16 പേര്‍, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 16 പേര്‍ക്കാണ്…
നെല്ലിവിള ഇസ്മയലിന്റെ ഭാര്യ സോഫിയയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് വീടിനടുത്തുളള അരുവിയിലേക്ക് കുളിക്കാനിറങ്ങിയപ്പോഴാണ്, ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങിയ ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസിനെ കാട്ടാന ആക്രമിക്കുന്നത് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നിതിനിടെയാണ്. അട്ടമലയിലെ ഏറാട്ടുകൊണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത് താമസസ്ഥലത്തിന് അടുത്തുവച്ചാണ്. മലപ്പുറത്ത് കാട്ടാന ആക്രണത്തില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ മരിച്ചത് രണ്ടുപേരായിരുന്നു. അതിലൊരാള്‍ കാടിന്റെ നേരിയ ചലനം പോലും ഗ്രഹിക്കാന്‍ കഴിവുള്ള പൂച്ചപ്പാറ മണിയാണ്. മക്കളെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലേക്കാക്കി മടങ്ങുന്നതിനിടെയാണ് മണിക്കുനേരെ ആക്രമണമുണ്ടാകുന്നത്. വയനാട്ടിലും മലപ്പുറത്തും ജീവന്‍മാത്രം ബാക്കിയായ കാട്ടാന ആക്രണമത്തിന്റെ ജീവിച്ചിരിക്കുന്ന ഒട്ടേറെ രക്തസാക്ഷികളുണ്ട്.. രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളാണ് മതിയായ സുരക്ഷയില്ലാതെ ആറളം പുനരധിവാസ മേഖലയില്‍ കഴിയുന്നത്. 10 വര്‍ഷത്തിനിടെ 12 ജീവനുകളാണ് ഫാമിനുള്ളില്‍ മാത്രം കാട്ടാന ആക്രമണങ്ങളില്‍ പൊലിഞ്ഞത്. ഓരോ ദിനവും ദുരന്തവാര്‍ത്ത കേള്‍ക്കരുതേയെന്ന പ്രാര്‍ഥനയോടെയാണ് ഇവിടുത്തെ താമസക്കാര്‍ നേരം വെളുപ്പിക്കുന്നത്. കാട്ടാനയും കടുവയും കാട്ടുപന്നിയും മനുഷ്യ ജീവന് ഭീഷണിയാകുകയും ജനജീവിതത്തെ ദുസ്സഹകമാക്കുകയും ചെയ്യുന്നതിന് ഇടയിലാണ് വന്യജീവി ആക്രമണങ്ങളെല്ലാം ജനവാസമേഖലയിലല്ലെന്നും ആദിവാസികള്‍ അല്ലാത്തവര്‍ എന്തിനാണ് വനംമേഖലയിലെത്തുന്നതെന്നും ആക്രമണങ്ങള്‍ എവിടെയാണ് നടന്നതെന്ന് പരിശോധിക്കണമെന്നും എ കെ ശശീന്ദ്രന്‍ പ്രസ്താവിച്ചത്. ബാലിശവും നിരുത്തരവാദപരവുമായ പ്രസ്താവന നടത്തിയത് മറ്റാരുമല്ല ജനങ്ങളുടെ ജീവനും സ്വത്തിനും ഉത്തരംപറയേണ്ട സര്‍ക്കാരിന്റെ ഭാഗമായ വനംമന്ത്രിയാണ്!
വന്യമൃഗങ്ങളെ വരുതിയിലാക്കുക എന്നത് അപ്രായോഗികമാണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനായി വനംവകുപ്പും സര്‍ക്കാരും എന്തു നടപടികള്‍ കൈക്കൊണ്ടു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. അതിനിടയിലാണ് മുറിവില്‍ മുളകുതേക്കുന്നതുപോലെയുള്ള മന്ത്രിയുടെ പ്രസ്താവന. കാട്ടാനയുടെ ആക്രമണത്തില്‍ മാനന്തവാടിയിലെ കര്‍ഷകനായ അജീഷ് കൊല്ലപ്പെട്ടപ്പോള്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന 'കഴിവുകെട്ടവനെന്ന'ജനരോഷം ഇന്നും അതേപടി നിലനില്‍ക്കുകയാണ്. അത് ആളിക്കത്തിക്കുന്നതായി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. തിരിച്ചൊരു ചോദ്യം മാത്രമേ ജനങ്ങള്‍ക്ക് ചോദിക്കാനുള്ളൂ.. അക്രമകാരിയായ ഒരു മൃഗത്തെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിടാന്‍ വകുപ്പുമന്ത്രിക്ക് അധികാരമില്ലെന്നത് വാസ്തവമാണ് ആ അധികാരം ചീഫ് വൈല്‍ഡ് ലൈഫ്ഓഫീസര്‍ക്കുമാത്രമാണെന്നറിയാം. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി തുടരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് വേണ്ടി ക്രിയാത്മകമായ എന്തുനടപടിയാണ് വനംമന്ത്രി സ്വീകരിച്ചിട്ടുളളത്?
