ഇതൊരു രാജാവിന്റെ കഥയാണ്, ആൾക്കൂട്ടങ്ങളോ ആരവങ്ങളോ ഇല്ലാതെ, ഒരു ഗോഡ് ഫാദറിന്റെയും സഹായമില്ലാതെ സാമ്രാജ്യങ്ങൾ കീഴടക്കിയ രാജാവിന്റെ കഥ. ഇടയ്ക്ക് ഒന്ന് വീണു പോയപ്പോൾ ചുറ്റുള്ള പലരും ചവിട്ടിത്താഴ്ത്താൻ നോക്കിയ രാജാവ്. മതമൗലികവാദികൾ കൂട്ടത്തോടെ ആക്രമിച്ച രാജാവ്. കാലം കഴിഞ്ഞെന്നും തിരിച്ചുവരവില്ലെന്നും വയസായെന്നും പലരും വിധിയെഴുതിയ രാജാവ്. ഒടുവിൽ എല്ലാത്തിൽ നിന്നും വഴിമാറി, ആയിരം ദിവസത്തോളം നീണ്ട ഇടവേളക്ക് ശേഷം അയാൾ തിരിച്ചുവന്നു. 'Once a King always a King' എന്ന് പ്രഖ്യാപിച്ചുകൊണ്ട്. ബോളിവുഡ് എന്ന സാമ്രാജ്യത്തിൽ അയാൾ വീണ്ടും കിരീടം വെക്കാത്ത രാജാവായി. ബോളിവുഡിന്റെ ബാദ്ഷയായ എസ് ആർ കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഷാരൂഖ് ഖാനായിരുന്നു ആ രാജാവ്.
സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു മീർതാജ് മുഹമ്മദിന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി 1965 നവംബർ 2 നാണ് ഷാരൂഖ് ഖാൻ ജനിക്കുന്നത്. അറിയാത്ത പല ബിസിനസും ചെയ്ത മീർ താജ് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിരുന്നെങ്കിലും മകന് നല്ല വിദ്യഭ്യാസം നൽകാൻ ശ്രദ്ധിച്ചിരുന്നു.
കുട്ടിക്കാലത്ത് സ്‌പോർട്‌സിൽ താൽപ്പര്യമുണ്ടായിരുന്ന ഷാരൂഖ് പിന്നീട് ഒരു പരിക്ക് പറ്റിയതോടെ സ്‌കൂളിലെ നാടകങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. അതായിരുന്നു അഭിനയ രംഗത്തേക്ക് ഷാരൂഖിനെ കൊണ്ടുവന്നത്. പിന്നീട് ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ കോളെജിലെ വിദ്യഭ്യാസത്തിന് ശേഷം മാസ് കമ്മ്യൂണിക്കേഷന് ഉന്നത പഠനത്തിന് ചേർന്നു.
ഈ സമയത്താണ് ഷാരൂഖിന് അഭിനയ മോഹം വീണ്ടും ശക്തമാവുന്നത്. അക്കാലത്ത് തന്നെ ഗൗരി എന്ന പെൺകുട്ടിയോട് ഷാരൂഖിന് ഒരു പ്രണയവും ഉണ്ടായിരുന്നു. എന്നാൽ ഗൗരി ആദ്യമൊന്നും ഷാരൂഖിന്റെ പ്രണയം അംഗീകരിച്ചിരുന്നില്ല. 18 -ാം വയസിൽ അച്ഛൻ മരിച്ചതോടെ പണം ഷാരൂഖിന് മുന്നിൽ ഒരു ചോദ്യ ചിഹ്നമായി. അങ്ങനെ ഷാരൂഖ് മുംബൈയിലേക്ക് തന്റെ അഭിനയ മോഹവുമായി എത്തി.
1988-ൽ ചിത്രീകരണം ആരംഭിച്ച ലേഖ് ടണ്ടന്റെ ടെലിവിഷൻ പരമ്പരയായ ദിൽ ദാരിയയിലൂടെ ടെലിവിഷൻ രംഗത്ത് ഷാരൂഖ് തന്റെ അടയാളം കാഴ്ചവെച്ചു. 1989 ൽ എത്തിയ ഫൗജിയിലെ അഭിമന്യു റായ് എന്ന കഥാപാത്രം ഷാരൂഖിനെ ഇന്ത്യ മുഴുവൻ ശ്രദ്ധേയനാക്കി. ഈ വേഷം സർക്കസ് പോലുള്ള സീരിയലുകളിലേക്ക് അവസരം നൽകി. ഇതിനിടെ അരുന്ധതി റോയ് അഭിനയിച്ച ഇൻ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ് എന്ന ഇംഗ്ലീഷ് സിനിമയിലും ഷാരൂഖ് അഭിനയിച്ചു.
