
കേരള സാര്‍, ഹണ്ട്രഡ് പേര്‍സന്റ് ലിറ്ററസി സാര്‍ എന്ന് ഒരു ഉത്തരേന്ത്യക്കാരന്‍ കളിയാക്കിയതിന് വാളും പരിചയും എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രതിരോധം തീര്‍ത്ത മലയാളി ഇന്ന് ഉറക്കമായിരുന്നെന്ന് തോന്നുന്നു. നീതി ആയോഗിന്റെ കണക്കുകള്‍ നിരത്തിവച്ച് നമ്മുടെ കേരളം നമ്പര്‍ 1 എന്ന് ഊറ്റംകൊണ്ട അതേ പൊതുബോധം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവും എത്ര വളര്‍ന്നാലും തേച്ചുമാച്ചു കളയാന്‍ പറ്റാത്ത വര്‍ണവെറിയുടെ കറകള്‍ ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്ന്. അതുകൊണ്ടാവും സംസ്ഥാനത്തിന്റെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ നിറത്തിന്റെ പേരില്‍ തനിക്ക് നേരെയുണ്ടായ അധിക്ഷേപത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടും ഒരു പരിധിക്കപ്പുറം പിന്തുണ പ്രഖ്യാപിക്കലുകള്‍ ഇല്ലാതിരുന്നത്. അതല്ലെങ്കില്‍ അവനവനിലേക്കും സമൂഹത്തിന്റെ ഉള്ളാഴങ്ങളിലേക്കും ഊളിയിട്ട് ആത്മപരിശോധന നടത്തി ലജ്ജിച്ച് മൗനം പാലിച്ചതുമാകാം. എന്തായാലും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വെളിപ്പെടുത്തല്‍ ഒരു അലേര്‍ട്ട് ആണ്. കേരളം മുന്നോട്ട് നടക്കുന്നെന്ന് നാം അഭിമാനിക്കുമ്പോഴും എവിടെയൊക്കെയോ കാര്യങ്ങള്‍ പഴയതുപോലെ തന്നെ തുടരുന്നുണ്ടെന്ന അലേര്‍ട്ട്.
എന്തിന്റെ പേരിലാണ് ശാരദാ മുരളീധരന് അധിക്ഷേപം നേരിടേണ്ടി വന്നത് എന്ന് ചിന്തിച്ചുനോക്കൂ. കറുപ്പ് നിറത്തിന്റെ പേരിലെന്ന് പറഞ്ഞുപോകാമെങ്കിലും അതിനപ്പുറം ഒരുപാട് അടരുകള്‍ സമൂഹത്തിന് മുന്നില്‍ വെളിപ്പെടുന്നുണ്ട്. അവരുടെ ശരീരത്തിന്റെ നിറത്തോട് കൂട്ടിച്ചേര്‍ത്ത് പറഞ്ഞുവച്ചത് ചീഫ് സെക്രട്ടറി എന്ന പദവിയിലിരുന്ന് ചെയ്യുന്ന പ്രവൃത്തികള്‍ അത്ര പോരാ എന്നാണ്. അതിനെ താരതമ്യപ്പെടുത്തിയതാവട്ടെ തൊട്ടു മുമ്പ് ആ സ്ഥാനത്തുനിന്നിറങ്ങിയ ഭര്‍ത്താവ് വി വേണുവിന്റെ പ്രവൃത്തികളോടും. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശമെന്ന് ശാരദാ മുരളീധരന്‍ തുറന്നുപറയുന്നു. അപകര്‍ഷതയോളം ഒരു മനുഷ്യനെ തകര്‍ക്കാന്‍ പറ്റിയ മറ്റൊരു ആയുധമില്ല. ആ സ്ത്രീയുടെ ഏറ്റവും വലിയ അപകര്‍ഷത അവരുടെ ഇരുണ്ട നിറമായിരിക്കാമെന്ന വിലയിരുത്തലില്‍ കൂടിയാവും ആ പരാമര്‍ശം വന്നിട്ടുണ്ടാവുക. അവരുടെ കഴിവിനെ, ആ പദവിയിലേക്കെത്താന്‍ അവര്‍ പിന്നിട്ട കടമ്പകളെ, വളരെ ഭംഗിയായി ചെയ്തുപോകുന്ന നിലവിലെ പരിശ്രമങ്ങളെ ഒക്കെ റദ്ദ് ചെയ്തുകൊണ്ട് എല്ലാത്തിനെയും നിറത്തോട് കൂട്ടിക്കെട്ടി അധിക്ഷേപിച്ചിരിക്കുകയാണ്.
