ശിഷ്യനെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ഗുരുവിനെ നമ്മൾ കണ്ടിട്ടുണ്ടാവും, എന്നാൽ ഒരു ഗുരു തൻ്റെ ശിഷ്യൻ്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന കാഴ്ച വളരെ വിരളമാണ്. എംടി വാസുദേവൻ നായരെന്ന അതികായനായ അക്ഷര സാമ്രാട്ട് തൻ്റെ 91-ാം പിറന്നാളിന് അങ്ങനെ ആരുടെയെങ്കിലും നെഞ്ചോട് ചേർന്ന് നിന്നിട്ടുണ്ടെങ്കിൽ അത് തൻ്റെ എക്കാലത്തെയും പ്രിയ ശിഷ്യനായ മമ്മൂട്ടിയുടേതാവും. അത്രയേറെ തീവ്രതയേറിയ ഗുരു ശിഷ്യ ബന്ധമാണ് മമ്മൂട്ടിക്കും എംടി വാസുദേവൻ നായർക്കും ഇടയിലുണ്ടായിരുന്നത്. ആ ബന്ധം മലയാളികൾക്ക് അത്ര അപരിചിതവുമല്ല.
സിനിമാ മോഹം മൊട്ടിട്ട കാലം മുതൽ തന്നെ എംടിയുടെ സിനിമകളും കഥാപാത്രങ്ങളും മമ്മൂട്ടിയെ ത്രസിപ്പിച്ചിരുന്നു. എന്നെങ്കിലും തനിക്ക് അദ്ദേഹത്തിൻ്റെ ഏതെങ്കിലും കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയുമോ എന്ന് മുഹമ്മദ് കുട്ടി അന്ന് സ്വപനം കണ്ടിരുന്നു. ആ കാലത്തിൽ നിന്ന് എംടിയുടെ പ്രിയപ്പെട്ട മമ്മൂട്ടിയിലേക്ക് എത്തുമ്പോൾ അതിന് ഒരായുസ്സിൻ്റെ കഥയുണ്ട് പറയാൻ.
ദേവലോകം എന്ന സിനിമയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആദ്യമായി എംടിയിൽ നിന്ന് മമ്മൂട്ടിക്ക് കത്തുകിട്ടുന്നത്. എന്നാൽ നിർഭാഗ്യവശാൽ അത് പൂർത്തിയാക്കാൻ സാധിച്ചില്ല. അന്ന് ചിത്രം പൂർത്തിയാകാതെ നിരാശനായി മടങ്ങേണ്ടി വന്ന മമ്മൂട്ടിയെ തേടി പിന്നീടെത്തിയത് 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രമാണ്. ഇതേ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി സിനിമയിൽ സജീവമാകുന്നതും.
1980 ൽ ആസാദ് സംവിധാനം ചെയ്ത് എം ടി തിരക്കഥയെഴുതിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ പ്രവാസി ജീവിതത്തിലെ കയ്പ്പേറിയ അധ്യായങ്ങൾ വരച്ചു കാട്ടുന്ന ഒന്നായിരുന്നു. എംടി യുടെ പരുക്കൻ ഭാഷയിൽ ഉരുത്തിരിഞ്ഞ രാജഗോപാൽ എന്ന കഥാപാത്രത്തെ അന്ന് സുകുമാരൻ തൻമയത്വത്തോടെ ചെയ്തു തീർത്തു. അതിൽ മമ്മൂട്ടിയുടെ കഥാപാത്രം ചെറുതെങ്കിലും ആളുകളുടെ ശ്രദ്ധയിൽപെട്ടു. പിന്നീട് എംടിയുടെ തൂലികയിൽ പിറന്ന് വീണ പല കഥാപാത്രങ്ങൾക്കും മമ്മൂട്ടി ജീവൻ നൽകി. തൃഷ്ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും മലയാളികൾക്ക് പുതിയ കാഴ്ച അനുഭവം സമ്മാനിച്ചു.
എംടിയുടെ പല ഇൻ്റർവ്യൂകളിലും മമ്മൂട്ടിയെ കണ്ടിട്ടാണോ പല കഥാപാത്രത്തെയും എഴുതുന്നത് എന്ന ചോദ്യം ഉണ്ടാവാറുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതിന് ഉത്തരമായി താൻ കൊടുക്കാറുള്ളത് മമ്മൂട്ടിയെ ഉദ്ദേശിച്ച് താൻ ഒന്നും എഴുതാറില്ല. പക്ഷെ എഴുതി കഴിഞ്ഞാൽ ഇത് മമ്മുട്ടിയെ വെച്ച് ചെയ്യാമെന്ന് തോന്നും എന്നായിരുന്നു. വടക്കൻ വീരഗാഥയിലെ ചന്തുവിൻ്റേത് അത്തരത്തിലൊരു കഥാപാത്രമാണ്. എംടിയുടെ കഥാപാത്രങ്ങളുടെ ഭാഷാശൈലിയും മെയവഴക്കവുമെല്ലാം മമ്മൂട്ടി എളുപ്പത്തിൽ സ്വായത്തമാക്കിയിരുന്നു.
