
പാറിപ്പറക്കുന്ന ഹെലികോപ്റ്റർ രംഗങ്ങളും വെടിയൊച്ചകളും നിറഞ്ഞ ബ്രഹ്മാണ്ഡ കാഴ്ചകളാൽ സമ്പന്നമാണ് എമ്പുരാൻ സിനിമ. മലയാള സിനിമയിൽ ഇന്നേവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രമോഷനും വരവേൽപ്പുമാണ് എമ്പുരാന് ലഭിച്ചത്. വടക്കേ അമേരിക്കയിൽ 80 കോടിയിലധികം പ്രീ-സെയിൽസും ശക്തമായ ബുക്കിംഗും നേടി പുതിയ റെക്കോർഡുകൾ വാരിക്കൂട്ടി.സിനിമ റിലീസ് ചെയത് 48 മണിക്കൂറിൽ 100 കോടി ക്ലബ്ബിലെത്തി. അഞ്ചാം ദിവസം തന്നെ 200 കോടി ക്ലബ്ബിലും ഇടം പിടിച്ചു.മലയാള സിനിമ ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മേക്കിങ്ങായി പ്രേക്ഷകർ പൃഥ്വിരാജ് സിനിമയെ വാഴ്ത്തുന്നു. എന്നാൽ മലയാള സിനിമയുടെ കെജിഎഫ് വിശേഷണങ്ങൾ വരെ നേടിയെടുത്തിട്ടും എമ്പുരാൻ പറയുന്ന രാഷ്ട്രീയമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
2002ലെ ഗുജറാത്തിലുണ്ടായ വംശഹത്യയെക്കുറിച്ച് സിനിമ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരാമർശങ്ങള്‍ നടത്തിയതായാണ് വലത് അനുകൂല രാഷ്ട്രീയ സംഘടനകളുടെ വാദം. സിനിമക്കും അണിയറ പ്രവർത്തകർക്കുമെതിരെ ഉയർത്തുന്ന സൈബർ ആക്രമണത്തിന് കാരണവും ഇതുതന്നെ. 23 വർഷം പിന്നിട്ടിട്ടും ഗുജറാത്ത് കലാപത്തെ ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭയക്കുകയാണ്. കാരണം അത്രമേൽ ഭീകരമായ ഒരു ചരിത്രമാണ് ഗുജറാത്ത് കലാപം പറയുന്നത്.
2002 ഫെബ്രുവരി 27ന് രാവിലെ സബര്‍മതി എക്സ്പ്രസ് ട്രെയിൻ ഗുജറാത്തിലെ ഗോധ്ര ജങ്ഷന്‍ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തുമ്പോള്‍ ഏകദേശം അഞ്ചുമണിക്കൂര്‍ വൈകിയിരുന്നു. വെളുപ്പിന് 2.55ന് എത്തേണ്ട ട്രെയിൻ ഗോധ്ര സ്റ്റേഷനിൽ എത്തിയത് 7.43ഓടെയാണ്. സീറ്റിന്റെ കണക്ക് പ്രകാരം ഏകദേശം എണ്ണൂറോളം യാത്രക്കാർക്ക് സബർമതി എക്സ്പ്രസിൽ സഞ്ചരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ട്രെയിനിൽ വലിയ തിരക്കും ഇരട്ടിയോളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ ഭൂരിപക്ഷവും അയോദ്ധ്യയില്‍നിന്നു മടങ്ങുന്ന കര്‍സേവകരായിരുന്നു. ട്രെയിനിൽ 'ജയ് ശ്രീറാം' വിളികൾ ഉയർന്നിരുന്നു. കര്‍സേവകരും സ്റ്റേഷനിലുണ്ടായ മുസ്ലീം കടക്കാരും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് വണ്ടി പുറപ്പെട്ട് കുറച്ച് മുന്നോട്ടുപോയി. അപ്രതീക്ഷിതമായി ആരോ ട്രെയിനിന്റെ ചെയിൻ വലിച്ചുനിർത്തി. അവിടെ ഒരാൾക്കൂട്ടം ട്രെയിനിന് നേരെ നടന്നടുത്തു. ആ സമയത്താണ് ട്രെയിന്റെ ഒരു ബോഗി കത്തിനശിക്കുന്നതും 59 പേർ മരണപ്പെടുന്നതും.
ഗോധ്രയുടെ തുടര്‍ച്ചയായിരുന്നു ഗുജറാത്തില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന വര്‍ഗ്ഗീയകലാപവും കൂട്ടക്കൊലയും. അഹമ്മദാബാദിൽ തുടങ്ങിയ കലാപം സംസ്ഥാനമെങ്ങും വ്യാപിച്ചു. ആക്രമണങ്ങളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്, എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം മരണം രണ്ടായിരത്തിലധികമാണെന്ന് സൂചിപ്പിക്കുന്നത്. കലാപ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും അവിടുത്തെ ഭരണകൂടത്തിന്റെയും നിലപാട് വിവാദമായി. കലാപത്തിന് മോദി രഹസ്യപിന്തുണ നൽകിയെന്ന് ആരോപണം ഉയർന്നു.
