കല കലയ്ക്കു വേണ്ടിയാണോ അതോ കല ജീവിതത്തിന് വേണ്ടിയാണോ? എത്രയോ കാലങ്ങളായി നിലനിൽക്കുന്ന ചോദ്യം. കലയെ ആവിഷ്കരിക്കുന്നവരാണ് കലാകാരന്മാർ കലാകാരികൾ. കലയോടുള്ള ഇഷ്ടം കൊണ്ട് ആ വഴി തിരഞ്ഞെടുത്ത് തന്നാലാവും വിധം വരും തലമുറയിലേക്ക് കാര്യങ്ങൾ പകർന്നുനൽകുന്ന ഗുരുക്കന്മാർ കൂടിയാണ് അവർ. ഇനി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് വരാം, കലകളുടെ ഉത്സവമാണ് അത്. പതിനായിരത്തിലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ഒത്തുകൂടുന്ന കലാമാമാങ്കം. അതേച്ചൊല്ലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പലവിധത്തിലുള്ള വിവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞുപോയ ആഴ്ച്ചകളിൽ സബ്ജില്ലാ, റവന്യൂ ജില്ലാ കലോത്സവങ്ങളിൽ ഉയർന്നത് വിധികർത്താക്കളെയും അപ്പീൽ ഫീസിനെയും ചൊല്ലിയുള്ള ആരോപണങ്ങളും വിവാദങ്ങളുമായിരുന്നു എങ്കിൽ ഇന്ന് ചർച്ചയായത് സാക്ഷാൽ വിദ്യാഭ്യാസ മന്ത്രിയുടെ ഒരു പരാമർശമാണ്.
ആ നടി സർക്കാരിനെ സമീപിക്കുകയായിരുന്നില്ല, സർക്കാർ അവരെ അങ്ങോട്ട് സമീപിച്ചതാണ്. ഒരു ജോലി ഏറ്റെടുക്കാമോ എന്ന് തന്നെയാണ് ചോദിച്ചിരിക്കുന്നത്. തന്റെ സമയവും കഴിവും വിനിയോഗിച്ച്, സർക്കാർ നിശ്ചയിക്കുന്ന ജോലി ചെയ്തുതീർക്കാൻ അവർ പ്രതിഫലം ചോദിച്ചതിനെ പൂർണമായും കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ?
ആ പരാമർശം നോക്കൂ… '16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു. സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്.'
കലോത്സവങ്ങളുടെ ഭാഗമായി എത്തുന്ന നൃത്താധ്യാപകർ അവർ സിനിമാതാരങ്ങളോ അല്ലാത്തവരോ ആയ്ക്കോട്ടെ പ്രതിഫലം വാങ്ങാതെ അതിനെ സേവനമായി കണ്ട് പെരുമാറണമെന്ന് എങ്ങനെയാണ് ഒരു മന്ത്രിക്ക് പറയാൻ കഴിയുക. അവതരണ ഗാനത്തിന്റെ കൊറിയോഗ്രഫിയും പരിശീലനവും നിർവ്വഹിക്കാമോ എന്ന് ചോദിച്ച് ആ നടി സർക്കാരിനെ സമീപിക്കുകയായിരുന്നില്ല, സർക്കാർ അവരെ അങ്ങോട്ട് സമീപിച്ചതാണ്. ഒരു ജോലി ഏറ്റെടുക്കാമോ എന്ന് തന്നെയാണ് ചോദിച്ചിരിക്കുന്നത്. തന്റെ സമയവും കഴിവും വിനിയോഗിച്ച്, സർക്കാർ നിശ്ചയിക്കുന്ന ജോലി ചെയ്തുതീർക്കാൻ അവർ പ്രതിഫലം ചോദിച്ചതിനെ പൂർണമായും കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ? ഇനി മറ്റൊന്ന്, ആ നടി ആവശ്യപ്പെട്ട തുക ഭീമമായിരുന്നെന്നും അതിനാൽ മറ്റൊരാളെ തൽസ്ഥാനത്തേക്ക് തേടാൻ തീരുമാനിച്ചു എന്നും മന്ത്രി തന്നെ പറയുന്നു. ശരി, അവിടംകൊണ്ട് തീരേണ്ട ഒരു വിഷയത്തെ ആ അവസരം ആ നടിക്ക് നഷ്ടമായി, അത്ര തന്നെ എന്ന് ചിന്തിക്കാതെ പൊതുപരിപാടിയിൽ പ്രസ്താവന നടത്തി ചർച്ചയാക്കുന്നതിനെ പൊതുസമൂഹം ഏത് രീതിയിലാണ് വിലയിരുത്തേണ്ടത്?
