'മാപ്പ്, മാപ്പ്, മാപ്പ്..!' ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ ഫോണിൽ വിളിച്ചത് ക്ഷമ ചോദിക്കാനായിരുന്നു. ഹരിയാനയിൽ അഞ്ച് സീറ്റ് ആവശ്യപ്പെട്ട സിപിഐക്ക് ആദ്യം ഒരു സീറ്റ് വാഗ്ദാനം ചെയ്തിരുന്നു കോൺഗ്രസ്സ്. അതും നൽകിയില്ല. തോൽവിക്ക് പിന്നാലെ രാഹുൽ നേരിട്ട് മാപ്പ് ചോദിച്ചപ്പോൾ രോഷവും അതൃപ്തിയും സിപിഐ അടക്കി പിടിച്ചു. എന്നിട്ടെന്തുണ്ടായി?. ജാർഖണ്ഡിൽ സിപിഐ, സിപിഐഎം പാർട്ടികളോട് കോൺഗ്രസും മുഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയും ചർച്ച പോലും നടത്തിയില്ല. രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഹരിയാനയിലെ തർക്കത്തിന് ശേഷം ദില്ലിയിലും തനിച്ച് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിൽ ആവേശമായ ഇന്‍ഡ്യ മുന്നണിയുടെ കാറ്റ് തീർന്നോ? കമ്മ്യൂണിസ്റ്റ് പാർട്ടികൾ കോൺഗ്രസിൽ നിന്ന് അകലാൻ തീരുമാനിച്ചുറപ്പിച്ചോ? മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകൾക്കിടെ ഒരു അന്വേഷണം.
ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവർത്തിക്കുമെന്ന കോൺഗ്രസ്സ് പ്രതീക്ഷ തകർക്കുന്നതായിരുന്നു ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം. ഹരിയാനയിലെ തോൽവി ഇന്ത്യ മുന്നണിയിലും വിള്ളൽ വീഴ്ത്തി. നാമനിർദേശ പത്രിക സമർപ്പണ ദിവസം വരെ നീണ്ട കോൺഗ്രസ്സ് - ആം ആദ്മി പാർട്ടി സീറ്റ് വിഭജന ചർച്ചകൾ പൂർണമായി പരാജയപ്പെട്ടു. ആം ആദ്മി പാർട്ടി 89 സീറ്റുകളിൽ തനിച്ച് മത്സരിച്ചു. ദില്ലിയുടെ അതിർത്തി മണ്ഡലങ്ങളിൽ ആംആദ്മി പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നു. കോൺഗ്രസ്സ് ഇത് മുഖവിലയ്ക്കെടുത്തില്ല. അമിത ആത്മവിശ്വാസം പാടില്ലെന്നായിരുന്നു കോൺഗ്രസ്സിന്റെ പരാജയത്തിൽ അരവിന്ദ് കെജ്‍രിവാളിൻറെ വിമർശനം. ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം ഉണ്ടാകില്ല എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സ്വന്തം സ്ഥാനാർഥികൾ ഇല്ലെങ്കിലും മഹാരാഷ്ട്രയിലും, ജാർഖണ്ഡിലും ഇൻഡ്യ മുന്നണിക്കായി പ്രചാരണത്തിനിറങ്ങാനുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ആലോചന യഥാർഥ്യമാകാത്തതും ശ്രദ്ധേയം.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിഭവം മറ്റൊരു വശത്ത്. ഹരിയാന സീറ്റ് വിഭജന ചർച്ചകൾക്കിടെ രാഹുൽ ഗാന്ധിയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും ഫോണിൽ സംസാരിച്ചു. ഇൻഡ്യ സഖ്യമായി ഒരുമിച്ച് മത്സരിക്കാമെന്നും സീറ്റ് നൽകാമെന്നും ആയിരുന്നു രാഹുലിന്റെ ഉറപ്പ്. വൈകാതെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻറെ ഫോൺ കാൾ- 'സിപിഐക്കും സിപിഎമ്മിനും ഓരോ സീറ്റ് വീതം നൽകാനാണ് കോൺഗ്രസ്സ് തീരുമാനം. ഏത് സീറ്റാണ് വേണ്ടത്?'. സിപിഐ അഞ്ച് മണ്ഡലങ്ങളുടെ ലിസ്റ്റ് കൈമാറി. ലിസ്റ്റിലുള്ള അഞ്ച് സീറ്റും കോൺഗ്രസിന് വേണമെന്ന് മറുപടി. വേറെ ഏത് സീറ്റ് ആണ് കോൺഗ്രസ്സ് നൽകുക എന്ന് ഡി. രാജ കെ.സി വേണുഗോപാലിനോട് ചോദിച്ചു. ഈ ചോദ്യത്തിന് പിന്നീട് മറുപടിയൊന്നും ലഭിച്ചില്ല. പരാജയത്തിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ഫോൺ കോളിന്റെ ആദ്യ മൂന്ന് വാചകം 'അപ്പോളജി, അപ്പോളജി, അപ്പോളജി.!' എന്നായിരുന്നു.
