സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപങ്ങളിലൊന്ന്, മരണത്തെ അതിജീവിച്ചവർ ഇന്നും നീതിക്ക് വേണ്ടി കോടതി വരാന്തകൾ കയറിയിറങ്ങുന്ന കേസ്, ഗുജറാത്ത് കലാപം. നൂറുകണക്കിന് മനുഷ്യരെ ചുട്ടുകൊന്ന്, ഹിന്ദുത്വ കലാപകാരികൾ താണ്ഡവമാടിയ, സംഘപരിവാർ നേതാക്കൾ പ്രത്യക്ഷത്തിൽ തന്നെ നയിച്ച കലാപത്തെ അതിജീവിച്ചവർക്കും അതിനെതിരെ പോരാടിയവർക്കുമിടയിൽ ഒരു വൃദ്ധവയോധിക മുന്നിലുണ്ടായിരുന്നു.
തന്റെ ഉറ്റവരെയെല്ലാം ഇല്ലാതാക്കിയ കലാപകാരികൾക്കെതിരെ നിയമയുദ്ധം നടത്തിയ സാക്കിയ ജാഫ്രി, തന്റെ പോരാട്ടങ്ങൾ ഒരു പാഠപുസ്തകമാക്കി അവർ ഇന്ന് ഈ ലോകത്തോട് വിട പറയുമ്പോഴും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നീതിക്കും മനുഷ്യാവകാശങ്ങൾക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നടന്നുപോരുന്ന എണ്ണമറ്റ സമരങ്ങൾക്ക് വഴിവെളിച്ചമായി സാക്കിയ ജാഫ്രി നമ്മുടെ മുന്നിലുണ്ടാകും.
നാടിനെയൊന്നാകെ പിടിച്ചു കുലുക്കിയ, ഇന്നും വേദനകൾ ഉണങ്ങാത്ത ഒരു മുറിവാണ് 2022ലെ ഗുജറാത്ത് കലാപം. കലാപത്തിന്റെ വേളയിൽ ഹിന്ദുത്വവാദികൾ സാക്കിയയുടെ പങ്കാളിയും മുൻ കോൺഗ്രസ് എംപിയുമായ ഇഹ്സാൻ ജാഫ്രിയെയും 68 പേരെയും ചുട്ടുകൊല്ലുന്നത് സാക്കിയയ്ക്ക് മുന്നിൽ വെച്ചായിരുന്നു. ഗുൽബർഗ് സൊസൈറ്റിയിലെ പാവപ്പെട്ട മുസ്ലിം വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറി അവരെ ഇല്ലാതാക്കാൻ കലാപകാരികൾക്ക് അധിക സമയമൊന്നും വേണ്ടിയിരുന്നില്ല.
കലാപത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കളുടെ പേരില്ലെന്ന് മനസിലാക്കിയ സാക്കിയ പിന്നീട് നടത്തിയ പോരാട്ടങ്ങൾ വീറും വാശിയേറിയതുമായിരുന്നു. കലാപത്തിൽ വലിയ ഗൂഡാലോചനകൾ നടന്നിട്ടുണ്ടെന്നും മോദിയുടെ ഉത്തരവാദിത്തം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് 2006ൽ സാക്കിയ പരാതി നൽകുകയും 2008ൽ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. ഗുൽബർഗ് അക്രമമുൾപ്പെടെ ഒമ്പത് കേസുകൾ പുനരന്വേഷിക്കാനായിരുന്നു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചത്.
എന്നാൽ 2012ൽ മോദിയടക്കം 63 പേർക്ക് എസ്ഐടി ക്ലീൻചിറ്റ് നൽകി. 'എനിക്ക് ജീവൻ ബാക്കിയുണ്ടെങ്കിൽ ഞാൻ പോരാട്ടം തുടരു'മെന്ന് ആവർത്തിച്ച് പറഞ്ഞ് സാക്കിയ എസ്ഐടിക്കെതിരെ കോടതികൾ കയറിയിറങ്ങി. ആദ്യം മജിസ്ട്രേറ്റ് കോടതിയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയും സാക്കിയയുടെ അപ്പീൽ തള്ളിക്കളയുന്നു. സുപ്രീംകോടതിയിലെത്തിയപ്പോഴും സ്ഥിതി ഇതു തന്നെ. എസ്ഐടിയുടെ ക്ലീൻ ചിറ്റ് എല്ലാവരും അംഗീകരിച്ചു.
എസ്ഐടി പ്രധാനപ്പെട്ട തെളിവുകൾ അവഗണിച്ചു, ഗൂഡാലോചന സംബന്ധിച്ച പരാതിയിൽ അപൂർണവും പക്ഷപാതിത്വവുമായ അന്വേഷണം നടത്തി തുടങ്ങിയ നിർണായകമായ ആരോപണങ്ങളായിരുന്നു സാക്കിയ തന്റെ ഹർജിയിൽ മുന്നോട്ടുവെച്ചത്. എന്നാൽ ഈ ഹർജികൾ തള്ളിക്കളയപ്പെട്ടു.
എന്നിട്ടും പോരാട്ടം അവസാനിപ്പിക്കാനോ മിണ്ടാതിരിക്കാനോ സാക്കിയ തയ്യാറായിരുന്നില്ല. ഗുജറാത്ത് വംശഹത്യാ ദിനത്തിൽ അതിജീവിതർക്കൊപ്പം സ്വന്തം സ്ഥലം സന്ദർശിക്കാൻ പോകുമായിരുന്ന സാക്കിയ തരം കിട്ടുമ്പോഴെല്ലാം ഹിന്ദുത്വയ്ക്കെതിരെയും മോദിക്കെതിരെയും ശബ്ദിച്ചു കൊണ്ടേയിരുന്നു. 'നിങ്ങൾ മോദിയെ ഇനിയും പ്രധാനമന്ത്രിയാക്കാൻ പോകുകയാണോയെന്നായിരുന്നു കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാക്കിയ ഒരു അഭിമുഖത്തിൽ ഉന്നയിച്ച ചോദ്യം.
ഗുജറാത്ത് കലാപത്തെ മറവിയിലേക്ക് കൊണ്ടുപോകുന്ന ഒരു രാഷ്ട്രീയ പരിതസ്ഥിതിയിൽ നിൽക്കുമ്പോഴും സാക്കിയ ജാഫ്രി അത് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. പോരാട്ടങ്ങൾ അവസാനിപ്പിച്ച് ഈ ലോകത്തോട് വിട പറയുമ്പോഴും അതിജീവിതർക്ക് വേണ്ടി, അവരോടൊപ്പം നടത്തിയ സാക്കിയയുടെ പോരാട്ടം ഇവിടം എന്നും ഓർമിച്ചു കൊണ്ടേയിരിക്കും….
Content Highlights: who is Gujarat riot survivor Zakia Jafri