നിഷ്പക്ഷമായി ചിന്തിച്ചുനോക്കൂ, ആ നടി ചെയ്തത് അവരുടെ ജോലിക്കുള്ള പ്രതിഫലം ചോദിക്കുക എന്നതു മാത്രമാണ്. ഒരു നൃത്തത്തിന് 5 ലക്ഷമോ എന്ന് അതിശയപ്പെടുന്നവർ ഓർത്തുനോക്കൂ, എന്തുകൊണ്ടാണ് സർക്കാർ ആ നടിയെ തിരഞ്ഞെടുത്തത്. അത് തീർച്ചയായും അവർക്ക് കലാകാരി എന്ന നിലയിൽ ഉയർന്ന മൂല്യം ഉള്ളതുകൊണ്ടുതന്നെയാണ്. അവിടെ അവരുടെ കഴിവും പ്രവർത്തിപരിചയവും സ്റ്റാർ വാല്യുവും ഘടകമായിട്ടുണ്ട്. അതൊരു ദിവസം കൊണ്ടുണ്ടായതോ ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിച്ചതുകൊണ്ട് മാത്രം ഉണ്ടായതോ അല്ല. അവരുടെ കലാസപര്യക്ക് കിട്ടുന്ന അംഗീകാരം കൂടിയാണ്. അതിനെ വിലമതിക്കാതെ, കുറച്ചു സിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണെന്നൊക്കെ ഒരു മന്ത്രി പറയുന്നത് വളരെ വിലകുറഞ്ഞ നടപടിയായിപ്പോയി. സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്, അത് മറക്കരുത് എന്നാണ് മന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. അല്ല മന്ത്രിസാറേ, കലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച് സിനിമയിലെത്തുന്നവരും അല്ലാത്തവരുമുണ്ട്. അവരിൽ ഒരു സിനിമയ്ക്കു ശേഷം പിന്നീടാ വഴിക്ക് കാണാത്തവരും ഉണ്ടാകും. കലോത്സവത്തിൽ വിജയിച്ചതുകൊണ്ട് മാത്രമാണ് സിനിമയിലെത്തിയത് എന്നൊന്നും പറയാനാവില്ലല്ലോ. അങ്ങനെ ആവട്ടെ എന്ന് സമ്മതിച്ചാൽ പോലും അക്കാരണം കൊണ്ട് പിന്നീടങ്ങോട്ട് കലോത്സവങ്ങളിൽ സൗജന്യസേവനം ചെയ്യുന്നതാണ് ശരിയെന്ന് പറയുന്നതെങ്ങനെ!!
ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി പ്രതിഫലമൊന്നും വാങ്ങിയില്ല എന്നും മറ്റൊരു നടി പ്രതിഫലം ചോദിച്ചു എന്നുമായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ. അന്നും പേര് പറഞ്ഞില്ല കേട്ടോ. അതേ വേദിയിലുണ്ടായിരുന്ന നടി നവ്യ നായർ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ഉരുളയ്ക്കുപ്പേരി പോലെ അപ്പോൾത്തന്നെ മറുപടിയും കൊടുത്തിരുന്നു.
