'ആ പുസ്തകം വെറുതെയൊന്നല്ല'; വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഭരണഘടനാ ദിനം @ 75

ജനാധിപത്യവും മതേതരത്വവും സാഹോദര്യവുമടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ പരസ്യമായി ഹനിക്കപ്പെടുന്നതിൻ്റെ പേരിൽ ഭരണകൂടങ്ങൾ തന്നെ വിചാരണ ചെയ്യപ്പെടുന്ന കാലത്ത്, ഇന്ത്യൻ ഭരണഘടനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടത് നമ്മുടെ കടമയായി മാറുകയാണ്.

dot image

'നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കാക്കി മാറ്റുന്നു….'‌‌

ഇങ്ങനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. നവംബർ 26 ഭരണഘടനാ ദിനമാണ്. 1949ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമയിലാണ് രാജ്യം, ഈ ദിവസം, ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ജനാധിപത്യവും മതേതരത്വവും സാഹോദര്യവുമടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ പരസ്യമായി ഹനിക്കപ്പെടുന്നതിൻ്റെ പേരിൽ ഭരണകൂടങ്ങൾ തന്നെ വിചാരണ ചെയ്യപ്പെടുന്ന കാലത്ത്, ഇന്ത്യൻ ഭരണഘടനയെ കൂടുതൽ ചേർത്തുപിടിക്കേണ്ടത് നമ്മുടെ കടമയായി മാറുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മുൻകാല വിശേഷണങ്ങളിൽ നിന്ന് മാറി മനുഷ്യാവകാശങ്ങൾക്ക് വില കല്പിക്കാത്ത രാജ്യമെന്ന നിലയിലേക്ക് ലോകഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ വർഷം രാഷ്ട്രീയരം​ഗത്ത് തർക്കവിതർക്കങ്ങളുണ്ടായതിൽ ഏറ്റവും വലിയ ഘടകങ്ങളിലൊന്ന് ഭരണഘടന ആയിരുന്നു. പ്രതിപക്ഷനേതാക്കൾ പല അവസരത്തിലും ഭരണഘടന ഉയർത്തിപ്പിടിച്ച് മോദിസർക്കാരിനെതിരെ വിമർശനമുന്നയിക്കുന്നത് നമ്മൾ‌ കണ്ടു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷാം​ഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ഭരണഘടന നിറസാന്നിധ്യമായി. അന്ന് തുടങ്ങിയ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല. ഓരോ തിരഞ്ഞെടുപ്പ് സമയത്തും ഭരണഘടന വീണ്ടും വീണ്ടും ചർച്ചയായി. ഏറ്റവുമൊടുവിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഭരണഘടനയെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ​ഗാന്ധിയും ഏറ്റുമുട്ടുന്നത് നമ്മൾ കണ്ടു.

ഭരണഘടന ഇന്ത്യയുടെ ആത്മാവിനെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി ആവർത്തിക്കുമ്പോൾ ആ ചുവന്ന പുസ്തകത്തിൽ ഒന്നുമില്ലെന്നും രാഹുൽ അത് വെറുതെ കൊണ്ടുനടക്കുകയാണെന്നും മോദി പറഞ്ഞത് വിവാദങ്ങൾക്കും വഴിവച്ചു. 'ഭരണഘടന ശൂന്യമല്ല. മറിച്ച് ഇത് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ആശയങ്ങളും ചിന്തകളും ഉള്‍ക്കൊള്ളുന്നതാണ്. ഈ പുസ്‌തകത്തില്‍ എന്താണെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ധാരണയുമില്ല. അത് കൊണ്ടാണ് അത് ശൂന്യമാണെന്ന് പറയുന്നത്. പുസ്‌തകത്തിന്‍റെ നിറമല്ല, മറിച്ച് അതില്‍ എന്താണുള്ളത് എന്നതാണ് ഞങ്ങള്‍ക്ക് പ്രധാനം. രാഹുൽ അന്ന് പറഞ്ഞു. ഇന്ത്യയിൽ ഭരണഘടനയെച്ചൊല്ലി വാക്തർക്കങ്ങളുണ്ടാകുന്ന അതേസമയത്ത് ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ ആശങ്കകളുയരുന്നുമുണ്ട്. വർഷങ്ങളായി അത്തരം ചർച്ചകൾ അന്താരാഷ്ട്രതലത്തിൽ സജീവമാണ്.