തുടക്കകാലത്ത് പല സിനിമകളിൽ നിന്നും ഷാരൂഖിന് അവസരം ലഭിച്ചെങ്കിലും ഷാരൂഖിന് അതൊന്നും അത്ര താൽപ്പര്യമുണ്ടായിരുന്നില്ല. ഇതിനിടെ 1991 ൽ ഷാരൂഖിന്റെ അമ്മ രക്തത്തിലെ അണുബാധയെ തുടർന്ന് മരണപ്പെട്ടു. അന്ന് ഷാരൂഖ് ഒരുപാട് കരഞ്ഞു. അമ്മ ഇല്ലാതായാൽ തനിക്ക് ആരാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഈ കരച്ചിൽ. ഒടുവിൽ അമ്മയുടെ മരണ ശേഷം വിഷാദ രോഗിയായ തന്റെ സഹോദരിയെയും കൂട്ടി ഷാരൂഖ് മുംബൈയിലേക്ക് താമസം മാറി. പണം ഒരു ചോദ്യ ചിഹ്നമായതോടെ സിനിമയെന്ന മാന്ത്രിക ലോകത്തേക്ക് ഷാരൂഖ് നയിക്കപ്പെട്ടു.
1991 ൽ നാല് സിനിമകളിൽ അദ്ദേഹം കരാറിൽ ഏർപ്പെട്ടു. ഹേമമാലിനി സംവിധാനം ചെയ്യാൻ തീരുമാനിച്ച ദിൽ ആഷ്ന ഹേ ആയിരുന്നു ആദ്യം കരാറിൽ ഏർപ്പെട്ട ചിത്രമെങ്കിലും ആദ്യം റിലീസ് ആയത് ദീവാനയായിന്നു. അകാലത്തിൽ മരണമടഞ്ഞ ദിവ്യാ ഭാരതിയായിരുന്നു ആ ചിത്രത്തിൽ നായികയായി എത്തിയത്. പിന്നീട് ബാസിഗർ, ഡർ പോലുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിലെ ആന്റീ ഹീറോ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി. ഏറെ ഹിറ്റായ യഷ് രാജ് - ഷാരൂഖ് കൂട്ടുകെട്ട് ആരംഭിച്ചത് ഡർ എന്ന ചിത്രത്തിലൂടെയായിരുന്നു.
ഷാരൂഖ് ഖാന്റെ സുവർണ കാലഘട്ടമായിരുന്നു 1995 മുതൽ 2000 വരെയുള്ള കാലഘട്ടം. ഷാരൂഖ് - കാജോൾ കൂട്ടുകെട്ട് ആരംഭിച്ച കരൺ അർജുൻ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹെ, ദിൽസെ, പർദേസ്, ഡൂപ്ലിക്കേറ്റ് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ ഈ കാലഘട്ടത്തിലായിരുന്നു. എന്നാൽ രണ്ടായിരങ്ങളിൽ തുടർച്ചയായി ഷാരൂഖിന്റെ ചിത്രങ്ങൾ പരാജയത്തിലേക്ക് കൂപ്പുകുത്തി. ആശോക പോലുള്ള പരീക്ഷണങ്ങൾ ബോക്‌സോഫീസിൽ ദയനീയ പരാജയമായി. ഇതിനിടെ ശക്തി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പറ്റിയ പരിക്കും ഷാരൂഖിനെ തളർത്തി. എന്നാൽ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലൂടെ ഷാരൂഖ് തിരിച്ചുവരവ് നടത്തി.
