
'ബൂർഷ്വാസിയുമായി മുഖാമുഖം നിൽക്കുന്ന എല്ലാ വർഗ്ഗങ്ങളിലും, തൊഴിലാളിവർഗ്ഗം മാത്രമാണ് യഥാർത്ഥത്തിൽ വിപ്ലവകരമായ വർഗ്ഗം. ആധുനിക വ്യവസായത്തിന് മുന്നിൽ മറ്റ് വിഭാഗങ്ങൾ ക്ഷയിക്കുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു; തൊഴിലാളിവർഗ്ഗം അതിന്റെ സവിശേഷവും അനിവാര്യവുമായ ഉൽപ്പന്നമാണ്.'
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
ഇതുവരെയുണ്ടായിരുന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗ്ഗ സംഘർഷങ്ങളുടെ ചരിത്രമാണെന്നും തൊഴിലാളി വർഗ്ഗത്തിൻ്റെ അനിവാര്യമായ വിജയം സമൂഹത്തിലെ വർഗ്ഗ വ്യത്യാസങ്ങൾക്ക് അന്ത്യം കുറിക്കുമെന്നും ലോകത്തോട് പ്രഖ്യാപിച്ച പ്രത്യയശാസ്ത്രത്തിൻ്റെ ആശയാടിത്തറ പ്രസിദ്ധീകൃതമായിട്ട് 177 വർഷം പൂർത്തിയാകുകയാണ്. പ്രസിദ്ധീകരിക്കപ്പെട്ട് ഒന്നേമുക്കാൽ നൂറ്റാണ്ടിലേറെ പിന്നിടുമ്പോഴും കാലത്തെ അതിജീവിക്കാനും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൻ്റെ ആശയപ്രഞ്ചമായി നിലനിൽക്കാനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് സാധിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട, വിവർത്തനം ചെയ്യപ്പെട്ട, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളുടെ ഗണത്തിൽ മുൻപന്തിയിലാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് സ്ഥാനം. സാങ്കേതിക വിദ്യയുടെ വികാസം സമൂഹിക ബന്ധങ്ങളിൽ വലിയ പരിണാമങ്ങൾ വരുത്തിയ കാലത്തും മാനിഫെസ്റ്റോയിലെ സാമൂഹ്യബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ഇന്നും പ്രസക്തമാണ്.
കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും ചേർന്നെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848 ഫെബ്രുവരി 21നാണ് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന വിപ്ലവ സംഘം പ്രസിദ്ധീകരിച്ചത്. 'മാനിഫെസ്റ്റ്ഡെർ കമ്മ്യൂണിസ്റ്റിഷൻ പാർട്ടൈ' (കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാനിഫെസ്റ്റോ) എന്ന പേരിലായിരുന്നു ഈ കൃതി ജർമ്മനിയിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. നിരന്തമായ ആശയ സംവാദങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ സിദ്ധാന്തവും പ്രയോഗവും വ്യക്തമാക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചനയിലേയ്ക്ക് മാർക്സും ഏംഗൽസും എത്തിച്ചേരുന്നത്.
