
തമിഴ്നാടിന്റെ സ്വന്തം 'അമ്മ'യെ, അതായത് ജയലളിതയെ അപമാനിച്ച പാര്‍ട്ടിയുമായി വീണ്ടും ഒരു കൈകൊടുക്കല്‍. എടപ്പാടി പളനിസ്വാമി ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെത്തിയതും അമിത് ഷായെ കണ്ട് സംസാരിച്ചതുമെല്ലാം, ഇത്തരത്തിലുള്ള വലിയ അഭ്യൂഹങ്ങള്‍ക്കാണ് വഴിതുറക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച്, ഇനിയങ്ങോട്ട് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് പിരിഞ്ഞ ആ സഖ്യം, വീണ്ടും ഉയര്‍ന്നുവരികയാണോ? അണ്ണാ ഡിഎംകെയും ബിജെപിയും വീണ്ടും കൈകൊടുത്തേക്കുമെന്ന സൂചനകള്‍ പുറത്തുവരുമ്പോഴും, അണ്ണാമലൈ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും, പളനിസ്വാമി അമിത് ഷായെ കണ്ടതിന്റെ യഥാര്‍ത്ഥ കാര്യം പുറത്തുവരാന്‍ കുറഞ്ഞപക്ഷം 2026 വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചനകള്‍.
പലപ്പോഴായി കലങ്ങിമറിഞ്ഞ, ഇനിയും മറിഞ്ഞേക്കാവുന്ന രാഷ്ട്രീയമാണ് അണ്ണാ ഡിഎംകെയുടേത്. സഖ്യം ചേരുക, ഒടുവില്‍ പുറത്തുവരിക, വീണ്ടും സഖ്യം ചേരുക അങ്ങനെയങ്ങനെ നിരവധി രാഷ്ട്രീയ സംഭവവികാസങ്ങള്‍ സമ്മാനിച്ച പാര്‍ട്ടിയാണവര്‍. എംജിആറിനെയും ജയലളിതയെയും പോലുള്ള പൊളിറ്റിക്കല്‍ ഐക്കണുകളെ നല്‍കിയ പാര്‍ട്ടിക്ക് ഇപ്പോള്‍ പക്ഷെ ക്ഷയിച്ച തറവാട്ടിലെ ഒരു കാരണവര്‍ സ്ഥാനം മാത്രമാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലുള്ളത്.
അതിജീവനമാണ് അണ്ണാ ഡിഎംകെയുടെ പ്രധാന ലക്ഷ്യം. ജയലളിതയുടെ മരണശേഷം തങ്ങളുടെ രാഷ്ട്രീയ ചരിത്രത്തെപ്പോലും നാണംകെടുത്തുന്ന വിധമായിരുന്നു അണ്ണാ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനങ്ങള്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായി കൈകൊടുത്താണ് അണ്ണാ ഡിഎംകെ മത്സരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം, കനത്ത തോല്‍വി ! അണ്ണാ ഡിഎംകെയ്ക്ക് ലഭിച്ചത് വെറും ഒരു സീറ്റും ബിജെപിക്ക് പൂജ്യവും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലവുമതെ, കനത്ത തോല്‍വി ! 2016ല്‍ അണ്ണാ ഡിഎംകെയ്ക്ക് ലഭിച്ചത് 136 സീറ്റുകളായിരുന്നുവെങ്കില്‍ 2021ല്‍ വെറും 66 സീറ്റുകളിലേക്ക് പാര്‍ട്ടി ഒതുങ്ങിക്കൂടി. ബിജെപിക്ക് 4 സീറ്റുകളാണ് ലഭിച്ചത്. ജയലളിതയുടെ മരണശേഷം പാര്‍ട്ടിക്ക് ബലക്ഷയം സംഭവിക്കുന്നു എന്നതിന്റെ അപായമണി അടിച്ചുതുടങ്ങുന്നത് അവിടെനിന്നാണ്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് സഖ്യം ഔദ്യോഗികമായി പിരിയുന്നത്. അണ്ണാമലൈ ജയലളിതയെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശമായിരുന്നു അതിന് കാരണവും. ഇരു പാര്‍ട്ടികളും അവരവരുടെ നിലപാടുകളെ ന്യായീകരിച്ചപ്പോഴും, ഇനിയെന്ത് എന്ന ചോദ്യത്തിന് അവര്‍ ഉത്തരം കണ്ടിരുന്നില്ല എന്നതാണ് സത്യം.
