ഓസ്കറിന് കൊള്ളാത്ത 'ഒരു തുണ്ട് പടം'!! ഇന്ത്യന്‍ ഭരണകൂടം നമ്മളെ വീണ്ടും പരാജയപ്പെടുത്തുമ്പോള്‍

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സ്വയം പരിഹാസ്യമാകുന്നത് എന്തിനായിരിക്കാം? രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാകുമോ? ഈ ചിത്രം പുരസ്കൃതമായാൽ, സംവിധായികയോ നടിമാരോ ഡോൾബി തീയേറ്ററിൽ അവതരിപ്പിച്ചേക്കാവുന്ന പ്രസംഗത്തെ കുറിച്ചോർത്ത് വ്യാകുലപ്പെടുന്നതു കൊണ്ടാകുമോ?

സൗബിൻ നാഥ്
1 min read|29 Dec 2024, 11:11 am
dot image

"എനിക്ക്, സിനിമ നിർമ്മാണവും
സാമൂഹിക പ്രവർത്തനവും ഒന്നു തന്നെയാണ്.
സിനിമക്ക് സമൂഹത്തിൽ മാറ്റം വരുത്താൻ
കഴിയുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു"

നദീൻ ലാബാക്കി (സംവിധായിക, കാപെർനം, 2018)

2023 കാൻ ചലച്ചിത്രമേള വേദി. അവിടെ 'ദി സോൺ ഓഫ് ഇന്ററസ്റ്റ് ' എന്ന ചിത്രം അന്താരാഷ്ട്ര വിഭാഗത്തിൽ മത്സരിക്കുകയും, വിഖ്യാതമായ 'ഗ്രാൻഡ് പ്രീ' പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. ജോനാഥൻ ഗ്ലേസർ എന്ന ഇംഗ്ലീഷ് സംവിധായകൻ ജർമൻ-പോളിഷ് ഭാഷകളിൽ നിർമിച്ച സിനിമ യു.കെ, അമേരിക്ക, പോളണ്ട് എന്നീ രാജ്യങ്ങളുടെ സംയുക്ത നിർമ്മാണസംരംഭമായിരുന്നു (International Co-production). മാർട്ടിൻ എമീസിന്റെ, അതേപേരിൽ പ്രസിദ്ധീകരിച്ച നോവലായിരുന്നു ചിത്രത്തിന്റെ അവലംബം. നാസി ജർമനിയുടെ ഔഷ്വിച്ച് കോൺസെൻട്രേഷൻ ക്യാമ്പിനടുത്ത് താമസിക്കുന്ന ദമ്പതിമാരുടെ ജീവിതമായിരുന്നു ഇതിവൃത്തം. പോളണ്ടായിരുന്നു ചിത്രത്തിന്റെ മുഖ്യ ലൊക്കേഷൻ. എന്നിട്ടും, യു കെ ആ ചിത്രത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കറിനായി അയക്കുന്നു. ഇറ്റലി, ജപ്പാൻ, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളോടൊപ്പം അവസാന അഞ്ച് ചിത്രങ്ങളിലൊന്നായി 'ദി സോൺ ഓഫ് ഇന്ററസ്റ്റ്' തിരഞ്ഞെടുക്കപ്പെടുകയും കൂടാതെ പ്രധാന മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനും, സംവിധാനത്തിനും, അവലംബിത തിരക്കഥയ്ക്കും, ശബ്ദസംവിധാനത്തിനും നോമിനേഷൻസും നേടുന്നു. ഒടുവിൽ 2024 അക്കാദമി അവാർഡ് വേദിയിൽ മികച്ച വിദേശഭാഷ ചിത്രത്തിനും ശബ്ദസംവിധാനത്തിനും സിനിമ ആദരിക്കപ്പെട്ടു. പുരസ്‌കാര വേദിയിൽ ജൂതനായ ഗ്ലേസർ, ഹോളോകോസ്റ്റിനെയും ജൂതവിരുദ്ധ നാസി രാഷ്ട്രീയത്തെയും വിമർശിക്കുകയും ചെയ്തത് കണ്ട് ലോകം കയ്യടിച്ചു.

