്ധിച്ച് കോളേജ് സ്റ്റാഫ് അധികൃതര്‍ അവനെ ആശുപത്രിയിലെത്തിച്ചു. തലയില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും സുഹൃത്തിന്റെ കൈയിലുള്ള റിമോട്ട് അമര്‍ത്തിയാല്‍ ചിപ്പ് പൊട്ടിത്തെറിച്ച് എല്ലാവരും ചാമ്പലാകുമെന്നും ആശുപത്രി വരാന്തയില്‍ വച്ച് അവന്‍ അലറി വിളിച്ചു. ചിത്തഭ്രമത്തിന്റെ ലക്ഷണം കാണിച്ച പതിനെട്ടുകാരനെ കുത്തിവയ്പ് നല്‍കിയാണ് ശാന്തനാക്കിയത്. ഉണര്‍ന്നെണീറ്റ അവനോട് കാര്യങ്ങള്‍ പതിയെ ചോദിച്ചറിഞ്ഞപ്പോഴാണ് പീര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദത്തിന് വഴങ്ങി ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയ വിവരം കുട്ടി പങ്കുവയ്ക്കുന്നത്. സഹപാഠികള്‍ക്കിടയില്‍ മതിപ്പുകിട്ടുന്നതിന് വേണ്ടിയും അവര്‍ ഒരു പുരുഷനായി അംഗീകരിക്കുന്നതിനും വേണ്ടിയുമാണത്രേ അവഗണനയിലും പരിഹാസത്തിലും സഹികെട്ട് ആ പതിനെട്ടുകാരന്‍ ലഹരി ഉപയോഗിച്ച് തുടങ്ങിയത്.
കാരണങ്ങള്‍ നിരവധി
എന്താണ് ലഹരി വസ്തു എന്നറിയാനുളള താല്‍പര്യം, മുതിര്‍ന്ന വ്യക്തികളെ അനുകരിക്കാനുള്ള പ്രവണത, സമപ്രായക്കാരുടെ സമ്മര്‍ദ്ദം, ഉത്കണ്ഠയും അന്തര്‍മുഖത്വവും, സൗഹൃദം ഇല്ലാതാവുക, മറ്റുള്ളവരോട് വിഷമം പങ്കുവയ്ക്കാന്‍ സാധിക്കാതെ വരിക തുടങ്ങി നിരവധി കാരണങ്ങളാണ് കുട്ടികള്‍ ലഹരിയിലേക്ക് തിരിയുന്നതിന് കാരണം. അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിവ പ്രകടമായുളള ADHD (Attention-deficit/hyperactivity disorder) ഉള്ള കുട്ടികള്‍ ലഹരി ഉപയോഗത്തിലേക്ക് പോകാന്‍ സാധ്യത കൂടുതലാണ്. പഠന കാര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും നിരന്തരമായി കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന കുട്ടികള്‍, അമിത ഉത്കണ്ഠയും സാമൂഹിക അന്തര്‍മുഖത്വവും അനുഭവിക്കുന്ന കുട്ടികള്‍ ഇവരെല്ലാം സമാധാനത്തിനായി ലഹരിയില്‍ അഭയം തേടാനുള്ള സാധ്യത കൂടുതലാണ്. ഇവരെ കൃത്യമായി തിരിച്ചറിഞ്ഞ് കുട്ടിക്കാലത്തുതന്നെ വേണ്ട പിന്തുണ നല്‍കണം.
കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുകയും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുകയുമാണ് രക്ഷാകര്‍തൃത്വം എന്നുകരുതുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. ജോലിസമ്മര്‍ദത്തിനിടയില്‍ അവരില്‍ പലരും കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധയും സ്‌നേഹവും നല്‍കാന്‍ മടിക്കുന്നു. കുട്ടികള്‍ക്കും വൈകാരിക പിന്തുണ ആവശ്യമുണ്ടെന്ന് അവർക്ക് മനസ്സിലാകുന്നില്ല. സ്വാഭാവികമായി വീട്ടില്‍ നിന്ന് ലഭിക്കാത്ത പിന്തുണ അവര്‍ പുറത്തുനിന്ന് തേടും. ഓണ്‍ലൈന്‍വഴിയൊക്കെ അനാരോഗ്യകരമായ ബന്ധങ്ങളിലേക്ക് പോകാനും അവരുടെ സ്വാധീനത്തിന് വഴങ്ങി ലഹരി ഉപയോഗിക്കാനും ആരംഭിക്കും. കഴിഞ്ഞ തലമുറയ്ക്ക് കൗമാരത്തിലും യൗവനത്തിലും സന്തോഷം കണ്ടെത്താനുള്ള മാര്‍ഗ്ഗം സൗഹൃദമായിരുന്നു. ഇന്ന് ചെറുപ്പക്കാര്‍ക്ക് സൗഹൃദങ്ങളുടെയോ, മനുഷ്യബന്ധങ്ങളുടെയോ ആവശ്യമില്ല. ഡിജിറ്റല്‍ ഉപകരണങ്ങളുടെ മുന്നിലിരിക്കുന്ന ഇവര്‍ സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടാണ് നില്‍ക്കുന്നത്. ഈ ഒറ്റപ്പെടല്‍ ലഹരി ഉപയോഗത്തിലേക്ക് കടക്കാന്‍ ഒരു കാരണമാണ്. ഡിജിറ്റല്‍ വിപ്ലവത്തോടുകൂടി ചെറുപ്പക്കാരില്‍ അക്ഷമയും എടുത്തുചാട്ടവും കൂടി കടന്നുവന്നു.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വീണുപോകുന്ന വലിയൊരു വിപത്താണ് ലഹരി. ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ വരെ ലഹരി നുണഞ്ഞും അതിന്റെ വില്‍പ്പനക്കാരായും അടിമപ്പെട്ടുപോവുകയാണ്. മയക്കുമരുന്നിന്റെ ലഹരിയില്‍ അടിപ്പെട്ട് സ്വന്തം രക്ഷിതാക്കളെയും സഹോദരങ്ങളെയും മക്കളെയും വരെ കൊല്ലുന്ന വാര്‍ത്തകളാണ് ചുറ്റും. മദ്യത്തിനും മയക്കുമരുന്നിനും എതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. പക്ഷേ സുരക്ഷയുടെ കവചം എവിടെയോ ഭേദിക്കപ്പെടുന്നുണ്ട്. ആ കണ്ണി മുറിഞ്ഞിരിക്കുന്നത് എവിടെയെന്ന് കണ്ടെത്തേണ്ടതുണ്ട്, പുതുക്കി പണിയേണ്ടതുണ്ട്. ഒപ്പം നമ്മുടെ സഹോദരങ്ങളെയും മക്കളേയും ഒറ്റക്കെട്ടായി നിന്ന് സംരക്ഷിക്കേണ്ടതുമുണ്ട്. മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളെയും നശിപ്പിക്കാനുള്ള ശേഷി ലഹരിക്കുണ്ടെന്ന സത്യം മനസിലാക്കി 'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന് നാം ഓരോരുത്തരും തീരുമാനമെടുക്കേണ്ട സമയമായിരിക്കുന്നു.
(അവസാനിച്ചു.)
** ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ഥമല്ല
Content Highlights: Kerala is in the grip of a surging drug crisis, say No to Drugs