
ലോകത്തില്‍ ഏറ്റവും മനോഹരമായ ഒരു വികാരമുണ്ടെങ്കില്‍ അത് പ്രണയമാണ്. പ്രണയത്തിലായിരിക്കുമ്പോഴാണ് നിങ്ങള്‍ ഏറ്റവും ഭംഗിയുളളവരാകുന്നതും. ഇഷ്ടപ്പെട്ട ഒരാളെ കാണുമ്പോള്‍ ഹൃദയമിടിപ്പ് കൂടുന്നതും ചുണ്ടില്‍ പുഞ്ചിരി വിടരുന്നതും പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നതുമൊക്കെ എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനൊക്കെ വ്യക്തമായ കാരണമുണ്ട്. പ്രണയത്തിനൊരു മനശാസ്ത്രമുണ്ട്. അതെന്താണെന്നറിയേണ്ടേ…
പ്രണയത്തിന് മനശാസ്ത്രപരമായി വ്യത്യസ്തതരം നിര്‍വ്വചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് റോബര്‍ട്ട് സ്‌റ്റേണ്‍ബര്‍ഗ് വികസിപ്പിച്ചെടുത്ത പ്രണയത്തിന്റെ ത്രികോണ സിദ്ധാന്തമാണ്. പ്രണയത്തിന് മൂന്ന് ഘട്ടങ്ങള്‍ ഉണ്ട് എന്നാണ് ഇതില്‍ പറയുന്നത്. ആത്മബന്ധം, ശാരീരിക ആകര്‍ഷണം, പ്രതിബദ്ധത. ആത്മബന്ധം എന്നാല്‍ തനിക്കുവേണ്ടി മാത്രം ജീവിച്ചിരുന്ന അല്ലെങ്കില്‍ തന്റെ താല്‍പര്യം മാത്രം സംരക്ഷിച്ചിരുന്ന ഒരു വ്യക്തി പങ്കാളിയുടെ താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കാന്‍ തുടങ്ങുന്നതാണ്. പലപ്പോഴും പ്രണയത്തിലാകുമ്പോള്‍ സൗഹൃദത്തില്‍ നിന്നെല്ലാം ഒഴിവായി പങ്കാളിയുമായി മാത്രം ഒതുങ്ങിക്കൂടാനുളള പ്രവണത ഉണ്ടാകുന്നു. തനിക്കുവേണ്ടി കാത്തിരിക്കാന്‍ ഒരാളുണ്ട് എന്നുള്ള ചിന്ത വരുന്നു. അടുത്തത് ശാരീരിക ആകര്‍ഷണവും സൗന്ദര്യത്തോടുളള പാഷനും ലൈംഗിക ആസക്തിയും ഒക്കെ ഉള്‍പ്പെടുന്ന ഒരു പ്രതിഭാസമാണ്. പ്രണയത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത്തരം ആകര്‍ഷണം തീവ്രമായിരിക്കുമെങ്കിലും ക്രമേണ അതിന്റെ തീവ്രത കുറഞ്ഞുവരാറുണ്ട്. ഇനിയുള്ളത് പ്രതിബദ്ധതയാണ്. ഉദാഹരണത്തിന് പ്രണയത്തിലായിരിക്കുമ്പോള്‍ത്തന്നെ നാം മറ്റ് പലരേയും പരിചയപ്പെടാനും അവരോട് ഇടപഴകാനും സാധ്യതയുണ്ട്. അവരില്‍ പലരുടെയും സൗന്ദര്യത്തോടും ബുദ്ധിപരമായ കഴിവിനോടും നമുക്ക് ആകര്‍ഷണം തോന്നാം. പക്ഷെ അതൊന്നും നമ്മുടെ പ്രണയത്തെ ബാധിക്കാതെ അതിര്‍ വരമ്പുകള്‍ ഉണ്ടാക്കാനുളള കഴിവാണ് പ്രതിബദ്ധത.