മന്ത്രി സാറിന്റെ അടുത്ത പ്രഖ്യാപനം ഓണപ്പരിപാടിക്ക് ഫഹദ് ഫാസിൽ ഹെലികോപ്ടറിലൊക്കെ വന്ന് പങ്കെടുത്തിട്ടും പ്രതിഫലം വാങ്ങിയില്ല എന്നതാണ്. ഒന്നു പുറകോട്ട് പോയാൽ മാസങ്ങൾക്ക് മുമ്പ് സമാന പരാമർശം ഇതേ മന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നത് കാണാനാകും. അത് ഒരു കലോത്സവവേദിയിലായിരുന്നു, കേരള സർവ്വകലാശാല കലോത്സവത്തിൽ. ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി പ്രതിഫലമൊന്നും വാങ്ങിയില്ല എന്നും മറ്റൊരു നടി പ്രതിഫലം ചോദിച്ചു എന്നുമായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ. അന്നും പേര് പറഞ്ഞില്ല കേട്ടോ. അതേ വേദിയിലുണ്ടായിരുന്ന നടി നവ്യ നായർ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ഉരുളയ്ക്കുപ്പേരി പോലെ അപ്പോൾത്തന്നെ മറുപടിയും കൊടുത്തിരുന്നു. മമ്മൂട്ടിയെയും ഫഹദ് ഫാസിലിനെയും അളക്കുന്ന തട്ടിൽ വച്ച് മലയാളത്തിലെ നടിമാരെയും അളക്കുന്ന മന്ത്രി ഹേമാക്കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം മറന്നുപോയെന്നു തോന്നുന്നു. മലാളസിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ സ്ത്രീ- പുരുഷ വിവേചനമുണ്ടെന്നുള്ള പോയിന്റ് മന്ത്രി മറന്നു! ഫഹദിന് ഹെലികോപ്ടറിലൊക്കെ വരാൻ പറ്റുമായിരിക്കുമെന്നേ. അതുപോലെയാണോ ചില സിനിമകളിലൊക്കെ അഭിനയിച്ച് ഇപ്പോൾ നൃത്തവേദിയിലും നൃത്തപരിശീലനത്തിലും സജീവമായിരിക്കുന്ന ആ നടി. അവർക്കിത് ഉപജീവനമാർഗം കൂടിയല്ലേ.
ഇനി നൃത്തപരിശീലനത്തിന് അവർ വാങ്ങിയ തുക കൂടിപ്പോയെന്ന് അഭിപ്രായങ്ങളുയരുന്ന കാര്യം, അത് സ്വാഭാവികമാണ്. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാടല്ലേ. ഒരേ പ്രൊഫഷനിൽ ജോലി ചെയ്യുന്നവർക്ക് പരസ്പരം അതൊക്കെ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെയല്ലല്ലോ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി. നടിയുടെ പേരു പോലും പറയാതെ എത്രയോ പേരെ സംശയത്തിന്റെ നിഴയിൽ നിർത്തുന്ന പണിയാണ് മന്ത്രിയദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ കാണിച്ച ശുഷ്കാന്തി കലോത്സവ അപ്പീൽ ഫീസ് 5000 ആക്കിയതിലുള്ള രക്ഷിതാക്കളുടെ പരാതി കേൾക്കാനോ വിധിനിർണയത്തിലും നടത്തിപ്പിലും കണ്ട പിഴവുകൾ ചൂണ്ടിക്കാണിച്ച് കലോത്സവവേദികളിൽ പ്രതിഷേധിക്കേണ്ടി വന്ന കുട്ടികളുടെ കണ്ണീർ കാണാനോ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ. അപ്പോഴൊക്കെ മൗനം പാലിച്ച മന്ത്രി ഇന്നലെ ഒരു പൊതുവേദിയിൽ ഒരു നടിയെ ആക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശം നിഷ്കളങ്കമെന്ന് കാണാനാവില്ല. മാധ്യമങ്ങൾ വാർത്തയാക്കുകയും വിഷയം ചർച്ചയാകുകയും ചെയ്തതോടെ പരാമർശം പിൻവലിച്ച് തടിതപ്പിയാൽ തീരുന്നതല്ലല്ലോ ആ വാക്കുകൾ ഉണ്ടാക്കിയ പൊല്ലാപ്പ്. ഈ നേരമത്രയും സംശമുനയിൽ നിന്നവർ അഭിമുഖീകരിക്കുന്ന ചോദ്യങ്ങൾ, വിമർശനങ്ങൾ, ട്രോളുകൾ ഒക്കെ പിൻവലിക്കാനുള്ള കഴിവ് മന്ത്രിസാറിനില്ലല്ലോ, അല്ലേ!!
വാൽക്കഷ്ണം: കണ്ണട വിവാദം, കേരളീയം വിവാദം , നിയമസഭാ കയ്യാങ്കളി കേസ് എന്നിവയൊന്നും ഈ അവസരത്തിൽ ആരും ഓർക്കരുത്. പ്ലീസ്…