
മോഹന്‍ലാലിന്റെ ഖേദപ്രകടനവും എമ്പുരാനില്‍ നടക്കുന്ന റീ എഡിറ്റും, സിനിമാ പ്രേക്ഷകരില്‍, മലയാളികളില്‍ ഉണ്ടാക്കുന്ന ഒരു ഭയമുണ്ട്. അത് ഒട്ടും ചെറുതല്ല. മാര്‍ച്ച് 27ന് മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. ബുക്ക് മൈ ഷോയുടെ അഡ്വാന്‍സ് ബുക്കിങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ ഒന്നാമനായിരുന്നു എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം, ഏറ്റവും വലിയ ക്യാന്‍വാസിലൊരുങ്ങുന്ന മലയാള സിനിമ, മോഹലാല്‍,പൃഥ്വിരാജ്, മുരളി ഗോപി എന്നിങ്ങനെ അണിയറ പവര്‍ത്തകരും അനവധി താരങ്ങളും തുടങ്ങി എമ്പുരാന് ഹൈപ്പേറ്റിയ കാരണങ്ങള്‍ ഏറെയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം മേക്കിങ്ങിനെ കുറിച്ച് കയ്യടിയും വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും പ്രമേയമായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്.
2002ലെ ഗുജറാത്ത് കലാപം എമ്പുരാന്റെ കഥാപശ്ചാത്തലത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ബില്‍ക്കിസ് ബാനുവും നരോദപാട്യകൂട്ടക്കൊലയും ഗുല്‍ബര്‍ഗ് സൊസൈറ്റിക്കൊലകളും ഇഹ്‌സാന്‍ ജാഫ്രിയും തുടങ്ങി അന്ന് രാജ്യത്തെ നടുക്കിയ സംഭവങ്ങള്‍ പലതും ചിത്രത്തില്‍ റഫറന്‍സുകളായി. ആ കലാപം അഴിച്ചുവിട്ടവരാണ് ഇന്ന് ഇന്ത്യ ഭരിക്കുതെന്നും എമ്പുരാന്‍ കൃത്യമായി പറഞ്ഞു.
ഒരു മാസ് മസാല മുഖ്യധാര സിനിമയില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപങ്ങളിലൊന്നും ആ കലാപത്തിലൂടെ രാഷ്ട്രീയാധികാര നേട്ടങ്ങളുണ്ടാക്കിയവരും അതിന്റെ ഇന്നും തുടരുന്ന പ്രത്യാഘാതങ്ങളുമെല്ലാം വ്യക്തതയോടെ കടന്നുവന്നു എന്നത് തന്നെയായിരുന്നു എമ്പുരാന്റെ ഏറ്റവും വലിയ പ്രത്യേകത.
സിനിമയിലെ വില്ലന്‍ ആരാകുമെന്നായിരുന്നു എമ്പുരാന്റെ റിലീസിന് മുന്‍പ് സിനിമാഗ്രൂപ്പുകളില്‍ നടന്ന ഏറ്റവും വലിയ ചര്‍ച്ച. റിലീസിന് ശേഷം ചിത്രത്തിലെ വില്ലന്‍ ആരാണെന്നും ഏത് ആശയക്കാരനാണെന്നും പുറത്തുവന്നതോടെയാണ് സംഘപരിവാറിന് കലിയിളകിയത്. ബാബു ബജ്രംഗിയെ ഓര്‍മിപ്പിക്കുന്ന ബാബ ബജ്രംഗി എന്ന വില്ലന്‍ കഥാപാത്രം അവരെ രോഷാകുലരാക്കി. പിന്നീട് കണ്ടത് ഒരു മലയാള സിനിമയ്ക്ക് നേരെയും ഇതുവരെ കാണാത്ത തരത്തിലുള്ള ഏറ്റവും നീചമായ സൈബര്‍ ആക്രമണമായിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയുമെന്നു വേണ്ട എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും സമൂഹമാധ്യമങ്ങളില്‍ ക്രൂരമായി വേട്ടയ്ക്ക് ഇരയായി. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തുകൊണ്ടുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയര്‍ന്നു. സിനിമാടീമിനെതിരെ തീവ്രവാദ ബന്ധങ്ങള്‍ വരെ ആരോപിക്കപ്പെട്ടു.