തുടക്കത്തിൽ ഹെഗലിയൻ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന മാർക്സിൻ്റെ ജീവിതം മാറ്റിമറിക്കുന്നത് പാരീസിലെ പ്രവാസ ജീവിതമായിരുന്നു. ഇവിടെ വെച്ചായിരുന്നു മാർക്സും ഏംഗൽസും തമ്മിലുള്ള സൗഹൃദം ശക്തമാകുന്നത്. അക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളുടെ കേന്ദ്രമായിരുന്ന പാരീസിൽ വെച്ചാണ് മാർക്സിൻ്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് മൂർച്ച കൂടുന്നത്. ഏംഗൽസും ഈ ആശയരൂപീകരണത്തിൽ പങ്കാളിയായിരുന്നു. പിന്നീട് 1845ൽ മാർക്സ് ഫ്രാൻസിൽ നിന്നും നാടുകടത്തപ്പെട്ടു. തുടർന്നുള്ള രണ്ട് വർഷത്തിനിടെ മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ ബൗദ്ധിക നേതൃത്വത്തിലേയ്ക്ക് ഉയർന്നു. 1847ൽ ലണ്ടനിലെ 'ലീഗ് ഓഫ് ദ ജസ്റ്റ്' എന്ന രഹസ്യസംഘടനയുടെ ഭാഗമാകാൻ മാർക്സിന് ക്ഷണം ലഭിച്ചതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പിറവിയ്ക്ക് വഴിതെളിക്കുന്നത്. ലണ്ടനിൽ താമസിച്ചിരുന്ന ജർമ്മൻ തൊഴിലാളി വിപ്ലവകാരികളുടെ കൂട്ടായ്മയായിരുന്നു ഈ സംഘടന. പിന്നീട് ഏംഗൽസിനോടൊപ്പം ഈ സംഘടനയുടെ പേര് മാർക്സ് 'കമ്മ്യൂണിസ്റ്റ് ലീഗ്"എന്നാക്കി മാറ്റുന്നതിലും അതിനെ യൂറോപ്പിലെ മറ്റ് തൊഴിലാളി കൂട്ടായ്മകളുമായി ബന്ധിപ്പിക്കുന്നതിലും പങ്കാളിയായി. കമ്മ്യൂണിസ്റ്റ് ലീഗ് നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നത്. 1847ൽ ഏംഗൽസ് എഴുതിയ ഒരു ലഘുലേഖയെ അടിസ്ഥാനമാക്കിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആശയങ്ങൾ രൂപപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് ലീഗ് ഔദ്യോഗികമായി അവരുടെ മാനിഫെസ്റ്റോ ആയി ഇതിനെ അംഗീകരിച്ചു. അങ്ങനെയാണ് 1848 ഫെബ്രുവരി 21ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകൃതമാകുന്നത്.
'യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടുന്നു- കമ്മ്യൂണിസം എന്ന ഭൂതം' എന്ന പ്രഖ്യാപനത്തോടെയായിരുന്നു മാനിഫെസ്റ്റോ ആരംഭിക്കുന്നത്. 'പഴയ യൂറോപ്പിലെ എല്ലാ ശക്തികളും ഈ ഭൂതത്തെ പുറത്താക്കാൻ ഒരു വിശുദ്ധ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നു- പോപ്പും സാറും മെറ്റർനിച്ചും ഗ്വിസോട്ടും ഫ്രഞ്ച് റാഡിക്കലുകളും ജർമ്മൻ പൊലീസ് ചാരന്മാരും' എന്നാണ് മാനിഫെസ്റ്റോയുടെ ആദ്യ ഖണ്ഡികയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
'തൊഴിലാളി വർഗ്ഗത്തിന് അവരുടെ ചങ്ങലകൾ ഒഴികെ നഷ്ടപ്പെടാനൊന്നുമില്ല, അവർക്ക് നേടാനൊരു ലോകമുണ്ട്. സർവ്വരാജ്യ തൊഴിലാളികളെ ഒന്നിക്കൂ!' എന്ന് ആഹ്വാനം ചെയ്ത് അവസാനിക്കുന്ന മാനിഫെസ്റ്റോ എന്ന ചെറിയ പുസ്തകമാണ് നാളിതുവരെ ലോകത്തിൻ്റെ സാമൂഹ്യബന്ധങ്ങളുടെ ഗതിവിഗതികളെ വലിയ അളവിൽ നിയന്ത്രിച്ചതും നിയന്ത്രിക്കുന്നതും ഭാവിയിൽ നിയന്ത്രിക്കാൻ പോകുന്നതും.
1848ൽ പ്രസ്ദ്ധീകൃതമായതിന് ശേഷം മാനിഫെസ്റ്റോ മുന്നോട്ടുവെയ്ക്കുന്ന സാമൂഹ്യ മാറ്റത്തിൻ്റേതായ ലക്ഷ്യങ്ങൾ ലോകത്ത് പലയിടങ്ങളിലും വിജയകരമായി നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. 20-ാം നൂറ്റാണ്ടിനെ അത്രമേൽ ശക്തമായ സ്വാധീനിച്ച ആ മാറ്റങ്ങൾ ലോകത്തിൻ്റെ പുരോഗമനപരമായ കാഴ്ചപ്പാടുകളുടെല്ലാം അടിത്തറയായി ഇന്നും ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്.
