'ജീവിതത്തില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ ഇന്ത്യക്കാര്‍ ഇനി പഹല്‍ഗാം സന്ദര്‍ശിക്കും..'

"രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ രക്തക്കുഴലുകളായ ലോക്കല്‍ ട്രെയിനുകളില്‍ ഭീകരര്‍ ബോംബ് സ്‌ഫോടനം നടത്തിയത് ഓര്‍ക്കുന്നുണ്ടാകും. എന്നാല്‍ തൊട്ടടുത്ത ദിവസം..."

dot image

ശ്മീരിലെ പഹല്‍ഗാം ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലെ നീറുന്ന നോവാണ്. അവിടെ ഭീകരര്‍ പോയിന്‍റ് ബ്ലാങ്കില്‍ നിറയൊഴിച്ചത് 26 മനുഷ്യരുടെ നെഞ്ചിലേക്കാണ്. എന്നാല്‍ അവ തറച്ചതാകട്ടെ 148 കോടി ഭാരതീയരുടെ ഹൃദയത്തിലും! ഭീകരരേ നിങ്ങള്‍ കരുതിയിരിക്കുക, മഹത്തായ ഈ രാജ്യം അതിന്റെ ശക്തി കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും നിങ്ങളെ നിശ്ശേഷം പരാജയപ്പെടുത്തും. സംശയമില്ല!

ഭീകരരും ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്ന അയല്‍രാജ്യവും ലക്ഷ്യം വച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്:ഇവിടുത്തെ ജനതയെ മതപരമായി വിഭജിക്കുക. രണ്ട്:കശ്മീര്‍ ജനതയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായ ടൂറിസം മേഖലയെ തകര്‍ക്കുക. അതുകൊണ്ടാണ് അവര്‍ വിനോദ സഞ്ചാരികളുടെ നെഞ്ചിലേയ്ക്ക് അവരുടെ മതം നോക്കി നിറയൊഴിച്ചത്.

വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച കശ്മീരി ജനതയ്ക്ക് തൊഴിലും സമ്പത്തും നല്കി. കുറച്ചൊന്നുമല്ല ഇത് ഭീകരരെ വിറളിപിടിപ്പിച്ചത്. ഭീകരവാദത്തിന് വളരാന്‍ പറ്റിയ വളക്കൂറുള്ള മണ്ണാണല്ലോ ദാരിദ്ര്യവും തൊഴിലില്ലായ്മയും. വെറുപ്പ് വിതച്ച് ചോര കൊയ്ത് അതുകൊണ്ട് വിരുന്നുണ്ണാന്‍ ആഗ്രഹിക്കുന്നവരും അവരെ സ്‌പോണ്‍സര്‍ ചെയ്യുന്നവരും അറിഞ്ഞിരിക്കുക; ഈ കുതന്ത്രത്തില്‍ ഇന്ത്യക്കാര്‍ ഒരിക്കലും വീഴില്ല. കണ്ടില്ലേ, കശ്മീര്‍ ജനത ഒന്നാകെ, മത-രാഷ്ട്രീയ വ്യത്യാസം കൂടാതെ പഹല്‍ഗാം കൂട്ടക്കുരുതിക്കെതിരേ തെരുവിലിറങ്ങിയത്.

പഹല്‍ഗാം ഭീകരവാദ ആക്രമണത്തിന് ശേഷം

ഭീകരര്‍ മതം നോക്കി മനുഷ്യരെ കശാപ്പ് ചെയ്തപ്പോള്‍ മതം നോക്കാതെ അവരെ സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ വെടിഞ്ഞ ആദില്‍ ഹുസൈനും, 14 വയസ്സുകാരനെ ചുമലിലേറ്റി ഓടുന്ന കശ്മീരി ഗൈഡും, അതുപോലെ മറ്റനേകം പേരും ഭീകരര്‍ക്ക് നല്കുന്ന മുന്നറിയിപ്പ് ഇതാണ്. മതം നോക്കാതെ ഞങ്ങള്‍ മനുഷ്യരെ ചേര്‍ത്തു പിടിക്കും. നിങ്ങള്‍ക്ക് ഞങ്ങളെ വിഭജിക്കാനാവില്ല.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ രക്തക്കുഴലുകളായ ലോക്കല്‍ ട്രെയിനുകളില്‍ ഭീകരര്‍ ബോംബ് സ്‌ഫോടനം നടത്തിയത് ഓര്‍ക്കുന്നുണ്ടാകും. 2006 ജൂലൈ 11 ന് വൈകുന്നേരം 5 മണിക്കാണ് ആ ക്രൂരകൃത്യം നടന്നത്. 290 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ രാജ്യം ഞെട്ടി. എന്നാല്‍ പിറ്റേ ദിവസം രാവിലെ 4 മണിക്ക് തന്നെ ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചതും മുംബൈ ജനത നിര്‍ഭയം അതില്‍ യാത്ര ചെയ്തതും ഭീകരരെ മാത്രമല്ല ലോകത്തെ മുഴുവനും അത്ഭുതപ്പെടുത്തി. അതെ, ഒരു ഭീകരനും മുമ്പില്‍ ഭയപ്പെടുന്നവരോ തലകുനിക്കുന്നവരോ അല്ല ഇന്ത്യക്കാര്‍!

മുംബെെ ലോക്കല്‍ ട്രെയിനില്‍ നടന്ന സ്ഫോടനത്തിന് ശേഷം

കശ്മീര്‍ ജനതയെ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിയിടാനുള്ള ഗൂഢശ്രമം തീര്‍ച്ചയായും പരാജയപ്പെടും. ഇനി മുതല്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കശ്മീര്‍ സന്ദര്‍ശിക്കും. അപ്പോള്‍ നിശ്ചയമായും പഹല്‍ഗാമില്‍ പോകും. കാലമെത്ര കഴിഞ്ഞാലും, അവിടുത്തെ പുല്‍ക്കൊടിയില്‍ വിരിഞ്ഞ പൂക്കളില്‍ ഞങ്ങളുടെ സോദരരുടെ ചോരപ്പാടുകളുണ്ടാവും. ആ പൂക്കള്‍ ഞങ്ങള്‍ ഹൃദയത്തോടു ചേര്‍ത്തുപിടിക്കും. ഭീകരരേ, നിങ്ങള്‍ക്ക് മുമ്പില്‍ ഈ രാജ്യം ഒരിക്കലും തല കുനിക്കില്ല.

പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് എന്റെ കണ്ണീര്‍ പ്രണാമം. മുറിവേറ്റവരുടെ വേദനയില്‍ ഞാനും പങ്കു ചേരുന്നു.

Content Highlights: Fr. Aji Puthiyaparambil writes about Pahalgam attack

dot image
To advertise here,contact us
dot image