
ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്‍പി, രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍, വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് പത്ത് വര്‍ഷക്കാലം ഇന്ത്യയെ നയിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അവസാനമായി പാര്‍ലമെന്റിലെത്തിയത് വീല്‍ചെയറിലായിരുന്നു. 2023 ആഗസ്റ്റ് ഏഴിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ അവഗണിച്ച് അദ്ദേഹം രാജ്യസഭയിലെത്തിയത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഡല്‍ഹി സര്‍വീസ് ബില്ലിനെതിരെ വോട്ട് ചെയ്യാനായിരുന്നു. 'ഒരു പാര്‍ലമെന്റംഗം എങ്ങനെയാകണമെന്നതിന്റെ ഉദാഹരണം' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് പറഞ്ഞത്.
പൊലീസിന് പുറമെ ഡല്‍ഹിയിലെ സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡുകളിലും കമ്മീഷനുകളിലും പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലം മാറ്റാനും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്ലാണ് അന്ന് പാര്‍ലമെന്റിലെത്തിയത്. സുപ്രധാനവിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നതിനാല്‍ രാജ്യസഭയിലെത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നീണ്ട വാക്‌പോരിനൊടുവില്‍ ശബ്ദവോട്ടോടെ ബില്‍ പാര്‍ലമെന്റ് പാസാക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലും മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ എത്തിയത് വീല്‍ചെയറിലായിരുന്നു. പിന്നീട് രാജ്യസഭാ കാലാവധി കഴിയുന്ന അംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് രംഗത്തെത്തിയത്. 33 വര്‍ഷത്തെ മന്‍മോഹന്‍ സിംഗിന്റെ പാര്‍ലമെന്റ് യാത്ര അവസാനിക്കവെ, അദ്ദേഹം വീല്‍ച്ചെയറില്‍ പാര്‍ലമെന്റിലെത്തിയ സംഭവം പരാമര്‍ശിച്ചാണ് മോദി സംസാരിച്ചത്.
'അന്ന് വോട്ടെടുപ്പില്‍ ബില്‍ പാസാകുമെന്ന് അറിയാമായിരുന്നുവെങ്കിലും മന്‍മോഹന്‍ സിംഗ് വീല്‍ചെയറില്‍ പാര്‍ലമെന്റിലെത്തി വോട്ട് ചെയ്തത് ഞാന്‍ ഓര്‍ക്കുന്നു. ഒരു അംഗം തന്റെ കടമകളില്‍ കാട്ടുന്ന ജാഗ്രതയുടെ മികച്ച ഉദാഹരണമാണിത്. എല്ലാവര്‍ക്കും പ്രചോദനകരമായ മാതൃകകൂടിയായിരുന്നു ആ സംഭവം', മോദി പറഞ്ഞു. മന്‍മോഹന്‍ സിംഗ് ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വിഷയമല്ലെന്നും ജനാധിപത്യത്തിന് ശക്തി പകരുകയാണ് അദ്ദേഹം ചെയ്തതെന്നും മോദി ചൂണ്ടിക്കാട്ടി.
ഡല്‍ഹി എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച, പുതുയുഗത്തിന് തുടക്കമിട്ട ഭരണകര്‍ത്താവായിരുന്നു മന്‍മോഹന്‍ സിംഗ്. ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്‍പി, സൗമ്യശീലനായിരുന്ന ബൗദ്ധിക ആഴത്തിനും പേരുകേട്ട മന്‍മോഹന്‍ സിംഗ് രാഷ്ട്രീയ ഭേദമന്യേ ബഹുമാനം നേടിയ വ്യക്തികൂടിയാണ്.
സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, യൂണിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റത്തിന്റെ രൂപീകരണം, വിവരാവകാശ നിയമം, ഇന്ത്യ-യുഎസ് സിവില്‍ നൂക്ലിയര്‍ കരാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്തെ ഭരണനേട്ടങ്ങളാണ്. നിര്‍ണായകമായ സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ മികവ് കൂടിയാണ്. 90-കളില്‍ ധനമന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹം ലൈസന്‍സ് രാജ് അവസാനിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാതില്‍ ലോകത്തിന് തുറന്നുകൊടുക്കുകയും ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള ഏകീകരണത്തിനും കളമൊരുക്കുന്ന നിരവധി പരിഷ്‌കാരങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്.
Content Highlights: When Manmohan Singh Went To Rajya Sabha In Wheelchair And PM Modi Praised Him