2021 മാർച്ചിൽ സ്വീഡൻ ആസ്ഥാനമായുള്ള വെറൈറ്റീസ് ഓഫ് ഡമോക്രസി (V Dem) ഇന്സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ജനാധിപത്യം ഇലക്ടറൽ സ്വേച്ഛാധിപത്യത്തിലേക്ക് മാറി എന്നാണ് വിലയിരുത്തിയത്. 2020 ൽ ദ എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പ്രസിദ്ധീകരിച്ച ജനാധിപത്യ സൂചികയിൽ ഇന്ത്യയിലെ സാഹചര്യങ്ങളെ വിശേഷിപ്പിച്ചത് വികലമായ ജനാധിപത്യമെന്നാണ്.

ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ , റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്, ഫ്രണ്ട് ലൈൻ ഡിഫൻഡേഴ്സ് , ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്, ഇന്റർനാഷണൽ സീരിസ്, സർവ്വീസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ഏഷ്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻ്റ് ഡെവലപ്മെന്റ് തുടങ്ങി പത്തോളം അന്താരാഷ്ട്ര സംഘടനകൾ ചേർന്ന് 2023 സെപ്തംബർ 29 ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ നിഷേധങ്ങൾ കൃത്യമായി ക്രോഡീകരിക്കുകയും അപകടകരമായ നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

2022 നവംബർ ആദ്യവാരത്തിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ ആനുകാലിക അവലോകന യോഗത്തിൽ ഇന്ത്യയുടെ റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ട വേളയിലും ഇന്ത്യ ലോകത്തിന് മുന്നിൽ തല കുനിക്കേണ്ടി വരികയായിരുന്നു. കൗൺസിലിൽ ഓരോ അംഗരാജ്യങ്ങളിലെയും മനുഷ്യാവകാശ സാഹചര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കുന്നതും അതിന്മേൽ കൂട്ടായ അവലോകനങ്ങൾ നടക്കുന്നതും പതിവാണ്. നിലവിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി 47 രാജ്യങ്ങളാണ് യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിലിലുള്ളത്.

ഇത്തവണത്തെ അവലോകന യോഗത്തിൽ ഇന്ത്യയിൽ തുടർച്ചയായി വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങൾ, ദളിത് പീഡനങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ഹിജാബ് നിരോധനം, ഇന്റർനെറ്റ് നിരോധനം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളെ സംബന്ധിച്ച് മറ്റ് അംഗരാജ്യങ്ങൾ‌ ഗൗരവമേറിയ ആശങ്കകളുന്നയിക്കുകയുണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത, സോളിസിറ്റർ ജനറൽ തുഷാർ മേത്ത രാജ്യത്തിന്റെ അവകാശവാദങ്ങൾ വിശദീകരിച്ചെങ്കിലും അതിനെ നിരസിച്ചുകൊണ്ടായിരുന്നു മറ്റ് അംഗരാജ്യങ്ങളുടെ പ്രതികരണങ്ങൾ.

2022 ഒക്ടോബറിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഐക്യരാഷ്ട്ര സഭാ മേധാവി, അന്റോണിയോ ഗുട്ടെറസ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാന കാല സാഹചര്യങ്ങളെക്കുറിച്ച് അങ്ങേയറ്റത്തെ ഖേദത്തോടെയാണ് പ്രതികരിച്ചത്.
'മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും വിമർശകരെയും മാധ്യമപ്രവർത്തകരെയും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ സമ്പത്ത്. അത് പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുതുക്കുകയും വേണം. മാധ്യമ പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കണം' യുഎൻ അന്ന് മേധാവി ഇന്ത്യയെ ഓർമ്മിപ്പിച്ചിരുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ വാക്കുകൾക്ക് വിശ്വാസ്യത നേടാനാകുന്നത് സ്വദേശത്തെ മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണെന്നും ഗുട്ടെറസ് അന്ന് പറഞ്ഞിരുന്നു.

