
2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ചാവേർ ആക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. 27 ലധികം പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്തകള്‍ വന്നു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതിനോടകം തന്നെ തീവ്രവാദ സംഘടനയായ ടിആർഎഫ്(ദി റെസിസ്റ്റൻസ് ഫ്രണ്ട്) ഏറ്റെടുത്തിരിക്കുകയാണ്. വിനോദ സഞ്ചാരികളെ ഉൾപ്പടെ ലക്ഷ്യം വെച്ച് ഇത്രയും ഹീനമായ ആക്രമണം നടത്തിയ ടിആർഎഫ് ആരാണ്? എന്താണ് ഈ ഭീകര സംഘടനയുടെ ലക്ഷ്യം?
ആരാണ് ടിആർഎഫ് ?
കശ്മീരിനെ ലക്ഷ്യം വെച്ച് പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു തീവ്രവാദ സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് അഥവാ ടിആർഎഫ്. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു തദ്ദേശീയ കശ്മീരി പ്രതിരോധ പ്രസ്ഥാനമായിട്ടാണ് ടിആർഎഫ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റിൽ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് റെസിസ്റ്റൻസ് ഫ്രണ്ട് സ്ഥാപിതമാകാനുള്ള കാരണം.
2023 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും നിരോധിച്ചിരുന്നു. പിന്നാലെ ടിആർഎഫ് നേതാവായ ഷെയ്ഖ് സജ്ജാദ് ഗുലിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് ഈ സംഘടന സ്ഥാപിച്ചതെന്നും അതിന്റെ ഒരു ശാഖയാണ് ടിആർഎഫ് എന്നുമാണ് കേന്ദ്ര സർക്കാറിന്റെ കണ്ടെത്തൽ. ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവരുടെ ആശയപ്രചാരണവും സംഘാടനവും. ജമ്മു കശ്മീരിലെ സംഘർഷങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന ടിആർഎഫ് 2024 ഏപ്രിലിലാണ് അവസാനമായി ആക്രമണം നടത്തിയത്.
ടിആർഎഫിൻ്റെ ഭീകരപ്രവർത്തനങ്ങളും ലക്ഷ്യവും
കശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടെടുക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. പ്രധാനമായും കശ്മീരിലെ അധികാര സംവിധാനങ്ങളെയാണ് ടിആർഎഫ് ലക്ഷ്യം വെക്കുന്നതെങ്കിലും സ്ഥലത്തെ വിനോദ സഞ്ചാരികളും കച്ചവടകാരുമുൾപ്പടെയുള്ള സിവിലിയന്‌സും ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്കായി ആയുധങ്ങൾ കൊണ്ടുപോകുന്നത് ഏകോപിപ്പിക്കുക, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് നടത്തുക, സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുക എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളുമായി ടിആർഎഫിന് ബന്ധമുണ്ടെന്നാണ് കേന്ദ്ര സർക്കാർ സംഘടനയ്ക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ. കശ്മീരിൽ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്. 2020 ൽ ആണ് ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങിയത്. 2024 ഒക്ടോബർ 20-ന് ഗാൻഡർബലിൽ നടന്ന ഇസഡ്-മോർ ടണൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് അടുത്തിടെ ഏറ്റെടുത്തിരുന്നു.
ടിആര്‍എഫ് ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണങ്ങള്‍
2020: കുല്‍ഗ്രാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
2021: ശ്രീനഗറില്‍ ഒരു സര്‍പഞ്ചിനെ വെടിവെച്ച് കൊന്നു.
2023: പുല്‍വാമയില്‍ കശ്മീര്‍ പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട സഞ്ജയ് ശര്‍മയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
2024: ഒക്ടോബര്‍ മാസത്തില്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മാണ സൈറ്റില്‍ നടത്തിയ വെടിവെപ്പില്‍ ഒരു കശ്മീരി ഡോക്ടര്‍, ഒരു കരാറുകാരന്‍, ഏതാനും തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തി.
