പി ജയചന്ദ്രന്‍ സാറുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് വരുന്നതിന് മുന്‍പ് ഞാന്‍ ഒരു സംഗീത ഷോയുടെ ഭാഗമായിരുന്നു. അതില്‍ സാര്‍ ഉണ്ടായിരുന്നു. സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് അപ്പോഴാണ്. ഒരു വലിയ ഗായകനെ അടുത്തുകാണാനും പരിചയപ്പെടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. പിന്നീട് അദ്ദേഹത്തിനൊപ്പം എനിക്ക് പാടാനും സാധിച്ചു. ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു അത്. വലിയ അനുഗ്രഹമായാണ് അതിനെ കാണുന്നത്. വലിയ സംഗീതജ്ഞനായിട്ട് പോലും ഒരിക്കലും അദ്ദേഹം വലുപ്പചെറുപ്പം നോക്കിയിരുന്നില്ല. അദ്ദേഹത്തെ പലരും ദേഷ്യക്കാരനെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ എന്റെ അനുഭവം നേരെ തിരിച്ചാണ്. സാറിനെ കാണാനും സംസാരിക്കാനും അടുത്തിടപഴകാനും സാധിച്ചപ്പോള്‍ കുട്ടികളുടെ മനസ്സുള്ള ഒരാളെപ്പോലെയാണ് എനിക്ക് തോന്നിയത്. മനസ്സിലുളളത് തുറന്നുപറയും എന്ന സ്വഭാവക്കാരനാണ് അത്രയേ ഉള്ളൂ. മനസ്സില്‍ ഒന്നുവച്ച് പെരുമാറുന്ന സ്വഭാവക്കാരനല്ല.
അദ്ദേഹം ഒരിക്കലും സ്വന്തം പാട്ടുകളെ കുറിച്ച് സംസാരിക്കാറില്ലായിരുന്നു. എല്ലായ്‌പ്പോഴും സുശീലാമ്മയുടെയും റഫി സാറിന്റെയും പാട്ടുകളെ കുറിച്ചാണ് സംസാരിക്കുക. ഇത്രയും ജൂനിയറായിട്ടുള്ള പാട്ടുകാരിയായിട്ടും അദ്ദേഹം എന്നെ വിളിക്കാറുണ്ട്. സംസാരിക്കാറുണ്ട്. എല്ലായ്‌പ്പോഴും സംസാരിക്കാറുള്ളത് സുശീലാമ്മയുടെ പാട്ടുകളെ കുറിച്ചാണ്. സുശീലാമ്മയുടെ ആ പാട്ടുകേള്‍ക്കണം അത് പഠിക്കണം എന്നൊക്കെ എന്നോട് പറയുമായിരുന്നു. സുശീലാമ്മയുടെ ഞാന്‍ കേട്ടിട്ടുപോലുമില്ലാത്ത പാട്ടുകള്‍ എനിക്ക് പറഞ്ഞുതന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് മനോഹരന്‍ സാറിന്റെ കയ്യില്‍ ആ പാട്ടുകളുണ്ട് എത്തിച്ചുതരാന്‍ പറയാം എന്നൊക്കെ അദ്ദേഹം പറയാറുണ്ട്. സുശീലാമ്മയെ കുറിച്ച് വാതോരാതെ സംസാരിക്കും. ഇങ്ങനെയും സെലിബ്രിറ്റികളുണ്ടോയെന്നൊക്കെ എനിക്ക് തോന്നാറുണ്ട്.
ഇങ്ങനെയും സെലിബ്രിറ്റീസ് ഉണ്ടാവുമോ എന് അത്ഭുതം തോന്നാറുണ്ട്.
ഒരിക്കല്‍ റെക്കോഡിങ്ങിന് പോയപ്പോള്‍ അദ്ദേഹത്തിന്റെ റെക്കോഡിങ് നടക്കുകയാണ്. അതുകഴിഞ്ഞാണ് എന്റെ. അതുകഴിയുന്നതുവരെ അദ്ദേഹം കാത്തിരുന്നു. അദ്ദേഹത്തിന്റെ പോക്കറ്റില്‍ സുശീലാമ്മയുടെ പാട്ടെഴുതിയ ഒരു പേപ്പര്‍ ഉണ്ടായിരുന്നു. വരികള്‍ മറന്നുപോകാതിരിക്കാന്‍ എഴുതിവച്ചിരിക്കുകയാണ്. ആ പാട്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമായി പാടി തന്നു. സ്വന്തം പാട്ടുകളെ കുറിച്ച് അദ്ദേഹം ഒരിക്കല്‍ പോലും സംസാരിക്കുന്നത് അദ്ദേഹം കേട്ടിട്ടില്ല. ഒരിക്കല്‍ പുതിയൊരു പാട്ടുകേട്ട് വിളിച്ചിട്ടുണ്ട് അദ്ദേഹം. വലിയൊരു മനുഷ്യനായിട്ടുകൂടി എന്നെപ്പോലൊരാളെ വിളിക്കേണ്ട കാര്യമൊന്നും അദ്ദേഹത്തിനില്ല. എന്നിട്ടും എന്നെ വിളിച്ചു. സംസാരിച്ചു. അദ്ദേഹത്തിന് എല്ലാവരും ഒരുപോലെയായിരുന്നു. വലിപ്പചെറുപ്പമുണ്ടായിരുന്നില്ല. എല്ലാ മനുഷ്യരോടും ഒരുപോലെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഇതൊക്കെ നാം കണ്ടുപഠിക്കേണ്ട ക്വാളിറ്റിയാണ്. എങ്ങനെയാണ് ശബ്ദം ഇങ്ങനെ സൂക്ഷിക്കുന്നതെന്ന് ഞാന്‍ സാറിനോട് ചോദിക്കാറുണ്ട്. എത്ര ചെറുപ്പമാണ് ആ ശബ്ദം. 'എല്ലാം ഗുരുവായൂരപ്പനാണ് കുട്ടീ, എനിക്കൊന്നുമറിയില്ല. അദ്ദേഹം എന്നോട് പാടാന്‍ പറയുന്നു. ഞാന്‍ പാടുന്നു അത്രയേ അറിയൂ. അതില്‍ കൂടുതല്‍ അറിയില്ല.' എന്നാണ് അദ്ദേഹം പറയാറുള്ളത്.
തയ്യാറാക്കിയത് രമ്യ
Content Highlights: Singer Mridula Varier Remembers P Jayachandran