ആധുനിക കാലത്ത് സ്റ്റേണ്‍ബര്‍ഗിന്റെ മൂന്ന് ലക്ഷണങ്ങളോടൊപ്പം നാലാമത് ഒന്നുകൂടി പ്രണയത്തിന്റെ ലക്ഷണമായി കരുതപ്പെടുന്നുണ്ട്. നാല് തൂണുകളായിട്ടാണ് ഈ ലക്ഷണങ്ങള്‍ അറിയപ്പെടുന്നത്. നാലാമത്തെ തൂണ് പ്രണയത്തിലെ ജനാധിപത്യം അതായത് ഡമോക്രസിയാണ്. അഭിപ്രായ വ്യത്യാസം പറയാനും തന്റെ അഭിപ്രായം കേള്‍ക്കപ്പെടുന്നുണ്ട് എന്നുറപ്പ് വരുത്താനുമുളള അവകാശമാണ് ഈ ജനാധിപത്യം. അതുകൊണ്ടുതന്നെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അത് നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രണയം തുടരാന്‍ സാധിക്കും. ആധുനിക കാലത്ത് ചില പ്രണയങ്ങളിലെങ്കിലും ഈ ജനാധിപത്യം ഇല്ലാതായിപ്പോകുന്നുണ്ട്. ഇത്തരം ജനാധിപത്യമില്ലാത്ത പ്രണയത്തെയാണ് വിഷലിപ്ത പ്രണയം അഥവാ ടോക്‌സിക് ലവ് എന്ന് പറയുന്നത്. അത് തീര്‍ച്ചയായും മറുവശത്തുള്ള ആളിന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഒരു വ്യക്തി കൗമാരപ്രായത്തിലേക്ക് കടക്കുമ്പോള്‍ ഹോര്‍മോണുകളുടെ ഉത്പാതനത്തിന്റെ ഭാഗമായി ലൈംഗിക അഭിനിവേശവും ആകര്‍ഷണവും ഒക്കെ ഉണ്ടാകും. ഹോര്‍മോണുകളും തലച്ചോറിലുളള നാഡീസംരക്ഷണികള്‍ എന്ന രാസവസ്തുക്കളുമൊക്കെ പ്രണയത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ലൈംഗിക ആകര്‍ഷണത്തിന് കാരണമാകുന്ന വിവിധ തരത്തിലുളള ഹോര്‍മോണുകള്‍ ശരീരത്തിലുണ്ട്. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍, ആന്‍ട്രൊജന്‍ എന്നീ ഹോര്‍മോണുകളും സ്ത്രീകളില്‍ ഇസ്‌ട്രൊജന്‍ പ്രൊജസ്‌ട്രോണ്‍ തുടങ്ങിയ ഘടകങ്ങളും ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തലച്ചോറില്‍ നിലനില്‍ക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് തുടങ്ങിയ നാഡീസംരക്ഷണികളും പ്രണയത്തിന് സഹായിക്കുന്ന രാസ വസ്തുക്കള്‍ തന്നെയാണ് . പ്രധാനമായും ഡോപ്പമിന്‍, എന്‍ഡോര്‍ഫിന്‍സ്, ഓക്‌സിടോസിന്‍,സെറടോണിന്‍ എന്നീ നാല് രാസവസ്തുക്കളാണ് പ്രണയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഡോപ്പമിന്റെ അളവ് കൂടുമ്പോഴാണ് ആസ്വാദനക്ഷമത അല്ലെങ്കില്‍ എന്‍ജോയ്‌മെന്റ് ഉണ്ടാകുന്നത്. എന്‍ഡോര്‍ഫിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുമ്പോഴാണ് മറുവശത്തുളള വ്യക്തിയെ സംരക്ഷിക്കുക എന്ന മനസ്ഥിതിയിലേക്ക് എത്തിച്ചേരുന്നത്. സെറടോണിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുമ്പോഴാണ് സന്തോഷം ഉണ്ടാകുന്നത്. അതുപോലെ എന്‍ഡോര്‍ഫിന്റെ അളവ് കൂടുമ്പോള്‍ ഉന്‍മേഷം അല്ലെങ്കില്‍ ഉത്സാഹം ഉണ്ടാകുന്നു.
