രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കേരളത്തിൽ നിന്നൊരു രാജാവ് ചടങ്ങ് വീക്ഷിക്കാനായി അങ്ങ് ഡൽഹിയിലെത്തിയിട്ടുണ്ട്. കസവിൽ മുത്തുകൾ തുന്നിയ തലപ്പാവും അധികാര ദണ്ഡുമേന്തി ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽ മലയിൽ നിന്നുള്ള മന്നാൻ സമുദായ രാജാവ് രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ചടങ്ങിൽ അതിഥികളായെത്തിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെ പല ഗോത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് രാജൻ മന്നാൻ.
ഈ സമുദായത്തിൽ നിന്ന് ചടങ്ങിനായി ക്ഷണിക്കപ്പെട്ട ആദ്യ രാജാവാണ് മന്നാൻ. റിപ്പബ്ലിക് പരേഡ് വീക്ഷിക്കാനുള്ള ക്ഷണക്കത്ത് പട്ടിക ജാതി-വർഗ വകുപ്പ് മന്ത്രി ഒ ആർ കേളുവാണ് രാജാവിന് കൈമാറിയത്. ഈ ക്ഷണക്കത്ത് തനിക്കുള്ള ബഹുമതിയായിട്ടാണ് കണക്കാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു.
ആരാണ് രാമൻ രാജമന്നാൻ
ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാൻ സമുദായത്തിലെ ഇപ്പോഴത്തെ രാജാവാണ് രാമൻ രാജമന്നാൻ.
കേരളത്തിലെ മൂവായിരത്തോളം വരുന്ന മന്നാൻ ആദിവാസി കുടുംബങ്ങളുടെ തലവൻ. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആദിവാസി രാജ വംശമാണിത്. മന്നാൻ സമുദായത്തിലെ പതിനേഴാമത്തെ രാജാവാണ് രാമൻ രാജമന്നൻ. ബിനു എസ് എന്നതാണ് രാജമന്നാൻ്റെ പേര്.
2012 മാർച്ച് 4-നാണ് ബിനു രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കു സമീപം കോവിൽമലയിലാണ് രാജ തലസ്ഥാനം. ഈ സമുദായത്തിൽ ഏറ്റവുമധികം വിദ്യാഭ്യാസയോഗ്യതയും ഇദ്ദേഹത്തിനാണ്.
ഈ സമുദായം പരമ്പരാഗതമായി പിന്തുടർന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കസവിൽ മുത്തുകൾ തുന്നിയ തലപ്പാവും അധികാര ദണ്ഡും തോളിൽ പരമ്പരാഗത രീതിയിലുള്ള അംഗവസ്ത്രവും അണിഞ്ഞാണ് ഇവർ ചടങ്ങുകളിലെത്തുന്നത്. തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ഇവരുടെ ചരിത്രം.
പാണ്ഡ്യ രാജാക്കന്മാർ തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഇന്നത്തെ തമിഴ്നാട്ടിൽ നിന്ന് നിരവധി ഗോത്രങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു. അങ്ങിനെയാണ് ഇവരുടെ പൂർവീകർ ഇടുക്കിയിലെത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇടുക്കിയിൽ 48 പട്ടിക വർഗ ഉന്നതികളിലായി 300ലധികം മന്നാൻ കുടുംബങ്ങളുണ്ട്. ഇടുക്കിയിൽ വളരെ പ്രത്യേകതകളോടു കൂടിയ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ആദിവാസി സമൂഹമാണ് മന്നാൻ. കേരളത്തിൽ ചാലക്കുടി, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും തമിഴ്നാട്ടിലെ മധുരയിലുമാണ് മന്നാൻ സമുദായക്കാർ ഉള്ളത്.
ഈ വിഭാഗക്കാരിൽ ഭൂരിഭാഗം പേരും കർഷക തൊഴിലാളികളായിരിക്കും. വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്. രാജാവിന്റെ നിർദേശങ്ങൾക്ക് വലിയ പ്രധാന്യമാണ് ഇവർ നൽകുന്നത്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിലെ സവിശേഷത മൂലം പലപ്പോഴും ഈ വിഭാഗത്തിന്റെ ചടങ്ങുകൾ മാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളിൽ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തിരഞ്ഞെടുക്കുന്നത്.
Content Highlights: Who is Raman Rajamannan?