'എഡിറ്റിങ്ങിന് ശേഷവും എമ്പുരാന്‍ പറയും;കമ്യൂണലിസം ഈസ് എ ഡേര്‍ട്ടി ബിസിനസ് !'

എമ്പുരാനിലെ പ്രശ്‌നവിഷയം മതമല്ല, രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയുണ്ടാക്കിയ വെടിമരുന്നാണ്.

ലിജീഷ് കുമാര്‍
9 min read|31 Mar 2025, 03:06 pm
dot image

''പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര്?'' ഈ ചോദ്യത്തിന് ഗോവര്‍ധന്‍ തേടിയ ഉത്തരമായിരുന്നു ലൂസിഫറിന്റെ കഥ. ഒടുവില്‍ ജതിന്‍ രാംദാസ് പി.കെ.ആറിന്റെ കസേരയിലിരുന്നു. ഗോവര്‍ധന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. ഗോവര്‍ധന്‍, നിങ്ങളെപ്പോലുള്ള സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട് എന്നു പറഞ്ഞുകൊണ്ട് ലൂസിഫര്‍ അവസാനിച്ചു.

അഞ്ചാറു കൊല്ലങ്ങള്‍ക്ക് ശേഷം ഗോവര്‍ധന്‍ വീണ്ടും വന്നു. ഇക്കുറിയും അയാള്‍ക്കൊരു ചോദ്യമുണ്ടായിരുന്നു. സെന്‍ട്രല്‍ ഐ.ബിയിലെ ഓഫീസര്‍ കാര്‍ത്തിക്കിനോട് അയാളത് ചോദിച്ചു. ''ബജ്‌റംഗിക്കെന്താണ് കേരളത്തിലിത്ര ഇന്‍ട്രസ്റ്റ് ?'' ഈ ചോദ്യത്തിന്റെ ഉത്തരമാണ് എമ്പുരാന്‍. ലൂസിഫറിന്റെയും എമ്പുരാന്റെയും ക്രാഫ്റ്റ് ആ അര്‍ത്ഥത്തില്‍ ഏകരൂപിയാണ്. നമുക്ക് ഗോവര്‍ധന്റെ ചോദ്യത്തിലേക്ക് മടങ്ങി വരാം. ''ബജ്‌റംഗിക്കെന്താണ് കേരളത്തിലിത്ര ഇന്‍ട്രസ്റ്റ് ?'' ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍, ആരാണ് ബജ്‌റംഗി എന്നറിയണം. അയാളെങ്ങനെ കേരളത്തിലേക്ക് വരും എന്നറിയണം, വന്നാല്‍ അയാള്‍ക്കെന്തു സംഭവിക്കും എന്നറിയണം. ബ്ലാക് ഹോക്ക് ഹെലികോപ്റ്ററുകള്‍ക്കും, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, കണ്ടെയ്‌നറുകള്‍ക്കും, ആഡംബര കാറുകള്‍ക്കും പിന്നാലെ ഇന്ത്യയുടെ ആകാശം വിട്ട് എത്ര ഉയരത്തില്‍ പറന്നാലും സുജിത് വാസുദേവിന്റെ ക്യാമറ ഒടുവില്‍ നെടുമ്പള്ളിയിലേക്കു തന്നെ തിരിച്ചിറങ്ങി വരും. അത് സ്റ്റീഫന്‍ നെടുമ്പള്ളി എന്നു മടങ്ങി വരും എന്നറിയാന്‍ കണ്ണുനട്ടിരിക്കുന്ന ആരാധകര്‍ക്ക് കോള്‍മയിര്‍ കൊള്ളാനുള്ള കാഴ്ചയൊരുക്കാനല്ല. മേപ്പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം തേടിയാണത്. അതുകിടന്ന് കറങ്ങുന്നത് ബജ്‌റംഗിയുടെ തലയ്ക്ക് മുകളിലൂടെയാണ്.