പായല്‍ കപാഡിയയും അഭിനേതാക്കളും കാന്‍ ചലച്ചിത്രമേളയില്‍

2024 അതേ കാൻ ചലച്ചിത്രമേള. 'ദി സോൺ ഓഫ് ഇന്ററസ്റ്റി'ന്റെ സ്ഥാനത്ത് വിശ്വവിഖ്യാതമായ ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിച്ചത് ഒരു ഇന്ത്യൻ ചിത്രത്തിന്, 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'. 'സ്വം' എന്ന ഷാജി എൻ കരുൺ ചിത്രത്തിനുശേഷം ചരിത്രസമ്പുഷ്ടമായ ഇന്ത്യൻ സിനിമയിൽ നിന്നും കാനിലെ അന്താരാഷ്ര മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം. മലയാളം, ഹിന്ദി, മറാഠി എന്നീ ഭാഷകളിൽ ഇന്ത്യ, ഫ്രാൻസ്, നെതർലൻഡ്സ്, ഇറ്റലി, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ സംയുക്ത നിർമ്മാണസംരംഭമായി നിർമിച്ച സിനിമ. പായൽ കപാഡിയ എന്ന മഹാരാഷ്ട്രിയൻ സംവിധായികയുടെ ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ രണ്ട് മലയാളി വനിതകൾ –– കനി കുസൃതി, ദിവ്യ പ്രഭ. പുരസ്‌കാര വേദിയിൽ പായൽ, സ്ത്രീ സൗഹൃദങ്ങളുടെ ശക്തിയെപ്പറ്റിയും, കാനിൽ മറ്റൊരു ഇന്ത്യൻ ചിത്രത്തിനായി മുപ്പത് വർഷം കൂടി കാത്തിരിക്കേണ്ടിവരരുത് എന്നും പ്രസംഗിക്കുന്നു. മേളക്ക് ശേഷം ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരിലും നിരൂപകരിലും 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌' വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ചിത്രം ഇന്ത്യയിൽനിന്നും ഓസ്കറിലേക്കുള്ള നൈസർഗികമായ തെരെഞ്ഞെടുപ്പാകുമെന്ന് പ്രതീക്ഷിക്കപെട്ടു. പക്ഷേ 'ദി സോൺ ഓഫ് ഇന്ററസ്റ്റ്'നു സാധിച്ചത് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'ന് കഴിഞ്ഞില്ല. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (FFI) നിയോഗിച്ച പതിമൂന്നംഗ ജൂറി, കിരൺ റാവുവിന്റെ 'ലാപത ലേഡിസ്' എന്ന സിനിമയെ ഓസ്കാറിനായി അയച്ചു. സ്വാഭാവികമായും അനിവാര്യമായത് സംഭവിച്ചു. മികച്ച വിദേശഭാഷാ ചിത്രത്തിനായി പ്രസിദ്ധീകരിച്ച പതിനഞ്ച് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടാനാകാതെ ചിത്രം പിന്തള്ളപ്പെട്ടു. ഇന്ത്യൻ ചലച്ചിത്ര സമൂഹം വീണ്ടും പരാജയപെട്ടു. അല്ലങ്കിൽ ഭരണകൂടം വീണ്ടും നമ്മളെ പരാജയപ്പെടുത്തി.

എന്നിരുന്നാലും മറ്റൊരു ഇന്ത്യൻ-ഹിന്ദി സിനിമ ഈ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജയായ സന്ധ്യ സൂരി സംവിധാനം നിർവഹിച്ച 'സന്തോഷ്'. പൂർണമായും ഇന്ത്യയിൽ ചിത്രീകരിച്ച, എന്നാൽ യു.കെ, ഇന്ത്യ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത നിർമ്മാണസംരംഭമായി രൂപപ്പെട്ട ചിത്രം. യു.കെ തന്നെയാണ് ഈ ചിത്രത്തെ ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിൽ ഓസ്കറിനായി അയച്ചത്. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌' കാൻ മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്കരിക്കപ്പെടുകയും ചെയ്തപ്പോൾ, അതിന് സാധിക്കാതെ മേളയിലെ Un Certain Regard വിഭാഗത്തിൽ മാത്രം പ്രദർശിപ്പിക്കുകേയും പുരസ്കാരം നേടാൻ സാധിക്കാതെ പോയതുമായ ചിത്രവുമായിരുന്നു 'സന്തോഷ്'. എന്നാൽ അവസാന പതിനഞ്ചും കടന്ന് മികച്ച സിനിമക്കുള്ള അവസാന പത്തിൽ ഇടംനേടിക്കഴിഞ്ഞു ഈ സിനിമ. ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയിട്ടും, ഒരുപക്ഷെ അവസാന പത്ത് സിനിമകളിൽ എല്ലാറ്റിനോടും മത്സരിക്കാൻ മെറിറ്റ് ഉണ്ടായിട്ടും, നമ്മുടെ രാജ്യം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'നെ തഴഞ്ഞിരിക്കുന്നു. ഒരു പക്ഷെ സന്ധ്യ സൂരി എന്ന സംവിധായിക ഇന്ത്യയിൽനിന്നും ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്ത തന്റെ പിതാവ് യാഷ് പാൽ സൂരിയുടെ തീരുമാനത്തെ കുറിച്ചോർത്ത് ആശ്വാസംകൊണ്ടിട്ടുണ്ടാകണം.

സന്ധ്യ സൂരി (വലത്ത്)

ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ടതും വിഖ്യാതവുമായ ചലചിത്രമേളകളാണ് കാൻ, ബെർളിൻ, വെനീസ് എന്നീ മേളകൾ. ഒരുപക്ഷേ ഓസ്കറിനോളമോ അതിനുമേലെയോ അന്താരാഷ്ട്ര ചലച്ചിത്ര സമൂഹവും നിരൂപകരും ഈ മേളകൾക്ക് പ്രാധാന്യം നൽകാറുണ്ട്. ഓസ്കാർ, ഇംഗ്ലീഷ്-ഹോളിവുഡ് ചിത്രങ്ങളുടെ ഒരു ആഘോഷമായി ലോകം കാണുമ്പോൾ ലോകമെമ്പാടുമുള്ള സഗൗരവ ചലച്ചിത്രാസ്വാദകരുടെ ആകർഷണകേന്ദ്രമാണ് ഈ മേളകൾ. അതിൽത്തന്നെ കാൻ മേളയും അതിലെ ഗ്രാൻഡ് പ്രീ പുരസ്കാരവും വളരെ ശ്രദ്ധിക്കപെടുന്നവയാണ്. ഇതിനുമുമ്പ് ഈ പുരസ്കാരം നേടിയവരിൽ സാക്ഷാൽ ആന്ദ്രേയ് തർക്കോസ്‌കിയും, കോയിൻ സഹോദരങ്ങളും, പ്രശസ്ത ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയും വരെയുണ്ട്. ഓസ്കറിലെ അന്താരാഷ്ട്ര ഭാഷ വിഭാഗത്തിലും, പ്രധാന മത്സര വിഭാഗങ്ങളിലും പുരസ്‌കൃതമാകുന്ന ഭൂരിഭാഗം ചിത്രങ്ങളും പലപ്പോഴും ഈ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടവയാകാറുണ്ട്.

ഈ വർഷത്തെ അക്കാദമി അവാർഡ്‌സിൽ മികച്ച വിദേശ ഭാഷ സിനിമകളായി ചുരുക്കപ്പട്ടികയിൽ ഇടംനേടിയ പതിനഞ്ച് ചിത്രങ്ങളെമാത്രം പരിശോധിക്കാം. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'നൊപ്പം കാനിലെ അന്തരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട 'ദി സീഡ് ഓഫ് സേക്രഡ്‌ ഫ്ലാഗ് (ജർമ്മനി), 'ദി ഗേൾ വിത്ത് ദ നീഡിൽ' (ഡെൻമാർക്ക്‌), എന്നീ ചിത്രങ്ങൾ ഈ പട്ടികയിലുണ്ട്. കൂടാതെ അതെ വിഭാഗത്തിൽ മത്സരാർത്ഥികളായ 'ഗ്രാൻഡ് ടൂർ' (പോർട്ടുഗൽ), 'ത്രീ കിലോമീറ്റർസ് ടു ദ ഏൻഡ് ഓഫ് ദ വേൾഡ് (റൊമാനിയ) ഇനീ ചലച്ചിത്രങ്ങൾ അതാത് രാജ്യങ്ങൾ ഓസ്‌കാറിന്‌ തെരഞ്ഞെടുത്ത് അയക്കുകയുണ്ടായി. അന്താരാഷ്ട്ര മത്സരേതര വിഭാഗങ്ങളിൽ കാനിൽ പ്രദർശിപ്പിക്കപ്പെട്ട മുൻപേ പ്രതിപാദിച്ച 'സന്തോഷ്', കൂടാതെ 'അർമാൻഡ' (നോർവേ), 'യൂണിവേഴ്സൽ ലാംഗ്വേജ്' (കാനഡ) 'ഫ്ലോ' (ലാത്‌വിയ) എന്നീ ചിത്രങ്ങളുമുണ്ട്. മറ്റ് ചിത്രങ്ങളിൽ ഒരു ചിത്രം ബെർലിൻ മേളയിലും (ദാഹോമേ - സെനഗൽ), രണ്ട് ചിത്രങ്ങൾ വെനീസ് മേളയിലിലും (ഐ ആം സ്റ്റിൽ ഹിയർ - ബ്രസീൽ, വെർമിഗ്ലിയോ - ഇറ്റലി) പ്രീമിയർ ചെയ്യപ്പെട്ടവയാണ്. മറ്റു ചിത്രങ്ങളിൽ ചിലത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, സൺഡാൻസ് ഫിലിം ഫെസ്റിവലിലുമെല്ലാം മത്സരിച്ചവയുമാണ്.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്

ഓസ്‌കറിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രമെടുത്താൽ അതിൽ അഞ്ച് തവണയാണ് കാൻ അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമകൾക്ക് മികച്ച വിദേശഭാഷ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചിട്ടുള്ളത്. അൻപത് ശതമാനത്തിന്റെ പ്രാതിനിധ്യം. കഴിഞ്ഞ വർഷം പുരസ്കാരം നേടിയ യു.കെ എൻട്രിയായ 'ദി സോൺ ഓഫ് ഇന്ററെസ്റ്റ്', രണ്ടായിരത്തി ഇരുപത്തൊന്നിൽ ഹെമാഗുച്ചിയുടെ ജാപ്പനീസ് ചലച്ചിത്രം 'ഡ്രൈവ് മൈ കാർ', രണ്ടായിരത്തി പത്തൊൻപത്തിൽ ചരിത്രം സൃഷ്ടിച്ച സൗത്ത് കൊറിയൻ സിനിമ 'പാരസൈറ്റ്'. കാനിൽ മികച്ച ചിത്രമാകുകയും, ഓസ്കറിൽ മികച്ച വിദേശഭാഷ ചിത്രം, മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു ഈ ബോങ് ജൂ-ഹോ സിനിമ. ഒരു ഏഷ്യൻ ചിത്രത്തിന്റെ ഓസ്കറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. 2016-ൽ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം 'ദി സെയിൽസ്മാൻ', 2015-ൽ ഹങ്കേറിയൻ ചിത്രം 'സൺ ഓഫ് സോൾ' എന്നിവയും പുരസ്കൃതമായി. ഇതിൽ 'ദി സെയിൽസ്മാൻ', 'ദി സോൺ ഓഫ് ഇന്റെരെസ്റ്റ്' എന്നീ ചിത്രങ്ങൾക്ക് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'ന് ലഭിച്ച കാനിലെ ഗ്രാൻഡ് പ്രീ അവാർഡും ലഭിച്ചിട്ടുണ്ട്. ഇതിനപ്പുറം രണ്ടായിരത്തി പതിനെട്ടിൽ പുരസ്‌കാരം ലഭിച്ച 'റോമ' (മെക്സിക്കോ) വെനീസ് അന്തരാഷ്ട്ര മേളയിലും, രണ്ടായിരത്തി പതിനേഴിൽ പുരസ്കൃതമായ 'എ ഫന്റാസ്റ്റിക് വുമൺ' (ചിലി) ബെർലിൻ അന്തരാഷ്ട്ര മേളയിലും മത്സരവിഭാഗത്തിൽ പങ്കെടുത്ത ചിത്രങ്ങളാണ്. മുപ്പത് വർഷങ്ങൾക്ക് ശേഷം കാനിൽ എത്തിനോക്കാൻ കിട്ടിയ അവസരം ഇന്ത്യ എങ്ങനെ അടുത്തഘട്ടത്തിലേക്ക് ഉപയോഗിക്കാതിരുന്നു എന്നതിന് ഇതിൽപരം എന്താണ് തെളിവ് വേണ്ടത്?