എന്നാല്‍ കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം എമ്പുരാനൊപ്പമാണ് നിന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വരെയുള്ളവര്‍ സിനിമ കണ്ടുകൊണ്ടും സംഘപരിവാര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും തന്നെ മുന്നോട്ടു വന്നു. സാമൂഹ്യ സാംസ്‌കാരിക മേഖലയിലുള്ളവര്‍ സിനിമയ്‌ക്കൊപ്പം അണിനിരന്നു. ഓരോ മണിക്കൂറിലും സിനിമയുടെ ടിക്കറ്റ് വില്‍പ്പന വര്‍ധിച്ചു വന്നു. എന്നാല്‍ ഇത്രയും വലിയ പിന്തുണ ലഭിച്ചിട്ടും സിനിമ റീ എഡിറ്റ് ചെയ്യാന്‍ തന്നെ എമ്പുരാന്‍ ടീം തീരുമാനിക്കുകയായിരുന്നു. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ കുറിപ്പും വന്നു.
ആ കുറിപ്പിലെ പ്രധാന വാചകങ്ങളൊന്ന് നോക്കാം. 'എമ്പുരാന്‍ സിനിമയിലെ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.' ഇതാണ് ആ കുറിപ്പിന്റെ രത്‌നചുരുക്കം. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഈ പോസ്റ്റിന് താഴെ, എമ്പുരാന്‍ സിനിമ ഇപ്പോഴുള്ളതുപോലെ തന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മോഹന്‍ലാലിന്റെ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ വന്നില്ലേ എന്ന് ചോദിക്കുന്നവര്‍ ഏറെയാണ്.
ഇപ്പോഴും എഡിറ്റിന് മുന്‍പ് സിനിമ കാണാന്‍ തീരുമാനിച്ചവരുടെ തിരക്ക് ബുക്ക് മൈ ഷോയില്‍ കാണാം. പുലര്‍ച്ചെ 4.30ക്ക് പോലും സ്‌പെഷ്യല്‍ ഷോ വെക്കാന്‍ നിര്‍ബന്ധിതമാകുന്ന തിയേറ്ററുകളെ കാണാം. സിനിമയിലെ കട്ട് ആകാന്‍ പോകുന്ന സീന്‍ ഏതാണെന്ന് അറിയാനുള്ള ആകാംക്ഷ മാത്രമല്ല ഇത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുണ്ടാകുന്ന കടന്നുകയറ്റത്തിന് നേരെയുള്ള ചെറുത്തുനില്‍പ്പാണ്. സത്യം പറയാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനോടുള്ള എതിര്‍വാക്കാണ്. എന്നാല്‍ ഈ സിനിമാപ്രേമികളുടെയും സിനിമയ്ക്കും സിനിമാക്കാരക്കുമൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുന്നവരുടെയും വലിയ പിന്തുണയുണ്ടായിട്ടും മലയാളത്തിലെ ഏറ്റവും വലിയ താരത്തിനും, ഏറ്റവും പവര്‍ഫുള്ളായ ടീമിനും മാപ്പ് പറയുകയും സിനിമയില്‍ മാറ്റം വരുത്തകയും ചെയ്യേണ്ടി വന്നെങ്കില്‍, അത നല്‍കുന്നത് വലിയൊരു സൂചന തന്നെയാണ്.
കേരളത്തിലെ സര്‍ക്കാരില്‍ അംഗങ്ങളില്ലാത്ത, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 ശതമാനം മാത്രം വോട്ട് ഷെയര്‍ ലഭിച്ച പാര്‍ട്ടിയ്ക്കുണ്ടായ എതിര്‍പ്പ്, മറ്റെല്ലാ പിന്തുണകളേക്കാളും, കേരളത്തിലെ ഏറ്റവും പോപ്പുലറായ മീഡിയങ്ങളിലൊന്നായ സിനിമയെ നിയന്ത്രിക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ ഖേദം പ്രകടിപ്പിക്കാനുള്ള തീരുമാനം വ്യക്തിപരമായ രാഷ്ട്രീയചായ്‌വിന്റെ ഫലം മാത്രമായും കാണാനാകില്ല. സംഘപരിവാര്‍ കേരളത്തിന്റെ മണ്ണില്‍ പ്രയോഗിക്കുന്ന അധികാരം തന്നെയാണത്. തങ്ങളെ വിമര്‍ശിക്കുന്ന ഒന്നും ആരെയും കാണാന്‍ സമ്മതിക്കില്ലെന്ന ഹുങ്കാണത്.
