
'ഇത് വെറും എണ്ണത്തിന്റെ മാത്രം പ്രശ്നമല്ല, നമ്മുടെ അധികാരം, അവകാശങ്ങൾ, നമ്മുടെ ഭാവി എന്നിവയുടെ പ്രശ്നമാണ്…
നമ്മുടെ ജനതയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നത് നമ്മളെ അറിയാത്തവരാണ്. അതിന് മാറ്റമുണ്ടാകണം…'
മണ്ഡല പുനർനിർണയത്തിനെതിരെ ചെന്നൈയിൽ നടന്ന സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ, രാജ്യത്തെ നിരവധി പ്രതിപക്ഷ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ സാക്ഷി നിർത്തി, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ പ്രസ്താവനയാണിത്. അതെ, സ്റ്റാലിൻ ഒരു പോരാട്ടത്തിന്, മുന്നിൽ നിന്ന് നേതൃത്വം കൊടുക്കുകയാണ്.
രാജ്യത്ത് ഫെഡറലിസം അങ്ങേയറ്റം അപകടകരമായ ഭീഷണി നേരിടുന്ന സാഹചര്യത്തിലായിരുന്നു ഈ യോഗം നടന്നത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഞെരുക്കവും മറ്റും മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്ന ആരോപണം ശക്തമായ സമയമാണ്. അപ്പോഴാണ് മണ്ഡല പുനർനിർണയവും ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട വിവാദങ്ങളും അരങ്ങേറുന്നത്. ഇവയ്‌ക്കെല്ലാം മുൻപിൽനിന്ന് ഒറ്റയാളായി പോരാടുന്നത് എം കെ സ്റ്റാലിനാണ്. കേന്ദ്രസർക്കാരുമായി തുറന്ന ഭാഷായുദ്ധം തന്നെ സ്റ്റാലിൻ നടത്തി. ഇപ്പോൾ മണ്ഡലപുനർനിർണയം സജീവ ചർച്ചാവിഷയമാകുമ്പോളും അതിനെതിരെയും യുദ്ധം നയിക്കുന്നത് സ്റ്റാലിൻ മുന്നിട്ടിറങ്ങിയാണ്.
ഒരുപക്ഷെ കേന്ദ്രസർക്കാരിനെതിരെ സ്റ്റാലിൻ ഒറ്റയ്ക്ക് നടത്തുന്ന യുദ്ധമാണ് ഇതെന്ന് പോലും തോന്നിയേക്കാം. മറ്റ് പ്രതിപക്ഷ നേതാക്കളുടെ ശബ്ദങ്ങളെക്കാൾ എന്നും ഒരുപടി ഉച്ചത്തിലായിരുന്നു സ്റ്റാലിന്റെ വാക്കുകൾ. ആ സംസ്ഥാനങ്ങളൊന്നും കൊടുക്കാത്ത പ്രാധാന്യമാണ് സ്റ്റാലിൻ ഈ വിഷയങ്ങൾക്ക് നൽകിവരുന്നത്. ഇപ്പോൾ സംയുക്ത യോഗം വിളിച്ചതും സ്റ്റാലിൻ നേരിട്ട് തന്നെ. ചുരുക്കിപ്പറഞ്ഞാൽ മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങൾ പിന്നിൽ അണിനിരന്ന്, സ്റ്റാലിൻ മുന്നിൽനിന്ന് നയിക്കുന്ന ഒരു പോരാട്ടം കൂടിയായി മാറുകയാണ് ഇവയെല്ലാം. ഫെഡറലിസത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ജനാധിപത്യ പോരാട്ടങ്ങളുടെ മുഖമാകുകയാണ് സ്റ്റാലിൻ
അടുത്തകാലത്തായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അപകടമെന്തെന്ന് മറ്റെല്ലാവരേക്കാളും ഉച്ചത്തിൽ വിളിച്ചുപറയുന്നത് സ്റ്റാലിൻ ഒറ്റയ്ക്കാണ്. നിരവധി യോഗങ്ങളും പ്രസംഗങ്ങളും സ്റ്റാലിൻ ഈ വിഷയം സംബന്ധിച്ച് നടത്തി. തമിഴ് സാംസ്‌കാരികതയ്ക്ക് മേല്‍, ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെയുള്ള പുതിയകാല പ്രക്ഷോഭത്തിന്റെ ചൂടും ചൂരും ജനങ്ങളെ അറിയിച്ചത് സ്റ്റാലിനാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പോലും കേന്ദ്രവുമായി കനത്ത വാഗ്‌വാദത്തിന് മുതിരാതെയിരുന്നപ്പോൾ തുറന്ന പോരാട്ടവുമായി രംഗത്തിറങ്ങിയത് സ്റ്റാലിൻ നേരിട്ടാണ്. ത്രിഭാഷാ വിദ്യാഭ്യാസം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ ഫണ്ടുകള്‍ തടഞ്ഞുവയ്ക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പ്രസ്താവനയ്ക്ക് മറുപടിയായി വലിയ പ്രതിഷേധമാണ് ഡിഎംകെ സംസ്ഥാനത്താകെ നടത്തിയത്. നിങ്ങൾ പണം തന്നില്ലെങ്കിലും വേണ്ട, ഈ നയം എന്റെ നാട്ടിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് സ്റ്റാലിൻ മറുപടിയായി അന്ന് പറഞ്ഞത്. ഹിന്ദി അടിച്ചേൽപ്പിക്കൽ പ്രക്ഷോഭങ്ങളുടെ നിരവധി ചരിത്രങ്ങളുള്ള തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ വാക്കുകൾ കാട്ടുതീ പോലെയാണ് പടർന്നത്.
