സ്വപ്‌നങ്ങള്‍ കീഴടക്കി ആകാശം തൊടാനൊരുങ്ങി...മിസ് വേള്‍ഡ് യൂണിവേഴ്സല്‍ മത്സരത്തിനൊരുങ്ങുകയാണ് ലക്ഷ്മി

വനിതാ ദിനത്തില്‍ രാജ്യത്തെ അഭിമാനം വാനോളം ഉയര്‍ത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലക്ഷ്മി ശ്രീധരന്‍

ഷെറിങ് പവിത്രൻ
1 min read|08 Mar 2025, 08:14 am
dot image

ഫാഷന്‍ രംഗത്തെ ഭ്രമിപ്പിക്കുന്ന വര്‍ണ്ണങ്ങളിലൂടെ നടക്കാനും അതിന്റെ സൗന്ദര്യം ആസ്വദിക്കാനും ഭാഗ്യം ലഭിക്കുന്നത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ്. അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന സന്തോഷത്തിലാണ് തിരുവനന്തപുരംകാരിയായ ലക്ഷ്മി ശ്രീധരന്‍. ഈ വനിതാ ദിനത്തില്‍ രാജ്യത്തെ അഭിമാനം വാനോളം ഉയര്‍ത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് അവര്‍.

Ms. World Universal India 2025 കിരീടം സ്വന്തമാക്കാനായത് വലിയൊരു നേട്ടം തന്നെയാണല്ലോ?

അതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. പെട്ടെന്ന് എടുത്ത തീരുമാനം ഒന്നുമല്ല, വളരെയധികം ആലോചിച്ചും പരിശ്രമിച്ചുമാണ് ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. മിസ് വേള്‍ഡ് യൂണിവേഴ്‌സല്‍ ഇന്ത്യയിലാണ് ഇപ്പോള്‍ വിജയി ആയിരിക്കുന്നത്. ഇനി മിസ് വേള്‍ഡ് മത്സരമാണ് വരാന്‍ പോകുന്നത്. ഈ നേട്ടം എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണെന്നാണ് എന്റെ അഭിപ്രായം. ഇനി, ജൂണില്‍ തായ്ലാന്‍ഡില്‍ നടക്കുന്ന Ms. World Universal 2025 അന്താരാഷ്ട്ര ഫൈനലിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

എങ്ങനെയാണ് മോഡലിംഗ് രംഗത്തേക്ക് എത്തിയത്?

ചെറുപ്പം മുതല്‍ തന്നെ മോഡലിംഗിലും അഭിനയത്തിലും താല്‍പര്യം ഉണ്ടായിരുന്നെങ്കിലും, കൂടുതല്‍ പരിഗണന കൊടുത്തത് വിദ്യാഭ്യാസത്തിനും കരിയറിനും ആയിരുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത മേഖലകള്‍ പരീക്ഷിക്കാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍, അത് ഒരു വലിയ അവസരമായി കണ്ട് ഞാന്‍ മുന്നോട്ടു പോയി. മുന്‍പരിചയം ഇല്ലായിരുന്നുവെങ്കിലും എനിക്ക് നന്നായി മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. അതൊരു ഭാഗ്യമാണ്.

സൗന്ദര്യമത്സര രംഗത്ത് പങ്കെടുക്കാന്‍ പ്രചോദനമായത് എന്താണ്?

സമൂഹത്തിലെ ശക്തരായ സ്ത്രീകള്‍ എപ്പോഴും എനിക്ക് പ്രചോദനമായി തോന്നിയിട്ടുണ്ട്. ജീവിതത്തില്‍ സ്വയം തെളിയിച്ച, അതിജീവനത്തിലൂടെ മുന്നേറിയ സ്ത്രീകളുടെ കഥകള്‍ എപ്പോഴും എനിക്ക് പ്രചോദനമായിരുന്നു. അവരുടേതുപോലുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് എന്നെയും മുന്നോട്ട് നയിച്ചത്. ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. തിരുവനന്തപുരത്തുള്ള സര്‍വോദയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പിന്നീട്, ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി ഞാന്‍ വിവിധ നഗരങ്ങളിലേക്ക് മാറി. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടി, തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗില്‍ എംബിഎ പൂര്‍ത്തിയാക്കി.ജോലിയുടെ തിരക്കുമായി മുന്നോട്ട് പോകുമ്പോഴാണ് ഇങ്ങനെയൊരു അവസരം വന്നു ചേരുന്നത്.