രണ്ടായിരത്തി ഇരുപത്തിനാലിലെ ഓസ്കർ നാമനിർദേശങ്ങളിലെ കണക്കുകൾകൂടി ഒന്ന് പരിശോധിക്കാം. മികച്ച ചിത്രത്തിനും മികച്ച വിദേശഭാഷ ചിത്രത്തിനുമായി മത്സരിച്ച പതിനാലു സിനിമകളിൽ അഞ്ച് സിനിമകൾ ആ കൊല്ലാതെ കാൻ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചവയാണ്. 'അനാട്ടമി ഓഫ് എ ഫാൾ', 'കില്ലർ ഓഫ് ദി ഫ്ലവർ മൂൺ', 'ദി സോൺ ഓഫ് ഇന്റെരെസ്റ്റ്', 'മെയ് ഡിസംബർ', 'പെർഫെക്റ്റ് ഡേയ്സ്' എന്നിവയാണ് ചിത്രങ്ങൾ. ഇതിനു പുറമെ നാല് ചിത്രങ്ങൾ ('മാസ്റ്ററെയോ', 'പുവർ തിങ്ങ്സ്', 'ലോ ക്യാപ്റ്റിനോ', 'സൊസൈറ്റി ഓഫ് സ്നോ') വെനീസ് അന്താരാഷ്ട്ര മേളയിലും, 'ദി ടീച്ചേർസ് ലൗഞ്ജ്' ബെർലിൻ മേളയിലും പ്രദർശിപ്പിക്കപ്പെട്ടവയാണ്.

ദി സോണ്‍ ഓഫ് ഇന്‍ററസ്റ്റ്

ചലച്ചിത്ര മേളകളിലൂടെ അല്ലാതെയും 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'ന് ലോകമെമ്പാടും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ അമേരിക്കൽ പ്രസിഡന്റ് ബരാക് ഒബാമ താൻ ഈ വർഷം കണ്ട അഞ്ച് ഇഷ്ടചിത്രങ്ങളുടെ ഒരു പട്ടിക ഏതാനും ദിവസങ്ങൾക്കുമുന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ ആദ്യത്തെ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'-ആണ്. അമേരിക്കൻ എന്റർടൈൻമെന്റ് ലോകത്തെ മറ്റൊരു ബെഞ്ച്മാർക്ക് അവാർഡായ ഗോൾഡൻ ഗ്ലോബ്‌സിൽ മികച്ച വിദേശചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള നാമനിർദേശങ്ങൾ ചിത്രം നേടിയിട്ടുണ്ട്. വിഖ്യാത ബ്രിട്ടീഷ് ഫിലിം മാഗസിൻ 'സൈറ്റ് ആൻഡ് സൗണ്ട്'-ന്റെ ഈ വർഷത്തെ പോളിൽ മുന്നിൽ നിൽക്കുന്നതും ഈ ഇന്ത്യൻ ചിത്രം. ന്യൂ യോർക്കിലെ ദി നാഷണൽ ബോർഡ് ഓഫ് റിവ്യൂ ഈ വർഷത്തെ മികച്ച അഞ്ച് അന്താരാഷ്ട്ര ചിന്ത്രങ്ങളെ തിരഞ്ഞെടുത്തിൽ ഈ സിനിമയുമുണ്ട്. മറ്റ് നാല് ചിത്രങ്ങളും അതാത് രാജ്യങ്ങൾ ഓസ്കറിനായി അയക്കുകയും അവസാന പതിനഞ്ച് സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടുകയും ചെയ്തുവെന്ന് പറയേണ്ടതില്ലല്ലോ? മുൻപ് പ്രതിപാദിച്ച ചിത്രങ്ങളായ 'സന്തോഷ്' (യു.കെ), 'ദി ഗേൾ വിത്ത് ദ നീഡിൽ' (ഡെൻമാർക്ക്‌), 'ഐ ആം സ്റ്റിൽ ഹിയർ' (ബ്രസീൽ), 'യൂണിവേഴ്സൽ ലാംഗ്വേജ്' (കാനഡ) എന്നിവയാണത്. ഇതുകൂടാതെ നിരവധി നിരൂപക-പ്രേക്ഷക അവാർഡുകളിൽ മികച്ച അന്തരാഷ്ട്ര സിനിമയായി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌' ഇതിനോടകം തെരഞ്ഞെടുത്ത് കഴിഞ്ഞിരിക്കുന്നു.