വടക്കൻ പാട്ടുകളിൽ കണ്ടിരുന്ന ചതിയനായ ചന്തുവിൽ നിന്ന് കഥാപാത്രത്തിന് തികച്ചും വ്യത്യസ്തമായ വീക്ഷണം നൽകിയാണ് എംടി അവതരിപ്പിച്ചത്. സിനിമയ്ക്ക് വേണ്ടിയോ ജീവിതത്തിലോ കളരി പഠിക്കാത്ത മമ്മൂട്ടി തൻ്റെ അഭിനയത്തിൽ കളരി അടവുകൾ കണ്ട് പകർത്തുക മാത്രമാണ് ചെയ്തത്. മലയാള സിനിമയിലും മമ്മൂട്ടി എന്ന നടൻ്റെ ജീവിതത്തിലും സിനിമയും കഥാപാത്രവും വലിയ നേട്ടങ്ങൾ കൊണ്ടു വന്നു. ചിത്രം മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടികൊടുത്തപ്പോൾ എംടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയെടുത്തു.
ജീവിതവും മരണവും എംടിയുടെ എഴുത്തുകളിൽ എപ്പോഴും കേന്ദ്രസ്ഥാനം വഹിക്കാറുണ്ട്. അത്തരത്തിൽ ഈ ആശയങ്ങളെ കേന്ദ്ര ബിന്ദുവാക്കി എംടി 'സുകൃതം' എഴുതുമ്പോൾ ജീവിത പ്രതിസന്ധിയിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന രവിശങ്കർ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയുടെ മുഖമായി. സ്വന്തം മരണവാർത്ത താൻ ജോലി ചെയ്യുന്ന പത്രത്തിൽ തന്നെ കാണുമ്പോൾ രവിശങ്കറിന് ഉണ്ടാവുന്ന വികാര വിചാരങ്ങൾ ചിത്രത്തിൽ മമ്മൂട്ടി അതി മനോഹരമായാണ് അവതരിപ്പിച്ചത്.
എം ടിയുടെ കഥകളിൽ മാത്രമല്ല, എംടിയായി തന്നെയും മമ്മൂട്ടിക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. എംടിയുടെ ആത്മകഥാ ശകലം ആയ മനോരഥങ്ങളിലെ 'കടുഗണ്ണവ' ഒരു പക്ഷെ അദ്ദേഹത്തെ ഏറ്റവും നന്നായി അടുത്ത അറിയുന്ന മമ്മൂട്ടിയോളം മറ്റാർക്കും കഴിഞ്ഞെന്ന് വരില്ല.
വളരെ ചുരുക്കം ആളുകളുമായി മാത്രം ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന എംടിയുമായുള്ള വ്യക്തി ബന്ധത്തെ പറ്റി ചോദിച്ചപ്പോൾ മമ്മൂട്ടി ഇങ്ങനെ പറയുകയുണ്ടായി 'അദ്ദേഹം തീർത്ത പ്രതിരോധത്തിൻ്റെ വേലി തകർത്ത് ഞാൻ അകത്ത് കയറുകയായിരുന്നു. ഇപ്പോഴും ഞാനാ വേലിക്കുള്ളിലാണ്. അവിടെ നിന്ന് എന്നെ അദ്ദേഹം ഇറക്കി വിട്ടിട്ടില്ല.'
അതെ; നവതി ആഘോഷത്തിൽ വികാരാധീതനായി 'എൻ്റെ എല്ലാ പുരസ്ക്കാരങ്ങളും ഞാൻ അദ്ദേഹത്തിൻ്റെ കാൽകീഴിൽ സമർപ്പിക്കുന്നു' എന്ന് പറയുന്ന മമ്മൂട്ടിയെയും നമ്മൾ കണ്ടു. ആ വാക്കുകളിൽ തന്നെ എംടിയുടെയും മമ്മൂട്ടിയുടെയും ഗുരു ശിഷ്യ ബന്ധം വ്യക്തമാണ്. ഇന്നിതാ മലയാളത്തിന് എംടിയെ നഷ്ടമായപ്പോൾ ഒരു അതുല്യമായ ഗുരു ശിഷ്യ ബന്ധത്തിൻ്റെ അധ്യായം കൂടി ഇവിടെ അവസാനിക്കുകയാണ്.
Content highlight- Mammooty and MT Vasudevan Nair