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും തൊഴില്‍ മേഖലയിലെ ചൂഷണവും ഇപ്പോഴും നിലനില്‍ക്കുന്നത് നിങ്ങള്‍ എങ്ങനെ കാണുന്നു?

സ്ത്രീകള്‍ ഒരുപാട് മേഖലകളില്‍ മുന്നേറിയിട്ടുണ്ടെങ്കിലും, ചില വെല്ലുവിളികള്‍ ഇപ്പോഴും തുടരുന്നു. അവബോധം വര്‍ധിപ്പിക്കുന്നതിലൂടെയും ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെയും മാത്രമേ ഗാര്‍ഹിക പീഡനവും തൊഴില്‍ മേഖലകളിലെ ചൂഷണവും മാറ്റിയെടുക്കാനാവൂ.

എന്തൊക്കെത്തരത്തിലുള്ള അനുഭവങ്ങളാണ് ഈ യാത്രയില്‍ സ്വാധീനിച്ചിട്ടുള്ളത്?

മോഡലിംഗും പേജന്റികളും ഉള്ള യാത്ര വളരെയേറെ പഠിക്കാനുള്ളതും ആവേശം നിറഞ്ഞതുമാണ്. ഇതിലൂടെ, ആത്മവിശ്വാസം, സഹിഷ്ണുത, കഠിനാധ്വാനം എന്നിവയുടെ മൂല്യം മനസ്സിലാക്കാന്‍ കഴിഞ്ഞു. ലോകമെമ്പാടുമുള്ള യുവതികള്‍ക്ക് പ്രചോദനം നല്‍കുന്നവരായി മാറാന്‍ കഴിയുന്ന ഒരു വേദിയാണിത്.

ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആറ്റിറ്റിയൂഡ് നിലനിര്‍ത്താന്‍ എന്താണ് ചെയ്യുന്നത്?

ഞാന്‍ എപ്പോഴും ആത്മവിശ്വാസം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. കുടുംബവും സുഹൃത്തുക്കളും എനിക്ക് വലിയ പിന്തുണയാണ്. എല്ലാ നിമിഷത്തിലും നന്ദിയോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യാറുണ്ട്

ഒരു അന്താരാഷ്ട്ര വേദിയില്‍ രാജ്യം പ്രതിനിധീകരിക്കുമ്പോള്‍, നിങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശം എന്താണ്?

ആത്മവിശ്വാസത്തെയും ലക്ഷ്യബോധത്തെയും പ്രതിനിധീകരിക്കുന്നത് എന്റെ ദൗത്യമാണ്. വിജയത്തെ, കിരീടം എന്നതിലുപരി പ്രചോദനമായ ശക്തി എന്ന നിലയില്‍ കാണുന്നു. ഈ വേദി, ഫാഷനും സാമൂഹ്യ സേവനവും തമ്മില്‍ ഒരു പൊരുത്തം കണ്ടെത്തി, ലോകത്ത് വലിയ സ്വാധീനം ചെലുത്തുന്ന ഒരു പരിസ്ഥിതി ഒരുക്കുന്നിടമാണ്.

Ms. World Universal Finale 2025 ല്‍ പങ്കെടുക്കാന്‍ എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തുന്നത്?

ശാരീരികവും മാനസികവുമായ ഒരുപോലെ സജ്ജീകരണം ആവശ്യമാണ്. അതിനാല്‍, ക്യാറ്റ്വാക്ക് ട്രെയിനിംഗ്, ഫിസിക്കല്‍ ഫിറ്റ്‌നസ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, ഇന്റര്‍വ്യൂ തുടങ്ങിയ മേഖലകളില്‍ ഞാന്‍ വ്യത്യസ്ത പരിശീലനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

ഈ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ എന്താണ് മനസ്സില്‍ തോന്നുന്നത്?

ഇത് അഭിമാനത്തിലും ഉത്തരവാദിത്വത്തിലും നിറഞ്ഞ ഒരു വലിയ അനുഭവമാണ്. ഒരു രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതിന്റെ അഭിമാനം മാത്രമല്ല, അത് വലിയൊരു ഉത്തരവാദിത്വവുമാണ്. ഈ വേദിയിലൂടെ, യുവതികള്‍ക്ക് പ്രചോദനം നല്‍കാനും, സമൂഹത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Content Highlights : Lakshmi Sreedharan from Kerala will represent the country in the Ms World Universal 2025, International Finals

dot image
To advertise here,contact us
dot image