'പേടിക്കെന്താ നിറം ചുവപ്പോ അതോ കറുപ്പോ…? കൃത്യമായി ഒരു നിറമില്ല. നിറം എപ്പോഴും മാറിക്കൊണ്ടിരിക്കും…' സദയം എന്ന സിനിമയിൽ ആ കുട്ടികളെ 'തന്റേതായ ശരികളിലൂടെ രക്ഷിക്കാൻ' ശ്രമിക്കുമ്പോൾ സത്യനാഥൻ പറയുന്ന വാക്കുകളാണ് ഇവ. ആ നിമിഷങ്ങളിൽ സത്യനാഥൻ എന്ന കഥാപാത്രത്തിന്റെ ഭ്രാന്തമായ മാനസികാവസ്ഥ അതിന്റെ എല്ലാ തീവ്രതയിലും എം ടി ഈ വാക്കുകൾ കൊണ്ട് വരച്ചുകാട്ടുന്നുണ്ട്. എം ടി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന കഥാപാത്രങ്ങളിൽ ഒട്ടുമിക്കതും ക്ലാസിക് സ്വഭാവമുള്ളവയാണെങ്കിലും ആ കൂട്ടുകെട്ടിനെ നമ്മൾ അത്രമേൽ ആഘോഷിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
എം ടി എന്ന അതികായനൊപ്പം മോഹൻലാൽ ഒന്നിച്ചപ്പോഴൊക്കെ തീർത്തും വൈവിധ്യമായ കഥാപാത്രങ്ങളും സിനിമകളുമാണ് ഉണ്ടായത്. മോഹൻലാൽ എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ എടുത്തുനോക്കിയാൽ അതിൽ പലതും എം ടിയുടെ തൂലികയിൽ പിറന്നതാണ്. അതിൽ ഏറ്റവും നല്ല ഉദാഹരണമാണ് സദയത്തിലെ സത്യനാഥൻ. അഭിനേതാക്കളുടെ പാഠപുസ്തകം എന്ന് വിളിക്കാവുന്ന പ്രകടനമായിരുന്നു ആ സിനിമയിലേത്. രക്ഷിക്കാൻ എന്ന വിശ്വാസത്തിൽ ആ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുമ്പോൾ സത്യനാഥനെ കാണുന്ന പ്രേക്ഷകരെ അത് ഒരേസമയം അലോസരപ്പടുത്തുകയും ഹോണ്ട് ചെയ്യുകയും ശരി-തെറ്റുകളെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യുന്നു. ആ രക്ഷപ്പെടുത്തലിന് അയാൾ ഉപയോഗിക്കുന്ന ആയുധം തന്റെ പെയ്ന്റിംഗ് നൈഫാണ് എന്നതും ശ്രദ്ധേയമാണ്.
സത്യനാഥൻ ദയാഹർജി കൊടുക്കാനൊരുങ്ങുന്നവരോട് 'ദയാഹർജി ഞാൻ ശരിക്കും അയക്കേണ്ടത് ദൈവത്തിനാണ്. ഒരു ക്ലീൻ ബോർഡ് വെച്ച് ആദ്യം തൊട്ടേ തുടങ്ങാൻ.. അത് കിട്ടില്ലല്ലോ എന്നതാ സങ്കടം' എന്ന് പറയുമ്പോൾ തന്റെ ജീവിതത്തോടും മരണത്തോടുമുള്ള സത്യനാഥന്റെ മനോഭാവം വ്യക്തമാകുന്നുണ്ട്. മറ്റൊരു രംഗത്തിൽ തന്റെ വധശിക്ഷ താത്കാലികമായി നിർത്തിവച്ചു എന്ന ഓർഡർ ലഭിക്കുമ്പോൾ സത്യനാഥനെ കൊണ്ട് എം ടി പൊട്ടിക്കരയിപ്പിക്കുന്നുണ്ട്.. ഇത്രത്തോളം ഒരു മനുഷ്യന്റെ മനോവിചാരങ്ങളെ വരച്ചുകാട്ടിയ കഥാപാത്രങ്ങൾ ചുരുക്കമാണ്.
എം ടിയുടെ തൂലികയിൽ, മോഹൻലാൽ വിസ്മയിപ്പിച്ച മറ്റൊരു കഥാപാത്രമായിരുന്നു അമൃതംഗമയ എന്ന സിനിമയിലെ ഡോ. ഹരിദാസ്. രണ്ട് പ്രായത്തിലെ, രണ്ട് അവസ്ഥകളിലൂടെ കടന്ന് പോകുന്നൊരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചത് ഇരുപത്തിയേഴാം വയസ്സിലാണ്. പക്വതയില്ലാത്ത പ്രായത്തിൽ അയാൾ ചെയ്യുന്ന തെറ്റ്, അല്ലെങ്കിൽ ക്രൂരത, അതിന്റെ കുറ്റബോധവും പേറി ജീവിക്കുന്ന കഥാപാത്രം ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സദയത്തിനൊപ്പം തന്നെ ചേർത്ത് വെയ്ക്കാവുന്ന മറ്റൊരു മാസ്റ്റർപീസ് തിരക്കഥയും കഥാപാത്രവുമാണ് അമൃതംഗമയിലേത്.