പ്രണയത്തിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യത്തെ ഘട്ടമാണ് വികാസത്തിന്റെ ഘട്ടം(stage of expansion). മറുവശത്തുള്ള വ്യക്തിക്ക് തന്റെ സ്വഭാവത്തിന്റെ നല്ല വശങ്ങള്‍ മാത്രം കാണിച്ചുകൊടുത്ത് ആ വ്യക്തിയെ സ്വാധീനിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്. ഈ സമയത്ത് വളരെയധികം സന്തോഷവും പ്രതീക്ഷയും ആകാശം മുട്ടെ വളരുന്ന കാലഘട്ടമാണ്. രണ്ടാമത്തെ ഘട്ടമാണ് സങ്കോചത്തിന്റെ ഘട്ടം (face of contraction ). ഈ ഘട്ടത്തില്‍ പ്രണയംതുടര്‍ന്ന് വിവാഹത്തിലെത്തുകയോ, ബന്ധം ദീര്‍ഘകാലം മുന്നോട്ട് പോവുകയും ചെയ്യും, ഈ സമയത്ത് സ്വഭാവത്തിന്റെ അടിസ്ഥാനപരമായ പല സവിശേഷിതകളും പങ്കാളിയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട അവസ്ഥവരും. ദേഷ്യം , ഉത്കണ്ഠ, വെറുപ്പ് തുടങ്ങിയ പല സ്വീകാര്യമല്ലാത്ത വികാരങ്ങളും പ്രകടമാകുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വീഴും. ഈയൊരു ഘട്ടത്തിലാണ് പരസ്പരം വഴക്കുകളും അഭിപ്രായ ഭിന്നതകളും വിവാഹ മോചനവും, വിവാഹേതര ബന്ധങ്ങളുടെ കടന്നുവരവുമൊക്കെ ഉണ്ടാകുന്നത്. മൂന്നാമത്തെ ഘട്ടമാണ് ഒത്തുതീര്‍പ്പിന്റെ ഘട്ടം (stage of resolution) താന്‍ പ്രണയിക്കുന്ന വ്യക്തിയുടെ സ്വഭാവ സവിശേഷിതകളെല്ലാം പൂര്‍ണ്ണമായ അര്‍ഥത്തില്‍ മനസിലാക്കിക്കൊണ്ട് അദ്ദേഹം ഇങ്ങനെയാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടം. എത്രയും പെട്ടെന്ന് പ്രണയം മൂന്നാം ഘട്ടത്തില്‍ എത്തുന്നോ, ആ പ്രണയം കാലത്തെ അതിജീവിക്കുന്ന സാധ്യത കൂടും.ഏറ്റവും സുഖകരമായ ഘട്ടം ആദ്യഘട്ടമാണ്. പക്ഷേ മൂന്നാം ഘട്ടമാണ് ഏറ്റവും ശാശ്വതമായ ഘട്ടം. എത്രയും പെട്ടന്ന് രണ്ടാംഘട്ടം മറികടന്ന് മൂന്നാം ഘട്ടം എത്തുന്നതോടെയാണ് സ്ഥായിയായ ബന്ധം ഉണ്ടാകുന്നത്.
പഴയ തലമുറയെ അപേക്ഷിച്ച് ഇക്കാലത്തെ കുട്ടികളുടെ പ്രണയം വ്യത്യസ്തമാണ്. അല്പംകൂടി ലൈംഗിക സ്വാതന്ത്രം പുതിയ കുട്ടികള്‍ താല്‍പര്യപ്പെടുന്നു എന്നുളളതാണ് ഇവിടുത്തെ പ്രത്യേകത. ലൈംഗികത നിഷിദ്ധമാണെന്ന കാഴ്ചപ്പാട് മാറ്റിവച്ചുകൊണ്ട് അത് ആസ്വദിക്കാവുന്നതാണെന്നും പ്രണയത്തില്‍ അത് കടന്നുവരുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്ന തലമുറയാണ്. ലൈംഗിക ബഹുപങ്കാളിത്ത പ്രണയം ഇന്നത്തെ തലമുറയില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഒരു വ്യക്തിയുമായി പ്രണയത്തിലാകുമ്പോള്‍ ഉണ്ടാകുന്ന എല്ലാവിധ ആകര്‍ഷണവും നിലനിര്‍ത്തിക്കൊണ്ട് മറ്റ് ഒന്നിലധികം വ്യക്തികളുമായി ലൈംഗിക ബന്ധം നിലനിര്‍ത്തുക എന്ന സ്വാതന്ത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും ഇത്തരത്തിലുള്ള ജീവിതരീതി നയിക്കുന്നുണ്ട് അതുകൊണ്ട് അത് സമൂഹത്തിനുമാകാം എന്ന കാഴ്ചപ്പാടാണ് ഇതില്‍ ഉരുത്തിരിഞ്ഞുവരുന്നത്. പക്ഷേ ഇതിനും ഒരു ജനാധിപത്യം ആവശ്യമാണ്. പുരുഷന്‍ ഈ ഒരു നിലപാട് സ്വീകരിക്കുന്നു എങ്കില്‍ മറുവശത്തുളള പങ്കാളിക്കും ഇതേ സ്വാതന്ത്രം ഉണ്ട് എന്ന് ചിന്തിക്കേണ്ട ബാധ്യത പുരുഷന് ഉണ്ട്. നിയമപരമായമായ ബന്ധത്തിലേക്ക് പോകാതെ വേണ്ടിവന്നാല്‍ ഉഭയകക്ഷി സമ്മതപ്രകാരം ബന്ധം വേര്‍പെടുത്താനായി ലിവ് ഇന്‍ റിലേഷന്‍ സ്വീകരിക്കാനും കുട്ടികള്‍ ഇല്ലാതെ തുടരാനും ഒക്കെയുള്ള തീരുമാനങ്ങളും പ്രവണതയുംകൂടി മുന്നോട്ട് വരുന്നുണ്ട്. ഇത് കൂടാതെ സ്ത്രീയും പുരുഷനും മാത്രമല്ല, സ്ത്രീയും സ്ത്രീയും പുരുഷനും പുരുഷനും ഒക്കെത്തമ്മില്‍ പ്രണയിക്കുവാനുളള സ്വാതന്ത്രം ഉണ്ട് എന്ന തിരിച്ചറിവിലേക്കും പുതുതലമുറ എത്തിയിട്ടുണ്ട്. ഇനിയുളള തലമുറയിലും പ്രണയത്തിന് പ്രസക്തിയുണ്ടാവും പക്ഷേ അതിന്റെ രൂപവും ഭാവവും മാറും. സാംസ്‌കാരികമായി സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പ്രണയത്തിന്റെ സ്വഭാവവും മാറും. പരസ്പര ധാരണയോടെ പ്രണയത്തില്‍നിന്ന് പിരിഞ്ഞുപോകാനുളള മാനസിക നിലയിലേക്ക് പലരും എത്തിച്ചേരുന്നുണ്ട്. പ്രണയം ഒരു ബാധ്യതയോ ബന്ധനമോ ആയി മാറാതെ മറ്റ് സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോവുക.
പ്രണയത്തിന്റെ തീവ്രത കൂട്ടുന്ന കാര്യങ്ങളിലൊന്ന് ആദ്യഘട്ടത്തില്‍ പങ്കാളിയുടെ ശാരീരികവും സൗന്ദര്യപരവുമായ ആകര്‍ഷകത്വമാണ്. പക്ഷേ ബന്ധം മുന്നോട്ട് പോകുമ്പോള്‍ തുടര്‍ന്ന് പങ്കാളി എത്രത്തോളം തന്നെ കരുതുന്നു എന്നതിലാണ് കാര്യം. അതാണ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രണയത്തിന്റെ തീവ്രത കൂട്ടുന്ന ഘടകം. പിന്നീട് പങ്കാളി എത്രത്തോളം തന്റെ കാഴ്ചപ്പാടുകള്‍ മനസിലാക്കുന്നു, തന്നെ ശ്രദ്ധിക്കുന്നു, തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ വളര്‍ത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു, അഭിപ്രായ വ്യത്യാസം വരുമ്പോള്‍ അത് രമ്യതയില്‍ പരിഹരിക്കാനുള്ള പങ്കാളിയുടെ കഴിവ്. ഇതൊക്കെ അനുസരിച്ചാണ് പ്രണയം ശക്തമായി മുന്നോട്ട് പോകുന്നത്.
