
തഹാവൂര്‍ ഹുസൈന്‍ റാണ, പാക്-കനേഡിയന്‍ ബിസിനസുകാരന്‍, മുന്‍ മിലിറ്ററി ഡോക്ടര്‍, മുംബൈ ഭീകരമാക്രമണക്കേസിലെ പ്രതി… രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം തഹാവൂര്‍ റാണയെ അമേരിക്കയിലെ ജയിലില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ആക്രമണത്തില്‍ നീതി നടപ്പാക്കുന്നതിലെ ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പാണ് ഈ കൈമാറ്റമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന തഹാവൂറിനെ രാജ്യതലസ്ഥാനത്ത് എത്തിക്കുമ്പോള്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
1961 ജനുവരി 12ന് പാക്‌സ്താനിലെ ചിചാവത്‌നിയിലായിരുന്നു തഹാവൂര്‍ റാണ ജനിച്ചത്. ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ജനനം. വിദ്യാഭ്യാസത്തിന് ശേഷം പാകിസ്താന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ക്യാപ്റ്റനായി സേവനമനുഷ്ടിച്ചു. പിന്നീട് ബിസിനസ് രംഗത്തേത്ത് ചുവടുമാറ്റം. ഒരു ഇമിഗ്രേഷന്‍ സേവന സ്ഥാപനമാണ് റാണ നടത്തിയിരുന്നത്. ലഷ്‌കര്‍ ഇ തൊയിബയുമായും ഐഎസ്‌ഐയുമായും റാണയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താന്‍ സഹായം ചെയ്തതും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കിയതും റാണയായിരുന്നു. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താന്‍ വിസ സംഘടിപ്പിച്ചു നല്‍കിയത് റാണയുടെ സ്ഥാപനമായിരുന്നു.
ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന വ്യാജേന മുംബൈയില്‍ ഒരു സ്ഥാപനവും റാണയുടെ സഹായത്തില്‍ ആരംഭിച്ചിരുന്നു. പിന്നീട് ലഷ്‌കര്‍ ഇ തൊയ്ബ ആക്രമിച്ച സ്ഥലങ്ങള്‍ ലക്ഷ്യമിട്ടുള്ള ഹെഡ്‌ലിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി പ്രവര്‍ത്തിച്ചത് ഈ സ്ഥാപനമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഹെഡ്‌ലിയുടെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് റാണയ്ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. മാത്രമല്ല ആക്രമണങ്ങളെ റാണ സജീവമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഹെഡ്‌ലിയുമായി നടത്തിയ ഇ-മെയില്‍ സന്ദേശങ്ങളില്‍ നിന്ന് മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിലെ റാണയുടെ പങ്ക് വ്യക്തമായിരുന്നു. ആക്രമണത്തിന്റെ ഭാഗമായ ഐഎസ്‌ഐ പ്രവര്‍ത്തകനായ മേജര്‍ ഇക്ബാലുമായും റാണയ്ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു.
തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന് 2009 ഒക്ടോബറിലാണ് ചിക്കാഗോയില്‍ വെച്ച് റാണയെ എഫ്ബിഐ അറസ്റ്റ് ചെയ്യുന്നത്. ഡാനിഷ് പത്രമായ ജില്ലാന്‍ഡ്‌സ്-പോസ്റ്റണിനെതിരായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ആക്രമണത്തിന് സഹായം ചെയ്തതിന് 2011ല്‍ റാണയ്‌ക്കെതിരെ ശിക്ഷ വിധിച്ചു. എന്നാല്‍ മുംബൈ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ട കുറ്റങ്ങളില്‍ നിന്ന് റാണയെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. അധികാര പരിമിതികള്‍ മൂലമായിരുന്നു അമേരിക്കന്‍ കോടതിയുടെ നടപടി.
ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലുള്‍പ്പടെയുള്ള റാണയുടെ പങ്ക് ചൂണ്ടിക്കാട്ടി 2020ലാണ് ഇന്ത്യ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത്. റാണയ്‌ക്കെതിരായ തെളിവുകളും രാജ്യം കൈമാറി. കൈമാറ്റം തടയാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അപ്പീലുകളുമായി റാണയും രംഗത്തെത്തി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനമായി. അമേരിക്കയിലെ ഫെഡറല്‍ കോടതികളില്‍ നല്‍കിയ അപേക്ഷകളും തള്ളിയതോടെ റാണ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഈ അപേക്ഷയും കോടതി തള്ളുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് റാണയുടെ ഏറ്റവുമൊടുവിലത്തെ ഹര്‍ജിയും സുപ്രീംകോടതി തള്ളിയത്.
ലോസ് ആഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവില്‍ കഴിയുകയായിരുന്ന 64-കാരനായ റാണയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഏപ്രില്‍ ആറിനാണ് ഇന്ത്യയില്‍ നിന്നുള്ള സംഘം അമേരിക്കയിലെത്തിയത്. ദേശീയ അന്വേഷണ ഏജന്‍സിയില്‍ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് റാണയെയും വഹിച്ചുള്ള പ്രത്യേക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു.
ഇന്ത്യയിലെത്തിക്കുന്ന റാണയെ എന്‍ഐഎ കോടതിയിലാകും ഹാജരാക്കുക. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ എന്‍ഐഎ അപേക്ഷ നല്‍കാനും സാധ്യതയുണ്ട്. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം തിഹാര്‍ ജയിലിലാകും റാണയെ പാര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത സുരക്ഷയാണ് കോടതി പരിസരത്തുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: Who is Tahawwur Rana and what's his role in Mumbi attacks?