
തിരുവനന്തപുരം: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം കേരളത്തിന് അപമാനകരമെന്ന് ഡിവൈഎഫ്ഐ. ക്ഷേത്ര പ്രവർത്തനം തടസപ്പെടുത്തി സമരം ചെയ്ത തന്ത്രിമാർക്കെതിരെ നടപടി സ്വീകരിക്കണം.ചാതുർവർണ്യത്തിൻ്റെ പ്രേതം പിടികൂടിയ ജാതി കോമരങ്ങളുടെ ഭരണഘടനാ വിരുദ്ധ നിലപാടാണ് കണ്ടത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും പുനഃസ്ഥാപിക്കുന്നതിനായി ശ്രമിക്കുന്ന ശക്തികളെ ചെറുത്ത് തോൽപ്പിക്കുമെന്നും ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചു. ക്ഷേത്രത്തിൽ ജീവനക്കാരന് നേരെ ഉണ്ടായ ജാതി വിവേചനത്തിനെതിരെ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പിൻ്റെ പൂർണ രൂപം
തൃശ്ശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിയമിച്ച യുവാവിനെതിരെ ഉണ്ടായ ജാതിവിവേചനം അപലപനീയവും കേരളത്തിന് അപമാനവുമാണ്. കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് നിയോഗിച്ച യുവാവിനെ അവർണ്ണ സമുദായത്തിൽ ജനിച്ചയാൾ എന്ന കുറ്റം ആരോപിച്ചാണ് ക്ഷേത്രം തന്ത്രിമാർ ബഹിഷ്കരിക്കുന്ന സമീപനം സ്വീകരിച്ചത്. ഇതിൻ്റെ പേരിൽ ക്ഷേത്രം പ്രവർത്തനത്തെ തടസ്സപ്പെടുത്തി സമരം ചെയ്ത തന്ത്രിമാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം.
ചാതുർവർണ്യത്തിൻ്റെ പ്രേതം പിടികൂടിയ ചില ജാതി കോമരങ്ങളുടെ ഭരണഘടനാ വിരുദ്ധ നിലപാടാണ് ഇവിടെ ഉണ്ടായത്. തന്ത്രിമാരുടെ ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ വേണ്ടി കഴിയുന്നതല്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പുനസ്ഥാപിക്കുന്നതിനായി ശ്രമിക്കുന്ന എല്ലാ ശക്തികളെയും കേരളം ചെറുത്തു തോൽപ്പിക്കും.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജീവനക്കാരന് നേരെ ഉണ്ടായ ജാതി വിവേചനത്തിനെതിരെ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
Content Highlights- 'Caste discrimination in Koodal Manikyam temple is a disgrace to Kerala'; DYFI