
കയ്യടികള്‍ക്കൊപ്പം ചാംബറില്‍ 'ഡിജെ, ഡിജെ' വിളികളുയര്‍ന്നു. ഡിജെ ഡാനിയേല്‍ എന്ന പതിമൂന്നുകാരനെ അവന്റെ പിതാവ് മുകളിലേക്ക് എടുത്തുയര്‍ത്തി. അര്‍ബുദത്തോട് പടവെട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഡിജെയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ നിമിഷമായിരുന്നു അത്. രാജ്യത്തിന്റെ മുഴുവന്‍ കയ്യടികളേറ്റുവാങ്ങിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പതിമൂന്നുകാരന്‍ ഡിജെ ഡാനിയേല്‍ എന്ന കൗമാരക്കാരനെ രാജ്യത്തിന്റെ സീക്രട്ട് ഏജന്റായി നിയോഗിച്ചത്.
D.J. Daniel joined President Trump at the Joint Session—a 13-year-old battling cancer who has been sworn in as an honorary officer over 900 times.
— The White House (@WhiteHouse) March 5, 2025
President Trump made his dream come true, swearing him in as a Secret Service agent. pic.twitter.com/HkVf8LlPTD
2018-ലാണ് ഡിജെ ഡാനിയേലിന് ബ്രെയിന്‍ കാന്‍സറാണെന്ന് സ്ഥിരീകരിക്കുന്നത്. അഞ്ചുമാസം കൂടിയേ ഡിജെ ജീവിക്കൂ എന്ന് ഡോക്ടര്‍മാര്‍ വിധിയുമെഴുതി. പഠിച്ച് രാജ്യത്തെ സേവിക്കുന്ന പൊലീസാകണമെന്ന സ്വപ്‌നം മനസ്സിലൊളിപ്പിച്ച ഡിജെയ്ക്കും കുടുംബത്തിനും താങ്ങാനാകുന്നതായിരുന്നില്ല ആ വാര്‍ത്ത. അഞ്ചുമാസം എന്ന് എണ്ണപ്പെട്ട ജീവിതത്തിലെ നാളുകളെ മരണത്തില്‍ ജീവിതത്തിലേക്കുള്ള പോരാട്ടത്തിന്റെ നാളുകളാക്കിയാണ് ഡിജെ അര്‍ബുദത്തെ തോല്‍പ്പിച്ചത്. ഒടുവില്‍ അവനാഗ്രഹിച്ച പോലെ രാജ്യത്തിന്റെ സീക്രട്ട് സര്‍വീസ് ഏജന്റായി പ്രസിഡന്റുതന്നെ നിയോഗിക്കുകയും ചെയ്തു.
'നമ്മുടെ ഗാലറിയില്‍ നമ്മുടെ പൊലീസിനെ വളരെയധികം സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. അവന്റെ പേര് ഡിജെ ഡാനിയേല്‍ എന്നാണ്. 13 വയസ്സുള്ള ഡാനിയേലിന് പൊലീസുകാരാനാകാനായിരുന്നു താല്പര്യം.' എന്നുപറഞ്ഞുകൊണ്ടാണ് ഡാനിയേലിനെ ട്രംപ് എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നത്. 'പൊലീസ് വകുപ്പ് നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് രാത്രി, നിനക്ക് വലിയൊരു അംഗീകാരം ഞങ്ങള്‍ നല്‍കുകയാണ്. നമ്മുടെ പുതിയ സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ സീന്‍ കുറാനോട് താങ്കളെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ സീക്രട്ട് സര്‍വീസ് ഏജന്റാക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. നന്ദി ഡിജെ.' ട്രംപ് പറഞ്ഞു. ട്രംപ് പറഞ്ഞുതീര്‍ന്നതും ചാംബറില്‍ കയ്യടികള്‍ ഉയര്‍ന്നു. ഡിജെയുടെ പിതാവ് അവനെ എടുത്തുയര്‍ത്തി. പിന്നാലെ ചാംബറിലുള്ളവര്‍ ഡിജെ ഡിജെ എന്നുറക്കെ വിളിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ എത്തി അവന് അത് ബാഡ്ജ് കൈമാറി. ഡിജെ ഡയറക്ടറെ നന്ദിയോടെ ആലിംഗനം ചെയ്തു.
വൈറ്റ്ഹൗസ് പുറത്തുവിട്ട ഡാനിയേലിന്റെ ഒരു വീഡിയോയില്‍ തലച്ചോറില്‍ 13 ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ളതായി ഡിജെ വ്യക്തമാക്കുന്നുണ്ട്. അത് തന്റെ വ്യക്തിത്വത്തെ മാറ്റിമറിച്ചെന്നും ഡിജെ പറയുന്നു. തന്റെ പിതാവില്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു നേട്ടം തനിക്ക് നേടാനാകുമായിരുന്നില്ലെന്നും അച്ഛന്‍ തന്നില്‍ അഭിമാനിക്കുന്നുവെങ്കില്‍ താന്‍ അച്ഛനെ കുറിച്ചോര്‍ത്താണ് അഭിമാനിക്കുന്നതെന്നും ആ പതിമൂന്നുകാരന്‍ പറയുന്നുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ ഡിജെ അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഇവിടെ എത്തുമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഡിജെയെക്കുറിച്ചുള്ള പ്രസംഗത്തില്‍ കുട്ടികളില്‍ കാന്‍സര്‍ ഉയരുന്നതിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചുമെല്ലാം ട്രംപ് സംസാരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം യുഎസ് കോണ്‍ഗ്രസില്‍ ട്രംപ് നടത്തിയ ആദ്യ പ്രസംഗമായിരുന്നു അത്. അമേരിക്ക തിരിച്ചുവന്നതായും പ്രസംഗത്തില്‍ അദ്ദേഹം പ്രസ്താവിച്ചു.
Content Highlights: Trump Swears In 13-Year-Old Cancer Survivor As Secret Service Agent