ഇതിഹാസ തുല്യമായ ജീവിതമായിരുന്നു എം ടിയുടേത്. മലയാളികളെ ഒന്നടങ്കം സ്വാധീനിച്ച ഒരു വ്യക്തി. ഒരു ഭാഷാസമൂഹത്തെയാകെ സ്വാധീനിച്ച മറ്റൊരു മലയാളി എഴുത്തുകാരനില്ല. എനിക്ക് മുമ്പുള്ള തലമുറ എം ടിയെ ആഴത്തിൽ വായിച്ചിരുന്നു. അവരിൽ നിന്നാണ് എം ടിയെ ഞാൻ അറിയുന്നത്. ഇത്രയേറെ മലയാളിത്തമുള്ള മറ്റ് രണ്ട് അക്ഷരങ്ങൾ മലയാളത്തിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മലയാളികൾ ചേർത്തുവയ്ക്കുന്ന അവർക്കിഷ്ടമുള്ള അക്ഷരങ്ങൾ. അദ്ദേഹത്തിൻറെ പുസ്തകങ്ങളാണ് എന്നെ ഗൗരവമായ വായനയിലേക്ക് കൊണ്ടുവന്നത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു എംടിയുടെ എഴുത്തുകൾ. നാലുകെട്ട്, അസുരവിത്ത്, രണ്ടാമൂഴം എന്നിവയൊക്കെ വായിക്കുമ്പോൾ ഒരുവാക്കോ ഒരുവാക്യമോ അനാവശ്യമായി ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. എംടിയുടെ മനസിൽ ഒരു എഡിറ്റർ പ്രവർത്തിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായി ഭാഷയെ ഉപയോഗിക്കുന്ന, വാക്കുകളെ ഉപയോഗിക്കുന്ന ഒരുശൈലി എംടിയോളം വഴക്കത്തോടെ ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. എം ടി വലിയൊരു വടവൃക്ഷംപോലെ മലയാളത്തിലിങ്ങനെ നിൽക്കും.
എം ടി അദ്ദേഹത്തിന്‍റെ രചനയിൽ വളരെ കൗശലത്തോടെ എടുത്തിട്ടുള്ള തീരുമാനം, അറിവിന്‍റെ പരിസരത്തുമാത്രം നിന്നുകൊണ്ട് കഥാപരിസരം തിരഞ്ഞെടുക്കുക, തനിക്ക് പരിചയമുള്ളവരെ കഥാപാത്രമാക്കുക എന്നതാണ്. വളരെ ചുരുങ്ങിയ കഥാപരിസരമായിരിക്കും എംടിയുടേത്. കാലം എന്ന നോവലെടുക്കാം. സേതു എന്ന കഥാപാത്രം. ആ കേന്ദ്ര കഥാപാത്രത്തിന്റെ വ്യക്തിഗതമായ അനുഭവങ്ങളും മനോനിലയുമാണ് ആ നോവലിന്റെ ഇതിവൃത്തം. അതിനുള്ളിൽ നിന്ന് എംടി ഉൽപാദിപ്പിക്കുന്ന ഭാവനാ പ്രപഞ്ചത്തോട് മലയാളികൾ ഐക്യപ്പെട്ടു. ആര് വായിക്കുന്നുവോ അയാളെ കഥാപാത്രമാക്കുന്നു. വാക്കുകളുപയോഗിക്കുന്നതിൽ, വാക്യങ്ങൾ പ്രയോഗിക്കുന്നതിലൊക്കെ എംടി പുലർത്തിയിട്ടുള്ള സൂക്ഷ്മത ഏത് എഴുത്തുകാരെയും അതിശയിപ്പിക്കും. എംടി ഒരു ബഹുമുഖപ്രതിഭയായിരുന്നു. പ്രതിഭാധനമായ ജീവിതമാണ് നയിച്ചിരുന്നത്. അത്രയും തലയെടുപ്പോടെ നിന്നിട്ടുള്ള ഒരു വ്യക്തിത്വം, അങ്ങനെയൊരാളെയാണ് നഷ്ടമായിരിക്കുന്നത്.
അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് പിൽക്കാലത്തെനിക്ക് വിയോജിപ്പുകളുണ്ടായിട്ടുണ്ട്. അപ്പോഴും അദ്ദേഹത്തിന്റെ കൃതികളെയും, കഥാപാത്രങ്ങളെയുമൊന്നും സ്നേഹിക്കാതിരിക്കാനാവില്ല. അതാണ് എംടിയുടെ സ്വാധീനം. ഏറ്റവും നന്നായി പുസ്തകം വായിക്കുന്ന ഒരാളായിരുന്നു എം ടി. വിവിധതരത്തിലുള്ള രചനാസങ്കേതങ്ങളെക്കുറിച്ച് വളരെ നന്നായി അറിയാവുന്ന ഒരാൾ. ആർക്കും വളരെയെളുപ്പത്തിലുൾക്കൊള്ളാൻ കഴിയുന്ന രചനാരീതിയായിരുന്നു അദ്ദേഹത്തിന്. മലയാളത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കൃതികൾ അടുത്ത രണ്ടു തലമുറകളെക്കൂടി സ്വാധീനിക്കും. മലയാളിയ്ക്ക് അഭിമാനമായി എംടിയെ കാണാനാകും. മലയാളത്തിലെ ഏത് ചെറുകഥ വായിച്ചാലും അതിൽ എവിടെയെങ്കിലും ഒരു എം ടി വാസുദേവൻ നായർ നുഴഞ്ഞു കയറും. അത്രയേറെ സ്വാധീനമാണ് എം ടി മലയാളിമനസുകളിൽ ചെലുത്തിയിട്ടുള്ളത്.
എത്രയോ സിനിമാ സംവിധായകർ തിരക്കഥ തരുമോ എന്ന് ചോദിച്ച് എം ടിയെ സമീപിച്ചിട്ടുണ്ട്. അത് എം ടി ഒരു ബോക്സ്ഓഫീസ് ഹിറ്റ് തരുമെന്ന് പ്രതീക്ഷിച്ചിട്ടല്ല, മറിച്ച് എംടിയുടെ ഒരു സിനിമ ചെയ്യാമല്ലോ എന്നതാണ്. എം ടിയും മലയാളിയും തമ്മിലുള്ള ആത്മബന്ധം അത്ര ഗാഢമാണ്. എം ടിയുടെ നിര്യാണം ഉണ്ടാക്കുന്ന ഒരു ശൂന്യതയുണ്ടല്ലോ, അത് അഗാധമായ ശൂന്യതയാണ്. എഴുത്തിലും പത്രവ്രവർത്തനരംഗത്തും സിനിമാ മേഖലയിലും എം ടിയുണ്ടാക്കിയ സ്വന്തം അടയാളങ്ങളുണ്ടല്ലോ...ആ അടയാളങ്ങൾ മാഞ്ഞുപോകാതെ, എന്നും മലയാളിയുടെ മനസിൽ എക്കാലവും നിലനിൽക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ച് അടുത്ത ഒരു നൂറ് വർഷത്തേക്ക് എങ്കിലും മലയാളത്തിൽ എം ടി ജീവിച്ചിരിക്കും എന്ന് തന്നെയാണ് കരുതുന്നത്.