ആ കറക്കം ഒരൊന്നൊന്നര കറക്കമാണ്. അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ഒരു സെന്‍സര്‍ ബോര്‍ഡിനാലും വെട്ടിമാറ്റാന്‍ കഴിയില്ല. ആ രൂപത്തിലാണ് എമ്പുരാന്റെ തിരക്കഥയുടെ കിടപ്പ്. പണിയറിയാമെന്ന് പലവട്ടം തെളിയിച്ച ശേഷമാണ് മുരളി ഗോപി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ഈ പണിക്കിറങ്ങിയത്. രണ്ടല്ല, ഇനി ഇരുപത് മിനുട്ട് വെട്ടിയാലും എമ്പുരാന്റെ കോര്‍ കണ്ടന്റ് ഇളക്കിപ്പറിച്ചെടുക്കാനാവാത്ത ഒരൊറ്റക്കല്ലാണ്. ഒരു റീ സെന്‍സറിംഗ് കൊണ്ട് വേണമെങ്കില്‍ ബാബാ ബജ്‌റംഗി എന്ന വില്ലനെ ബല്‍രാജ് ഭയ്യ എന്നു പേരുമാറ്റി വിളിപ്പിക്കാന്‍ കഴിഞ്ഞേക്കും. അപ്പോഴും സജനചന്ദ്രന്‍ പറയുന്ന പ്രശ്‌നം തീയേറ്ററിലുണ്ടാവും, അണ്ണാ അണ്ണാ എന്നല്ല നമ്മള്‍ കേള്‍ക്കുക.

''ആറു മണിക്കൂറെടുത്താണ് മൊത്തം കഥയും ഞാന്‍ ലാലേട്ടനോടും ആന്റണിച്ചേട്ടനോടും പറഞ്ഞത്'' എന്ന് പടത്തിന്റെ കൊച്ചിയിലെ പ്രമോഷന്‍ ചടങ്ങില്‍ പൃഥ്വിരാജ് മാധ്യമങ്ങളോട് പറയുന്നത് കേള്‍ക്കുകയായിരുന്നു. ഭാരിച്ച സ്‌ക്രിപ്റ്റാണ് എമ്പുരാന്റേത്. ആറു മണിക്കൂര്‍ നേരം മോഹന്‍ലാല്‍ അതു കേട്ടു. എമ്പുരാന്‍ പലരും വിചാരിക്കുന്ന പോലെ ഒരു പൃഥ്വിരാജ് സിനിമ മാത്രമല്ല. മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ടു മാത്രമാണ് അതിനീ വലിപ്പം. ഈ വെടിയും പുകയുമൊന്നും അല്ലെങ്കിലില്ല. സ്റ്റീഫന്‍ നെടുമ്പള്ളിയെക്കാളും, എബ്രഹാം ഖുറേഷിയെക്കാളും വലുതാണ് മലയാളിയുടെ തീയേറ്ററിന് മോഹന്‍ലാല്‍ എന്ന സത്യം. ഇതേ സിനിമ മുരളി ഗോപി എഴുതി, പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുന്നു എന്നിരിക്കട്ടെ, നായകനായി വാല്യു ഉള്ള ഒരാര്‍ട്ടിസ്റ്റഭിനയിച്ചു എന്നുമിരിക്കട്ടെ, വേള്‍ഡ് വൈഡ് റിലീസ് പോയിട്ട്, മലയാളിയുടെ തീയേറ്ററില്‍ പോലും ഒരേറു പടക്കമെറിഞ്ഞ ഒച്ച പോലുമുണ്ടാക്കാതെ അത് ചത്തുപോവുമായിരുന്നു. അവിടെയാണ് ലാല്‍ എന്ന ബ്രാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഈ പടം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനകോടികളുടെ എമ്പുരാനാണയാള്‍. ഇതിലഭിനയിക്കാന്‍ തീരുമാനിച്ചാല്‍, തന്റെ ആരാധകരില്‍ ഒരു വിഭാഗം അയാളെ വിട്ടുപോകും. ചുമ്മാ, ഇതൊക്കെ തലവേദനയാണെന്ന് പറയുന്നവരാണ് ചുറ്റുമുണ്ടാവുക. ഇ.ഡി, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍.ഐ.എ എന്നൊക്കെ സ്‌നേഹം കൊണ്ട് ആശങ്ക പങ്കുവെക്കുന്നവരുണ്ടാകും. നഷ്ടപ്പെടാനാണ് സത്യത്തില്‍ ഒരുപാടുള്ളത്. വേണ്ടെന്നു വെച്ചാല്‍ ഒന്നും സംഭവിക്കില്ല. പുതിയ തിരക്കഥയുമായി ലൂസിഫര്‍ ടീം വീണ്ടുംവരും, ലൂസിഫറിന്റെ രണ്ടാം ഭാഗം ലാലിനെക്കാള്‍ അവര്‍ക്കാണാവശ്യം. എന്നിട്ടും അയാള്‍ വേണ്ടെന്നു വെച്ചില്ല. നോര്‍ത്ത് ഇന്ത്യയില്‍ വരെ ചെന്ന് ഈ പടത്തിന്റെ പ്രചരണ പരിപാടികള്‍ നടത്തി. അതിലയാള്‍ നേരിട്ടു പങ്കെടുത്തു.

സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്ന ഖുറേഷി എബ്രഹാമിനെക്കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശരാശരി പ്രേക്ഷകര്‍ മാത്രമാണ് ഞാനും നിങ്ങളുമൊക്കെ. അതുമതിയെന്ന് അയാള്‍ തീരുമാനിച്ചാല്‍ അതുമതിയാവുന്ന ഇന്‍ഡസ്ട്രി തന്നെയാണിത്. ഖേദിക്കുന്നു എന്നു നാലുവരി എഴുതുമ്പോഴേക്കും നിങ്ങള്‍ തെറി വിളിക്കുന്ന ഈ മോഹന്‍ലാല്‍ ഉള്ളതു കൊണ്ടു മാത്രമാണ് ഇപ്പോള്‍ നടക്കുന്ന പൊളിറ്റിക്കല്‍ ഡിസ്‌കഷന്‍ പോലും ഇവിടെ സാധ്യമായത്. ''മാസങ്ങള്‍ക്ക് മുമ്പൊരു ദിവസം ഞാന്‍ മോനെ വിളിക്കുമ്പോള്‍ അവന്‍ ഗുജറാത്തില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു, 'ഞാന്‍ തിരക്കിലാണ്. അമ്മേ ലാലേട്ടന്‍ വന്നിട്ടുണ്ട്. ഇതുവരെ എടുത്തതു മുഴുവന്‍ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചര്‍ച്ച ചെയ്യണം.' അങ്ങനെ പറഞ്ഞാണ് അവനന്ന് ഫോണ്‍ വെച്ചത്.'' പറയുന്നത് മല്ലിക സുകുമാരനാണ്, പൃഥ്വിരാജിന്റെ അമ്മ. ലാലേട്ടനെയും ആന്റണിയേയും കാണിക്കുകയാണ് എന്നു പറഞ്ഞ രംഗങ്ങള്‍, കലാപത്തില്‍ തന്റെ കുടുംബം മുഴുവന്‍ കൊല ചെയ്യപ്പെടുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന സയീദ് മസൂദിന്റെ കുട്ടിക്കാലരംഗമാണ്. മല്ലിക സുകുമാരന്‍ പറയുന്നു, ''അവരെല്ലാവരും ഒന്നിച്ചിരുന്ന് തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങള്‍ അപ്പപ്പോള്‍ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. ലാലോ ആന്റണിയോ അറിയാത്ത ഒരു ഷോട്ടു പോലും എമ്പുരാന്‍ എന്ന സിനിമയില്‍ ഇല്ല. ഞങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവരു രണ്ടുപേരും പറയുയില്ല.'' ഇതാണ് ഒരു സിനിമയുടെ പ്രൊസീജിയര്‍. അതിന്റെ തിരക്കഥ ഒളിച്ചു കടത്തുന്ന ഒന്നല്ല. മോഹന്‍ലാലിനെപ്പോലെ ഒരഭിനേതാവ് തിരക്കഥ വായിച്ചു നോക്കാതെ അഭിനയിക്കുന്നയാളല്ല. ക്യാരക്ടര്‍ കണ്ടിന്യൂയിറ്റി എന്ന ഒന്നുണ്ട്. അത് കുപ്പായത്തില്‍ മാത്രമുള്ളതല്ല. ഇമോഷനില്‍ അതു കിട്ടണമെങ്കില്‍ ആദിമദ്ധ്യാന്തം അയാളാ സിനിമയറിയണം. തന്റെ കോ - ആക്ടറിന്റെ കൂടെ ചരിത്രമറിയണം.