സമത്വവുമായി ബന്ധപ്പെട്ട മനുഷ്യൻ്റെ ചിന്തകളെ ആശയപരമായി സ്വാധീനിക്കാൻ സാധിച്ചുവെന്നതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ എല്ലാക്കാലത്തെയും പ്രസക്തി. വംശപരമ്പരയോ, മതമോ അവരുടെ ജീവിതത്തിലെ സ്ഥാനം നിർണ്ണയിക്കുന്നതല്ല എന്ന് തിരിച്ചറിയാൻ ആളുകളെ എല്ലാക്കാലത്തും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രചോദിപ്പിച്ചിട്ടുണ്ട്. എല്ലാ മനുഷ്യരും ഒരേതരം ജീവികളാണെന്നും വിവേചനം, അസമത്വം, ആസൂത്രിതമായ അനീതി എന്നിവ പരിഹരിക്കേണ്ട പ്രശ്നങ്ങളാണെന്നും സൈദ്ധാന്തികമായി ലോകമെെമ്പാടുമുള്ള മനുഷ്യരെ മാനിഫെസ്റ്റോ ബോധ്യപ്പെടുത്തി. ഈ സിദ്ധാന്തങ്ങളുടെ പ്രയോഗത്തിനുള്ള ശ്രമങ്ങൾ പല കാലങ്ങളിൽ ലോകത്ത് പലയിടത്തായി ഉണ്ടായിട്ടുണ്ട്. ആശയപരമായ ഈ ശ്രമങ്ങൾ വിപ്ലവങ്ങളുടെയും സമരങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയുമെല്ലാം സ്വഭാവത്തിലാണ് അരങ്ങേറിയത്. അതിൻ്റെ ഫലമെന്തായാലും ഇവ ലോകത്തിന് പകർന്ന് നൽകിയ വിവിധങ്ങളായ അവകാശ ബോധങ്ങൾ സാമൂഹ്യബന്ധങ്ങളെ വലിയ നിലയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. തൊഴിൽ നിർബന്ധമായും എല്ലാവർക്കും ലഭ്യമാക്കണമെന്ന അവകാശബോധത്തിൻ്റെ കരുത്ത് ലോകത്തിന് പകർന്ന് നൽകിയത് മാനിഫെസ്റ്റോയാണ്. പൊതു വിദ്യാലയങ്ങളിൽ എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം നൽകണമെന്നും കുട്ടികളെ തൊഴിലെടുപ്പിക്കുന്നതിൽ നിന്നും നിരോധിക്കണമെന്നുമുള്ള പുരോഗമനപരമായ കാഴ്ചപ്പാടിൻ്റെ ആശയപരമായ മൂർച്ച ലോകത്തിന് പകർന്ന് നൽകിയതും മാനിഫെസ്റ്റോയാണ്.
പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ സമത്വവും സോഷ്യലിസവും മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1871ലെ പാരീസ് കമ്മ്യൂണിനെയും റഷ്യൻ വിപ്ലവം ഉൾപ്പെടെയുള്ള തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളെയും യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും വ്യത്യസ്തങ്ങളായ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെയും മാനിഫെസ്റ്റോയിലെ ആശയങ്ങൾ ആഴത്തിൽ സ്വാധീനിച്ചിരുന്നു. മുതലാളിത്തത്തോടുള്ള ആശയപരമായ എതിർപ്പും തൊഴിലാളി വർഗ ഐക്യത്തിൻ്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ച മാനിഫെസ്റ്റോ ലോകവ്യാപകമായി നിരവധിയായ തൊഴിൽ സമരങ്ങൾക്ക് പ്രചോദനമായി. ഇത്തരം തൊഴിലാളിവർഗ്ഗ സമരങ്ങളുടെ പിന്നാലെ ലോകത്ത് പലയിടത്തും സോഷ്യലിസ്റ്റ് ആശയങ്ങളുള്ള ഭരണകൂടങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ മാനിഫെസ്റ്റോയിലെ ആശയങ്ങൾക്ക് ലോകവ്യാപകമായി തിരിച്ചടി നേരിടുകയും സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും ഭാവിയില്ലെന്ന് വലിയൊരു വിഭാഗം വിധിയെഴുതുകയും ചെയ്തിരുന്നു. മാനിഫെസ്റ്റോ പറയുന്നത് പോലെ ഇതുവരെയുണ്ടായിരുന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗ്ഗ സംഘർഷങ്ങളുടെ ചരിത്രമാണെന്ന പ്രഖ്യാപനത്തെ അടിവരയിട്ട് കൊണ്ട് 21-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ ലോകം നേരിടുന്ന എല്ലാ അസമത്വങ്ങളുടെയും പരിഹാരം സോഷ്യലിസമാണെന്ന ചിന്താഗതി വീണ്ടും ശക്തിപ്പെടുകയാണ്.