2005 മുതൽ 2010 വരെയുള്ള കാലഘട്ടങ്ങളിൽ ഷാരൂഖ് കലാപരമായും സാമ്പത്തിക പരമായും മികച്ച് നിന്ന നിരവധി ചിത്രങ്ങൾ ചെയ്തു. മേം ഹൂന, സ്വദേശ്, വീർ സാറ തുടങ്ങിയ ചിത്രങ്ങൾ ഈ കാലഘട്ടത്തിലായിരുന്നു. ബോളിവുഡ് താരമായി തിളങ്ങുമ്പോഴും ഷാരൂഖ് തന്റെ നിലപാടുകൾ തുറന്നുപറയാറുണ്ടായിരുന്നു. 90 കളിൽ ഷാരൂഖിന്റെ മുസ്ലിം സ്വത്വത്തെ മാർക്കറ്റ് ചെയ്യാൻ ശ്രമിച്ച നിർമാതാവിനോട് നോ പറഞ്ഞ ഷാരൂഖ് തന്നെ 2010 ൽ ലോകമെമ്പാടും ശക്തമായ ഇസ്ലാമോഫോബിയക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മൈ നെയിം ഈസ് ഖാനിൽ അഭിനയിച്ചു. ചിത്രത്തിലെ റിസ്വാൻ ഖാൻ എന്ന ഷാരൂഖ് കഥാപാത്രത്തിൻറെ 'മൈ നെയിം ഈ ഖാൻ, ആൻറ് അയാം നോട്ട് എ ടെററിസ്റ്റ്' എന്ന ഡയലോഗ് ഇസ്ലാമോഫോബിയ പ്രചാരണങ്ങൾക്കുള്ള മനോഹര മറുപടിയായിരുന്നു.
അതുകൊണ്ടുതന്നെ ഷാരൂഖ് മതമൗലിക വാദികളുടെ നോട്ടപുള്ളിയായി മാറി. 2016 ലാണ് തീവ്ര ഹിന്ദുത്വ വാദികൾ ഷാരൂഖിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. രാജ്യത്ത് അസഹിഷ്ണുതയുണ്ടോ എന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ചോദ്യത്തിനും എൻഡിടിവിയിൽ ബർക്കാ ദത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിനുമെതിരെ വിശ്വഹിന്ദു പരിഷത്ത് ഷാരൂഖിന്റെ കാർ ആക്രമിച്ചു. മുംബൈയിലെ ഹയാത്ത് റീജൻസി പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ പാർക്കിംഗിലെ കാർ ആയിരുന്നു സംഘം ആക്രമിച്ചത്. അന്ന് പ്രതിഷേധ സൂചകമായി ദേശീയ പുരസ്‌കാരങ്ങൾ തിരികെ നൽകിയ ചലച്ചിത്ര പ്രവർത്തകരുടെ നടപടിയെ ഷാരൂഖ് സ്വാഗതം ചെയ്തതും എതിരാളികളെ ചൊടിപ്പിച്ചു.
പാക് നടി മഹിരാ ഖാൻ അഭിനയിച്ചതിന്റെ പേരിൽ ഷാരൂഖിന്റെ സിനിമയായ റയീസിനെതിരെയും ആക്രമണം നടന്നു. വിവാദങ്ങൾക്കിടെ തന്നെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളിൽ പലതും ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. 2018 ൽ തന്റെ പുതിയ ചിത്രമായ സീറോയ്ക്ക് ശേഷം ഷാരൂഖ് സിനിമയിൽ നിന്ന് ഒരിടവേളയെടുത്തു. എന്നാൽ ഷാരൂഖിനെ ആക്രമിക്കുന്നതിൽ നിന്ന് ഹിന്ദുത്വ ശക്തികൾ പിന്മാറിയിരുന്നില്ല. 2022 ഫെബ്രുവരിയിൽ ലതാ മങ്കേഷ്‌കർക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ ഷാരൂഖിനെയും ഹിന്ദുത്വവാദികൾ വെറുതെ വിട്ടില്ല. മൃതദേഹത്തിന് മുന്നിൽ മുസ്ലിം മതപ്രകാരം പ്രാർഥിച്ച ഷാരൂഖ് ആയിരുന്നു അവരുടെ പ്രശ്‌നം. ഷാരൂഖിന്റെ മകൻ ആര്യനെതിരായ ലഹരിമരുന്ന് കേസും ഇതേ കാലയളവിലാണ് ഉണ്ടായത്. ആ കേസിലെ ദുരൂഹതകൾക്ക് ഇനിയും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.
