
മഹാത്മാഗാന്ധി നാരായണഗുരു സ്വാമികളെ സന്ദര്‍ശിക്കാന്‍ ശിവഗിരിയിലെത്തുന്നത് 1925 മാര്‍ച്ചിലാണ്. ഗാന്ധ്യാശ്രമം എന്ന ഭവനത്തിലാണ് ഗാന്ധി - ഗുരു കൂടിക്കാഴ്ച്ചക്കുള്ള അരങ്ങൊരുങ്ങിയത്. ഗുരു-ഗാന്ധി കൂടിക്കാഴ്ച്ച അതിന്റെ ശതാബ്ദി നിറവിലെത്തുമ്പോള്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളും ഗുരു ഉണര്‍ത്തിയ മറുപടികളും മലയാളിയുടെ മുന്നില്‍ ഓര്‍മകളുടെ സമരം സൃഷ്ടിക്കും. 'ആധ്യാത്മിക മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ' എന്ന് ഗാന്ധിജിയുടെ ചോദ്യത്തിന് 'അന്യമതങ്ങളിലും മോക്ഷമാര്‍ഗം ഉണ്ടല്ലോ' എന്നാണ് ഗുരു പറഞ്ഞ മറുപടി. ഗാന്ധിജി തുടര്‍ന്ന് ഗുരുവിനോട് ചോദിച്ചത് 'അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ ഹിന്ദുമതം മോക്ഷ പ്രാപ്തിക്ക് പര്യാപ്തം തന്നെയോ' എന്നാണ്.
ഗാന്ധിജി ഉന്നയിച്ച ഈ ചോദ്യം മലയാളികള്‍ക്ക് മുന്നില്‍ വന്ന് തറച്ചു നില്‍ക്കുയാണ്.ഹിന്ദുമതം എല്ലാവരെയും മനുഷ്യരായി പരിഗണിക്കുന്നുണ്ടോ എന്ന ചരിത്രപരമായ പ്രശ്‌നം സമകാലിക ഇന്ത്യയുടെ രാഷ്ട്ര ശരീരത്തെയും കാര്‍ന്നു തിന്നുകയാണ്. ബ്രാഹ്‌മണ - ക്ഷത്രിയ- വൈശ്യാദികള്‍ക്ക് മാത്രം പ്രാധാന്യമുള്ള ത്രൈവര്‍ണിക വ്യവസ്ഥയില്‍ ശൂദ്രരെയും വര്‍ണ ബാഹ്യരായ ദലിത് ബഹുജനങ്ങളെയും ഹീനരായി മുദ്ര കുത്തി പുറന്തള്ളുന്നു. ഈ വ്യവസ്ഥക്ക് ഇന്നും മാറ്റമില്ലെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് സമകാലിക കേരളത്തിലും അരങ്ങേറികൊണ്ടിരിക്കുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ സമുദയാംഗമായ ഒരു വ്യക്തിക്ക് കഴകക്കാരനായി പോലും പ്രവേശനിക്കാനാവാത്ത രീതിയില്‍ ക്ഷേത്രത്തെ ജാതിക്കോട്ടയായിട്ടാണ് ബ്രാഹ്‌മണ തന്ത്രിമാര്‍ നിലനിര്‍ത്തി പോരുന്നത്.
1936 ല്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച അവസരത്തില്‍ കൈമുക്ക് വൈദികനും വെളുത്തേടത്ത് തരണനെല്ലൂര്‍ നമ്പൂതിരിമാര്‍ ഉള്‍പ്പെടെയുള്ള ബ്രാഹ്‌മണര്‍ ഇരിങ്ങാലക്കുടയില്‍ കിഴക്കേ മനക്കാട് രാമന്‍ നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ എതിര്‍ത്തു. അയിത്തക്കാരായി ബ്രാഹ്‌മണ്യം മുദ്ര കുത്തിയവര്‍ പ്രവേശിച്ച ക്ഷേത്രത്തിലെ പൂജാരിമാരെ ഭ്രഷ്ടരാക്കാനും ഇരിങ്ങാലക്കുടയിലെ നമ്പൂതിരിമാര്‍ യോഗം കൂടി തീരുമാനിച്ചു. ഇതേ നമ്പൂതിരിമാരുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്ന് ഒരു ഈഴവ കഴകക്കാരനെതിരെ ജാതിഹിംസയുടെ കൊടുവാള്‍ വീശിയത്. ഹിന്ദു മതം മോക്ഷത്തിന് പര്യാപ്തമാണോ എന്ന ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരം അന്വേഷിക്കേണ്ടത് ബ്രാഹ്‌മണസാഹിത്യങ്ങളിലും അവരുടെ അനുഷ്ഠാനങ്ങളിലുമാണ്.