കപടതയാണ് പ്രധാനമായും പ്രണയത്തിന്റെ തീവ്രത കുറയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനം. പങ്കാളിയുടെ മുന്നില്‍ ഒരു മുഖം കാണിക്കുകയും അപ്പുറത്ത് മറ്റൊരു മുഖം ഉള്ളതുമായ സ്വഭാവം. കാപട്യം പ്രണയത്തിന്റെ തീവ്രത കുറയ്ക്കും. അടുത്തത് മാംസനിബന്ധമായിട്ടുളള പ്രണയമാണ്. ലൈംഗിക താല്‍പര്യം മാത്രമാണുള്ളതെങ്കില്‍ പ്രണയത്തിന്റെ ആകര്‍ഷകത്വം കുറച്ച് കഴിയുമ്പോള്‍ കുറയും.കാരണം അവിടെ വൈകാരിക ബന്ധം ഉണ്ടാവില്ല. അടുത്തത് അഭിപ്രായ സ്വാതന്ത്രമില്ലാത്ത ബന്ധമാണ്. അവിടെ ഒരാള്‍ അടിമയായിരിക്കും. മറ്റൊരുകാര്യം നൂറ് ശതമാനം വിശ്വസ്തരാണ് എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ഒരു വിവാഹേതര ബന്ധം പുലര്‍ത്തുക. സാമ്പത്തികമായി പങ്കാളിയെ മുതലെടുക്കുന്നതും പ്രണയതകര്‍ച്ചയ്ക്ക് കാരണമാകും.
പ്രണയം അപകടമാകുന്നത് അത് ടോക്‌സിക് ആകുമ്പോഴാണ്. മറുവശത്തുളള ആളിന്റെ ചിന്തകളെയും വികാരങ്ങളെയും മാനിക്കാതെയിരിക്കുമ്പോള്‍ പങ്കാളി കൂടുതല്‍ വിഷമത്തിലേക്കെത്തുകയാണ്. അതുപോലെതന്നെ പ്രണയത്തിലാകുമ്പോള്‍ മറ്റെല്ലാ ബന്ധങ്ങളും വേണ്ടെന്നുവച്ച് ഈ പ്രണയത്തിലേക്ക് മാത്രം ഒതുങ്ങികൂടുന്നതും അപകടമാണ്. ഇതാണ് വൈകാരികമായ അടിമത്വത്തിന് കാരണം. മാതാപിതാക്കളുമായി വൈകാരിക ബന്ധമില്ലാത്ത, സുഹൃത്തുക്കളില്ലാത്ത, സാമൂഹിക ബന്ധങ്ങളില്ലാത്ത വ്യക്തിയാണ് പ്രണയിതാവിന്റെ മുന്‍പില്‍ സ്വയം അടിയറവ് വയ്ക്കുന്നത്. ഇത് അപകടകരമായ അവസ്ഥയാണ്. ആ വ്യക്തിയുടെ ഭാഗത്തുനിന്നും വരുന്ന ചെറിയ തിരസ്‌കാരങ്ങള്‍ പോലും മാനസികമായി പങ്കാളിയെ വല്ലാതെ തളര്‍ത്തും. അത് വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും ഒക്കെ നയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രണയത്തിലിരിക്കുമ്പോള്‍ തന്നെ സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളും ഒക്കെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
ഒന്നിലേറെ പ്രണയങ്ങള്‍ സാധ്യമാകും. അവിടെയും സുതാര്യത നിലനിര്‍ത്തുക എന്നതാണ് കാര്യം. ഒരുബന്ധത്തില്‍ നിന്ന് മറ്റൊരു ബന്ധത്തിലേക്ക് പോകാനാവും. അതൊരിക്കലും ഒരു recoil love ആകരുത്. ബ്രേക്കപ്പിന് ശേഷം ആ നഷ്ടത്തെ മറികടക്കാന്‍ വ്യക്തമായി ആലോചിക്കാതെ മറ്റൊരു ബന്ധത്തിലേക്ക് പോവുക എന്ന അവസ്ഥയാണ് ഇത്. സഹതാപം തോന്നിയിട്ടോ, എന്തെങ്കിലും പ്രത്യേകത തോന്നിയിട്ടോ ഒരു മാനസികാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനോ മറ്റൊരു ബന്ധത്തിലേക്ക് പോകരുത്. പരസ്പരം സംസാരിച്ച് മനസിലാക്കിയ ശേഷം വേണം തീരുമാനങ്ങള്‍ എടുക്കാന്‍.
Content Highlights : Is there a psychology to love?...How does one person fall in love with another person?