അണ്ണാ ഡിഎംകെയ്ക്ക് വലിയ രാഷ്ട്രീയപ്രാധാന്യമുള്ളതാണ് ഈ സഖ്യം. പ്രത്യേകിച്ചും സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ പാര്‍ട്ടി കടന്നുപോകുന്ന ഈ സമയത്ത്. പ്രതിപക്ഷം എന്ന നിലയില്‍, അവരുടേതായ ശബ്ദം പോലും ഉയര്‍ത്താന്‍ സാധിക്കാത്ത നിലയിലാണ് അണ്ണാ ഡിഎംകെ ഇപ്പോളുള്ളത്. ഡിഎംകെയുടെ രാഷ്ട്രീയ അടിത്തറ ഓരോദിവസവും വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, അണ്ണാ ഡിഎംകെയുടേത് ചുരുങ്ങികൊണ്ടിരിക്കുകയാണ് എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. സ്റ്റാലിനും ഡിഎംകെയ്ക്കും, 2026ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറാന്‍ ഇപ്പോഴുള്ള ജനസമ്മിതി മാത്രം മതിയാകും എന്നിരിക്കെ, പുതിയ വഴികള്‍, പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് അണ്ണാ ഡിഎംകെയ്ക്ക് അത്യാവശ്യമാണ്. രാഷ്ട്രീയത്തില്‍ ഒരിക്കലും ബദ്ധശത്രുക്കള്‍ ഇല്ല എന്ന ആപ്തവാക്യം അണ്ണാ ഡിഎംകെ പൊടിതട്ടിയെടുക്കുന്നതും അതുകൊണ്ടുതന്നെ.
സഖ്യനീക്കത്തിന് മറ്റൊരു കാരണവുമുണ്ട്. അത് നടന്‍ വിജയുടെ തമിഴക വെട്രി കഴകം ഉയര്‍ത്തുന്ന ഒരു ഭീഷണിയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ടിവികെയുമായി അണ്ണാ ഡിഎംകെ നടത്തിയ ചര്‍ച്ചകള്‍, ചില വ്യവസ്ഥകളിന്മേല്‍ അലസിപ്പിരിഞ്ഞിരുന്നു. ഇതോടെ അണ്ണാ ഡിഎംകെ വീണ്ടും ഒറ്റപ്പെട്ടു. മാത്രമല്ല, ഡിഎംകെയും ടിവികെയും തമ്മിലായിരിക്കും 2026ലെ പോരാട്ടം എന്ന തലത്തിലേക്ക് വരെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നീങ്ങിയതോടെയാണ് ബിജെപിയെങ്കില്‍ ബിജെപി എന്ന നിലയിലേക്ക് അണ്ണാ ഡിഎംകെ എത്തിയത്.
സഖ്യം പ്രാവര്‍ത്തികമാക്കാന്‍ അണ്ണാ ഡിഎംകെ മുന്നോട്ടുവെച്ച ഓപ്ഷനുകളില്‍ ഒന്ന് വളരെ പ്രധാനപ്പെട്ടതാണ്. അണ്ണാമലൈയെ ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണം. ഈ ആവശ്യത്തെ അമിത് ഷാ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അണ്ണാമലൈയെ ഉടന്‍ മാറ്റിയേക്കുമെന്നും പകരം പുതിയ അധ്യക്ഷന്‍ വരുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ വിവിധ ജാതി സമവാക്യങ്ങള്‍ മുന്നില്‍ക്കണ്ടാകും പുതിയ ബിജെപി അധ്യക്ഷന്‍ ഉണ്ടാകുക. സഖ്യം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അവ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
അണ്ണാ ഡിഎംകെയ്ക്ക് വേണ്ടത് പഴയ പ്രതാപമാണ്. അതിന് ആശയം തടസമല്ല, കാഴ്ചപ്പാട് തടസമല്ല. 1998 മുതല്‍ക്കേ ബിജെപിയുമായി പലപ്പോഴായി കൈകൊടുത്ത ചരിത്രം അവര്‍ക്ക് മുന്‍പിലുണ്ട്. തെക്കന്‍ തമിഴ്‌നാടിനും കൊങ്കുനാടിനുമപ്പുറം സ്വാധീനമുറപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അങ്ങോട്ടും ഇങ്ങോട്ടും കൊത്തി പരുക്കേറ്റ്, ചോരവാര്‍ന്ന 'സണ്‍ഡൈകോഴികളെ'പ്പോലെയാണ് ഇരുവരും ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പേ പിരിഞ്ഞുപോയത്. ആ പകയെയെല്ലാം ആറ്റിത്തണുപ്പിച്ച്, വിജയിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത മറ്റൊരു രാഷ്ട്രീയനീക്കത്തിന് കൈകൊടുക്കുകയാണ് ഇപ്പോള്‍ ഇരുവരും.
Content Highlights: AIADMK and BJP alliance on cards again, but this time Annamalai is out