പച്ചയും കത്തിയും നിറഞ്ഞാടിയ എഴുത്തുകൾ; കഥകളിയെ സ്നേഹിച്ച എം ടി

രണ്ടാമൂഴത്തിലെ ഭീമനെ ഓർത്തുനോക്കൂ. പച്ചയിൽ നിന്ന് കത്തിവേഷത്തിലേക്ക് പകർന്നാടുന്നത് കാണാം

dot image

പാലക്കാടൻ കാറ്റായും വള്ളുവനാടൻ ജീവിതമായും എം ടി വാസുദേവൻ നായരുടെ കഥാപാത്രങ്ങൾ മലയാളികളുടെ വായനാലോകത്ത് നിറഞ്ഞാടുകയായിരുന്നു. മനുഷ്യരുടെ കഥയല്ല, ഏകാകികളുടെ കഥയാണ് എം ടി എപ്പോഴും പറയുന്നത് എന്ന് അഭിപ്രായപ്പെട്ടത് എഴുത്തുകാരൻ ജയമോഹൻ ആണ്. ആ കഥകളിലൂടെ എം ടി ഒരേസമയം ചരിത്രവും ആത്മകഥാംശമുള്ള ജീവിതവും വായനക്കാരിലേക്കെത്തിച്ചു. യാഥാസ്ഥിതിക നായർ കുടുംബവും മരുമക്കത്തായവും ജന്മിത്വവും വള്ളുവനാടൻ പശ്ചാത്തലവും അതിൽ നിറഞ്ഞിരുന്നു. ഓരോ കൃതിയിലും എവിടെയൊക്കെയോ എം ടി ഉണ്ടായിരുന്നു. ഒന്നുകിൽ കാഴ്ച്ചക്കാരനായി, അല്ലെങ്കിൽ കഥ പറച്ചിലുകാരനായി.


'സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളു, സേതൂനോട് മാത്രം' എന്ന് സുമിത്ര പറയുമ്പോൾ കാലത്തിലെ സേതുമാധവന്റെ ജീവിതവ്യഥകളും അഭിനിവേശവും അതേപടി വായനക്കാരനും അനുഭവവേദ്യമാകുന്നു. അവിടെ സേതുമാധവൻ ഏകാകിയാണ്, ആ ഏകാന്തജീവിതമാണ് എം ടി വരികളിലൂടെ വരച്ചുവെക്കുന്നത്. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും ലീലയുമൊക്കെ അങ്ങനെ ഓരോ തരത്തിൽ പറയുന്നതും ഏകാന്തജീവിതത്തെക്കുറിച്ചുതന്നെ.

പ്രണയവും വിരഹവും ദാരിദ്ര്യവും വ്യക്തിബന്ധങ്ങളിലെ വിള്ളലും ശൂന്യതയും ഇഴയടുപ്പവുമൊക്കെ പങ്കിടുന്നവരാണ് എം ടി കഥാപാത്രങ്ങൾ. ഓർമ്മകളും ഭൂതകാലവും സ്വപ്നവും ഒക്കെ ചേർത്തുവച്ച് എം ടി കഥാപാത്രങ്ങൾ ജീവിതം പറയുമ്പോൾ പലപ്പോഴും കഥകളിയും നിറസാന്നിധ്യമായിട്ടുണ്ട്, എം ടിക്ക് കഥകളിയോടുള്ള ഇഷ്ടം പോലെ.

രണ്ടാമൂഴത്തിലെ ഭീമനെ ഓർത്തുനോക്കൂ. പച്ചയിൽ നിന്ന് കത്തിവേഷത്തിലേക്ക് പകർന്നാടുന്നത് കാണാം. പാഞ്ചാലിയോടുള്ള പ്രണയം ഭീമസേനന്റെ പച്ച വേഷമാണ്. സ്നേഹവും ലാളനയും ആർദ്രതയുമുള്ള ഭീമൻ. പക്ഷേ, അതേ ഭീമൻ പാണ്ഡവ കൗരവ യുദ്ധത്തിൽ കത്തിയിലേക്ക് വേഷം മാറുന്നത് കാണാം. ആ ഭീമനാണ് ദുശ്ശാസനന്റെ മാറു പിളർക്കുന്നത്. നാലുകെട്ടിലുമുണ്ട് കഥകളി എഴുത്ത്. കഥകളി രാവിൽ ഉറക്കമുണരുമ്പോൾ അപ്പുണ്ണി കാണുന്നത് ഭീമസേനന്റെ കത്തിവേഷമാണ്. ദുശ്ശാസനനെ കൊന്ന് മാറുപിളർക്കുന്നുണ്ട് ആ രൗദ്രഭീമൻ. അതേ കഥയിൽ പ്രതിനായകനെ ദുശ്ശാസനനായി കണ്ട് തന്നെ ഭീമനായി നായകൻ സങ്കൽപ്പിക്കുന്നുമുണ്ട്.