സ്റ്റാലിന്റെ അടുത്ത പോരാട്ടം മണ്ഡല പുനർനിർണയത്തിനെതിരെയായി. രാജ്യത്തിന്റെ അധികാര രാഷ്ട്രീയ ധാരയുടെ എതിർ ധ്രുവങ്ങളിൽ നിൽക്കുന്ന ദക്ഷിണേന്ത്യയെ മണ്ഡലപുനർനിർണയം എങ്ങനെ ബാധിക്കുമെന്ന ഭീഷണി വ്യക്തമായി, പൊളിറ്റിക്കലായി തിരിച്ചറിഞ്ഞത് സ്റ്റാലിനാണ്. ബിജെപിക്ക് വൻ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ സീറ്റ് വർദ്ധനവ് എങ്ങനെ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ ബാധിക്കുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞത് സ്റ്റാലിനാണ്. ഈ പോരാട്ടത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ സംയുക്ത യോഗം എന്ന ആശയവും ആദ്യം കൊണ്ടുവന്നത് സ്റ്റാലിനാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ഈ നീക്കത്തിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിനിറങ്ങാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാലിൻ ഇവരെല്ലാം വിളിച്ചുചേർത്ത് മണ്ഡലപുനർനിർണയം ഇപ്പോൾ വേണ്ട എന്ന് തറപ്പിച്ചുപറഞ്ഞത്.
കേന്ദ്രസർക്കാരിനെതിരെ സ്റ്റാലിന്റെ തുറന്ന പോര് അന്നും ഇന്നും ഉള്ളതാണ്. നീറ്റ് വിഷയത്തിൽ എത്തരത്തിലാണ് സ്റ്റാലിൻ ഇടപെട്ടത് എന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ വിവേചനപരമെന്ന് തോന്നുന്ന എല്ലാ വിഷയങ്ങളിലും സാമൂഹികനീതിയുടെ ആശയധാരകളെ മുറുകെപ്പിടിച്ചുകൊണ്ട് സ്റ്റാലിൻ പോരാട്ടത്തിനിറങ്ങിയിട്ടുണ്ട്. നീറ്റ് ചതിയാണെന്നും ഒരിക്കൽ തങ്ങൾ അത് നിർത്തലാക്കുമെന്നും ഉറക്കെ പറഞ്ഞിട്ടുള്ളത് സ്റ്റാലിൻ മാത്രമാണ് എന്നോർക്കണം.
പ്രതിപക്ഷ സംസ്ഥാനങ്ങളെ ഒപ്പംകൂട്ടി സ്റ്റാലിൻ നടത്തുന്ന ഈ പോരാട്ടത്തിന് വലിയ രാഷ്ട്രീയപ്രത്യേകതയുണ്ട്. സംയുക്ത സമിതി യോഗം ഇൻഡ്യ സഖ്യത്തിന്റെ ഒരു മിനി പതിപ്പ് യോഗമായിരുന്നു എന്ന ഒരു രാഷ്ട്രീയ നിരീക്ഷണം ശക്തമായ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇവിടെ ഈ പോരാട്ടം നയിക്കുന്നത് കോൺഗ്രസിന്റെയോ ആദ്മി ആദ്മിയുടേയോ മുഖ്യമന്ത്രിമാരല്ല, മറിച്ച് ഭക്ഷിണേന്ത്യയിലെ ഒരു പ്രാദേശിക പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളവും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങൾക്കെല്ലാം ഇതൊരു രാഷ്ട്രീയപദ്ധതിയായി മാറിയേക്കുമെന്ന കാര്യം അത്രകണ്ട് ബോധ്യപ്പെടാതിരിക്കുമ്പോഴാണ് സ്റ്റാലിൻ ഒറ്റയ്ക്കിറങ്ങി കാര്യങ്ങൾ വിശദീകരിക്കുന്നത്. അതെ, ഒരുതരത്തിൽ ഇത് സ്റ്റാലിൻ തുടങ്ങിവെച്ച പോരാട്ടമാണ്. സ്റ്റാലിൻ മുന്നിൽനിന്ന് നയിക്കുന്ന പോരാട്ടവും.
Content Highlights: Stalin leads south India and opposition at protests against Centre