ലോകത്ത് ഈ ദിവസം ഇത്രയും ചർച്ചചെയ്യപ്പെടുന്ന, ആളുകൾ കാണാൻ ആഗ്രഹിക്കുന്ന മറ്റൊരു ഇന്ത്യൻ സിനിമയുണ്ടാകില്ല. ഇങ്ങനെ ഒരു സിനിമക്ക് അമേരിക്കൻ ഡിസ്ട്രിബൂഷൻ നേടിയെടുക്കാനും ഓസ്കാറിന് മുന്നേ അക്കാദമി അംഗങ്ങളിൽ സ്വാധീനമുണ്ടാക്കാനും നിഷ്പ്രയാസം സാധിക്കുമായിരുന്നു. എന്നാൽ ഈ ചിത്രം കാണണമെന്നും വോട്ട് രേഖപെടുത്തണമെന്നും പ്രതീക്ഷിച്ചിരുന്ന അക്കാദമിയിലെ അംഗങ്ങളെ ഹതാശരാക്കി അമേരിക്കൻ സമഗ്രാധിപത്യത്തിനോടുള്ള 'ധീരമായ' ചെറുത്തുനിൽപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ ഭരണകൂടം.

ലപതാ ലേഡീസ്

ഇന്ത്യയിൽ ഓസ്കറിനുള്ള ചിത്രത്തെ തെരഞ്ഞെടുക്കേണ്ടത് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ്. ഇന്റർനാഷണൽ കമ്മ്യൂണിറ്റിയിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'ന് ഇത്രയും സ്വാധീനമുണ്ടെന്നിരിക്കെ എന്ത്കൊണ്ടാകാം ആ ചിത്രത്തെ മറികടന്ന് 'ലപതാ ലേഡിസ്' തെരെഞ്ഞെടുത്തത്? FFI അധ്യക്ഷനായ രവി കൊട്ടാരക്കര, എന്ത്കൊണ്ട് ഈ ചിത്രത്തെ തഴഞ്ഞു എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌' ഒരു ഇന്ത്യൻ ചിത്രമായി തോന്നിയില്ലെന്നും, മറിച്ച് ഇന്ത്യയിൽ ചിത്രീകരിച്ച ഒരു യൂറോപ്യൻ ചിത്രമായാണ് തോന്നിയത് എന്നുമാണ്. 'ബർഫിയും' 'ഗള്ളി ബോയിയും' ഓസ്‌കാറിന്‌ അയച്ച അതേ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെയാണ് ഈ ചിത്രത്തെ നിരാകരിച്ചുകൊണ്ട് ഈ കാരണം പറഞ്ഞത് എന്നത് എന്നും ഓർമ്മിക്കപ്പെടുകതന്നെ ചെയ്യും. ഭാഗ്യവശാൽ യുകെ ഭരണകൂടം അങ്ങനെ ചിന്തിക്കാതിരുന്നതുകൊണ്ട് ഇന്ത്യയിൽ ചിത്രീകരിച്ച 'സന്തോഷ്' അവർ അവാർഡിനയച്ചു. FFI അധ്യക്ഷനെക്കാൾ പരിതാപകരമായിരുന്നു ജൂറി അധ്യക്ഷൻ ജാനു ബറുവയുടെ പ്രതികരണം. കാൻ ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സരവിഭാഗത്തിൽ പുരസ്കൃതമായ ചിത്രം ഒട്ടും സാങ്കേതിക മികവില്ലാത്തതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. തെരെഞ്ഞെടുക്കുന്നില്ലങ്കിലും സ്വയം പരിഹാസരാകുന്ന ഇത്തരം പ്രതികരണങ്ങൾ അന്തരാഷ്ട്ര മാധ്യമങ്ങൾ കാണുന്നുണ്ടെന്ന് എന്നാകും നമ്മൾ തിരിച്ചറിയുക? ഫ്രാൻസിന്റെകൂടെ കോപ്രൊഡക്ഷനായ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌' തെരഞ്ഞെടുക്കാതിരിക്കാൻ അവർക്ക് 'എമിലിയ പെരെസ്' എന്നൊരു ചിത്രം പകരം കാണിക്കാനുണ്ടായിരുന്നു. നമുക്ക് ഇത്തരം പ്രതികരണങ്ങളും.

