രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. സിവില്‍ കോഡിന്റെ പുതിയ പോര്‍ട്ടല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍വഹിച്ചു. നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി സംസ്ഥാനത്ത് എല്ലാവര്‍ക്കും ഏകീകൃത നിയമമായിരിക്കും ബാധകമാകുക. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ എല്ലാം ഒരേ നിയമം ബാധകമാകും. എന്നാല്‍ പട്ടിക വിഭാഗക്കാരെ ഏകീകൃത സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നത്. ഉത്തരാഖണ്ഡിനും രാജ്യത്തിനും ചരിത്ര ദിനമാണിതെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ തുല്യമായി. എല്ലാ മതങ്ങളിലെയും സ്ത്രീകള്‍ക്ക് തുല്യാവകാശം ലഭിച്ചിരിക്കുകയാണെന്നും വിവേചനങ്ങള്‍ ഭരണഘടനാപരമായി ഇല്ലാതായെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ജനുവരി 20നാണ് നിയമങ്ങള്‍ അടങ്ങിയ മാനുവലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ജനുവരി 13ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പോര്‍ട്ടല്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന, എഐയുടെ സഹായത്തോടെ 22 ഇന്ത്യന്‍ ഭാഷകളിലേക്കുള്ള വിവര്‍ത്തനവും മറ്റ് 13 സേവനങ്ങളും പോര്‍ട്ടലിലൂടെ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വിവാഹം, ലിവ്-ഇന്‍ റിലേഷന്‍, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ നിയമങ്ങളില് ഇതോടെ മാറ്റമുണ്ടാകുകയാണ്. പൗരന്മാര്‍ക്കെല്ലാം ഒരേ നിയമമാകും ബാധകമാകുക.
എല്ലാ വിവാഹങ്ങളും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്മാര്‍ക്ക് 21 വയസുമാണ് കുറഞ്ഞ വിവാഹപ്രായം. മതപരമായ ആചാരങ്ങള്‍ അനുസരിച്ച് വിവാഹം നടത്താം. എന്നാല്‍ 60 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം. സൈനികര്‍ക്കും യുദ്ധ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവുകളുണ്ടായിരിക്കും.
ബഹുഭാര്യത്വ-ബഹുഭര്‍തൃത്വ നിരോധനവും നിലവില്‍ വന്നു. മറ്റൊരു പങ്കാളിയുണ്ടായിരിക്കെ വീണ്ടും വിവാഹിതരാകാന്‍ നിമയം അനുവദിക്കുന്നില്ല. എല്ലാ മതത്തിലുള്ളവര്‍ക്കും നിയമം ബാധകമായിരിക്കും. വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയാണ് മറ്റ് ചില പ്രധാന ഘടകങ്ങള്‍. വിവാഹ മോചനത്തിന് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാകുക ഒരേ നിയമമാകും. മാത്രമല്ല പുരുഷനും സ്ത്രീയ്ക്കും വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഒരു പോലെയായിരിക്കും.
ലിവ്-ഇന്‍ റിലേഷനുള്‍പ്പടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം. 21 വയസിന് താഴെ പ്രായമുള്ളവരുടെ ലിവ്- ഇന്‍ റിലേഷന് മാതാപിതാക്കളുടെ സമ്മതം അത്യാവശ്യമാണ്. ഉത്തരാഖണ്ഡുകാര്‍ ആണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്തിനകത്ത് എല്ലാവര്‍ക്കും നിയമം ബാധകമായിരിക്കും. ലിവ്-ഇന്‍ റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതോ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതോ ഇനി കുറ്റകരമായിരിക്കും. മൂന്ന് മാസം വരെ തടവോ 25,000 രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീയെ അവരുടെ പങ്കാളി ഉപേക്ഷിച്ചാല്‍ സാധാരണ വിവാഹ ബന്ധത്തില്‍ ബാധകമായ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായി എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.
സാധാരണ വിവാഹം പോലെ തന്നെ, ലിവ്-ഇന്‍ പങ്കാളികള്‍ ബന്ധം അവസാനിപ്പിക്കുകയാണെങ്കില്‍ ഇത് രജിസ്ട്രാറെ അറിയിക്കുകയും മറ്റ് നിമയനടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ഏത് മതത്തില്‍ നിന്നുള്ളവരായാലും പിന്തുടര്‍ച്ചാവകാശത്തില്‍ തുല്യത ഉറപ്പാക്കുന്നുണ്ട്. പിന്തുടര്‍ച്ചാവകാശത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യാവകാശമാകും ഉണ്ടാകുക.
Content Highlights: Uttarakhand Is First State To Enforce Uniform Civil Code What changes Will There Be?