
ഐഐടിയിലും ഐഐഎമ്മിലും പ്രവേശനം ലഭിക്കുക. അവിടെ നിന്ന് പഠിച്ചിറങ്ങി ഇന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ പരീക്ഷയായ സിവില്‍ സര്‍വീസിന് ശ്രമിക്കുക. അവിടെയും മികച്ച വിജയം.അത്യധികം കഠിനാധ്വാനം ആവശ്യമുള്ള വെല്ലുവിളികളേറെ നിറഞ്ഞ പാതയാണ് ആ വിജയത്തിന്റേത്..എന്നാല്‍ ആ വെല്ലുവിളികളെല്ലാം എന്ത് യഥാര്‍ഥ വെല്ലുവിളി മാതൃത്വമാണെന്ന് പറയുകയാണ് ഐഎഎസ് ഓഫീസറായ ദിവ്യ മിത്തല്‍.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കും മുന്‍പ് രാജ്യത്തെ ഏറ്റവും വലിയ രണ്ടു ഇന്‍സ്റ്റിറ്റ്യൂട്ടുകളായ ഐഐടിയിലും ഐഐഎമ്മിലും പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ദിവ്യ. ഈ രണ്ടു ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം ലഭിക്കുന്നതും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും എത്ര ബുദ്ധിമുട്ടാണെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനുശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഐഎഎസ് എന്ന സ്വപ്‌നം ദിവ്യ സാക്ഷാത്ക്കരിക്കുന്നത്. എന്നാല്‍ സ്വപ്‌നം കണ്ടും കഷ്ടപ്പെട്ടും നേടിയ ജോലിയും കുടുംബജീവിതവും ഒന്നിച്ചുകൊണ്ടുപോകാനാകാതെ ചിലപ്പോഴെല്ലാം താന്‍ കരഞ്ഞുപോയിട്ടുണ്ടെന്ന് പറയുകയാണ് ദിവ്യ. വനിതാദിനത്തില്‍ എക്‌സില്‍ പങ്കുവച്ച തുടര്‍ച്ചയായ കുറിപ്പുകളിലൂടെയാണ് ഒരമ്മയായിരിക്കുക എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് ദിവ്യ തുറന്നുപറയുന്നത്. ഉത്തര്‍പ്രദേശിലാണ് നിലവില്‍ ദിവ്യ മിത്തല്‍ ജോലി ചെയ്യുന്നത്. ഗഗന്‍ദീപ് ആണ് ദിവ്യയുടെ ഭര്‍ത്താവ്. കാണ്‍പുരില്‍ ഓഫീസറാണ് അദ്ദേഹം.
My elder daughter is 8. Already the world tries to shut her tiny voice, when she differs with them. We can’t let them dim their light. Teach her to be respectful but firm. Tell her, her voice matters, even when its shaky
— Divya Mittal (@divyamittal_IAS) March 8, 2025
'ഞാന്‍ ഒരു ഐഎഎസ് ഓഫീസറാണ്. ഐഐടിയിലും ഐഐഎമ്മിലും പഠിച്ചിട്ടുള്ള വ്യക്തിയാണ്. അതെല്ലാം ലഭിക്കുന്നതിനായി ഞാന്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്റെ രണ്ടുപെണ്‍കുട്ടികളെ വളര്‍ത്തുന്നതിലെ വെല്ലുവിളികളേക്കാള്‍ വലുതായിരുന്നില്ല അതൊന്നും.
എന്റെ മൂത്ത മകള്‍ക്ക് എട്ടുവയസ്സാണ് പ്രായം. ലോകത്തിന്റെ അഭിപ്രായത്തില്‍ വേറിട്ട അഭിപ്രായം അവള്‍ മുന്നോട്ടുവയ്ക്കുമമ്പോള്‍ അവളുടെ കൊച്ചുശബ്ദത്തെ അടിച്ചമര്‍ത്താനാണ് ലോകം ശ്രമിക്കുന്നത്. അവരുടെ പ്രകാശം മങ്ങാന്‍ നാം അനുവദിക്കരുത്. അവളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം, എന്നാല്‍ നിലപാടിലുറച്ചുനില്‍ക്കാനും. വിറയ്ക്കുന്നുണ്ടെങ്കിലും കരുത്തില്ലെങ്കിലും അവളുടെ ശബ്ദത്തിനും പ്രാധാന്യമുണ്ടെന്ന് അവളെ പറഞ്ഞുമനസ്സിലാക്കണം.
വല്ലാതെ തളര്‍ന്നുപോകുന്ന ചില രാത്രികളില്‍ ഞാന്‍ കരഞ്ഞുപോകാറുണ്ട്. പക്ഷെ അപ്പോഴവള്‍ എന്നെ കെട്ടിപ്പിടിഞ്ഞ് അമ്മയാണെന്റ് ഹീറോയെന്ന് പറയും. അവര്‍ നമ്മളെ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ പരാജയങ്ങളില്‍ നിന്നാണ് അവര്‍ മാറാന്‍ പഠിക്കുന്നത്. പരാജയപ്പെടുന്നത് ഓക്കേയാണെന്ന് അവള്‍ക്ക് കാണിച്ചുകൊടുക്കണം, ഒപ്പം ആ പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് കുതിക്കുന്നതും.
