'40 മണിക്കൂറോളം ഞങ്ങളുടെ കൈകള്‍ വിലങ്ങണിയിച്ചു. കാലുകള്‍ ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ടു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് അനങ്ങാന്‍ അനുവദിച്ചില്ല. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കൊടുവില്‍ ശുചിമുറിയിലേക്ക് വലിച്ച് കൊണ്ടുപോയി. ശുചിമുറിയുടെ വാതില്‍ തുറന്ന് ഞങ്ങളെ അതില്‍ തള്ളി വിടും', കഴിഞ്ഞ ദിവസം അമേരിക്ക സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചവരില്‍ ഒരാളായ പഞ്ചാബിലെ തഹ്ലി ഗ്രാമത്തിലെ ഹര്‍വീന്ദര്‍ സിംഗിന്റെ പ്രതികരണമാണിത്. ഇന്നലെയെത്തിയ 104 പേര്‍ക്കുമുണ്ടായത് മനുഷ്യത്വരഹിതമായ അനുഭവമാണെന്ന് ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്.
ഹര്‍വീന്ദറിനെ പോലെ നിരവധി പേര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഭക്ഷണം പോലും കഴിക്കാനാകാതെ, ഒരു ദിവസത്തിലധികം നീണ്ട യാത്രയില്‍, തീവ്രവാദികളെ പോലെയാണ് ഇന്ത്യക്കാരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈന്യം കൈകാര്യം ചെയ്തതെന്നത് ഉറപ്പാണ്. ഈ വിമാനത്തില്‍ നാല് വയസുള്ള ഒരു കുട്ടിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ട്രംപിന്റെ സമീപനം പൈശാചികമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
ഇന്ത്യക്കാരോട് മാത്രമായിരുന്നില്ല, നാടുകടത്തപ്പെട്ട എല്ലാവരോടും ട്രംപ് പെരുമാറിയത് ഈ രീതിയിലായിരുന്നു. കൈകളില്‍ വിലങ്ങണിയിച്ച്, കാലുകളില്‍ ചങ്ങലയാല്‍ ബന്ധിച്ചാണ് ഓരോ പൗരന്മാരെയും അവരവരുടെ നാട്ടിലേക്ക് എക്കാലത്തെയും വലിയ കുടിയേറ്റ വിരുദ്ധനായ ട്രംപ് പറഞ്ഞയച്ചത്. അതിന് ഉപയോഗിച്ചതാകട്ടെ, ഇതുവരെ ഇല്ലാത്ത രീതിയില്‍ സൈനിക വിമാനവും.
അമേരിക്കയില്‍ ആദ്യമായിട്ടാണ് അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ രാജ്യങ്ങളിലേക്ക് തിരികെ അയക്കുന്നത്. പൊതുവേ ഒരു രാജ്യം മറ്റൊരു രാജ്യത്തിന് വേണ്ടി സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുന്നത് യുദ്ധസമയത്തും, രക്ഷാദൗത്യത്തിനും വേണ്ടിയാണ്. 2021ല്‍ അമേരിക്ക അഫ്ഗാനിസ്താനില്‍ നിന്ന് പിന്മാറിയപ്പോള്‍ ആളുകളെയെത്തിക്കാന്‍ രാജ്യം സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. അല്ലാത്തപക്ഷം, കുടിയേറ്റക്കാരെ തിരികെ അയക്കുന്നതിന് വേണ്ടി സൈനിക വിമാനം ഉപയോഗിക്കുന്നത് ട്രംപ് പുതിയ രീതിയാക്കി മാറ്റി.
സാധാരണഗതിയില്‍ അമേരിക്കയിലെ കസ്റ്റംസ് ആന്‍ഡ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) നിയന്ത്രിക്കുന്ന വാണിജ്യ വിമാനങ്ങളെന്ന് തോന്നിക്കുന്ന വിമാനങ്ങളിലാണ് അമേരിക്ക കുടിയേറ്റക്കാരെ തിരികെ നാട്ടിലേക്ക് അയച്ചു കൊണ്ടിരുന്നത്. ഇത്തവണ അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരികെയയക്കാന്‍ അമേരിക്ക ഉപയോഗിക്കുന്നത് സൈന്യത്തിന്റെ സി-17 വിമാനമാണ്.