മനുഷ്യന്റെ എല്ല ജീവിതാവസ്ഥകളും സാർവ്വദേശീയമാണ്. അങ്ങനെ പറയാൻ കാരണം ആഫ്രിക്കയിൽ ജീവിക്കുന്ന മനുഷ്യന്റെ ദുഖവും നമ്മുടെ ദുഖവും ഒന്ന് തന്നെയാണ് എന്നത് കൊണ്ടാണ്. അമേരിക്കയിൽ ജീവിക്കുന്ന ഒരാളുടെ സന്തോഷവും നമ്മുടെ സന്തോഷവും ഒന്നുതന്നെയാണ്. അമേരിക്കയിൽ ജീവിക്കുന്നുവെന്നോ ഇന്ത്യയിൽ ജീവിക്കുന്നു എന്നത് കൊണ്ടോ സന്തോഷം സന്തോഷവും ദുഃഖം ദുഃഖവും അല്ലാതാകുന്നില്ല. മനുഷ്യന്റെ വികാരങ്ങൾക്ക് ഒരു സാർവലൗകികതയുണ്ട്. ആ സാർവലൗകികത എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. എന്റെ പ്രണയം പോലെ തന്നെയാണ് ഇറ്റലിക്കാരന്റേയും. വിരഹവും സന്തോഷം സമാധാനം ആകാംക്ഷ, ഉത്കണ്ഠ എന്നീ മനുഷ്യവികാരങ്ങൾക്ക് ഒരു സാർവലൗകികതയുണ്ട്. എവിടെയിരുന്നാലും, ഏത് ഭാഷയിലിരുന്നാലും നിങ്ങൾ ആവിഷ്കരിക്കുന്നത് മനുഷ്യ വികാരങ്ങളാണ്, മനുഷ്യാവസ്ഥയാണ്. അത്തരത്തിലുള്ള മനുഷ്യവികാരങ്ങൾക്കും മനുഷ്യാവസ്ഥകൾക്കും സാർലവൗകികമാകാനും കഴിയും. പക്ഷേ അവിടെ ഒരു നാലുകെട്ടിന്റെ പരിസരത്ത് നിന്നുകൊണ്ടാണ് എം ടി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. ആ നാലുകെട്ടിൽ നിന്ന് രൂപപ്പെട്ടുവരുന്ന കഥാപാത്രങ്ങൾ ആ നാലുകെട്ടിനെ ഭേദിച്ച് പുറത്തേക്ക് വരികയും പുറം ലോകത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.
എം ടിയുടെ ഒരു കഥാപാത്രവും ഒരു വീട്ടിൽ ജനിച്ച് ഒരു വീട്ടിൽ ജീവിച്ച് ആ വീട്ടിൽ അവസാനിക്കുന്ന കഥാപാത്രങ്ങളല്ല. ചിലരൊക്കെ ആ ചുറ്റുപാടിൽ നിൽക്കുന്ന കഥാപാത്രങ്ങളുണ്ട്. എന്നാൽ ആ നാലുകെട്ടിന് പുറത്തേക്ക് പോയി പിന്നെ മടങ്ങിവരുന്നതൊക്കെയാണ് എംടിയുടെ തീം. ചിലപ്പോൾ ചിലയാളുകൾ അവരുടെ വൈരാഗ്യങ്ങൾ തീർക്കാനും ശത്രുത അവസാനിപ്പിക്കാനും വേണ്ടിയും കണക്ക് തീർക്കാൻ വേണ്ടിയും എത്തുന്നവരാണ്. അത് നമുക്കും ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. ഒരു കാലത്ത് നമ്മളെ വേദനിപ്പിച്ച മനുഷ്യർക്ക് മുൻപിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കി തിരിച്ചുവന്ന് അവരോടൊക്കെ പകരം വീട്ടുന്ന ഒരു മാനസികാവസ്ഥ ആരാണ് ആഗ്രഹിക്കാത്തത്. അത്തരം സ്വപ്നത്തിലൂടെ കടന്നുപോകാത്ത ഏത് മനുഷ്യനാണുള്ളത്. അതിന് രാജ്യങ്ങളുടെ അതിർത്തിയില്ല. ഏതൊരു മനുഷ്യനും ഒരുകാലത്ത് താൻ നേരിട്ട പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും മറുപടി പറയണമെന്ന് ആഗ്രഹിക്കുന്നു. കരുത്തനായി നേട്ടങ്ങൾ ഉണ്ടാക്കി വന്ന് നിന്ന് പ്രതികാരം ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ് എംടിയുടെ കഥാപാത്രങ്ങൾ. എംടിയുടെ ഭൂരിഭാഗം കഥാപാത്രങ്ങളും ഇങ്ങനെ സ്കോർ സെറ്റിൽ ചെയ്യുന്നവരാണ്.