ബജറ്റില്‍ തുക നീക്കുവയ്ക്കുന്നത് മാത്രമാണോ തുടരുന്ന വന്യജീവി ആക്രമണങ്ങള്‍ക്കുള്ള പരിഹാരമായി സര്‍ക്കാര്‍ കാണുന്നത്? വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമല്ല മനുഷ്യര്‍ക്ക് നേരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നത്, നാട്ടിലേക്കും മൃഗങ്ങള്‍ ഇറങ്ങിത്തുടങ്ങി. അത് തടയുന്നതിനായി ആധുനിക ട്രാക്കിങ് സംവിധാനങ്ങളോ, കിടങ്ങുകളോ, വൈദ്യുതവേലികളോ, എന്തിനേറെ ഈ പ്രദേശങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകളെങ്കിലും സ്ഥാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? വന്യജീവി പെരുപ്പം നിയന്ത്രിക്കുകയും കാടിറങ്ങുന്ന മൃഗങ്ങളെ തിരികെ കാടുകേറ്റുകയും അവശ്യഘട്ടങ്ങളില്‍ അധികം വൈകാതെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവുനല്‍കുകയും ചെയ്യുന്നതില്‍ എത്രത്തോളം വേഗത കൈവരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്? കാടിറങ്ങുമ്പോള്‍ തന്നെ മൃഗങ്ങളെ ലൊക്കേറ്റ് ചെയ്യാനും മുന്നറിയിപ്പുകള്‍ നല്‍കാനും സാധിക്കുന്ന തലത്തിലേക്ക് ഉദ്യോഗസ്ഥ വൃന്ദങ്ങളും വനംവകുപ്പും ഇനിയെന്നാണ് ഉണര്‍ന്നുപ്രവര്‍ത്തിക്കുക.
വന്യജീവിശല്യമുള്ള സ്ഥലങ്ങളില്‍ വിവിധ വനംവകുപ്പ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ആര്‍ആര്‍ടികളുണ്ടുണ്ട് നമുക്ക്. മൃഗങ്ങളെ തുരത്താന്‍ ഇവരുടെ കയ്യില്‍ ഇന്നുമുള്ളത് പടക്കവും കുറുവടിയുമാണ്. ജനങ്ങള്‍ വിളിച്ചറിയിച്ചാല്‍ ചെന്നുനോക്കുന്നതിന് വാഹനം പോലുമില്ല. ലൈറ്റും ട്വല്‍വ് ബോര്‍ പമ്പ് ആക്ഷന്‍ തോക്കും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള ദ്രുത നടപടികള്‍ക്ക് ഇനിയുമെന്തിനാണ് താമസം? ഒരു വനത്തിന് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതലാണോ അവിടെയുള്ള വന്യജീവികള്‍ എന്ന കണക്കെടുപ്പും അവലോകനവും കൃത്യമായ ഇടവേളകളില്‍ നടപ്പാക്കണം. വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കണം, വനത്തിനകത്തെ ആവാസ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധികളെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. വിദേശരാജ്യങ്ങളില്‍ നടപ്പാക്കുന്ന ഫലപ്രദമായ പ്രതിരോധ നടപടികള്‍ നമുക്ക് സാധ്യമാണോ എന്ന് പരിശോധിക്കണം.
വന്യജീവിയുടെ ആക്രമണത്തില്‍ ഓരോ ജീവന്‍ പൊലിയുമ്പോഴും കാര്‍ഷികവിളകളുള്‍പ്പെടെയുള്ള സ്വത്തിന് നാശനഷ്ടം സംഭവിക്കുമ്പോഴും വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന പതിവ് ആവശ്യം ഉയരാറുണ്ട്. കേന്ദ്രം മൃഗങ്ങളെ സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തി അധികകാലം കേരള സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല മരിച്ചൊടുങ്ങുന്നത് സംസ്ഥാനത്തെ ജനങ്ങളാണ്. കേരളത്തിന് തനിച്ചൊരു നയംമാറ്റം അസാധ്യമെന്നിരിക്കെ, സര്‍വകക്ഷിയോഗം വിളിക്കുകയും കേരളജനതയ്ക്കുവേണ്ടി അതിശക്ത സമ്മര്‍ദം കേന്ദ്രത്തില്‍ ചെലുത്താനും മുന്‍കൈ എടുക്കേണ്ടത് കേരള സര്‍ക്കാരാണ്. വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തിയാല്‍ മാത്രംപോര ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് ഭരണകൂടമാണ്. മനുഷ്യജീവന് ഭീഷണി ഉയരുമ്പോള്‍ ജനം പരിഭ്രാന്തരാകുന്നതും വൈകാരികമായി ജനപ്രതിനിധിളോട് പ്രതികരിക്കുന്നതും സ്വാഭാവികമാണ്. അതിനുമറുപടിയായി അപക്വമായ പ്രസ്താവനകളിറക്കുകയോ, താല്ക്കാലിക ആശ്വാസം മുന്നോട്ടുവയ്ക്കുകയോ അല്ല ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. അടിസ്ഥാന കാരണങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള ശാശ്വത പരിഹാരമാണ് വേണ്ടത്. അല്ലെങ്കില്‍ താനൊക്കെ വനംമന്ത്രിയായിരിക്കണോ എന്ന് ആദ്യം പരിശോധിക്കണമെന്ന ജനങ്ങളുടെ വിമര്‍ശനം ഇനിയും ഉയരുകതന്നെ ചെയ്യും.
Content Highlights: Wild Elephant attack in Kerala, AK Saseendran's Controversial remark on Wild Elephant attack