മാനിഫെസ്റ്റോയുടെ സൈദ്ധാന്തിക പ്രയോഗം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന ചൈനയുടെ മുന്നേറ്റം പുതിയ നൂറ്റാണ്ടിൽ ശ്രദ്ധേയമാണ്. നവലിബറൽ കാലത്ത് മുതലാളിത്തത്തിൻ്റെ കമ്പോള തന്ത്രങ്ങളെ നേരിടാൻ സോഷ്യലിസ്റ്റ് കമ്പോളമെന്ന ബദൽ മുന്നോട്ടുവെച്ച് ചൈന കൈവരിച്ച സാമ്പത്തിക പുരോഗതി ലോകം അതിശയത്തോടെയാണ് നോക്കി കാണുന്നത്. ഉദ്പാദന ശക്തികളെ വികസിപ്പിച്ച് ചൈന കൈവരിക്കുന്ന നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം മാനിഫെസ്റ്റോ മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്. രാജ്യത്തെ മുഴുവൻ ആളുകളുടെയും ദാരിദ്ര്യം ഇല്ലാതാക്കുക ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഉദ്പാദന ശക്തികളെ വികസിപ്പിച്ച് മുന്നേറുന്നത്. ലോകത്തെ നിർമ്മാണത്തിൻ്റെ 35 ശതമാനവും ഇന്ന് ചൈനയ്ക്ക് സ്വന്തമാണ്. സോഷ്യലിസം എന്ന ലക്ഷ്യം ഇപ്പോഴും കൈവരിച്ചിട്ടില്ലെന്നും ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേയ്ക്ക് മുന്നേറുകയാണ് എന്നുമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തമാക്കുന്നത്. മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന ആശയപ്രയോഗത്തിൻ്റെ വഴിയെ മുന്നേറി 2049ഓടെ സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്.
അസമത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും കുറിച്ചുള്ള ആധുനിക കാലത്തെ ചർച്ചകളിലും മാനിഫെസ്റ്റോയിലെ ആശയങ്ങൾ ഇപ്പോഴും വലിയ സ്വാധീനം ചെലുത്തുന്നു എന്നതാണ് വളരെ പ്രസക്തമായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകൃതമായ ദിവസം ലോകമെമ്പാടുമുള്ള ഇടതുപക്ഷ സംഘടനകളും പ്രസാധകരും ഇപ്പോൾ റെഡ്ബുക്ക് ഡേയായി ആചരിച്ച് വരുന്നുണ്ട്. ഇടതുപക്ഷ ആശയങ്ങൾ ഉൾക്കൊള്ളുന്ന, സോഷ്യലിസ്റ്റ് സമൂഹസൃഷ്‌ടിക്ക് പ്രചോദനമാകേണ്ട പുസ്തകങ്ങളെ സംവാദസ്വഭാവത്തിൽ ആഘോഷിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് അർത്ഥമാക്കുന്നത്.
തീവ്ര വലതുപക്ഷം ഇടതുപക്ഷ എഴുത്തുകാരെയും രചയിതാക്കളെയും പ്രസാധകരെയും വിതരണക്കാരെയും പുസ്തക വിൽപ്പനക്കാരെയും ലക്ഷ്യമിടുന്ന കാലത്ത് ഇത്തരമൊരു ദിവസത്തിൻ്റെ അനിവാര്യത ഇടതുപക്ഷ കേന്ദ്രങ്ങൾ ശക്തിയോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാർക്‌സിസത്തിനും യുക്തിസഹമായ ചിന്തകൾക്കുമെതിരെ തീവ്ര വലതുപക്ഷം ലോകമെങ്ങും അവ്യക്തവും അശാസ്ത്രീയവുമായ ആശയങ്ങൾ പ്രചരിച്ച് മനുഷ്യൻ കൈവരിച്ച സാമൂഹ്യ പുരോഗതിയെ കൂടി പിന്നാക്കം വലിക്കുന്ന ഒരു കാലത്താണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണ വാർഷികവും അതിന് അനുബന്ധമായി റെഡ്ബുക്ക് ഡേയും ലോകമെങ്ങും ആചരിക്കപ്പെടുന്നത്.
Capital of the working class The 'Communist Manifesto' has survived the time