
ഇഎംഐ അടയ്ക്കാത്ത ആളുകൾ ഇക്കാലത്ത് കുറവാകും എന്നുതന്നെ വേണം പറയാൻ. വീട്, വാഹനം, ഗൃഹോപകരണങ്ങൾ തുടങ്ങി അത്യാവശ്യം തുക തന്നെ നമ്മൾ വായ്പയായി പലർക്കുമായി അടയ്ക്കുന്നുണ്ട്. പലപ്പോഴും വരുമാനത്തിന്റെ സിംഹഭാഗവും ഇത്തരം വായ്പകൾക്കായിട്ടാണ് പോകുക. ഇതിനെ സംബന്ധിച്ച് പ്രൈസ് വാട്ടർ കൂപ്പേഴ്സിന്റെ സഹകരണത്തോടെ നടത്തിയ ഒരു പഠനം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഇന്ത്യക്കാർ തങ്ങളുടെ വരുമാനത്തിന്റെ 33%ലധികം തുകയും വായ്പ അടയ്ക്കാനാണ് ഉപയോഗിക്കുന്നത് എന്നാണ് പുതിയ കണ്ടെത്തൽ. പെർഫിയോസ് എന്ന ഫിൻടെക്ക് കമ്പനി പ്രൈസ് വാട്ടർ കൂപ്പേർസുമായി സഹകരിച്ച് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് ലക്ഷം ജനങ്ങൾക്കിടയിലാണ് ' How India Spend; Deep Dive Into Consumer Spending Behaviour' എന്ന ഈ പഠനം നടന്നത്. ഉയർന്ന - ഇടത്തരം വരുമാനമുളവർക്കിടയിലാണ് തിരിച്ചടവ് കൂടുതൽ എന്ന് പഠനം പറയുന്നു.
ഇന്ത്യക്കാർ തങ്ങളുടെ വരുമാനത്തിന്റെ 33%ലധികം തുക ഇഎംഐ ആയി അടയ്ക്കുകയാണ്. ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങൾക്കായി വരുമാനത്തിന്റെ 39 ശതമാനം തുകയാണ് ചിലവഴിക്കുന്നത്. 29% തുക അവശ്യ ചിലവുകൾക്കും 29% ആവശ്യമെങ്കിൽ വേണ്ട എന്ന് വെക്കാവുന്ന ചിലവുകളിലേക്കുമാണ് മാറ്റിവെക്കുന്നതെന്നും പഠനറിപ്പോർട്ടിലെ കണ്ടെത്തലുകൾ പറയുന്നു.
ചിലവിന്റെ 62% തുക ഫാഷൻ, ആഭരണങ്ങൾ പോലുള്ള ലൈഫ്സ്റ്റൈൽ പർച്ചേസുകൾക്കായാണ് ജനങ്ങൾ മാറ്റിവെക്കുന്നത്. ഉയർന്ന വരുമാനം ഉള്ളവർക്കിടയിൽ ഭക്ഷണത്തിനായുള്ള ചിലവുകളാണ് അധികം. പുറത്ത് പോയി ഭക്ഷണം കഴിക്കാനോ, ഓൺലൈനായി ഓർഡർ ചെയ്യാനോ മറ്റുമാണ് ഇവർ അധികം തുക ചിലവഴിക്കുന്നത്.
ഉയർന്ന വരുമാനമുള്ളവർ വാഹനങ്ങൾ, ആഡംബര വസ്തുക്കൾ, അവധിക്കാല യാത്ര തുടങ്ങിയവയ്ക്കാണ് കൂടുതലായും വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം എന്നിവയാണ് നിർബന്ധിത ചിലവുകളിൽ ഉൾപ്പെടുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം, വിനോദങ്ങൾ, യാത്രകൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് ആവശ്യമെങ്കിൽ വേണ്ട എന്ന് വെക്കാവുന്ന ചിലവുകൾ. പലചരക്ക്, ഇന്ധനം, വൈദ്യുതി, മരുന്ന് തുടങ്ങിയവയാണ് ഒഴിച്ചുകൂടാനാകാത്ത ചിലവുകൾ.
ഗാർഹിക സമ്പാദ്യം താഴ്ന്ന നിലവാരത്തിലേക്കെത്തുന്നു എന്നതാണ് റിപ്പോർട്ടിലെ നിർണായകമായ ഒരു കണ്ടെത്തൽ. അപ്പോഴും ജനങ്ങളുടെ ഉപഭോഗത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യക്‌തിഗത വായ്പകളുടെ വർധനവ് മൂലമാണ് ഈ കുറവ് എന്നാണ് വിലയിരുത്തൽ. 13.7 ശതമാനമാണ് വ്യക്തിഗത വായ്പകളിൽ വർധനവ്. ആളുകളുടെ ശമ്പളത്തിൽ നാമമാത്രമായ വർധനവ് മാത്രമേ ഉണ്ടായിട്ടുളളുവെങ്കിലും കടബാധ്യത കൂടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlights: indians spend one third of their income for EMI's, says new report