ജനുവരി 17
നിശാപാര്‍ട്ടികളും തിരക്കുകളുമെല്ലാം അവസാനിച്ച് ഏറെ വൈകിയാണ് മുംബൈ നഗരം ഉറങ്ങാന്‍ കിടക്കാറുള്ളത്. വ്യവസായികളും സിനിമാതാരങ്ങളുമുള്‍പ്പെടെയുളള പ്രമുഖരുടെ നഗരമായ ബാന്ദ്ര അല്പം കൂടെ വൈകും. അന്ന് ബാന്ദ്ര ഉറക്കമുണര്‍ന്നത് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയിലേക്കാണ്. 'നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റു!' നടന്റെ വീട്ടിലേക്ക് ഒരാള്‍ അതിക്രമിച്ചുകയറിയെന്നും നടനെ ആക്രമിച്ചെന്നും സെയ്ഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമുള്‍പ്പെടെയുളള വിവരങ്ങള്‍ അതിനകം പുറത്തുവന്നു. കേട്ടവര്‍ കേട്ടവര്‍ ഞെട്ടി, സെയ്ഫിനെ പോലെയുള്ള വിഐപികളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നായിരുന്നു ജനങ്ങളുടെ ആശങ്ക.
ജനുവരി 16ന്
പുലര്‍ച്ചെ രണ്ട്-രണ്ടര
'ജേയുടെ മുറിയില്‍ വെളിച്ചം കണ്ടാണ് ശ്രദ്ധിക്കുന്നത്. കരീനയാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് വീണ്ടും നോക്കിയപ്പോള്‍ ഒരു നിഴല്‍ കണ്ടു. ആ നിഴല്‍ ജേ ബാബയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഞാന്‍ ഓടി കുഞ്ഞിന്റെ മുറിയിലെത്തി. എന്നെ കണ്ടതും ഒച്ചയുണ്ടാക്കരുത് ആരും പുറത്തുപോകാന്‍ പോകുന്നില്ലെന്ന് ഭീഷണി മുഴക്കി. ഉടനെ കുഞ്ഞിനെ ഞാന്‍ വാരിയെടുത്തു. അയാള്‍ എന്നെ അപ്പോഴേക്കും ആക്രമിക്കാന്‍ തുടങ്ങി. കുഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. കരച്ചില്‍ കേട്ടാണ് സെയ്ഫും കരീനയും മുറിയിലേക്ക് ഓടിയെത്തുന്നത്. അക്രമിയെ ചോദ്യം ചെയ്ത സെയ്ഫിനെ അയാള്‍ ആക്രമിക്കുകയായിരുന്നു.' പ്രതിയെ ആദ്യം കണ്ട സെയ്ഫ് അലി ഖാന്റെ കുട്ടികളുടെ കെയര്‍ ടേക്കര്‍ ഏലിയാമ്മ ഫിലിപ്പിന്റെ വാക്കുകള്‍.
മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ വച്ചാണ് സെയ്ഫിന് കുത്തേറ്റത്. ആറ് തവണ സെയ്ഫിന് കുത്തേറ്റു. ഉടന്‍ തന്നെ നടനെ ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയില്‍ എത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. 'വെളുപ്പിന് ഇതുവഴി പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടതും ഓട്ടോറിക്ഷ നിര്‍ത്തിയതും. ആദ്യം കരുതിയത് മുംബൈയില്‍ നടക്കാറുള്ള അടിപിടി കേസ് ആയിരിക്കുമെന്നാണ്. നടന്‍ സെയ്ഫ് അലിഖാനും മകനുമാണ് ഓട്ടോറിക്ഷയില്‍ കയറിയത്. അപ്പോഴും അത് നടന്‍ സെയ്ഫ് അലിഖാനാണെന്ന് മനസിലായിരുന്നില്ല. സെയ്ഫ് അലിഖാന്‍ ധരിച്ചിരുന്ന കുര്‍ത്തിയിലും പൈജാമയിലും ചോര പുരണ്ടിരുന്നു. കഴിയാവുന്ന വേഗത്തിലാണ് ഓട്ടോ ഓടിച്ച് അവരെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഓട്ടോറിക്ഷയില്‍ നിന്നറങ്ങിയ സെയ്ഫ് തനിയെ നടന്നാണ് ആശുപത്രിയിലേക്ക് കയറിയത്. കഴുത്തില്‍ നിന്നും മുതകില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. ഒരുപാട് ചോര പോയിട്ടുണ്ടായിരുന്നു.' ഓട്ടോറിക്ഷ ഡ്രൈവര്‍ ആ രാത്രി ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.