ആറുമണിക്കൂര്‍ നേരമിരുന്ന് കഥകേട്ട മറ്റൊരാള്‍ ആന്റണിയാണ്. മലയാള ചലച്ചിത്ര വ്യവസായത്തിലെ പ്രധാനപ്പെട്ട പേരാണ് ആന്റണി പെരുമ്പാവൂര്‍. ഇന്നോ ഇന്നലെയോ തിരക്കഥ കണ്ടു തുടങ്ങിയ ആളല്ല അയാള്‍. അയാളൊരു ബുദ്ധിമാനായ നിര്‍മാതാവാണ്. ചിലര്‍ക്കിപ്പോഴും അയാള്‍ ഡ്രൈവറാണ്. അത് തൊഴിലും ജാതിയുമൊക്കെയായി കലര്‍ന്ന് ഉള്ളില്‍ കിടപ്പുള്ള ചില ബോധ്യങ്ങളുടെ പ്രശ്‌നമാണ്. ''സ്റ്റീഫനെ എന്തിനു കാണണം ?'' എന്ന് ഗോവര്‍ധനോട് ചോദിക്കുന്ന റാവുത്തറായി വരുന്നുണ്ട് എമ്പുരാനിലൊരിടത്ത് ആന്റണി. അതാണ് സത്യം. സ്റ്റീഫനെ എന്തിനു കാണണം എന്ന് ആന്റണിക്കറിയണം. ഈ പടം വേണ്ട രാജൂ, എന്ന് ആന്റണി പറഞ്ഞാല്‍ പിന്നെ ഈ പടമില്ല. ആന്റണിയുടെ വാക്കിനെക്കാള്‍ വലുതല്ല മോഹന്‍ലാലിന് മറ്റൊന്നും. എതിരാളികള്‍ എന്തു തന്നെ പറഞ്ഞാലും ഇന്നു കാണുന്ന മോഹന്‍ലാല്‍ ബ്രാന്‍ഡിന് പിന്നില്‍ ആന്റണിയുണ്ട്. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റെ ധീരമായ നില്‍പ്പാണ് എമ്പുരാന്‍.

പൊന്നിയിന്‍ സെല്‍വനും, ഇന്ത്യന്‍ 2 വും, വേട്ടൈയനും, വിടാമുയര്‍ച്ചിയും കഴിഞ്ഞ് ഇനി ഇന്ത്യന്‍ 3 പിടിക്കാനിരിക്കുന്ന - കോടികളുടെ കളികള്‍ മാത്രം കളിച്ചു പോരുന്ന സുഭാസ്‌കരന്റെ ലൈക്ക പ്രൊഡക്ഷന്‍സ് എമ്പുരാനില്‍ നിന്ന് പിന്മാറുമ്പോള്‍, മുടക്കുമുതലിനെക്കുറിച്ചുള്ള ആശങ്കയല്ല, മറ്റെന്തോ ആണ് എന്ന് ചിന്തിച്ചവരാണ് നമ്മളിലേറെയും. അവിടേക്ക് ഗോകുലം വന്നു. സിനിമയുടെ ഉള്ളടക്കമറിയേണ്ട ബാധ്യത തങ്ങള്‍ക്കുണ്ട് എന്ന് ഈ പടത്തില്‍ അവര്‍ ചിന്തിച്ചിരിക്കാനിടയില്ല. ലോകത്തേക്ക് വളരാന്‍ അപൂര്‍വമായി മാത്രം സാധ്യതയൊരുങ്ങുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് അത്തരമൊരു മുഹൂര്‍ത്തമൊരുങ്ങുമ്പോള്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് നല്ലതെന്നല്ലാതെ മറ്റൊന്നും അവര്‍ ആലോചിക്കില്ല. ഇനി അഥവാ ഗോകുലമില്ലെങ്കിലും ആന്റണി ഈ പടവുമായി മുന്നോട്ട് പോകും. അതുകൊണ്ട് ആന്റണിക്ക് കൈയ്യടിക്കാതെ നമുക്കീ പടം ചര്‍ച്ച ചെയ്യാനാവില്ല.