ഈ ഇരു കഥാപാത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായ പ്രതിനായക സ്വഭാവമുള്ള തനി വില്ലൻ എന്ന് വിളിക്കാൻ കഴിയുന്ന കഥാപാത്രമായിരുന്നു ഉയരങ്ങൾ എന്ന സിനിമയിലെ ജയരാജൻ. തന്റെ വിജയങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന, ആരുടെ ജീവിതവും തച്ചുടയ്ക്കുന്ന ജയരാജന് അയാളുടേതായ ചില ശരികളുണ്ട്, തോൽക്കാതിരിക്കാൻ എന്തും ചെയ്യുന്നവന്റെ ശരികൾ. സിനിമയുടെ അവസാന രംഗങ്ങളിൽ 'ഇൻസ്പെക്ടർ സാർ, നിങ്ങൾ ജയിക്കുന്നു അല്ലേ!! പക്ഷേ തോറ്റുപോകാൻ ഞാൻ തയ്യാറല്ലെങ്കിലോ' എന്ന് പറഞ്ഞ് ഉയരങ്ങളിൽ നിന്നും ചാടുമ്പോൾ പോലും അയാൾ വിജയിക്കുകയാണ്. മലയാളം കണ്ട ഏറ്റവും മികച്ച ആന്റി ഹീറോ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ജയരാജൻ.
'കൊല്ലാൻ ഇനിയും നോക്കും അവൻ, ചാകാതിരിക്കാൻ ഞാനും' എന്ന് ബാലൻ പറയുമ്പോൾ അയാളുടെ ഉള്ളിലെ കനൽ എത്രത്തോളം ആഴമുള്ളതാണെന്ന് പ്രേക്ഷകർക്ക് മനസിലാകും. 1980ൽ എം ടിയുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു താഴ്‌വാരം. ജീവനേക്കാൾ തന്റെ പകയ്ക്ക് പ്രാധാന്യം നൽകുന്ന കഥാപാത്രമായിരുന്നു താഴ്വാരത്തിലെ ബാലൻ. വില്ലനെ കൊല്ലാൻ തുനിഞ്ഞിറങ്ങുമ്പോഴും അയാൾ പലപ്പോഴും പതറിപ്പോകുന്നുമുണ്ട്. മലയാളത്തിൽ അന്നുവരെ കഥ പറഞ്ഞ ശൈലികളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഒരു വെസ്റ്റേൺ സ്റ്റൈലിലാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. എംടി എന്ന പ്രതിഭാധനനായ എഴുത്തുകാരന്റെ തൂലികയില്‍ വിരിഞ്ഞ മറ്റൊരു വിസ്മയം തന്നെയാണ് താഴ്വാരം.
ഏറ്റവും ഒടുവിൽ ഒരു എംടി കഥാപാത്രത്തിന് മോഹൻലാലിന്റെ മുഖം ലഭിച്ചത് ഈ വർഷം മനോരഥങ്ങൾ എന്ന ആന്തോളജിയിലെ ഓളവും തീരവും എന്ന സെഗ്മന്റിലൂടെയാണ്. വർഷങ്ങൾക്ക് മുമ്പ് മധു തകർത്താടിയ ബാപ്പൂട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ വീണ്ടും അവതരിപ്പിച്ചപ്പോൾ അവിടെ വ്യത്യസ്തമായ ഒരു കാമുകഭാവമായിരുന്നു ലഭിച്ചത്.
വടക്കൻ പാട്ടുകളിലെ ചന്തുവിന് ചതിയനല്ലാത്ത ഒരു മുഖം നൽകിയ, പെരുന്തച്ചന് മറ്റൊരു ഭാവം നൽകിയ എംടി അജയ്യനായ ഭീമന് വൈകാരികതയുടെ മുഖം നൽകിയ നോവലായിരുന്നു രണ്ടാമൂഴം. ഈ നോവലിനെ ഏതാനും വർഷങ്ങൾക്ക് മുമ്പ് ശ്രീകുമാർ മേനോൻ സിനിമയാക്കാൻ ചില ശ്രമങ്ങൾ നടത്തിയിരുന്നു. 'കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ…' എന്ന് പറയുന്ന ഭീമനാകേണ്ടിയിരുന്നത് മോഹൻലാലായിരുന്നു. എന്നാൽ ആ സിനിമ നടന്നില്ല. മഹാഭാരതത്തിലെ ഭീമന് എംടി നൽകിയ പുനർവ്യാഖ്യാനം തിരശീലയിൽ കാണാൻ സാധിക്കാതെ പോയത് മലയാള സിനിമാപ്രേക്ഷകരുടെ തീരാനഷ്ടമാണ്.
Content Highlights: hit Films released M T Vasudevan - Mohanlal combo