സംഭവത്തില്‍ വൈകാതെ തന്നെ പൊലീസ് പ്രതിയെ പിടികൂടി. സിസിടി ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി ബംഗ്ലാദേശ് സ്വദേശിയായ ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് പിടിയിലായത്. മോഷണമാണോ അതോ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയം പൊലീസിനുണ്ടായിരുന്നു. തന്നെ മുറുകെ പിടിച്ചുവെച്ച സെയ്ഫില്‍ നിന്ന് രക്ഷപ്പെടാനാണ് പലവട്ടം കുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മോഷണം ലക്ഷ്യമാക്കിയാണ് ഷെരീഫുള്‍ ശുചിമുറിയുടെ ജനലിലൂടെ സെയ്ഫിന്റെ വസതിക്കുള്ളില്‍ കടന്നത്. ഉള്ളിലെത്തിയതിന് പിന്നാലെ ഇയാളെ വീട്ടുജോലിക്കാര്‍ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അവിടേയ്ക്കെത്തിയ സെയ്ഫ് അപകടം മനസ്സിലാക്കി ഷെരീഫുളിനെ പിടിച്ചുവെക്കുകയായിരുന്നു. ഈ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഷെരീഫുള്‍ സെയ്ഫിന്റെ പുറത്ത് കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. ഇതോടെ സെയ്ഫ് പിടുത്തം വിടുകയും ഷെരീഫുള്‍ രക്ഷപ്പെടുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഫ്ളാറ്റിന് പുറത്തേക്ക് രക്ഷപ്പെട്ട പ്രതി രണ്ട് മണിക്കൂറോളം ഫ്ളാറ്റ് സമുച്ചയത്തിന്റെ പൂന്തോട്ടത്തിലാണ് ഒളിച്ചിരുന്നത്. ഞായറാഴ്ച താനെയില്‍വച്ചാണ് പൊലീസ് ഷെരീഫുളിനെ പിടികൂടുന്നത്. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടിയതായിട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്വേഷണം തുടരുമ്പോഴും കൂടുതല്‍ പേര്‍ പൊലീസിന്റെ വലയിലാകുമ്പോഴും കേസ് കൂടുതല്‍ ദുരൂഹതകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ആരോഗ്യവാനായി തിരിച്ചെത്തുന്നു
നട്ടെല്ലിന് സമീപം കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സെയ്ഫ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം ഊര്‍ജസ്വലനായി വീട്ടിലേക്ക് തിരിച്ചുവരുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആരംഭിക്കുന്നത്. എങ്ങനെയാണ് ഗുരുതരാവസ്ഥയിലാരുന്ന സെയ്ഫ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ ആരോഗ്യവനായതെന്ന് രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ പലരും സംശയമുന്നയിച്ചു. അതൊരു തുടക്കമായിരുന്നു. നേരത്തെ സെയ്ഫ് പറഞ്ഞ കാര്യങ്ങളും ആശുപത്രി രേഖകളും തമ്മില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ താമസിയാതെ പുറത്തുവന്നു. നടനെ ആശുപത്രിയില്‍ എത്തിച്ച സമയം, കൊണ്ടുവന്നത് ആര് എന്നീ കാര്യങ്ങളിലായിരുന്നു പൊരുത്തക്കേട്. സെയ്ഫിന്റെ ഒപ്പം മകന്‍ എന്നായിരുന്നു ആദ്യം വന്ന വിവരങ്ങള്‍. എന്നാല്‍ ആശുപത്രി രേഖകളില്‍ അവ സുഹൃത്ത് എന്നാണ്. വസതിയില്‍ നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത് ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകിയാണെന്നതും ഏറെ സംശയമുളവാക്കി. സംഭവം നടന്ന രാത്രിയില്‍ നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ടുകള്‍ സെയ്ഫ് നിഷേധിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറുന്നത്.
ആക്രമണം നടക്കുന്നത് പുലര്‍ച്ചെ 2.30ന്. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചത് രേഖകള്‍ പ്രകാരം 4.10ന്. ബാന്ദ്രായിലെ ഫ്ലാറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് എത്താന്‍ 15-20 മിനിറ്റാണ് ആവശ്യം. എന്നാല്‍ സംഭവം നടന്ന് ഒരു മണിക്കൂറും 45 മിനിറ്റുകള്‍ക്കും ശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. എന്തുകൊണ്ട് ഇത്രയേറെ സമയത്തിന്റെ ഇടവേളയുണ്ടായി? സെയ്ഫ് അലി ഖാന് കുത്തേറ്റ മുറിവുകളിലും പൊരുത്തക്കേടുണ്ട്. 16-ാം തീയതി ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കുത്തേറ്റ മുറിവുകള്‍ ആറ് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ആശുപത്രി രേഖയില്‍ അഞ്ച് മുറിവുകളാണ് ഉണ്ടായിരുന്നത്. തന്നെ ആക്രമിച്ചയാള്‍ വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് നടന്റെ മൊഴി. ഒരു കോടി രൂപ അക്രമി ആവശ്യപ്പെട്ടിരുന്നതായി ഏലിയാമ്മ ഫിലിപ്പും മൊഴി നല്‍കിയിരുന്നു. കൂടാതെ ആക്രമണ സമയം കരീന കപൂര്‍ വീട്ടിലുണ്ടായിരുന്നുവെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേസില്‍ പിടികൂടിയ പ്രതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കൂടുതല്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. തെളിവെടുപ്പില്‍ രംഗങ്ങള്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാള്‍ക്ക് തനിയെ ഇത് ചെയ്യാനാകില്ലെന്നും ഒന്നിലധികംപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസിന് സംശയമുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും ശരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുളള അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് വീണ്ടും ട്വിസ്റ്റുമായി വിരലടയാളങ്ങളുടെ പരിശോധനാഫലം പുറത്തുവന്നത്. നടന്റെ വീട്ടില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ പൊലീസ് ഇപ്പോള്‍ പിടികൂടിയ ആളുടേതല്ലെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. 19 വിരലടയാളങ്ങളാണ് പൊലീസിന് ആക്രമണം നടന്ന സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത്. ഇവയിലൊന്നും പോലും പ്രതിയുടേതല്ലെന്ന വിവരം ഞെട്ടലോടെയാണ് മുംബൈ പോലീസ് സ്വീകരിച്ചത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്.
Content Highlights: Saifalikhan attacking case: 19 If the fingerprints are not those of the accused, who assaulted the actor? The never-ending mystery