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ രംഗത്തുവന്നവരെ വിറളിപ്പിടിച്ച സീനുകളേക്കാള്‍ ക്രൂരമായ സംഭവപരമ്പരകളാണ് 2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയത്. അതിന് വാര്‍ത്തയുടെ വസ്തുതകളുടെ ചിത്രങ്ങളുടെ വീഡിയോകളുടെ അന്വേഷണറിപ്പോര്‍ട്ടുകളുടെയെല്ലാം പിന്‍ബലമുണ്ട്, തെളിവുകളുണ്ട്. വസ്തുതകളെ മുഴുവന്‍ വളച്ചൊടിക്കുന്ന നരേറ്റീവുകളുമായി, കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും സബര്‍മതി റിപ്പോര്‍ട്ടുമടക്കം നിരവധി പ്രൊപ്പഗണ്ട സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ട്. അവയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ സിനിമകള്‍ക്കൊന്നും എതിരെ ഉയരാത്ത കത്രിക ഈ സിനിമയില്‍ എടുക്കേണ്ടി വന്നു. അതും സെന്‍സറിങ് കഴിഞ്ഞ് പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രത്തില്‍. സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമകളൊക്കെ തിയേറ്റില്‍ വിജയമാകാതെ പോയതും എമ്പുരാന്‍ വലിയ വിജയം നേടുന്നതുമായിരിക്കാം ഒരുപക്ഷെ സംഘപരിവാറിനെ ഏറ്റവും ചൊടിപ്പിച്ചത്.
എമ്പുരാനില്‍ സംഘപരിവാര്‍ മാത്രമല്ല, കോണ്‍ഗ്രസും സിപിഐഎമ്മുമെല്ലാം വിമര്‍ശിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ മക്കള്‍ രാഷ്ട്രീയവും ഗതകാല സ്മരണകള്‍ മാത്രം പറഞ്ഞിരിക്കുന്നതും മൃദുഹിന്ദുത്വയും സിപിഐമ്മിന്റെ കേരളത്തില്‍ മാത്രം ഒതുങ്ങിപ്പോയ അവസ്ഥയുമെല്ലാം വിമര്‍ശനവിധേയമാകുന്നുണ്ട്, ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ആ വിമര്‍ശനങ്ങളുള്ള സിനിമയെയാണ് ഇവിടുത്തെ സിപിഐഎമ്മിന്റെ വലിയ നേതാവായ പിണറായി വിജയന്‍ കണ്ടത്, പിന്തുണച്ചത്. കോണ്‍ഗ്രസും അങ്ങനെ തന്നെ. ഇവരാരും സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി വന്നിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയബോധമാണത്.
രാഷ്ട്രീയപാര്‍ട്ടികളെയും പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുന്ന ആദ്യ സിനിമയല്ല എമ്പുരാന്‍. കേരളത്തിലെ ഓരോ പാര്‍ട്ടികളും മുന്നണികളും സമ്മുന്നത നേതാക്കളുമെല്ലാം കാലാകാലങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എമ്പുരാന്‍ എഴുതിയ മുരളി ഗോപിയുടെ മുന്‍ ചിത്രങ്ങള്‍ മാത്രം എടുത്തുനോക്കിയാല്‍ അത് കാണാം. ഇഎംഎസും നായനാരും കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുതല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും നരസിംഹറാവുവും ബുദ്ധദേബ് ഭട്ടാചാര്യയും യെച്ചൂരിയുമെല്ലാം ഇവിടുത്തെ സിനിമകളില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആ വിമര്‍ശനങ്ങള്‍ക്കെതിരെ, തങ്ങളുടെ പാര്‍ട്ടിയെ അവതരിപ്പിച്ചതിലെ പോരായ്മകള്‍ക്കെതിരെ എതിര്‍പ്പുകളുമായി അണികള്‍ രംഗത്തുവന്നിട്ടുമുണ്ട്. പക്ഷെ ആ വിമര്‍ശനങ്ങള്‍ സിനിമയുടെ ബഹിഷ്‌കരണത്തിലേക്കോ വെട്ടിമാറ്റലിലേക്കോ പോകാതിരിക്കാനുള്ള ജാഗ്രത കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും അണികളും ജനങ്ങളൊന്നടങ്കവും കാണിച്ചിരുന്നു. ആ ജാഗ്രതയിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുള്ള ഭൂമികയിലുമാണ് ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്, കത്രിക വെച്ചിരിക്കുന്നത്.