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ഓസ്കറിലെ 'ഷുവർ ബെറ്റാ'യിരുന്ന 'ദി ലഞ്ച്ബോക്സ്'നെ വെട്ടി ഗുജറാത്തി സിനിമ 'ദി ഗുഡ് റോഡിനെ' അയക്കാൻ ജൂറി കണ്ടെത്തിയേ കാരണം ഇതിലും വിചിത്രമായിരുന്നു. ബോംബെയിലെ ഡബ്ബാവാലകൾക്ക് ഒരിക്കലും തെറ്റ് സംഭവിക്കുകയില്ലെന്നും അത്കൊണ്ട് ഡബ്ബാവാലകൾ ചോറ്റുപാത്രം മാറ്റികൊടുത്ത രണ്ട് പേർക്കിടയിൽ ഉടലെടുക്കുന്ന പ്രണയമെന്ന ചിത്രത്തിന്റെ ഇതിവൃത്തം യുക്തിരഹിതമല്ലന്നും ആണ് ജൂറി വിലയിരുത്തിയത്. 'ദി ലഞ്ച്ബോക്സ്'ന്റെ നിരാകരണം ചെറുതല്ലാത്ത ഒരു പ്രതിഫലനം ഇന്ത്യൻ ചലച്ചിത്ര സമൂഹത്തിൽ ഉണ്ടാക്കി. അനുരാഗ് കശ്യപ്, കരൺ ജോഹർ തുടങ്ങിയ ബോളിവുഡ് ചലച്ചിത്ര പ്രവർത്തകർ ഇതിനെതിരെ പ്രതികരിച്ചു. ഒടുവിൽ അന്നത്തെ ജൂറി അധ്യക്ഷൻ ഗൗതം ഖോസെ മനസ് തുറന്നു. തന്റെ ഇഷ്ടചിത്രവും താൻ ഓസ്കറിലേക്ക് പോകണമെന്ന് ആശിച്ചതും 'ദി ലഞ്ച്ബോക്സ്'-ആയിരുന്നുവെന്നും, എന്നാൽ ജൂറിയിലെ ഭൂരിപക്ഷ തീരുമാനത്തോട് സമരസപ്പെടുകയെല്ലാതെ മറ്റൊരു വഴി തനിക്ക് ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആ ചിത്രം സ്വപ്രയത്നത്താൽ ബാഫ്റ്റ അവാർഡിൽ എത്തുന്നു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നാമനിർദേശം നേടിയെടുക്കുകയും ചെയ്യുന്നു. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'നും അതെ വിധി ആകാനാണ് സാധ്യത കാണുന്നത്. 'സൈറ്റ് ആൻഡ് സൗണ്ട്' മാഗസിന്റെ പോളിൽ മുന്നിൽ വന്ന ചിത്രത്തെ ബാഫ്റ്റ വിട്ടുകളയുമെന്ന് തോന്നുന്നില്ല.

ലഞ്ച് ബോക്സ്

രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ഷൂജിത് സർക്കാരിന്റെ 'സർദാർ ഉദ്ധം' എന്ന സിനിമയെ ഓസ്‌കാറിന്‌ അയക്കാതിരിക്കാൻ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പറഞ്ഞ കാരണം ചിത്രം ഉല്പാദിപ്പിക്കുന്ന 'ബ്രിട്ടീഷ് വിരുദ്ധത'യായിരുന്നു. വർത്തമാനകാല ബ്രിട്ടനിൽ ഏറെക്കുറെ എല്ലാവരും തള്ളിപ്പറയുന്ന, സ്വയം കുറ്റബോധത്താൽ തലകുനിക്കുന്ന കോളനിവൽക്കരണത്തെ ഒരു സിനിമയിലൂടെ ലോകത്തിനു മുന്നണിയിലേക്ക് എത്തിക്കുന്നതിൽ എന്താണ് പ്രശ്നം? നാസി ജർമനിയുടെ ക്രൂരതയെ ചിത്രീകരിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് ജർമ്മൻ ജനതയാണോ? അമേരിക്കൻ ചരിത്രത്തിൽ നിലനിന്നിരുന്ന കറുത്ത വംശജരോടുള്ള അതിക്രമങ്ങളെ അഭ്രപാളിയിലേക്ക് പകർത്തുന്നത് അമേരിക്കൻ ദേശീയതയോടുള്ള അവഹേളനമായി തീരുമോ? ഒന്നാം ലോക യുദ്ധവും രണ്ടാം ലോക യുദ്ധവും നേരിട്ട് ബാധിക്കാത്ത ജനതയെന്ന നിലയിൽ നമ്മുടെ ചോരയുണങ്ങാത്ത അധ്യായങ്ങൾതന്നെയാണ് സ്വാതന്ത്ര്യ സമരവും, ഇന്ത്യ-പാക് വിഭജനവും. ഇനിയും പറഞ്ഞില്ലിട്ടാത്ത അനേകായിരം ജീവിത കഥകളുടെ ഈറ്റില്ലമാണ് ആ കാലം. അതോ സർദാർ ഉദ്ധം പോലെയൊരു ചരിത്ര പുരുഷൻ ലോകത്തിന്റെ മുന്നിലേക്ക് എത്തുമ്പോൾ, നൂറുകണക്കിന് ശവശരീരങ്ങൾക്കു മുന്നിലും പതറാത്ത വീറോടെ ബ്രിട്ടീഷ് അധിനിവേശത്തിനെ നേരിട്ട പോരാളിക്കുമുന്നിൽ രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത 'വീരന്മാർ' മാപ്പുപറയേണ്ടിവരും എന്ന ഭയമാകുമോ നമുക്ക്?