ശാരദാ മുരളീധരന്‍ പറയുന്നുണ്ട് തീരെച്ചെറുപ്പത്തില്‍ വെളുക്കാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു അവര്‍ എന്ന്. സമൂഹബോധം അളന്നുതൂക്കി വച്ചിരിക്കുന്ന സൗന്ദര്യബോധത്തിന്റെ മൂശയിലൂടെ ഒരുവട്ടമെങ്കിലും കയറിയിറങ്ങിയല്ലാതെ ഇവിടെ ഒരു പെണ്‍കുട്ടിയും വളരുന്നില്ല. ചിലരതിനെ അതിശക്തമായ വിധത്തില്‍ മറികടന്ന് വിജയം കൈവരിക്കുന്നു. മറ്റു ചിലര്‍ ആ ചൂടില്‍ വെന്തുരുകി ജീവിതകാലം മുഴുവന്‍ പൊള്ളിജീവിക്കുന്നു. ഇവിടെ ശാരദാ മുരളീധരന്‍ പറയുന്നുണ്ട് തന്റെ കറുപ്പ് നിറം ഏറെ പ്രിയപ്പെട്ടതാണെന്ന്, അതു മനസിലാക്കിക്കൊടുത്തത് അവരുടെ കുട്ടികളാണെന്ന്. ഏതോ വിടുവായത്തരമായി പുറത്തുവന്ന തീരെ നിഷ്‌കളങ്കമല്ലാത്ത ആ പരാമര്‍ശം ഉള്ളുവേദനിപ്പിച്ചിട്ടല്ല അവരത് പൊതുചര്‍ച്ചയിലേക്ക് തുറന്നുവച്ചത്. സമൂഹത്തിന്റെ മനസ്ഥിതിയുടെ പ്രതിഫലനം കൂടിയാണ് താന്‍ നേരിട്ട അധിക്ഷേപം എന്ന തിരിച്ചറിവിലാണ്. ഇനിയും ചര്‍ച്ചകളുണ്ടാകണം. നമുക്കിടയില്‍ അനേകം സത്യഭാമമാരും ശാരദാ മുരളീധരനെതിരെ പരാമര്‍ശം നടത്തിയവരെപ്പോലെയുള്ളവരും ഉണ്ടെന്ന സത്യം നമ്മള്‍ അംഗീകരിക്കണം. തിരുത്തപ്പെടേണ്ടതുണ്ടെന്ന ബോധത്തിലേക്ക് കേരളം ഒന്നാകെ എത്തണം.
നിറത്തിന്റെയോ ഭംഗിയുടെയോ അച്ചടക്കത്തിന്റെയോ അളവുകോലിലല്ല ഒരു പെണ്ണിന്റെ കഴിവിനെ അളക്കേണ്ടതെന്ന് നമ്മുടെ സമൂഹം തിരിച്ചറിയാന്‍ ഇനിയും എത്ര കാലമെടുക്കും. പൊതുവിടത്തിലും തൊഴിലിടങ്ങളിലും പലതരം മേല്‍ക്കോയ്മകളിലും ആണധികാര വലയങ്ങളിലും കുരുങ്ങിയും രക്ഷപ്പെട്ടും എത്രയോ സ്ത്രീകള്‍ ഇപ്പോഴും ദിവസേന കടന്നുപോകുന്നുണ്ട്. പുരോഗമനം വാക്കുകളില്‍ മാത്രമൊതുങ്ങുന്നൊരു ജനതയെ അല്ല കേരളത്തിനാവശ്യം. ഇത് കേരളമാണ് എന്ന് ഉറച്ച ശബ്ദത്തില്‍ തലയുയര്‍ത്തി പറയാന്‍ പറ്റുന്നൊരു സാഹചര്യം പൂര്‍ണമായും സൃഷ്ടിക്കപ്പെടണം.
കേരളത്തിന്റെ 49ാമത്തെ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. ആ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ സ്ത്രീയും. ഇത്രയും ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരു സ്ത്രീക്ക് നേരിടേണ്ടിവരുന്ന അനുഭവം ഇതാണെങ്കില്‍ മറ്റുള്ള സ്ത്രീകളുടെ അവസ്ഥ ഒന്നോര്‍ത്തുനോക്കൂ എന്ന വലിയൊരു സത്യത്തിലേക്ക് ഈ സംഭവം ചൂണ്ടുപലകയാകുന്നുണ്ട്. We refuse to believe that the bank of justice is bankrupt എന്ന് പറഞ്ഞത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആണ്, അദ്ദേഹത്തിന്റെ പ്രശസ്തമായ I have a dream പ്രസംഗത്തില്‍.അത് മാത്രമാണ് ഇപ്പോള്‍ പറയാനാവുന്നതും. പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല, നാളെ സമത്വസുന്ദരമായ ഒരു സമൂഹം ഉണ്ടാവട്ടെ. സ്ത്രീയെ നിറത്തിന്റെയോ പ്രായത്തിന്റെയോ മറ്റേതെങ്കിലും സ്ഥാപിത താല്പര്യത്തിന്റെയോ പേരില്‍ അല്ലാതെ കഴിവുകളിലൂന്നി അംഗീകരിക്കുന്നൊരു കാലം ഉണ്ടാകട്ടെ.
Content Highlights: Chief Secretary Sarada Muraleedharan's FB Post about Colour Discrimination