2024: ജൂണ്‍ മാസത്തില്‍ റിയാസി ജില്ലയിലെ ശിവ്‌ഖോരി ക്ഷേത്രത്തില്‍ നിന്ന്
മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് പോകുകയായിരുന്ന തീര്‍ഥാടകരുടെ ബസിന് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ഭീകരര്‍ ബസിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു, ഒമ്പത് പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ടിആര്‍എഫ് ഇതുവരെ നടത്തിയതില്‍ ഏറ്റവും തീവ്രമേറിയ ആക്രമണമാണ് ഇപ്പോള്‍ പഹല്‍ഗാമില്‍ നടന്നിട്ടുള്ളത്. കശ്മീരിലെത്തുന്ന പ്രദേശവാസികളല്ലാത്ത വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും തങ്ങള്‍ ആക്രമിക്കുമെന്ന് ടിആര്‍എഫ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ ശാന്തമായെന്നും, ക്രമസമാധാന പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. കശ്മീരിലേക്ക് പുതുതായി ഒഴുകിയെത്തുന്ന സഞ്ചാരികള്‍ ഇതിന്റെ തെളിവാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് കൂടിയാണ് വിനോദ സഞ്ചാരികളുടെ വരവിനെ തടയാന്‍ ടിആര്‍എഫ് പദ്ധതിയിടുന്നതെന്നാണ് ഉയരുന്ന നിരീക്ഷണങ്ങള്‍.
ടിആർഎഫിന്റെ മേധാവി ആരാണ്?
കശ്മീരീലെ ഭീകരാക്രമണങ്ങൾക്കെതിരെ ഇന്ത്യയുടെ തിരിച്ചടിയും അന്താരാഷ്ട്ര സമ്മർദ്ദവും വർദ്ധിച്ചതോടെ അതുവരെ കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുഗമവും അല്ലാതെയായി. ഈ സംഘടനകൾക്ക് ഒളിഞ്ഞും തെളിഞ്ഞും നൽകിയിരുന്ന സഹായങ്ങൾ തുടരുന്നതിൽ നിന്ന് പിന്തിരിയാൻ പാകിസ്താന് മേൽ സമ്മർദ്ദങ്ങളും ശക്തമായിരുന്നു. ഈ ഘട്ടത്തിലാണ് ഈ രണ്ട് തീവ്രവാദ പ്രസ്ഥാനങ്ങൾക്കും പുറമെ പുതിയൊരു സംഘടന രൂപം കൊടുക്കുക എന്ന ആലോചന ഉണ്ടാകുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും ലഷ്‌കർ-ഇ തൊയ്ബയും ചേർന്ന് 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന പുതിയ ഭീകര സംഘടനയ്ക്ക് അടിത്തറയിട്ടത്.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എടിഎഫ്) നടപടികളിലെ മറികടക്കുന്നതിനായാണ് ടിആർഎഫ് എന്ന ഭീകരസംഘടന പ്രത്യേകമായി സൃഷ്ടിച്ചത്. ലഷ്‌കർ-ഇ-തൊയ്ബയുടെയും, ഹിസ്ബുൾ മുജാഹിദീൻ്റെയും കാശ്മീർ താഴ്വരയിലെ സ്വാധീനം നഷ്ടമാകുന്നത് തിരിച്ചറിഞ്ഞ് ഈ രണ്ട് സംഘടനകളുടെയും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള ദൗത്യമാണ് ടിആർഎഫിന് ഉണ്ടായിരുന്നത്. കാശ്മീർ താഴ്‌വരയിൽ 1990കളിലെ രക്തരൂക്ഷിതമായ കാലഘട്ടം തിരികെ കൊണ്ടുവരിക എന്നതായിരുന്നു ടിആർഎഫിൻ്റെ പ്രധാനലക്ഷ്യം.
കശ്മീരിൽ അടുത്തിടെ നടന്ന നിരവധി കൊലപാതകങ്ങൾക്ക് പിന്നിൽ ടിആർഎഫ് ആയിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സോഷ്യൽ മീഡിയ സൂക്ഷമമായി കൈകാര്യം ചെയ്യുകയും സോഷ്യൽ മീഡിയ ഇടപെടലിൽ വളരെ സജീവമായിക്കും ചെയ്യുന്ന പ്രവർത്തന രീതിയും ടിആർഎഫ് പിന്തുടർന്നിരുന്നു. കശ്മീരിനുള്ളിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ, ഭരണ, സാമൂഹിക പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ടിആർഎഫിനുണ്ട്. തങ്ങളുടെ ആശയങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് ലഷ്‌കർ-ഇ-തൊയ്ബയും ഹിസ്ബുൾ മുജാഹിദീനും സ്വീകരിച്ചതിൽ നിന്നും വ്യത്യസ്തമായ തന്ത്രങ്ങളാണ് ടിആർഎഫ് സ്വീകരിച്ച് വരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ദി റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുക്കുമ്പോൾ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് കശ്മീരിൽ നിന്ന് പുതിയൊരു വെല്ലുവിളി കൂടിയാണ് ഉദയം ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തേണ്ടത്.
Content HIghlights- Who is 'The Resistance Front' behind the Pahalgam terror attack?