കിരണ്‍ റാവു

ഒരിക്കലും 'ലാപാത ലേഡിസ്'ഉം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'ഉം തമ്മിലുള്ള മികവിന്റെ താരതമ്യമല്ല ഞാൻ ഉദ്യമിക്കുന്നത്. 'ലാപത ലേഡിസ്' തീർച്ചയായും മികച്ച ചിത്രമാണ്. ബിപ്ലബ്‌ ഗോസാമിയുടെ 'ടു ബ്രൈഡ്സ്' എന്ന നോവലിനെ അധികരിച്ച് കിരൺ റാവു സാക്ഷാത്കരിച്ച ചിത്രം ഉത്തരേന്ത്യൻ ഗ്രാമീണ സ്ത്രീകളുടെ ജീവിത യാഥാർഥ്യങ്ങളുടെ സർഗാത്മകമായ ആവിഷ്കാരമാണ്. ഇഷ്ടപ്പെട്ട ഇന്ത്യൻ സിനിമകളുടെ കൂട്ടത്തിൽ എന്നും ഈ ചിത്രമുണ്ടാകും. എന്നാൽ ഓസ്കർ അവാർഡിന് അയക്കുന്ന ചിത്രം അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തപ്പെടുകയും അതിനായുള്ള റിസോഴ്സ്സ് ഉണ്ടാകുകയും വേണം. നാല് രാജ്യങ്ങളുടെ കോപ്രൊഡക്ഷനിൽ നിർമ്മിക്കപ്പെട്ട ചലച്ചിത്രമെന്ന നിലയിലും ഇത്രയൂം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച ചിത്രമെന്ന നിലയിലും 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'ന് ഒരു മേൽക്കോയ്മ ഉണ്ടായിരുന്നു എന്നത് നമ്മൾ മറന്നുപോകുന്നത് എന്തുകൊണ്ടാകാം? ഇന്ത്യൻ സംസ്കാരങ്ങളെ അഡ്രസ് ചെയ്യാനും ദേശീയത ഉണർത്തുന്ന ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ നൽകാനും നമുക്കൊരു ദേശീയ പുരസ്‌കാര സംവിധാനം ഉണ്ടെന്നിരിക്കെ ബാലിശമായ കാരങ്ങളാൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സ്വയം പരിഹാസ്യമാകുന്നത് എന്തിനായിരിക്കാം? ഇത്രയും വർഷങ്ങൾക്ക്ശേഷവും അക്കാദമി അവാർഡുകളുടെ സമവാക്യങ്ങൾ മനസിലാകാതിരിക്കാൻ അത്രയും അവിവേകമായ ഭാവുകത്വങ്ങൾ കാത്തുസൂക്ഷിക്കുന്നവരാകുമോ നമ്മുടെ ദേശീയ സിനിമയെ നിയന്ത്രിക്കുന്നത്? അതോ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാകുമോ? ഇനി എവിധമെങ്കിലും ഈ ചിത്രം പുരസ്കൃതമായാൽ, സംവിധായികയോ നടിമാരോ ഡോൾബി തീയേറ്ററിൽ അവതരിപ്പിച്ചേക്കാവുന്ന പ്രസംഗത്തെ കുറിച്ചോർത്ത്, പ്രകടിപ്പിച്ചേക്കാവുന്ന രാഷ്ട്രീയത്തെ കുറിച്ചോർത്ത് വ്യാകുലപ്പെടുന്നത്കൊണ്ടാകുമോ?

പതിമൂന്നു പുരുഷന്മാർ മാത്രമുള്ള ഒരു ജൂറി. അതിൽ അവസാന റൗണ്ടിലെത്തുന്ന രണ്ട് സ്ത്രീപക്ഷ സിനിമകൾ. അവിടെ നിന്നും ഫ്ലാഷ്ബാക്കിലേക്ക് പോകുമ്പോൾ നമുക്ക് പായൽ കപാഡിയ എന്ന പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാത്ഥിനിയെക്കാണാം. അവിടെ നൂറ്റി മുപ്പത്തിയൊന്പത് ദിവസം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാന്റെ നിയമനത്തിനെതിരെ പോരാടിയ കപാഡിയ. 'ദേശവിരുദ്ധയെന്നും' 'പാകിസ്താനിലേക്ക് പോകൂ' എന്നും ആക്രോശിച്ച സർക്കാർ അനുകൂലികളെ അവർ നിശ്ചയദാർഢ്യംകൊണ്ട് തോൽപ്പിക്കുന്നത്കാണാം. ആ സമരത്തിനാൽമാത്രം പായലിനു നിരസിക്കപ്പെട്ട വിദേശ പഠനവും സ്കോളർഷിപ്പും കാണാം. പിന്നെയും മുന്നോട്ട് വന്നാൽ കാൻ ചലച്ചിത്ര മേളയിൽ ഭരണകൂട തലപര്യങ്ങൾക്ക് വിഘാതമായി പാലസ്‌തീന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച കനി കുസൃതിയെ കാണാം. അങ്ങനെ ഒരു ചിത്രത്തെ, സംവിധായികയേ വെട്ടാൻ മറ്റൊരു സ്ത്രീപക്ഷ സിനിമയായ 'ലാപത ലേഡീസ്' അയക്കുക എന്ന രാഷ്ട്രീയ തന്ത്രമാകുമോ നടപ്പാക്കപ്പെട്ടത്?