ജീവിതത്തിൻ്റെ ദുരിതങ്ങൾ പേറുന്ന കുട്ടിക്കാലം. അപമാനിക്കപ്പെടുന്ന യൗവനം, ആശ്രയങ്ങളില്ലാത്ത ജീവിതാവസ്ഥ. അവിടെ നിന്നും പുറത്തേക്ക് പോയി ഒരുപാട്നേട്ടങ്ങളുമായി തിരിച്ചെത്തി കണക്കുകൾ പറയുന്ന കഥാപാത്രം എംടിയുടെ എല്ലാ കഥകളിലും കേൾക്കാനാകും. ഈ കഥാപാത്രങ്ങൾ നമ്മൾ എല്ലാവരേയുമായും കണക്ട് ചെയ്യുന്നതാണ്. പ്രണയനൈരാശ്യം എല്ലാ മനുഷ്യനും ഉണ്ടാകില്ലേ. പ്രണയിച്ച പെൺകുട്ടിക്ക് മുമ്പിൽ നേട്ടങ്ങളുമായി വന്ന് നിൽക്കുന്നു, ആ സമയത്ത് പെൺകുട്ടി വലിയ ദുരിതം നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്നു.. ഇതൊക്കെ രസകരമായ പ്ലോട്ടാണ്. ഇതൊക്കെ എം ടിയുടെ കഥയിൽ സംഭവിക്കുകയാണ്.
എംടിയുടെ രചനാപ്രപഞ്ചത്തെ കുറിച്ച് എനിക്ക് സംശയങ്ങളുണ്ട്. അത് പക്ഷേ പിന്നീടുള്ള വായനകളിൽ രൂപപ്പെട്ടിട്ടുള്ള സംശയങ്ങളാണ്. നിരൂപണ ബുദ്ധിയാൽ സംസാരിക്കുമ്പോൾ എം ടിയെ എത്രത്തോളം ഒരു എഴുത്തുകാരൻ എന്ന നിലയിൽ അംഗീകരിക്കാൻ സാധിക്കും എന്നതിനെ കുറിച്ച് സംശയമുള്ളയാളാണ് ഞാൻ. എന്റെ എഴുത്തിലേക്കും വായനയിലേക്കും വഴികാട്ടിയായി നിന്നത് എം ടിയാണ് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഒരു തലമുറയെ എഴുത്തിലേക്കും വായനയിലേക്കും ആനയിക്കുന്നതിൽ എം ടി വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഭാഷാ ശൈലി, രചനാ ശൈലി എന്നിവ രൂപപ്പെടുത്താൻ വിജയനെ പോലെ ചിലയാളുകൾക്ക് സാധിച്ചിട്ടുണ്ട്. അപ്പോഴും ഒരു ഭാഷാ സമൂഹത്തെയാകെ സ്വാധീനിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അതായത് സാമാന്യ വിദ്യാഭ്യാസമുള്ള ആൾ മുതൽ ഡോക്ടറേറ്റ് നേടിയ ഒരാൾ വരെ ഒരേ സമയം വായിക്കുന്ന എഴുത്തുകാരൻ എം ടി വാസുദേവൻ നായരാണ്. ആ അർത്ഥത്തിൽ അദ്ദേഹത്തിന്റെ രചനാ ശൈലി, അതിൽ അദ്ദേഹം പിന്തുടർന്ന ഭാഷാ ലാവണ്യം, പശ്ചാത്തലം, അദ്ദേഹം ക്രിയേറ്റ് ചെയ്യുന്ന കഥാപാത്രങ്ങൾ ഇതെല്ലാം മനുഷ്യനുമായി സംവദിച്ചിട്ടുണ്ട്. എം ടി എന്നത് രണ്ട് ഇംഗ്ലീഷ് വാക്ക് ആണെങ്കിലും ഇത്രയും മലയാളിത്തം നിറഞ്ഞ ഒരു വാക്ക് മലയാളത്തിൽ ഉണ്ടായിട്ടില്ല.
