റാഗിംഗിന് ഇരയായാൽ എന്തുചെയ്യണം? അറിഞ്ഞിരിക്കണം റാഗിംഗും റാഗിംഗ് വിരുദ്ധ നിയമവും എന്താണെന്ന്...

റാഗിംഗ് നേരിട്ടാൽ എങ്ങനെ നിയമനടപടി സ്വീകരിക്കാം? എന്താണ് റാഗിംഗിനുള്ള ശിക്ഷ?

ശ്യാം ദേവരാജ്
4 min read|13 Feb 2025, 01:42 pm
dot image

പരിചിതമല്ലാത്ത കാമ്പസിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കാട്ടുന്ന അധികാരവും അധീശത്വവുമാണ് റാഗിംഗ്. 1998ലെ റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കേരളവും തൊട്ടുപിന്നാലെ മറ്റ് സംസ്ഥാനങ്ങളും റാഗിംഗ് കുറ്റകരമാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തുന്നവര്‍ക്ക് നിയമം നിര്‍വ്വചിക്കുന്നത് കര്‍ശന ശിക്ഷയാണ്. റാഗിംഗ് പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെങ്കില്‍ സ്ഥാപന മേധാവിക്ക് മേലും നിയമത്തിന്റെ കുരുക്ക് വീഴും. എന്താണ് റാഗിംഗും റാഗിംഗ് വിരുദ്ധ നിയമവും.

എന്താണ് റാഗിംഗ് ?

വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പുതിയതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിക്കോ ജൂനിയര്‍ വിദ്യാര്‍ത്ഥിക്കോ നേരെയുള്ള ശാരീരിക അതിക്രമമോ ആക്രമണമോ ആണ് റാഗിംഗ്. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മാനസികമായി ആക്രമിക്കുന്നതും റാഗിംഗ് ആണ്. ശാരീരികമായോ മാനസികമായോ ആക്രമിക്കുമെന്ന് ഭീതിപ്പെടുത്തുന്നതും റാഗിംഗ് ആയി കണക്കാക്കും. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കളിയാക്കുന്നതും അപമാനിക്കുന്നതും ശല്യപ്പെടുത്തുന്നതുമെല്ലാം റാഗിംഗിന്റെ നിര്‍വ്വചനത്തില്‍ വരും. ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ താല്‍പര്യത്തിന് വിരുദ്ധമായി എന്തെങ്കിലുമൊരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും റാഗിംഗ് ആയി കണക്കാക്കും. ജൂനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള നിര്‍ബന്ധിത പണപ്പിരിവും റാഗിംഗിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അകത്തോ പുറത്തോ നടത്തുന്ന റാഗിംഗ് കുറ്റകൃത്യമാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പടരുന്ന സാമൂഹിക നീചത്വമെന്നാണ് റാഗിംഗിന് സുപ്രിംകോടതി നല്‍കിയ വിശേഷണം.

എന്തിനാണ് റാഗിംഗ് ?

മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമായി പെരുമാറും, വേദനിപ്പിക്കും. അധികാരം, സീനിയോറിറ്റി, കരുത്ത്, അധീശത്വം തുടങ്ങിയവ പ്രകടമാക്കുന്നതിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയേഴ്‌സിന് നേരെ ഈ ക്രൂരത അഴിച്ചുവിടുന്നത്.

ആരാണ് കുറ്റക്കാര്‍ ?

റാഗിംഗ് നടത്തുന്നവര്‍, റാഗിംഗില്‍ പങ്കെടുക്കുന്നവര്‍, റാഗിംഗിന് പ്രേരണ നല്‍കുന്നവര്‍, റാഗിംഗ് ആസൂത്രണം ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കുറ്റക്കാരാകും.

എന്താണ് റാഗിംഗിനുള്ള ശിക്ഷ ?

1998ലെ കേരള റാഗിംഗ് വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം. റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കും. കോഴ്‌സ് പൂര്‍ത്തിയാക്കാനാവില്ല. പരീക്ഷ എഴുതുന്നതിനും വിലക്കുണ്ട്. ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ തടയും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടുന്നതിനും കുറ്റക്കാര്‍ക്ക് വിലക്കുണ്ട്. സംസ്ഥാന നിയമ നിര്‍മ്മാണ സഭകള്‍ പാസാക്കിയ റാഗിംഗ് വിരുദ്ധ നിയമം മാത്രമല്ല റാഗിംഗ് കേസിലെ പ്രതികളെ കാത്തിരിക്കുന്നത്. ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ചും നിയമ നടപടി നേരിടേണ്ടി വരും. ബിഎന്‍എസ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് പൊലീസ് ജാമ്യമില്ലാ കുറ്റം വരെ ചുമത്തും.

ആരാണ് പരാതിക്കാര്‍ ?

റാഗിംഗിന് ഇരയാകുന്ന വിദ്യാര്‍ത്ഥിക്ക് പരാതി നല്‍കാം. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ പരാതി നല്‍കാം. റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥിക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകര്‍ക്കും പരാതി എഴുതി നല്‍കാനാവും.

ആര്‍ക്കാണ് പരാതി നല്‍കേണ്ടത് ?

റാഗിംഗിന് ഇരയായ കാര്യം വസ്തുതകള്‍ മുന്‍നിര്‍ത്തി പരാതിയായി നല്‍കാം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിക്കാണ് പരാതി നല്‍കേണ്ടത്.

പരാതിയില്‍ എന്ത് നടപടിയെടുക്കണം ?

പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം റാഗിംഗ് സംഭവം സ്ഥാപന മേധാവി അന്വേഷിക്കണം. കുറ്റകൃത്യം സംഭവിച്ചുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ കുറ്റക്കാരായവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണം. അതുകൊണ്ട് നടപടിക്രമങ്ങള്‍ തീരുന്നില്ല. റാഗിംഗ് പരാതി ലഭിച്ച് 24 മണിക്കൂറിനകം തുടര്‍ നടപടികള്‍ക്കായി സ്ഥാപന മേധാവി, വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന മേഖലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറണം. പരാതിക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയാല്‍ അക്കാര്യം പരാതിക്കാരെ രേഖാമൂലം അറിയിക്കണം.

നടപടിയെടുക്കാന്‍ വീഴ്ച വരുത്തിയാല്‍ ?

റാഗിംഗ് പരാതിയില്‍ യഥാസമയം നടപടിയെടുക്കാന്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപന മേധാവിക്കെതിരെയും നിയമനടപടിക്ക് റാഗിംഗ് വിരുദ്ധ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വീഴ്ച വരുത്തുന്ന മേധാവിക്കെതിരെ റാഗിംഗിനുള്ള പ്രേരണക്കുറ്റം ചുമത്തും. റാഗിംഗ് വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ വരെ പിഴയും സ്ഥാപന മേധാവിക്കും ലഭിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യേണ്ടതെന്ത് ?

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ സമിതികളുണ്ടാകണം. അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് റാഗിംഗ് വിരുദ്ധ സമിതി. സൗഹാര്‍ദ്ദാന്തരീക്ഷത്തിലുള്ള കാമ്പസിലേക്കാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതെന്ന് റാഗിംഗ് വിരുദ്ധ സമിതികള്‍ ഉറപ്പാക്കണം.

Content Highlights: Explaining formalities in raging cases

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us