എന്നിട്ടിപ്പോള്‍ എന്തായി എന്നാണ് പലരുടെയും ചോദ്യം. ഒന്നുമായിട്ടില്ല. എതിരഭിപ്രായമുയര്‍ന്നാല്‍, എന്നെ സ്‌നേഹിക്കുന്ന ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നു എന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളുടെ അണികള്‍ തന്നെയാണ് നാമൊക്കെയും. വെടിയുണ്ട വരുമ്പോള്‍ വിരിമാറു കാണിച്ചു കൊടുക്കണം എന്നു പറയുന്ന റൊമാന്റിസമാണ് എപ്പോഴും നമുക്കിഷ്ടം, നാമതല്ല എങ്കിലും. 100 രൂപ പെറ്റിയടിക്കാന്‍ മാറ്റി നിര്‍ത്തുന്ന പോലീസുകാരനു മുമ്പില്‍ പോലും സാറേ എന്നു വിളിച്ച് കേഴുന്നവരാണ് നമ്മിലേറെയും. അല്ലാത്തൊരാളെ നാം ആഗ്രഹിക്കുന്നുണ്ട് എന്നത് നേരാണ്. അയാളാണ് സിനിമകളില്‍ വന്ന് നമ്മെ ആവേശം കൊള്ളിക്കുന്നത്. അങ്ങനെ പ്രിയദര്‍ശിനിയായും സ്റ്റീഫനായുമൊക്കെ വന്ന് നമ്മെ ആവേശം കൊള്ളിക്കുന്നവര്‍ ആവോളം എമ്പുരാനിലുമുണ്ട്. എമ്പുരാന്റെ തിരക്കഥയിലെ സീന്‍ ഓര്‍ഡറില്‍ ഏറ്റവും ആദ്യമുള്ളത് 1887 ല്‍ ഒരു ആംഗ്ലിക്കന്‍ ബിഷപ്പിന് എഴുതിയ കത്തില്‍ ലോര്‍ഡ് ആസ്റ്റണ്‍ അധികാരത്തെക്കുറിച്ച് നടത്തുന്ന ഒരു പ്രയോഗമാണ്. ''അധികാരം ഒരുവനെ ദുരാചാരിയാക്കും. പരമാധികാരം തികഞ്ഞ ജനദ്രോഹിയും!' എന്ന്. എമ്പുരാനിലെ നായകന്‍ വാടാ എന്ന് നീട്ടിവിളിക്കുന്നത് അയാളെയാണ്, ജനദ്രോഹിയായ പരമാധികാരിയെ. അയാളെ സിനിമയിലേ അങ്ങനെ കൈ നീട്ടി വിളിക്കാന്‍ പറ്റൂ. ജീവിതം അയാളോട് ചിലപ്പോള്‍ ഖേദപ്രകടനം നടത്തേണ്ടി വരും. രണ്ടു മണിക്കൂര്‍ അയാളെ വിചാരണ ചെയ്യുന്ന ദൃശ്യങ്ങളില്‍ നിന്ന് രണ്ടു മിനുട്ട് കട്ട് ചെയ്ത് അയാളെ പറ്റിക്കേണ്ടി വരും. 200 കോടി തിരിച്ചു പിടിക്കണമെങ്കില്‍ 500 കോടിയുടെ ബിസിനസ്സ് നടക്കണം. ഒരു നിരോധനം കൊണ്ട് അതു മുടങ്ങിക്കൂട. ഒരു പുസ്തകമെഴുതുന്നതിന്റെ ധീരതയോ, ഫേസ്ബുക്ക് കുറിപ്പിടുന്നതിന്റെ ധീരതയോ വെച്ച് ഇതിനെ താരതമ്യം ചെയ്യരുത്.