ആ അർത്ഥത്തിൽ അദ്ദേഹം ഉണ്ടാക്കിയെടുത്ത ഒരു രചനാ പ്രപഞ്ചം എന്നത് മലയാളികളെ സംബന്ധിച്ച് അനിഷേധ്യമാണ്. എംടിയുടെ രണ്ടാമൂഴത്തെ കുറിച്ച് പരിഹാസരൂപേണ പറയുന്ന ചിലരുണ്ട്, അത് സേതു തന്നെയാണെന്ന്. അല്ലെങ്കിൽ ഭീമൻ നായർ എന്ന് വേണമെങ്കിൽപറയാം എന്നുള്ള മട്ടിൽ. എംടി അദ്ദേഹത്തിന്റെ ഈ കഥാ പശ്ചാത്തലത്തിലേക്ക് തന്നെയാണ് ചുരുങ്ങി ജീവിച്ചത്. പക്ഷേ ഈ കഥാപശ്ചാത്തലത്തിലേക്ക് മുഴുവൻ ആളുകളേയും കാന്തം പോലെ ആകർഷിക്കാൻ സാധിക്കുന്ന ശക്തി ആ പ്രമേയ പരിസരത്തിനുണ്ട്. ആ കാന്തികശക്തിയെകുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്, അതുകൊണ്ട് തന്നെയാണ് അതിൽ നിന്നും അണുവിട വിട്ടുമാറാൻ എം ടി വാസുദേവൻ നായർ തയ്യറാകാതിരുന്നത്. അവസാനം അദ്ദേഹത്തെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന്റെ മേശയ്ക്ക് മുകളിൽ നിറയെ പുതിയ പുസ്തകങ്ങളാണ് നിറഞ്ഞിരിക്കുന്നത്. ആ പുസ്തകങ്ങളൊക്കെ അദ്ദേഹം വളരെ ഗൗരവത്തോടെ തന്നെ വായിക്കുന്നുണ്ട്. പക്ഷേ എംടി വാസുദേവൻ നായർക്ക് അദ്ദേഹം ഒരു പശ്ചാത്തലം നിശ്ചയിച്ചിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള വാക് കൗശലം കൊണ്ടോ സാങ്കേതിക വിദ്യകൊണ്ടോ ക്രാഫ്റ്റ് കൊണ്ടോ അതിനെ അട്ടിമറിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇത് എംടിയുടെ കഴിവാകാം, പരിമിതിയാകാം, അല്ലെങ്കിൽ കടുത്ത തീരുമാനമോ സാധ്യതയോ ആകാം. ആ അർത്ഥത്തിൽ എം ടിയുടെ എല്ലാ കഥകളും സാർവലൗകികമാണ്, അതേസമയംഅതൊരു സാധാരണ കഥയുമാണ്.
എം ടി ആളുകൾക്ക് പെട്ടെന്ന് അപ്രോച്ച് ചെയ്യാൻ സാധിക്കില്ല. ഞാൻ എം ടിയെ ആദ്യമായി കാണുന്നത് 1996ലാണ്. കലാകൗമുദിയിൽ ജോലി ചെയ്യുന്ന സമയമായിരുന്നു അത്. പിന്നീട് ഏഷ്യാനെറ്റിലേക്ക് മാറി. അന്ന് എൻ്റെ അനിയൻ വേണു ബാലകൃഷ്ണന് മാതൃഭൂമിയുടെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ കഥാമത്സരത്തിൽ സമ്മാനം കിട്ടി. അത് വാങ്ങാൻ ഞങ്ങൾ കോഴിക്കോട്ടേക്ക് പോയി. അന്ന് മാതൃഭൂമിയുടെ ഓഫീസിൽ പോയി ഞാൻ എം ടിയെ കാണണം എന്ന് പറഞ്ഞു. അന്നത്തെ കാലത്ത് അത് വലിയ പ്രയാസമുള്ള കാര്യമാണ്.