കരുത്ത് എന്ന് പറയുന്നത് ശബ്ദമുഖരിതമല്ല, അത് സുസ്ഥിരമായ ഒന്നാണെന്നാണ് എന്റെ ജോലി എന്നെ പഠിപ്പിച്ചത്. അവള്‍ക്ക് പിന്നില്‍ പാറയായി ഉറച്ചുനില്‍ക്കുക. ഊന്നുവടിയാകരുത്. അവള്‍ വീഴട്ടെ, അവിടെ നിന്ന് എണീറ്റ് ഉയരങ്ങള്‍ താണ്ടട്ടെ. എന്തുസംഭവിച്ചാലും നിങ്ങള്‍ അവള്‍ക്കൊപ്പമുണ്ടെന്ന ഉറപ്പാണ് അവള്‍ക്ക് നല്‍കേണ്ടത്.
മാതൃത്വം എന്നുപറഞ്ഞാല്‍ അത് എല്ലായ്‌പ്പോഴും കുറ്റബോധം നിറഞ്ഞതാണ്. ഞാന്‍ പോര, അല്ലെങ്കില്‍ തെറ്റുകള്‍ വരുത്തിയാല്‍ എന്താണ്? നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍, അവള്‍ക്ക് എന്തിനെയും പിന്തുടരാന്‍ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കുകയാണെന്ന് അറിഞ്ഞാല്‍ മതി. നിങ്ങളോട് നിങ്ങള്‍ ക്ഷമിക്കണം. നിങ്ങള്‍ ധാരാളമാണ്.
ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ നിങ്ങളുടെ ഉത്തരവാദിത്തം പത്തിരട്ടിയാണ്. സ്‌നേഹമയിയാകുന്നതിനേക്കാള്‍ നിങ്ങളെന്താണോ അതാകുക. നിങ്ങള്‍ ചെയ്യുന്നതെന്തോ അതിന് കാരണമെന്തെന്ന് അവരെ മനസ്സിലാക്കിപ്പിക്കുക. അത് അവരുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്വാധീനിക്കും.
നിങ്ങളുടെ വേഷം എന്തുമായിക്കൊള്ളട്ടെ, നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ നല്‍കുക. നിങ്ങള്‍ പിന്‍വാങ്ങിയാല്‍ അവളൊരു പോരാളിയാകണമെന്ന് നിങ്ങള്‍ക്കെങ്ങനെ പ്രതീക്ഷിക്കാന്‍ സാധിക്കും? നിങ്ങളാണ് അവളുടെ റോള്‍ മോഡല്‍.
മഹത്വം കൈവരിക്കാന്‍ അവള്‍ പുരുഷനാകേണ്ടതില്ല. സ്വയം സത്യസന്ധത പുലര്‍ത്തണമെന്ന് അവളെ പഠിപ്പിക്കണം. അവളുടെ വികാരങ്ങളാണ് അവളുടെ സ്വത്ത്. ലോകത്തെ നല്ലൊരു സ്ഥലമാക്കി മാറ്റുന്നതിന് വേണ്ടി അവളോട് അനുകമ്പയും സ്‌നേഹവും കാരുണ്യവും ശീലിക്കാന്‍ പഠിപ്പിക്കണം.
ജീവിതം എന്നുപറയുന്നത് ജനപ്രിയത കണ്ടെത്തുന്നതിനുള്ള പരീക്ഷയല്ല. അവളെ ബഹുമാനിക്കാന്‍ അവളെ ഇഷ്ടപ്പെടേണ്ടതില്ല. അവളുടെ മൂല്യമെന്ന് പറയുന്നത് മറ്റുള്ളവല്‍ നല്‍കുന്ന അംഗീകാരമല്ല. അവള്‍ ആകെ സന്തോഷിപ്പിക്കേണ്ടത് അവളെത്തന്നെയാണ്. ഒരു നിരസിക്കലിനും വിമര്‍ശനത്തിനും സാമൂഹിക കാഴ്ചപ്പാടുകള്‍ക്കും അവളെ തളര്‍ത്താന്‍ സാധിക്കാത്തത്ര സ്‌നേഹം അവള്‍ക്ക് നല്‍കുക.
അവളുടെ യാത്രയുടെ ഭാഗമാകാന്‍ കഴിയുന്നത് നമ്മുടെ ഭാഗ്യമാണ്. അവളുടെ പരാജയങ്ങളെയും സന്തോഷങ്ങളെയും വിജയത്തെയും വിലമതിക്കുക. അവളെ വിശ്വസിക്കുക. അവള്‍ക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് മുന്നില്‍ കാണിച്ചുതന്നുകൊണ്ട് അവള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
പെണ്‍കുട്ടികളെ വളര്‍ത്തുന്ന രക്ഷിതാക്കളോട് എനിക്ക് ഈ വനിതാദിനത്തില്‍ പറയാനുള്ളത് ഇത്രമാത്രമാണ്. ഇക്കാര്യത്തില്‍ നാം ഒരുമിച്ചാണ്. മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുക, അവര്‍ക്കുവേണ്ടി, നമുക്ക് വേണ്ടി, അവരുടെ ഉത്സാഹം ആവശ്യമുള്ള ഒരു ലോകത്തിന് വേണ്ടി. സ്‌നേഹത്തോടെ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരമ്മ.'
Content Highlights: IAS officer opens up about the guilt of motherhood