ഞങ്ങളാണെങ്കില്‍ തൊടാന്‍ സമ്മതിക്കില്ലായിരുന്നു എന്നും പറഞ്ഞ് ചില ആര്‍ട്ട് ഹൗസ് സിനിമാക്കാരൊക്കെ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. നിങ്ങളാണെങ്കില്‍ ജനകോടികള്‍ ഇതു കണ്ടുപോവും എന്ന പേടിയൊന്നും സാമാന്യയുക്തിയുള്ള ഒരാള്‍ക്കും ഉണ്ടാവും എന്ന് കരുതാന്‍ വയ്യ. നിങ്ങളാണെങ്കിലും ചില എതിര്‍പ്പുകളൊക്കെ ഉണ്ടാവും, അതിതല്ല. ഏറിയും കുറഞ്ഞും എന്നു പറഞ്ഞു പോകാന്‍ എളുപ്പമാണ്. പക്ഷേ ഏറിയത് ഏറിയതും, കുറഞ്ഞത് കുറഞ്ഞതും തന്നെയാണ്. തട്ടുപൊളിപ്പന്‍ സിനിമയെന്നും, കച്ചവട സിനിമയെന്നും പേരിട്ട് മെയിന്‍ സ്ട്രീം സിനിമയെ പുറത്തു നിര്‍ത്തി മാത്രം നാളിന്നോളം സിനിമയുടെ സാമൂഹ്യപരതയെ ചര്‍ച്ചക്കെടുത്ത സിനിമാക്രിട്ടിക്കുകളല്ലാത്ത പ്രേക്ഷകര്‍ക്കെല്ലാം കാര്യം മനസിലായിട്ടുണ്ട്. അവര്‍ക്കറിയാം, ആയിരം അവാര്‍ഡു പടങ്ങള്‍ക്ക് അരയെമ്പുരാന്‍ എന്ന് ഭാവി മലയാളത്തിന് ചരിത്രമെഴുതാന്‍ പാകത്തില്‍ ഇവിടെ എമ്പുരാന്‍ രാഷ്ട്രീയം സംസാരിച്ചു കഴിഞ്ഞുവെന്ന്.

രാജമൗലിയെപ്പോലുള്ളവരുടെ ബ്രഹ്‌മാണ്ഡ സ്‌കൂളിലെ നായകനാണ് എമ്പുരാനിലെ വില്ലന്‍. ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വില്ലനാണയാള്‍ - കമ്യൂണലിസം. ലൂസിഫറിലെ വില്ലന്‍ നാര്‍ക്കോട്ടിക് ഫണ്ടിംഗായിരുന്നു. ''എന്നെ അറിയാവുന്നവരോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'' എന്ന് സ്റ്റീഫന്‍ നെടുമ്പള്ളി പറയുന്നത് അതുകൊണ്ടാണ്. അഭയാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വാതില്‍ തുറന്നു വെക്കുന്ന എമ്പുരാനിലെ മൗസി സയീദ് മസൂദിന്റെ ബാപ്പയോട് പറയുന്നുണ്ട്, ''അവര്‍ മതവും രാഷ്ട്രീയവും കലര്‍ത്തി വെടിമരുന്നുണ്ടാക്കുകയാണ്'' എന്ന്. ബജ്‌റംഗിയുടെ വെടിയുണ്ട ആദ്യം ചെന്നു കൊള്ളുന്നത് മൗസിയുടെ നെറ്റിയിലാണ്. എമ്പുരാനിലെ പ്രശ്‌നവിഷയം മതമല്ല, രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയുണ്ടാക്കിയ വെടിമരുന്നാണ്.

''എന്നെ അറിയാവുന്നവരോട് ഞാന്‍ പറയുന്നു, കമ്യൂണലിസം ഈസ് എ ഡേര്‍ട്ടി ബിസിനസ് !'' ഏതെഡിറ്റിംഗിന് ശേഷവും തീയേറ്ററില്‍ എമ്പുരാനവശേഷിപ്പിച്ചു പോകുക ഈ ഡയലോഗാണ്. ആന്റണി പെരുമ്പാവൂരിനും, മുരളി ഗോപിയ്ക്കും, പൃഥ്വിരാജിനും, മോഹന്‍ലാലിനും സ്‌നേഹം. എല്ലാം ശ്രമങ്ങളല്ലേ. ലോംഗ് ലിവ് സെക്കുലര്‍ ഇന്ത്യ.

Content Highlights: Lijeesh Kumar Writes about Empuran Controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us