അന്ന് കലാകൗമുദിയിൽ ജോലി ചെയ്യുന്നത് കൊണ്ടും ചെറുതായൊക്കെ എഴുതുമായിരുന്നത് കൊണ്ടും എം ടിയെ കാണാൻ അനുവാദം കിട്ടി. അങ്ങനെ അദ്ദേഹവുമായി മുഖാമുഖം ഒരു മുറിയിൽ ഇരുന്നു. കുറച്ച് നേരം ഒന്നും മിണ്ടിയില്ല. പിന്നെ എപ്പോളെത്തി എന്ന് ചോദിച്ചു. കഥ വായിച്ചുവെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു. അതിന് ശേഷം ബാലഭൂമി എടുത്ത് എന്റെ കയ്യിലേക്ക് തന്നു. ആദ്യം എന്നെ എന്തോ കളിയാക്കുന്നതായാണ് തോന്നിയത്. പക്ഷേ അന്നായിരുന്നു മാതൃഭൂമി കുട്ടികൾ വേണ്ടി ആദ്യമായി ബാലഭൂമി എന്ന പുസ്തകം ഇറക്കുന്നത്. അദ്ദേഹം വിവരം പറഞ്ഞു. വായിക്കണം എന്ന് പറഞ്ഞു. കുറച്ചു നേരം അത് നോക്കിയിരുന്നു. പിന്നീട് മറ്റ് സംസാരം ഒന്നും ഉണ്ടായില്ല. അവിടെ നിന്നും ഇറങ്ങേണ്ട സമയമായെന്ന് മനസിലായപ്പോൾ പോട്ടെ എന്ന് ചോദിച്ചു, ശരി എന്ന് മാത്രം മറുപടിപറഞ്ഞു. പിന്നീട് തൊട്ടടുത്ത വർഷം അദ്ദേഹവുമായി അഭിമുഖം നടത്താൻ അവസരം ലഭിച്ചു. അദ്ദേഹത്തിന് അന്ന് സർവകലാശാല ഡീലിറ്റ് ബിരുദം കൊടുത്തിരുന്നു. ഞാൻ ആ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയതാണ്. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. അദ്ദേഹം ചങ്ങാനാശേരിയിലാണ് താമസിച്ചത്. അഭിമുഖത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഹോട്ടലിലേക്ക് വരൂ എന്നായിരുന്നു മറുപടി. ഹോട്ടലിലെത്തി ഭാഗ്യവശാൽ എം ടി സംസാരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. 20 മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചു. അന്ന് കാമ്പസിലെ ഏതാനും വിദ്യാർത്ഥികളും എം ടിയുടെ അഭിമുഖം എടുക്കാൻ എത്തിയിരുന്നു. അക്കാലത്ത് യുവതലമുറ പോലും എം ടിയുടെ ലേഖനങ്ങൾ വായിക്കാൻ കാത്തിരുന്നു എന്നതാണ് അതിനർത്ഥം. പണ്ട് എല്ലാ പ്രണയലേഖനങ്ങളിലും എം ടിയുടെ ഒരു വരിയുണ്ടാകുമായിരുന്നു.
പണ്ട് ഞാനൊരു പുസ്തകമെഴുതിയിട്ട് അത് എം ടിക്ക് അയച്ചിരുന്നു. അദ്ദേഹം ആ പുസ്തകം വായിച്ചു, എനിക്കൊരു കത്തെഴുതി. കഥയിൽ സെൻട്രൽ പോയിന്റില്ല എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. അന്നത്തെ ചെറിയ പ്രായത്തിൽ ആ മറുപടി എനിക്കത്ര രസിച്ചില്ല. കഥ മനസിരുത്തി വായിക്കണമെന്നും കഥയിലെ സെൻട്രൽ പോയിന്റെ ഇതാണെന്നും പറഞ്ഞ് അന്ന് എം ടിക്ക് ഞാനൊരു മറുപടിക്കത്ത് എഴുതി. അതിന് അദ്ദേഹം മറുപടിയൊന്നും അയച്ചില്ല.പക്ഷേ എന്റെ കത്ത് വായിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. അന്ന് എം ടി എന്നെ അംഗീകരിക്കണം എന്നതായിരുന്നു ആവശ്യം. അന്നത്തെ കാലത്ത് എല്ലാവർക്കും എം ടി അവരെ അംഗീകരിക്കണം എന്നതായിരുന്നു ആവശ്യം.
എം ടി എന്നത് ആർക്കും തൂത്തെറിയാൻ സാധിക്കാത്ത ഒരു ബിംബമാണ്. എം ടിയോട് എനിക്കുള്ള കടപ്പാട് നിസ്സീമമാണ് കാരണം ഞാൻ വായനയിലേക്ക് വരുന്ന സമയത്ത്, എന്റെ എഴുത്തിൽ, രചനയിൽ എങ്ങനെ മാറ്റം ഉണ്ടാകണമെന്ന് അദൃശ്യനായി നയിച്ചതിൽ എന്നും എം ടി ഉണ്ടായിട്ടുണ്ട്. ഇനി എപ്പോഴും അത് ഉണ്ടാകുകയും ചെയ്യും. അദ്ദേഹവുമായി കടപ്പെട്ട ഒരു ജീവിതമാണ് എന്റെ സർഗാത്മക ജീവിതം.
Content Highlight: Unni Balakrishnan about MT Vasudevan Nair
Content Highlights: Unni Balakrishnan about MT Vasudevan Nair