എം ടിയുടെ തിരക്കഥകളിൽ പക്ഷേ കഥാപാത്രങ്ങൾക്കുള്ള പരിവേഷം പച്ചയല്ല, കത്തി തന്നെയാണ്. രം​ഗം സിനിമയിൽ രൗദ്രഭീമനാവുന്നുണ്ട് മോഹൻലാൽ. പ്രതിനായകനെ നായകൻ കൊലപ്പെടുത്തുമ്പോൾ കഥാപാത്രങ്ങൾ എന്നതിനപ്പുറം ഇരുവരെയും കഥകളിവേഷത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പരിണയത്തിലെ നായിക താത്രി അന്തർജനം കഥകളിക്കാരനെയാണ് പ്രണയിക്കുന്നത്, അയാളിൽ നിന്നാണ് ​ഗർഭം ധരിക്കുന്നത്. മനുഷ്യൻ എന്നതിനപ്പുറം അർജുനനിൽ നിന്നോ നളനിൽ നിന്നോ ഭീമനിൽ നിന്നോ ആണ് അവൾ ​ഗർഭിണിയാകുന്നത്. പക്ഷേ, ആ പച്ചവേഷം ജീവിതത്തിൽ കത്തിവേഷമായി മാറുന്നതും അവൾ കാണുന്നുണ്ട്. തന്നെ സ്വീകരിക്കാൻ ധൈര്യമില്ലാതെ നാടുവിടുന്ന മാധവനെ പിന്നീട് വൈകി തിരികെ വരുമ്പോള്‍ താത്രി സ്വീകരിക്കുന്നില്ല. തന്റെ കുഞ്ഞിന്റെ പിതാവ് അർജുനനോ നളനോ ഭീമനോ ആണെന്നാണ് അവൾ അപ്പോൾ പറയുന്നത്.

ഇങ്ങനെ നേരിട്ട് പ്രത്യക്ഷപ്പെടുന്നതിനപ്പുറം നോവലുകളിലും തിരക്കഥകളിലും എം ടി കഥാപാത്രങ്ങൾ സ്വഭാവം കൊണ്ട് പച്ചയും കത്തിയുമൊക്കെ ആയി പ്രത്യക്ഷപ്പെടുന്നു. സൽ​ഗുണസമ്പന്നരായ കഥാപാത്രങ്ങൾ പച്ച ആകുമ്പോൾ പ്രതിനായകരോ സ്വാർത്ഥരോ ഒക്കെ ആയ കഥാപാത്രങ്ങൾ‌ കത്തിവേഷങ്ങളാകുന്നു. മനസുകൊണ്ട് കഥകളിവേഷങ്ങളായി നിറഞ്ഞാടുകയാണ് ആ കഥാപാത്രങ്ങളൊക്കെ. കീചകനോ രാവണനോ ദുശ്ശാസനനോ അർജുനനോ ഭീമനോ നളനോ ഒക്കെ ആയി അങ്ങനെ എല്ലാ കഥാപാത്രങ്ങളും എംടിയുടെ കഥകളി ഇഷ്ടത്തോട് ചേർന്നുനിൽക്കുന്നു.

നിങ്ങൾ എന്തിനെഴുത്തുകാരനായി എന്നൊരാൾ ചോദിച്ചാൽ എനിക്ക് പറയാനറിയാം, ആദ്യം മുതൽക്കേ ഞാൻ മറ്റൊന്നുമായിരുന്നില്ല എന്നാണ് കാഥികന്റെ പണിപ്പുരയിൽ എം ടി വാസുദേവൻ നായർ പറഞ്ഞിട്ടുള്ളത്. ഒരു കഥകളിപ്രിയന്റെ എഴുത്തുകളിൽ ചമയമെഴുത്തും മേളപ്പദവും കേളിയും തോടയവും ഇല്ലാതിരിക്കുന്നതെങ്ങനെയെന്ന് വായനക്കാർ തിരിച്ചു ചോദിക്കുന്നു, തിരിച്ചറിയുന്നു. എം ടി കഥകളിലെ പച്ച, കത്തി, കരി, താടി, മിനുക്ക്‌ വേഷങ്ങളെയൊക്കെ അങ്ങനെ അനുവാചകർ വായിച്ചെടുക്കുന്നു.
ഈ യാത്ര അവസാനിക്കുന്നില്ല. പാപത്തിന്റെ സ്മരണകളുടെ കടവുകളിൽ നിന്ന് കടവുകളിലേക്ക് ന​ഗരത്തിൽ നിന്ന് ന​ഗരങ്ങളിലേക്ക് എന്ന് അജ്ഞാതന്റെ ഉയരാത്ത സ്മാരകത്തിൽ എം ടി പറയുന്നതുപോലെ ഈ കഥാപാത്രങ്ങളൊക്കെ ഇനിയും ഏറെ കാലം വായനക്കാരുടെ ഹൃദയങ്ങളിലൂടെ സഞ്ചരിക്കും. എഴുത്തുകാരൻ കാലത്തിന്റെ അനിവാര്യതയിലേക്ക് മറഞ്ഞെങ്കിലും കഥാപാത്രങ്ങൾ മലയാളത്തിന്റെ സാഹിത്യ അരങ്ങിൽ നിറഞ്ഞാടുക തന്നെ ചെയ്യും, മം​ഗളം ചൊല്ലിയവസാനിക്കാതെ…..

Content Highlights: M T Vasudevan Nair memories

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us