പായല്‍ കപാഡിയ

മലീമസമായ രാഷ്ട്രീയ താല്പര്യങ്ങളുടെ നിഴലിൽ ഇന്ത്യൻ ഭരണകൂടവും ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയും നിർത്തപ്പെടുമ്പോൾ, നമ്മൾ ഒരു സമൂഹമെന്ന നിലയിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌'നെ അർഹിക്കുന്നുണ്ടോ എന്ന ചോദ്യംകൂടെ അവശേഷിക്കുന്നുണ്ട്. ലോകം വാഴ്ത്തുന്ന സിനിമയെ ഇന്ത്യൻ സമൂഹം ആഘോഷിച്ചതാകട്ടെ 'ഒരു തുണ്ട് പടം' എന്ന രീതിയിലും. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌' 'പ്രഭയായ് നിനച്ചതെല്ലാം'ആയി കേരളത്തിൽ ഇറങ്ങിയിട്ടും ചിത്രം നേരിട്ട പ്രതികരണങ്ങൾ ലജ്ജാവഹമാണ്. അമേരിക്കയിൽ ബരാക് ഒബാമ ഇഷ്ടചിത്രമായി ഈ സിനിമയെ തെരഞ്ഞെടുക്കുമ്പോൾ, ഇവിടെ 'ദിവ്യ പ്രഭ ഒറിജിനൽ വീഡിയോ ലിങ്ക്' എന്ന ഗൂഗിൾ സെർച്ച് എൻജിൻ കീവേഡ് വൈറലാകുകയായിരുന്നു. അന്താരാഷ്ട്ര സിനിമയുടെ നെറുകയിൽ മലയാളത്തെ എത്തിച്ച അഭിനേത്രി എന്നതിനപ്പുറം ഒരു നീലച്ചിത്ര നടിയായി അവർ സാമൂഹ മാധ്യമങ്ങളിൽ നിറയുന്നു. ഒരു ലീക്ഡ് വീഡിയോ ക്ലിപ്പ്പോലെ അത് പ്രൈവറ്റ് ചാറ്റുകളിൽ പരക്കുന്നു. ചില ഓൺലൈൻ മാധ്യമ പാപ്പരാസികൾ ആ നടി വരുന്ന വഴികളിൽ ക്യാമറ എവിടെ ഫോക്കസ് ചെയ്യണമെന്നറിയാതെ വിയർക്കുന്നു. കനി കുസൃതിയുടെ മറ്റൊരു സിനിമയോടും, എന്തിനു അവരുടെ മാതാപിതാക്കളോടുംകൂടെ ചേർത്തുപോലും ആ ചിത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടാകുന്നു.

ഓസ്കറിന് അയക്കാൻ കൊള്ളാത്ത 'ഒരു അശ്ലീല' ചിത്രമായി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്‌' അകാലചരമം വരിച്ചേക്കാം. സ്വവർഗാനുരാഗത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമായ 'ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ' പോലുള്ള ചിത്രം ഫ്രാൻസ് ഇന്നും ആഘോഷിക്കുമ്പോൾ, അശ്ലീല സൈറ്റിലെ ഒരു സെർച്ച് വേർഡായിമാത്രം ഈ ചിത്രം അവസാനിക്കപ്പെട്ടേക്കാം. നമ്മുടെ സിനിമയെ തോൽപ്പിക്കാൻ നമുക്ക് മറ്റാരും വേണമെന്നില്ല. നമ്മുടെ ഭരണകൂടമുണ്ട്. നമ്മുടെ മാധ്യമങ്ങളുണ്ട്. നമ്മളെന്ന സമൂഹംതന്നെയുണ്ട്.

Reference list
*ET Online (2024). From braving ‘Go To Pakistan’ barb to becoming nation’s darling: Cannes Grand Prix winner Payal Kapadia w. [online] The Economic Times.
*Ghose, G. (2014). The Goutam Ghosh Interview. [online] 12 May.
*Grenier, E. (2024). ‘All We Imagine as Light’: Indian women at the crossroads. [online] dw.com.
*Hirwani, P. (2021). Indian jury rejected film as Oscar entry for projecting ‘hatred towards British’. [online] The Independent.
*HT Entertainment Desk (2024). Film Federation of India calls All We Imagine as Light ‘a European film’, reveals why it wasn’t India’s entry to Oscars. [online] Hindustan Times.
*Mascarenhas, R. (2024). With Its Sensitivity and Craft, UK’s Oscar Entry ‘Santosh’ Punches Above Its Weight. [online] The Wire.
*Nair, A. (2024). For Kapadia, before her triumph at Cannes was trouble at FTII. [online] The Times of India.
*The Week. (2024). ‘All We Imagine As Light was very poor technically’: FFI responds amid ‘Laapataa Ladies’ failure to be shortlisted for the Oscars.

Content Highlights: why film federation of india reject all we imagine as light for oscar entry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us