മോക്ഷത്തിനായി തപസു ചെയ്ത ശൂദ്രനായ ശംബൂകന്റെ ശിരസ് കൊയ്‌തെടുത്ത രാമന്റെ പ്രവൃത്തി തെളിയിക്കുന്നത് ശൂദ്രര്‍ക്ക് മോക്ഷത്തിന് അധികാരമില്ലെന്നാണ്. ശൂദ്രന് വേദാധികാരമില്ലെന്ന് ശങ്കരന്‍ ഗീതാഭാഷ്യത്തില്‍ എഴുതുന്നുണ്ട്. തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ദശാധ്യായിയില്‍ ബ്രാഹ്‌മണര്‍ക്കും ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും മാത്രമേ മോക്ഷത്തിനധികാരമുള്ളു എന്ന് വ്യക്തമാക്കുന്നുണ്ട്. 1915 ലെ കൊച്ചി ഗവണ്‍മെന്റ് ഗസറ്റില്‍ ഹിന്ദുക്കളിലെ തന്നെ തീണ്ടലുള്ള ജാതികള്‍ ക്ഷേത്രത്തിന് പുറത്തുള്ള വഴിയില്‍ കൂടി നടക്കുന്നത് പോലും വിലക്കുന്നുണ്ട്. ഇതെല്ലാം തെളിയിക്കുന്നത് ഹൈന്ദവബ്രാഹ്‌മണമതം എല്ലാ മനുഷ്യര്‍ക്കും മോക്ഷത്തിനനുവദിക്കുന്നില്ല എന്ന് തന്നെയാണ്.
'അന്യമതങ്ങളിലും മോക്ഷമാര്‍ഗം ഉണ്ടല്ലോ' എന്ന ഗുരുവിന്റെ ഉത്തരത്തില്‍ തൃപ്തി വരാതെയാണ് 'ഹിന്ദുമതം മോക്ഷ പ്രാപ്തിക്ക് പര്യാപ്തം തന്നെയോ' എന്ന് ഗാന്ധി വീണ്ടും ആവര്‍ത്തിക്കുന്നത്. ആ ചോദ്യത്തിന് ഗുരു നല്‍കിയ മറുപടി: 'ഹിന്ദുമതം ധാരാളം പര്യാപ്തം തന്നെ പക്ഷേ ലൗകികമായ സ്വാതന്ത്ര്യത്തെ ആണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നത്' എന്നാണ്. ബ്രാഹ്‌മണമതം അടിസ്ഥാനപരമായി മനുഷ്യരുടെ ലൗകിക സ്വാതന്ത്ര്യത്തെയാണ് തടുക്കുന്നത്. മനുഷ്യരുടെ ആരാധനാ സ്വാതന്ത്ര്യത്തെ തന്നെ ബ്രാഹ്‌മണമതം തടയുന്നു.
ശബരിമലയില്‍ ഒരു അബ്രാഹ്‌മണന് ഇന്നും മേല്‍ശാന്തിയാവാന്‍ കഴിയുന്നില്ല. സത്യാഗ്രഹസമരകാഹളം മുഴങ്ങിയ വൈക്കത്ത് ശ്രീകോവിലിലും ഒരു അബ്രാഹ്‌മണ പൂജാരിക്ക് പ്രവേശനമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാചകക്കാരനാവണമെങ്കില്‍ പോലും ബ്രാഹ്‌മണനായി ജനിക്കണമെന്ന് ഉത്തരവുകള്‍ പുറപ്പെടുന്നു. ഇങ്ങനെ ജാതിയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ അവര്‍ണ ബഹുജനങ്ങളെ ഇന്നും പുറന്തള്ളുമ്പോള്‍ ഹിന്ദു മതം മോക്ഷലാഭത്തിന് പര്യാപ്തമാണോ എന്ന ഗാന്ധിയുടെ ചോദ്യത്തിന് ഗുരു നല്‍കിയ 'ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ ജനങ്ങള്‍ കൂടുതല്‍ ഇച്ഛിക്കുന്നത് ' എന്ന മറുപടി കൂടുതല്‍ പ്രസക്തമായിത്തീരുന്നുണ്ട്.
Content Highlights: A Historic Encounter: Gandhiji and Narayana Guru's 1925 Meeting at Sivagiri Mutt