പൗരന്മാർക്ക് നീതിയും, തുല്യതയും, സ്വാതന്ത്ര്യവും ഉറപ്പുവരുത്താൻ ആഹ്വാനം ചെയ്യുന്ന ഒന്നാണ് നമ്മുടെ ഭരണഘടന. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ഇത് എത്രമാത്രം പ്രാവർത്തികമാകുന്നുണ്ട് എന്ന ചോദ്യമാണ് ഭരണഘടനാ ദിനത്തെ കൂടുതൽ പ്രസക്തമാക്കുന്നത്. സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കാണോ ഇന്ത്യ എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നു.

മതനിരപേക്ഷ രാജ്യം എന്ന പേര് നിലനില്ക്കുമ്പോഴും മതപ്രീണനവും വർ​ഗീയ ചേരിതിരിവുകളും രാജ്യത്ത് കൂടുതൽ പ്രകടമാവുകയാണ്. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും വരെ അടിച്ചമർത്തലുകളും നിരോധനങ്ങളും വരുന്നു. മൗലികാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമെന്ന് പഴി കേൾക്കുന്ന എത്രയോ നടപടികൾക്കാണ് ഇന്ത്യ ദിവസവും സാക്ഷിയാകുന്നത്.

രാജ്യത്തെ അതിദരിദ്രരിൽ ഏറെയും ഉള്ളത് ദളിതരോ ആദിവാസികളോ ആയി ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പിന്നാക്ക വിഭാഗത്തിലാണ്. അവരുടെ ജനസംഖ്യ എത്രയെന്ന് പോലും തിട്ടപ്പെടുത്താനാവുന്നില്ല. അർഹതപ്പെട്ടതിലും എത്രയോ കുറവാണ് ഇവർക്ക് ലഭിക്കുന്ന ജീവിത സാഹചര്യങ്ങൾ. സ്ത്രീകളും കുട്ടികളും ദലിതരും ആദിവാസികളും മതന്യൂനപക്ഷങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും കൃത്യമായ പ്രാധാന്യം നല്കിക്കൊണ്ടാണ് അംബേദ്കർ ഭരണഘടന തയ്യാറാക്കിയത്. എന്നാൽ, സ്വാതന്ത്ര്യാനന്തരം ഏഴര പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് കുറവ് വന്നിട്ടില്ല. ജാതി, മത, വർ​ഗ, വർണ, ലിംഗ വിവേചനമില്ലാതെ രാജ്യത്തെ പൗരന്മാർക്ക് തുല്യതയും സമത്വവുമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ ഇപ്പോഴും ഇത് പൂർണമായി സമൂഹത്തിൽ നടപ്പാകുന്നില്ല.

ജനാധിപത്യ രാഷ്ട്രം എന്ന വിശേഷണം പേരിനുപോലും അവശേഷിക്കുന്നില്ലെന്ന് വിമർശിക്കുന്നവരും കുറവല്ല. ഫാസിസ്റ്റ് ആശയങ്ങളുടെ കടന്നാക്രമണം രാജ്യത്തെ തകർക്കുകയാണ് എന്ന വിമർശനങ്ങൾക്കു നടുവിലൂടെയാണ് 2024ലെ ഭരണഘടനാ ദിനം കടന്നുപോകുന്നത്. ഭരണഘടന മുമ്പെങ്ങുമില്ലാത്ത വിധം വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഓർക്കുക, അത് കേവലമൊരു പുസ്തകമല്ല!

Content Highlights: constitution day of india in the time of challenges

dot image
To advertise here,contact us
dot image