സാധാരണ വിമാനത്തിന്റെയും സൈനിക വിമാനത്തിന്റെയും ചെലവുകള്‍ വിവരിക്കുന്ന കണക്കുകള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം ഗ്വാട്ടിമാലയിലേക്ക് അയച്ച വിമാനത്തിന് ഒരാള്‍ക്ക് ഏകദേശം 4,675 ഡോളറിന്റെ ചെലവാണ് വരുന്നത്. ഇത് അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റിന്റെ അഞ്ച് മടങ്ങ് വരുമെന്നാണ് കണക്ക്.
സി7 സൈന്യ വിമാനത്തിലെ യാത്രയ്ക്ക് മണിക്കൂറിന് 28,500 ഡോളറാണ് ചെലവാകുന്നതെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 40 മണിക്കൂറിലധികമാണ് ഇന്ത്യയിലേക്ക് സി 7 വിമാനമെത്താനെടുത്ത സമയം. ഇത്തരത്തിലുള്ള ആറ് സൈനിക വിമാനങ്ങളാണ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ തിരികെ അയക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇത്രയും വലിയ ചെലവില്‍ സൈനിക വിമാനത്തില്‍ തന്നെ യാത്രക്കാരെ തിരികെ അയക്കാന്‍ ട്രംപ് തീരുമാനിച്ചതെന്തിനാണെന്ന ചോദ്യം നിര്‍ണായകമാണ്.
ഇതിനുള്ള ഉത്തരം നേരത്തെ തന്നെ ട്രംപ് നല്‍കിയതുമാണ്. അനധികൃത കുടിയേറ്റക്കാരെ മനുഷ്യരായി പോലും പരിഗണിക്കാത്ത ട്രംപ് അന്യഗ്രഹ ജീവികള്‍, ക്രിമിനലുകള്‍ തുടങ്ങിയ പ്രയോഗങ്ങളാണ് ഇത്തരം മനുഷ്യരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചത്. ഈ മനുഷ്യരെ തിരികെ സൈനികവിമാനത്തില്‍ തന്നെ പറഞ്ഞയക്കുമ്പോള്‍ അവരെ കുറ്റവാളികളായി ലോകത്തിന് മുന്നില്‍ ചിത്രീകരിക്കുകയാണ് ട്രംപ്. അതിനാണ് വലിയ ചെലവില്‍ പോലും, കുറ്റവാളികളെ പോലെ, ഒരു പക്ഷേ അവരോട് പോലും പെരുമാറാന്‍ പാടില്ലാത്ത രീതിയില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ച് നാടുകടത്തുന്നത്.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍, അന്തസിനും അഭിമാനത്തിനും വില നല്‍കാത്ത വിധം വന്നിറങ്ങിയിട്ടും ഇതുവരെ ഒരക്ഷരം കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ ഉന്നയിച്ചിട്ടില്ല. പ്രതിപക്ഷം ആവര്‍ത്തിച്ച് ഇതിലെ മനുഷ്യാവകാശ വിരുദ്ധത ചൂണ്ടിക്കാട്ടുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രം. എന്നാല്‍, മാസ്‌ക് ധരിച്ച്, വിലങ്ങ് ധരിച്ചിരിക്കുന്ന ഗ്വാട്ടിമാലയിലെ ആളുകളുടെ ചിത്രം പ്രചരിച്ചപ്പോള്‍ അത് ഇന്ത്യയുടേതല്ലെന്ന് പിഐബിയുടെ ഫാക്ട് ചെക്ക് എക്‌സിലൂടെ അറിയിച്ചു. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൈവിലങ്ങ് അണിയിച്ചു, കാലുകളില്‍ ചങ്ങലയിട്ടുവെന്ന് ആരോപിച്ച് പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നായിരുന്നു പിഐബി വ്യക്തമാക്കിയത്.