എമ്പുരാനില്‍ വളണ്ടറി എഡിറ്റിന് അണിയറപ്രവര്‍ത്തകര്‍ തയ്യാറായി എന്നതിന്റെ വ്യാപ്തി ഒരുപക്ഷെ ഇന്ന് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും. എമ്പുരാനെതിരെ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ അത്തരത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഏതെങ്കിലുമോ റീഎഡിറ്റും റീസെന്‍സറിങ്ങും ആവശ്യപ്പെട്ടിട്ടില്ല. ഏതെങ്കിലും പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞിട്ടില്ല. കോടതിയിലേക്ക് ഒരാള്‍ പോലും ഹരജിയുമായി പോയിട്ടില്ല. ആകെയുണ്ടായിട്ടുള്ളത് സോഷ്യല്‍ മീഡിയ വഴി സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ ഒരു കൂട്ടമാണ്, അവരുടെ സൈബര്‍ അറ്റാക്കാണ്. പക്ഷെ അപ്പോഴേക്കും സെന്‍സറിങ് കഴിഞ്ഞ സിനിമ റീ എഡിറ്റ് ചെയ്യാനും മാപ്പ് പറയാനും മലയാള സിനിമയിലെ ഏറ്റവും മുന്നിലുള്ളവര്‍ തയ്യാറായി എന്നുള്ളത് ഫാസിസം പടര്‍ന്നുപിടിച്ച് എവിടെ വരെ എത്തിയെന്നും അവര്‍ക്ക് എത്രമാത്രം ശക്തിയുണ്ടെന്നും കാണിച്ചുതരുന്നതാണ്.
നിലവില്‍ തന്നെ സിനിമാക്കാര്‍ ഒരുതരം സെല്‍ഫ് സെന്‍സര്‍ഷിപ്പിലൂടെയാണ് കടന്നുപോകുന്നത്. ഇനി മുതല്‍ ഒരുപക്ഷെ സ്വയം നടത്തുന്ന ഈ സെന്‍സര്‍ഷിപ്പ് കൂടുതല്‍ കടുപ്പത്തിലാക്കാന്‍ അവര്‍ നിര്‍ബന്ധിതരായേക്കാം. സംഘപരിവാറിനെ വിമര്‍ശിക്കുന്ന ഒരു ചെറിയ വാക്കോ വള്ളിയോ പുള്ളിയോ പോലും വേണ്ടെന്ന് വെക്കേണ്ടി വരുന്ന ഗതികേടിലേക്ക് നയിച്ചേക്കാം. ഈ സെല്‍ഫ് സെന്‍ഷര്‍ഷിപ്പ് സിനിമയില്‍ മാത്രമായി ഒതുങ്ങുകയുമില്ല. അത് ചെറുതും വലുതമായ നമ്മുടെ ഓരോ സ്‌പേസുകളെയും വൈകാതെ കീഴടക്കും. ഈ അവസ്ഥയെ അതിന്റെ എല്ലാ ഭീകരതയോടും കൂടി മനസിലാക്കാതെ കേരളത്തിന് മുന്നോട്ടു പോകാനാകില്ല.
Content Highlights: Will Empuraan movie controversies and Mohanlal's apology affect Malayalam cinema and Kerala