തന്റെ എഴുത്തിലെ ഭാഷ പോലെ തന്നെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും വ്യക്തമായൊരു കൈമുദ്ര പതിപ്പിച്ചിട്ടുള്ളതാണ് എം ടി തിരക്കഥയെഴുതിയ സിനിമയിലെ ഡയലോഗുകൾ. മാസിന് മാസായ ഡയലോഗുകൾ എം ടിയുടെ കഥാപാത്രങ്ങൾ പറഞ്ഞിട്ടുണ്ട്. വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ സംഭാഷണങ്ങളൊക്കെയും ഇന്നും മലയാളി തന്റെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവയാണ്. വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും മലയാളികൾ അവരുടെ കൂടെ കൂട്ടിയ ചന്തു റെഫറൻസുകൾ എത്രയോ ഉണ്ട്. പഴശിരാജ ഇറങ്ങിയതിന് ശേഷം മുതൽ 'പഴശിയുടെ തന്ത്രങ്ങൾ ഇനി കമ്പനി കാണാൻ പോവുന്നതേ ഉള്ളൂ' എന്ന് സന്ദർഭഭേദമില്ലാതെ മലയാളി പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ സ്വത്വം വ്യക്തമാക്കുന്ന മാസ് ഡയലോഗുകൾ എം ടി യുടെ തൂലികയിൽ നിന്ന് പിറന്നപ്പോൾ ചിലത് കാലത്തിനപ്പുറവും സഞ്ചരിച്ചിട്ടുണ്ട്.
എംടിയുടെ സിനിമകളിലെ ഹിറ്റായ ചില ഡയലോഗുകൾ ഇതാ:
1- പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേയുള്ളൂ..
കേരളവർമ പഴശ്ശിരാജയായി മമ്മൂട്ടി തകർത്താടിയ ചിത്രത്തിൽ മമ്മൂട്ടിയുടെ മാസ് ഡയലോഗുകളിൽ പ്രധാനപ്പെട്ടതായിരുന്നു തിലകനോടുള്ള മമ്മൂട്ടിയുടെ ഈ ഡയലോഗ്.
2- കൊല്ലാനിനിയും നോക്കും അവൻ, ചാവാതിരിക്കാൻ ഞാനും..
താഴ്വാരം സിനിമയിലെ ടാഗ് ലൈനായിരുന്നു ഈ ഡയലോഗ്. മോഹൻലാലിന്റെ ശബ്ദത്തിൽ ഈ വാക്കുകൾ കേൾക്കുമ്പോൾ പ്രേക്ഷകന് ലഭിക്കുന്ന ത്രിൽ ഏറെ വലുതാണ്.
3- പണി പഠിപ്പിച്ച തന്ത വെറും തച്ചനല്ലല്ലോ തിരുമേനീ..
പെരുന്തച്ചൻ എന്ന സിനിമയിൽ തിലകന്റെ ഉള്ളിലെ സംഘർഷങ്ങളൊക്കെയും ഈ ഡയലോഗിലുണ്ട്.
4- ചതിയൻ ചന്തുവിന്റെ കൊടുംക്രൂരതകളെപ്പറ്റി നിങ്ങൾക്കെന്തറിയാം?
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥ. ചിത്രത്തിൽ ഘനഗാംഭീരസ്വരത്തിൽ മമ്മൂട്ടിയുടെ ചന്തു ഇത് പറയുമ്പോൾ എംടിയുടെ വാക്കുകളുടെ സൗന്ദര്യം കൂടിയാണ് പ്രേക്ഷകന്റെ മനസിൽ നിറയുന്നത്.
5- സോ, ഇൻസ്പെക്ടർ നിങ്ങൾ ജയിക്കുന്നു, പക്ഷേ, തോറ്റു പോവാൻ എനിക്കിഷ്ടമില്ലെങ്കിലോ..
ഉയരങ്ങളിൽ എന്ന സിനിമയുടെ ക്ലൈമാക്സിൽ മോഹൻലാലിന്റെ കഥാപാത്രം നെടുനീളൻ ഡയലോഗുകളും പറഞ്ഞ് കൊക്കയിലേക്ക് ചാടുമ്പോൾ ആ ക്ലൈമാക്സ് സീൻ പ്രേക്ഷകന് സമ്മാനിച്ചത് അപ്രതീക്ഷിത ട്വിസ്റ്റാണ്.
Content Highlights: hit dialogues of M T Vasudevan Nair