ഹരിയാനയിൽ സിപിഐ എങ്കിൽ ജാർഖണ്ഡിൽ സിപിഐയും സിപിഐഎമ്മും അതൃപ്തിയിലാണ്. 'ജെഎംഎമ്മും കോൺഗ്രസും സിപിഐഎമ്മുമായി ഒരു ചർച്ച പോലും നടത്തിയില്ല. ഇരു പാർട്ടികൾക്കും വർഗീയതയെ പ്രതിരോധിക്കുന്നതിൽ താല്പര്യം ഇല്ല' റാഞ്ചിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രകാശ് വിപ്ലവ് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗമാണ് ഇത്. ജാർഖണ്ഡിൽ സിപിഐ 14 സീറ്റുകളിലും സിപിഐഎം 9 സീറ്റുകളിലും തനിച്ച് മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തിലുള്ള ഏക കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഐ എംഎൽ (ലിബറേഷൻ)ആണ്. ഇവർക്ക് നൽകിയത് 4 സീറ്റ്. നാലിൽ ഒരിടത്ത് സിപിഐ എംഎൽ - ജെഎംഎം സൗഹൃദ മത്സരമാണ്.
ജമ്മു കശ്മീരിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി ആയി മുഹമ്മദ് യൂസഫ് തരിഗാമി ജയിച്ചു കയറിയതും, മഹാരാഷ്ട്രയിൽ സിപിഎമ്മിനും സിപിഐയും ഇൻഡ്യ സഖ്യമായി മത്സരിക്കുന്നതും സമ്പൂർണ സഹകരണമായി വ്യാഖ്യനിക്കാനാകില്ല. 'ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തടയാൻ സാധിച്ചെങ്കിലും സിപിഐഎമ്മിന് സ്വതന്ത്ര വളർച്ച നേടാനായില്ല'- ബിജെപിയെ എതിർക്കുന്നതിന് ഒപ്പം കോൺഗ്രസിൽ നിന്ന് അകലം പാലിക്കണമെന്നാണ് കഴിഞ്ഞ സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലെ ആഹ്വാനം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ലൈൻ വ്യക്തമാണ്. ഇത് ഇൻഡ്യ മുന്നണിയെ എങ്ങനെ ബാധിക്കുമെന്നാണ് അറിയേണ്ടത്. മഹാരാഷ്ട്രയിലെ സീറ്റ് തർക്കത്തിൽപെട്ട സമാജ്'വാദി പാർട്ടി, പിണങ്ങി നിൽക്കുന്ന എഎപി, സിപിഐഎം, സിപിഐ.. പല വഴിക്കാണ് പാർട്ടികൾ. ഇൻഡ്യ സഖ്യത്തിന്റെ ഭാവി എന്താകും? ഇത് സംബന്ധിച്ച ചോദ്യത്തോട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ മറുപടി ഇങ്ങനെ- 'പ്ലീസ്, വെയിറ്റ് ആൻഡ് സീ.!'