ഷാരൂഖിന്റെ സിനിമയിൽ നിന്നുള്ള അവധിയും നിരന്തരം സൈബർ ആക്രമണങ്ങളും മകൻ ആര്യൻ ഖാനെതിരെയുള്ള കേസുമെല്ലാം ആയപ്പോൾ ഷാരൂഖിന് ഇനി ഒരിക്കലും മടങ്ങിവരാൻ ആവില്ലെന്നും വന്നാൽ തന്നെ ഹിന്ദുത്വരാഷ്ട്രീയത്തിനോട് സന്ധി ചെയ്യാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും നിരീക്ഷകരും വിലയിരുത്തി. പക്ഷെ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമായിരുന്നു അതെന്ന് വിമർശകർ അറിഞ്ഞിരുന്നില്ല.
2023 ൽ അയാൾ ആദ്യം പത്താനുമായി എത്തി. മുസ്ലിം ആയ ദേശസ്‌നേഹി ആയ പത്താൻ. അവിടെയും മുസ്ലിം സമം തീവ്രവാദി എന്ന ഇന്ത്യൻ സിനിമയുടെ ജനകീയ നരേറ്റീവ് കൊണ്ടുവരാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ചിത്രം കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു. ബോളിവുഡിന്റെ രക്ഷകനായി. 'ജവാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ 'കിങ് ഖാൻ' താൻ തന്നെയാണെന്ന് ഷാരൂഖ് ഒരിക്കൽ കൂടി തെളിയിച്ചു. തകർന്നുകിടന്ന ബോളിവുഡ് ബോക്‌സോഫീസിനെ അയാൾ പുതുക്കി പണിതു. ഇതിനിടെ പത്താനിലെ ഷാരൂഖിൻറെ നായിക ദീപികാ പദുകോൺ, ഭേഷാറാം രംഗ് എന്ന ഗാനരംഗത്തിൽ കാവി ബിക്കിനി ധരിച്ചെന്നാരോപിച്ച് ചിലർ വിവാദമുണ്ടാക്കാൻ ശ്രമിച്ചിരുന്നു.
വിവാദങ്ങളൊന്നും വകവെയ്ക്കാതെ തന്റെ സിനിമയിൽ തന്നെ ഗോരഖ്പൂരിലെ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മരിച്ചതും, കർഷക ആത്മഹത്യയും, വോട്ടിന്റെ രാഷ്ട്രീയവുമെല്ലാം അയാൾ വിളിച്ചുപറഞ്ഞു. തനിക്ക് പറയാനുള്ളത്, തന്റെ രാഷ്ട്രീയം ഇതെല്ലാം സിനിമയെന്ന മാധ്യമത്തിലൂടെ തുറന്നുപറയുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഷാരൂഖ്.
മൂന്നിലധികം ചിത്രങ്ങളാണ് ഷാരൂഖിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. പത്താന്റെ തുടർച്ചയും, കിങ് എന്ന ചിത്രവുമെല്ലാം ഇതിൽപ്പെടും. ബോളിവുഡിൽ ഇന്നും അയാൾ തന്നെയാണ് ബാദ്ഷ. കഴിയുന്നിടത്തെല്ലാം തന്റെ സ്വത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് സിനിമകളിലൂടെ തന്റെ രാഷ്ട്രീയം പറഞ്ഞ്, പരിഹാസങ്ങളെയും ആക്രമണങ്ങളെയും തന്റെ സ്വതസിദ്ധമായ ചിരികൊണ്ട് നേരിട്ട് അയാൾ അവിടെ തന്നെയുണ്ട്.
ഇന്ന് അദ്ദേഹത്തിന്റെ 59 -ാം ജന്മദിനമാണ്. എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇന്നും മന്നത്ത് എന്ന അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ആയിരങ്ങൾ എത്തും. അവർക്ക് മുന്നിൽ തന്റെ ഐകോണിക് പോസിൽ അയാൾ നിൽക്കും. ബോളിവുഡിന്റെ ബാദ്ഷ, ബോളിവുഡിന്റെ കിരീടം വെക്കാത്ത രാജാവ്, ഷാരൂഖ് ഖാൻ.
Content Highlights: Shah Rukh Khan's 59th birthday Special Bollywood Badshah, SRK