രാജ്യാന്തര തലത്തിൽ ഉൾപ്പെടെ ഗുജറാത്ത് സർക്കാരിനെതിരെ പ്രതിഷേധങ്ങളുണ്ടായി. അത്യാഹിത മേഖലകളിൽ വേണ്ടത്ര സുരക്ഷാ നടപടികൾ സ്വീകരിക്കാത്തത്, അക്രമം തടയാൻ സർക്കാർ അലംഭാവം പുലർത്തിയതായുള്ള ആരോപണങ്ങൾ ശക്തമായി ഉയർന്നു. നിരവധി മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളുമാണ് ഈ വിഷയത്തിൽ ഗൗരവമായി ഇടപെട്ടത്. തുടർന്നു നടന്ന അന്വേഷണങ്ങളും കേസുകളും ഏറെ വർഷങ്ങൾ നീണ്ടുനിന്നു.
ഗുജറാത്ത് കലാപം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി. കലാപം നടന്ന വർഷത്തിൽ ഉൾപ്പെടെ ഗുജറാത്തിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിലെത്തി. ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ബാബറി മസ്ജീദ് തകർത്തതിന് ശേഷം ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരുകൾ നൽകിയ മറ്റൊരു സംഭവമായി ഗുജറാത്ത് കലാപം മാറി. 2008-ൽ, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) സംഭവവുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങൾ നടത്തി. 2012-ൽ SIT റിപ്പോർട്ട് നരേന്ദ്ര മോദി അടക്കമുള്ള ഉന്നത ഭരണാധികാരികൾക്ക് നേരെയുള്ള കുറ്റാരോപണങ്ങൾക്ക് തെളിവുകളില്ലെന്ന് വ്യക്തമാക്കി. പിന്നീടും അന്വേഷണങ്ങള്‍ പലത് നടന്നെങ്കിലും നരേന്ദ്ര മോദിയെ കുറ്റക്കാരനാക്കാനുള്ള തെളിവുകൾ ഉണ്ടായില്ല.
എല്ലാം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നാണ് 2002ലെ ഗുജറാത്ത് കലാപം പ്രമേയമാക്കി 2023-ൽ ബിബിസി പുറത്തിറക്കിയ “India: The Modi Question” എന്ന ഡോക്യുമെന്ററി വീണ്ടും ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചത്. രണ്ട് പാർട്ടുകളായി ഇറങ്ങിയ ഡോക്യുമെന്ററിയിൽ, കലാപസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ഭരണകൂടം വേണ്ടത്ര നടപടികൾ കൈക്കൊണ്ടില്ലെന്നതിനുള്ള ആരോപണങ്ങൾ വീണ്ടും ഉയർന്നു. എന്നാൽ കേന്ദ്ര സർക്കാർ ഡോക്യുമെന്‍ററിയെ “പക്ഷപാതപരമായ പ്രചാരണം” എന്നു വിശേഷിപ്പിക്കുകയും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ അതിന്റെ പ്രദർശനം നിരോധിക്കുകയും ചെയ്തു. എന്നാൽ, വിവിധ യൂണിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥികൾ ഈ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ ശ്രമിക്കുകയും, ചിലയിടങ്ങളിൽ പൊലീസ് ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തു.
ഡോക്യുമെന്ററി വിവാദം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നത് ഫെബ്രുവരി 2023-ൽ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ഇൻകം ടാക്സ് വകുപ്പ് നടത്തിയ റെയ്ഡുകളിൽ നിന്നാണ്. ഇതിനെതിരെ ഭരണകൂടം വിമർശനം നേരിടുകയും “പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനെതിരായ നീക്കം” എന്നാരോപിച്ച് രാജ്യാന്തര തലത്തിൽ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു. എങ്കിലും, സർക്കാർ ഇത് ഒരു “നിയമാനുസൃത പരിശോധന” ആണെന്ന് വിശദീകരിച്ചു. അതേസമയം, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ, യഥാർത്ഥ പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടായോ എന്നതിലുള്ള ചർച്ചകൾ, ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എന്നിവയെല്ലാം ഈ ഡോക്യുമെന്ററിയെ വീണ്ടും ലോകശ്രദ്ധയിൽ എത്തിച്ചു.
ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ നിലവിളികൾ പോലെ ദേശീയ അന്താരാഷ്ട്ര വേദികളിൽ വിവാദങ്ങൾ ഉയരുകയാണ്. ഏറ്റവും ഒടുവില്‍ അതിന് കാരണമായിരിക്കുന്നത് എമ്പുരാന്‍ സിനിമയും. കാലമെത്ര കഴിഞ്ഞാലും പിന്തുടർന്ന് വരും ഇരകളാക്കപ്പെട്ടവരുടെ ആ നിലവിളികൾ..
Content Highlights: Gujarat riots: Unfolding the chapters once again