A #Fake image is being shared on social media by many accounts with a claim that illegal Indian migrants have been handcuffed and their legs chained while being deported by US#PIBFactCheck
— PIB Fact Check (@PIBFactCheck) February 5, 2025
▶️ The image being shared in these posts does not pertain to Indians. Instead it shows… pic.twitter.com/9bD9eYkjVO
ആ ചിത്രം വ്യാജമാണെങ്കില്‍ സമാന രീതിയിലാണ് ഇന്ത്യയിലേക്ക് അമേരിക്കയില്‍ നിന്നും ആളുകളെ തിരികെയെത്തിച്ചത്. തങ്ങള്‍ അനുഭവിച്ച ക്രൂരത ഈ മനുഷ്യര്‍ തുറന്നു പറഞ്ഞിട്ടും ഇതുവരെ കേന്ദ്രം ഒരു പ്രതികരണവും നടത്തിയിട്ടില്ല. അനധികൃത കുടിയേറ്റത്തില്‍ വന്ന ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ ഉള്ളുലക്കുമ്പോള്‍ മറുവശത്ത് കുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌നാനം ചെയ്യുന്നുവെന്ന രീതിയില്‍ കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളും നടക്കുന്നുണ്ട്.
സമാനരീതിയില്‍ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും സമീപിച്ചപ്പോള്‍ ആദ്യം എതിര്‍ക്കാനുള്ള ധൈര്യമെങ്കിലും അവിടുത്തെ പ്രധാനമന്ത്രിമാര്‍ കാണിച്ചിരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ എടുത്തു പറയേണ്ടത് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ മറുപടിയായിരുന്നു. കൊളംബിയ രണ്ട് സൈനിക വിമാനങ്ങളെ വിലക്കുകയും ക്രിമിനലുകളെ പോലെ പെരുമാറാതെ അവരെ യാത്രാ വിമാനങ്ങളിലെത്തിക്കണമെന്ന് കട്ടായം പറയുകയും ചെയ്തു. എന്നാല്‍ താരിഫ് ഉപയോഗിച്ചുള്ള പ്രതികാര നടപടിയിലേക്ക് ട്രംപ് കടന്നപ്പോള്‍ കൊളംബിയയ്ക്ക് അയയേണ്ടി വന്നു.
യുഎസില്‍ നിന്നു നാടുകടത്തപ്പെട്ട് ബ്രസീലിലേക്ക് തിരിച്ചയച്ച യാത്രക്കാരെത്തിയതും കൈവിലങ്ങുകള്‍ ധരിച്ചായിരുന്നു. പ്രതീക്ഷയോടെ കുടിയേറാനെത്തിയ രാജ്യത്തുനിന്നു തിരിച്ചയയ്ക്കുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ എന്നത് യുഎസ് 'പ്രത്യക്ഷമായി അവഗണിച്ചു'വെന്നാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. ഒരക്ഷരം പോലും മിണ്ടാതെ, എതിര്‍ക്കാതെ ഇന്ത്യ ഈ നടപടികള്‍ക്ക് മൗനസമ്മതം നല്‍കുമ്പോള്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാരോട് ഇനി ഏത് രീതിയിലായിരിക്കും ട്രംപ് പെരുമാറുകയെന്നത് നോക്കികാണേണ്ടതാണ്. മനുഷ്യന്റെ അന്തസിന് പോലും വില തരാതെ, മറ്റൊരു രാജ്യം സ്വന്തം രാജ്യത്തെ പൗരന്മാരെ അപമാനിച്ചപ്പോള്‍ മിണ്ടാതിരുന്ന കേന്ദ്രത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല.
Content Highlights: America treat inhuman to illegal migrants and central government silent on it