നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ നടത്തിയ പോരാട്ടം കേരളം മറക്കില്ല. ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. എട്ടാം പ്രതി ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി. കടുത്ത ഭീഷണി വകവെക്കാതെ ബാലചന്ദ്രകുമാര്‍ പോരാട്ടം തുടര്‍ന്നു. എണ്ണിയാല്‍ ഒടുങ്ങാത്ത തെളിവുകളാണ് ബാലചന്ദ്രകുമാര്‍ പൊലീസിന് കൈമാറിയത്. പിന്നീട് വൃക്ക രോഗം തളര്‍ത്തിയിട്ടും വിട്ടു വീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോയി.
വിചാരണ ഘട്ടത്തിലായിരുന്നു ബാലചന്ദ്രകുമാറിന്റെ രോഗം മൂര്‍ച്ഛിച്ചത്. ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമായി. എന്നിട്ടും തളരാതെ ആ മനുഷ്യന്‍ യാത്ര തുടര്‍ന്നു. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നതായിരുന്നു ആഗ്രഹം. പക്ഷെ വിധി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ ബാലചന്ദ്രകുമാര്‍ യാത്രയായി.
2021 ഡിസംബര്‍ അവസാന വാരത്തില്‍ തിരുവനന്തപുരം സഹോദര സമാജം റോഡിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ വെച്ചാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടത്. നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പുമായാണ് ബാലചന്ദ്രകുമാര്‍ എന്നെ കാണാന്‍ എത്തിയത്. പിന്നീട് കേസില്‍ നിര്‍ണ്ണായകമായ ചില ശബ്ദ സംഭാഷണങ്ങളും കൈമാറി. കേരള പൊതു സമൂഹം ഞെട്ടലോടെയാണ് ഈ വാര്‍ത്തകള്‍ വീക്ഷിച്ചത്.
ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ പൊലീസിന് മൊഴി നല്‍കി. വിചാരണ തുടങ്ങുമ്പോഴേക്കും ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. വിചാരണ നടക്കുമ്പോള്‍ ഡയാലിസിസ് സമയം ക്രമീകരിച്ചാണ് ബാലചന്ദ്രകുമാര്‍ കോടതിയില്‍ എത്തിയത്. ആരോഗ്യം ശരീരത്തെ തളര്‍ത്തിയിട്ടും തോല്‍ക്കാത്ത മനസ്സുമായി 49 ദിവസം വിചാരണയുടെ ഭാഗമായി.
വിചാരണ പൂര്‍ത്തിയായതിന് ശേഷം ഞാന്‍ ബാലചന്ദ്രകുമാറിനെ വീട്ടില്‍ പോയി കണ്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മരിക്കുന്നതു വരെ പോരാടും എന്നായിരുന്നു പ്രതികരണം. കേസിന്റെ ഓരോ ഘട്ടത്തിലും ആകാംഷയോടെ വാര്‍ത്തകള്‍ അറിയാന്‍ ബാലചന്ദ്രകുമാര്‍ വിളിക്കുമായിരുന്നു. തനിക്കെതിരെ പീഡന പരാതി വന്നപ്പോള്‍ സധൈര്യം നേരിടാന്‍ ബാലചന്ദ്രകുമാര്‍ തയ്യാറായി.
പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ഈ പരാതി വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ മേല്‍വിലാസം നല്‍കിയ പരാതിക്കാരിയെ പിന്നീട് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ആ പരാതിക്ക് പിന്നില്‍ എതിരാളികളാണെന്ന് ബാലചന്ദ്രകുമാറിന് ബോധ്യമായെങ്കിലും തുടര്‍ നിയമ നടപടി സ്വീകരിക്കുന്നതിന് മുമ്പ് അസുഖം മൂര്‍ച്ഛിച്ചു. സത്യത്തില്‍ നീതി ലഭിക്കാതെയാണ് ബാലചന്ദ്രകുമാറിന്റെ മടക്കം. അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കാന്‍ റിപ്പോര്‍ട്ടര്‍ നടത്തിയ പോരാട്ടത്തില്‍ ബാലചന്ദ്രകുമാറിന്റെ സഹായം നിര്‍ണായകമായിരുന്നു.