പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധ ശിക്ഷ വിധിച്ചിരിക്കുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും സമര്‍ത്ഥമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. ഇതോടെ വധ ശിക്ഷ ലഭിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ മാറി. നിലവില്‍ മറ്റൊരു സ്ത്രീ കുറ്റവാളി മാത്രമാണ് കേരളത്തിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്നത്. വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ പ്രതി റഫീക്ക ബീവിയാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മറ്റൊരു സ്ത്രീ. പാറശ്ശാല കേസില്‍ വിധി പറഞ്ഞ നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ എം ബഷീര്‍ തന്നെയാണ് റഫീക്കാ ബീവിക്കും ശിക്ഷ വിധിച്ചതെന്നതാണ് മറ്റൊരു കാര്യം.
സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയതാണ് റഫീക്ക ബീവിക്ക് എതിരായ കേസ്. കേസിലെ ഒന്നാം പ്രതിയാണ് റഫീക്ക. വള്ളിക്കുന്നത്ത് വീട്ടില്‍ അല്‍ അമീന്‍, റഫീക്കയുടെ മകന്‍ ഷെഫീക്ക് എന്നിവരായിരുന്നു കൂട്ടുപ്രതികള്‍. ഇവര്‍ക്കും കോടതി വധശിക്ഷയാണ് വിധിച്ചത്. 2024 മെയിലാണ് കേസിന്റെ വിധി വന്നത്. ഒരു കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച കേരളത്തിലെ ഏക കേസ് കൂടിയായിരുന്നു ഇത്.
2022 ജനുവരി 14നായിരുന്നു വിഴിഞ്ഞം മുല്ലൂരില്‍ ക്രൂരകൊലപാതകം അരങ്ങേറിയത്. ശാന്തകുമാരിയെ കൊലപ്പെടുത്തി പ്രതികള്‍ തട്ടിന്‍പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. റഫീക്കയുടെ അയല്‍വാസിയായിരുന്നു ശാന്തകുമാരി. സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനാണ് പ്രതികള്‍ ശാന്തകുമാരിയെ കൊലപ്പെടുത്തിയത്. റഫീക്കാ ബീവി താമസിച്ചിരുന്ന വാടക വീടിന്റെ മച്ചിലാണ് കൊലയ്ക്ക് ശേഷം പ്രതികള്‍ മൃതദേഹം ഒളിപ്പിച്ചത്.
റഫീക്ക ബീവിയും കുടുംബവും വീടൊഴിഞ്ഞതിന് പിന്നാലെ വീട്ടിലെത്തിയ വീട്ടുടമയും മകനുമാണ് മൃതദേഹം കണ്ടെത്തിയത്. മച്ചില്‍ നിന്ന് രക്തം ഒഴുകുന്നത് കണ്ട് ഇവര്‍ പരിശോധിക്കുകയായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന റഫീക്ക ബീവിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ശാന്തകുമാരിയാണെന്ന് വ്യക്തമായതും പ്രതികള്‍ കുടുങ്ങിയതും. പ്രതികള്‍ വാടക വീടെടുത്ത് താമസിച്ചത് തന്നെ കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
കൊലപാതക ശേഷം കോഴിക്കോടേക്ക് മുങ്ങുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ശാന്തകുമാരിയുടെ സ്വര്‍ണം കവരാന്‍ ലക്ഷ്യമിട്ട് അവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് പ്രതികള്‍ പണം വെച്ചിരുന്നു. ബാക്കി ഇവരില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റൊരു കേസ് കൂടി ചുരുളഴിഞ്ഞിരുന്നു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനാലുകാരിയുടേത് കൊലപാതകമാണെന്നാണ് കണ്ടെത്തിയത്. റഫീക്കയുടെ മകന്‍ ഷെഫീക്ക് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇത് പുറത്തുപറയാതിരിക്കാന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള വാടക വീട്ടിലായിരുന്നു അന്ന് റഫീക്കയും കുടുംബവും താമസിച്ചിരുന്നത്.
Content Highlights: Rafeeka And Greeshma, two women are awaiting death sentence in Kerala jails